പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

‘പരാക്രം ദിവസി’ൽ നേതാജി സുഭാഷ് ചന്ദ്രബോസിനു പ്രധാനമന്ത്രി ശ്രദ്ധാഞ്ജലിയർപ്പിച്ചു


നേതാജി ബോസിന്റെ അദമ്യമായ ധൈര്യവും ശാശ്വതമായ പ്രചോദനവും പ്രധാനമന്ത്രി അനുസ്മരിച്ചു

നേതാജി ബോസുമായി ബന്ധപ്പെട്ട ഹരിപുരയിൽനിന്ന് ഇ-ഗ്രാം വിശ്വഗ്രാം യോജനയ്ക്കു തുടക്കംകുറിച്ചത് പ്രധാനമന്ത്രി അനുസ്മരിച്ചു

നേതാജി ബോസിന്റെ പൈതൃകം പ്രചരിപ്പിക്കുന്നിനും അദ്ദേഹവുമായി ബന്ധപ്പെട്ട ഫയലുകൾ പരസ്യപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങൾ പ്രധാനമന്ത്രി എടുത്തുപറഞ്ഞു

നേതാജി ബോസിന്റെ ജന്മവാർഷികം ‘പരാക്രം ദിവസാ’യി പ്രഖ്യാപിച്ചതും നേതാജിഭവൻ സന്ദർശനവും പ്രധാനമന്ത്രി ഓർമിപ്പിച്ചു

प्रविष्टि तिथि: 23 JAN 2026 8:18AM by PIB Thiruvananthpuram


‘പരാക്രം ദിവസ്’ ആയി ആചരിക്കുന്ന നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിനു ശ്രദ്ധാഞ്ജലിയർപ്പിച്ചു. നേതാജിയുടെ അജയ്യമായ ധൈര്യവും അചഞ്ചലമായ നിശ്ചയദാർഢ്യവും രാജ്യത്തിന് അദ്ദേഹം നൽകിയ സമാനതകളില്ലാത്ത സംഭാവനകളും പ്രധാനമന്ത്രി അനുസ്മരിച്ചു. അദ്ദേഹത്തിന്റെ നിർഭയനേതൃത്വവും അഗാധമായ ദേശസ്‌നേഹവും കരുത്തുറ്റ ഇന്ത്യ കെട്ടിപ്പടുക്കാൻ തലമുറകൾക്ക് ഇന്നും പ്രചോദനമേകുന്നതായി അദ്ദേഹം പറഞ്ഞു.

നേതാജി സുഭാഷ് ചന്ദ്രബോസ് എപ്പോഴും തനിക്കു വലിയ പ്രചോദനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 2009 ജനുവരി 23-നു ഗുജറാത്തിന്റെ IT മേഖലയെ പരിവർത്തനം ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ള ‘ഇ-ഗ്രാം വിശ്വഗ്രാം യോജന’ എന്ന നൂതനപദ്ധതിക്കു തുടക്കംകുറിച്ചത് അദ്ദേഹം ഓർത്തെടുത്തു. നേതാജി ബോസിന്റെ ജീവിതത്തിൽ സവിശേഷസ്ഥാനമുള്ള ഹരിപുരയിൽനിന്നാണ് ഈ പദ്ധതി ഉദ്ഘാടനംചെയ്തതെന്ന് അദ്ദേഹം കുറിച്ചു. ഹരിപുരയിലെ ജനങ്ങൾ നൽകിയ ഊഷ്മളമായ സ്വീകരണവും, ഒരിക്കൽ നേതാജി സഞ്ചരിച്ച അതേ പാതയിലൂടെ സംഘടിപ്പിച്ച ഘോഷയാത്രയും അദ്ദേഹം അനുസ്മരിച്ചു.

