തെരഞ്ഞെടുപ്പ് കമ്മീഷന്‍
azadi ka amrit mahotsav

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നാളെ 16-ാമത് ദേശീയ സമ്മതിദായക ദിനം ആഘോഷിക്കും

प्रविष्टि तिथि: 24 JAN 2026 3:00PM by PIB Thiruvananthpuram

1.  കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നാളെ ന്യൂഡൽഹിയിൽ 16-ാമത് ദേശീയ സമ്മതിദായക ദിനം ആഘോഷിക്കും. ‘പൗരന്മാര്‍ ഇന്ത്യൻ ജനാധിപത്യത്തിന്റെ കേന്ദ്രബിന്ദു’ എന്ന ആപ്തവാക്യത്തില്‍  ‘എന്റെ ഇന്ത്യ, എന്റെ വോട്ട്’ എന്നതാണ് ഈ വർഷത്തെ പരിപാടിയുടെ പ്രമേയം.  

 

2.  പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ചടങ്ങിന്റെ അധ്യക്ഷയാകും.  കേന്ദ്ര നിയമ-നീതിന്യായ സഹമന്ത്രി (സ്വതന്ത്ര ചുമതല) ശ്രീ അർജുൻ റാം മേഘ്‌വാൾ വിശിഷ്ടാതിഥിയായി ചടങ്ങിൽ സംബന്ധിക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ശ്രീ ജ്ഞാനേഷ് കുമാർ, തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഡോ. സുഖ്ബീർ സിങ്  സന്ധു, ഡോ. വിവേക് ജോഷി എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകും.

 

3.  പരമ്പരാഗത രീതിയില്‍ രാഷ്ട്രപതി ചടങ്ങിനെ അഭിസംബോധന ചെയ്യുകയും പുതുതായി പേര് രജിസ്റ്റർ ചെയ്ത യുവ സമ്മതിദായകർക്ക് ഫോട്ടോ പതിച്ച വോട്ടർ തിരിച്ചറിയൽ കാർഡുകൾ  കൈമാറുകയും ചെയ്യും. സാങ്കേതികവിദ്യയുടെ ഫലപ്രദമായ ഉപയോഗം, തിരഞ്ഞെടുപ്പ് നിര്‍വഹണവും ലോജിസ്റ്റിക്‌സും, നൂതന വോട്ടർ ബോധവൽക്കരണം, മാതൃകാ പെരുമാറ്റച്ചട്ട നടത്തിപ്പും നിര്‍വഹണവും, പരിശീലനവും ശേഷി വർധനയും തുടങ്ങി വിവിധ വിഭാഗങ്ങളിലെ മികച്ച തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക്  ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങളും മറ്റ് പ്രത്യേക അവാര്‍ഡുകളും മാധ്യമ പുരസ്‌കാരങ്ങളും രാഷ്ട്രപതി സമ്മാനിക്കും.

 

4. 2026-ലെ ദേശീയ സമ്മദതിദായക ദിനത്തിന്റെ ഭാഗമായി രണ്ട് പ്രസിദ്ധീകരണങ്ങളും നാളെ പുറത്തിറക്കും. '2025: സംരംഭങ്ങളുടെയും നൂതനാശയങ്ങളുടെയും വർഷം’,   ബീഹാറിലെ പൊതുതിരഞ്ഞെടുപ്പ് വിജയകരമായി നടത്തിയത് സംബന്ധിച്ച 'ചുനാവ് കാ പർവ്, ബീഹാർ കാ ഗർവ്'  എന്നീ പ്രസിദ്ധീകരണങ്ങളാണ് പ്രകാശനം ചെയ്യുന്നത്.  തിരഞ്ഞെടുപ്പ് നിര്‍വഹണത്തിലും ജനാധിപത്യ വികസനത്തിലും  കമ്മീഷന്റെ ആഗോള നേതൃത്വം പ്രതിഫലിപ്പിക്കുന്ന വീഡിയോയും ചടങ്ങിൽ പ്രദർശിപ്പിക്കും.

 

5. വോട്ടർ പട്ടിക തയ്യാറാക്കൽ, തിരഞ്ഞെടുപ്പ് പ്രക്രിയ എന്നിവയുൾപ്പെടെ തിരഞ്ഞെടുപ്പിന്റെ വിവിധ തലങ്ങളുടെ പ്രത്യേക പ്രദർശനവും  സംഘടിപ്പിക്കും.  വോട്ടർമാര്‍ക്കായി തിരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കിയ സമീപകാല സംരംഭങ്ങളും 2025-ലെ ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിജയകരമായ നടത്തിപ്പും പ്രദര്‍ശനത്തില്‍  എടുത്തുകാട്ടും.

 

6. ദേശീയ സമ്മതിദായക ദിനാഘോഷങ്ങൾ രാജ്യത്തുടനീളം സംസ്ഥാന-ജില്ലാ തലങ്ങളിൽ യഥാക്രമം മുഖ്യ തിര‍ഞ്ഞെടുപ്പ് ഓഫീസർമാരുടെയും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരുടെയും ഓഫീസുകൾ കേന്ദ്രീകരിച്ച് ഇതോടൊപ്പം നടക്കും.  ബൂത്ത് ലെവൽ ഓഫീസർമാര്‍  അതത് പോളിങ് സ്റ്റേഷൻ പരിധികളില്‍ പരിപാടികൾ സംഘടിപ്പിക്കുകയും പുതുതായി രജിസ്റ്റർ ചെയ്ത വോട്ടർമാരെ ആദരിക്കുകയും നവസമ്മതിദായകർക്ക് തിരിച്ചറിയൽ കാർഡുകൾ കൈമാറുകയും ചെയ്യും.

 

****


(रिलीज़ आईडी: 2218206) आगंतुक पटल : 20
इस विज्ञप्ति को इन भाषाओं में पढ़ें: English , Gujarati , Urdu , हिन्दी , Marathi , Bengali , Tamil , Telugu , Kannada