2012-ൽ ‘ആസാദ് ഹിന്ദ് ഫൗജ്’ ദിനത്തോടനുബന്ധിച്ച് അഹമ്മദാബാദിൽ സംഘടിപ്പിച്ച വിപുലമായ പരിപാടിയെക്കുറിച്ചും പ്രധാനമന്ത്രി അനുസ്മരിച്ചു. ലോക്‌സഭ മുൻ സ്പീക്കർ ശ്രീ പി എ സങ്മ ഉൾപ്പെടെ നേതാജി ബോസിൽനിന്നു പ്രചോദനം ഉൾക്കൊണ്ട നിരവധി വ്യക്തികൾ ആ പരിപാടിയിൽ പങ്കെടുത്ത കാര്യം അദ്ദേഹം എടുത്തുപറഞ്ഞു.
കഴിഞ്ഞകാലത്തെക്കുറിച്ചു പരാമർശിക്കവെ, പതിറ്റാണ്ടുകളോളം രാജ്യം ഭരിച്ചവരുടെ മുൻഗണനകളിൽ നേതാജി ബോസിന്റെ മഹത്തായ സംഭാവനകൾ ഉൾപ്പെട്ടിരുന്നില്ലെന്നും, അദ്ദേഹത്തെ വിസ്മൃതിയിലാക്കാൻ ശ്രമങ്ങൾ നടന്നതായും പ്രധാനമന്ത്രി പ്രസ്താവിച്ചു. എന്നാൽ ഇന്നത്തെ കാഴ്ചപ്പാടു വ്യത്യസ്തമാണെന്നും, സാധ്യമായ എല്ലാ അവസരങ്ങളിലും നേതാജി ബോസിന്റെ ജീവിതവും ആദർശങ്ങളും ജനങ്ങളിലെത്തിക്കാൻ ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേതാജിയുമായി ബന്ധപ്പെട്ട ഫയലുകളും രേഖകളും പരസ്യപ്പെടുത്തിയത് ഈ ദിശയിലുള്ള സുപ്രധാനമായ നടപടിയാണെന്ന് അദ്ദേഹം കുറിച്ചു.
രണ്ടു കാരണങ്ങളാൽ 2018 സുപ്രധാന വർഷമായിരുന്നുവെന്നു പ്രധാനമന്ത്രി അനുസ്മരിച്ചു. ആസാദ് ഹിന്ദ് ഗവണ്മെന്റ് സ്ഥാപിതമായതിന്റെ 75-ാം വാർഷികം ചുവപ്പുകോട്ടയിൽ ആഘോഷിച്ചതായും, അവിടെ ദേശീയ പതാക ഉയർത്താൻ തനിക്ക് അവസരം ലഭിച്ചതായും അദ്ദേഹം കുറിച്ചു. ആ ചടങ്ങിൽ, INA സേനാനിയായിരുന്ന ലാൽതി റാം ജിയുമായി സംവദിച്ച കാര്യവും അദ്ദേഹം അനുസ്മരിച്ചു.
ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ശ്രീവിജയപുരത്ത് (പഴയ പോർട്ട് ബ്ലെയർ), സുഭാഷ് ബാബു ദേശീയ പതാക ഉയർത്തിയതിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ത്രിവർണപതാക ഉയർത്തിയ കാര്യവും പ്രധാനമന്ത്രി ഓർമിപ്പിച്ചു. അവിടത്തെ പ്രധാനപ്പെട്ട മൂന്നു ദ്വീപുകൾ പുനർനാമകരണം ചെയ്തതായും, അതിൽ റോസ് ഐലൻഡിന് ‘നേതാജി സുഭാഷ് ചന്ദ്രബോസ് ദ്വീപ്’ എന്ന പേരു നൽകിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
നേതാജി ബോസിന്റെ തൊപ്പി ഉൾപ്പെടെ അദ്ദേഹവുമായും ഇന്ത്യൻ നാഷണൽ ആർമിയുമായും ബന്ധപ്പെട്ട നിരവധി ചരിത്രരേഖകൾ ചുവപ്പുകോട്ടയിലെ ‘ക്രാന്തി മന്ദിർ’ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ടെന്നു പ്രധാനമന്ത്രി എടുത്തുപറഞ്ഞു. നേതാജി ബോസിന്റെ ചരിത്രപരമായ സംഭാവനകളെ സംരക്ഷിക്കുന്നതിനും അതിനെക്കുറിച്ചുള്ള അറിവ് ആഴത്തിലാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് അദ്ദേഹം പ്രസ്താവിച്ചു.
നേതാജി ബോസിനോടുള്ള ബഹുമാനാർത്ഥമാണ് അദ്ദേഹത്തിന്റെ ജന്മവാർഷികം ‘പരാക്രം ദിവസ്’ ആയി പ്രഖ്യാപിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.
അധിനിവേശ മനോഭാവം ഉപേക്ഷിക്കാനുള്ള നിശ്ചയദാർഢ്യത്തിന്റെയും നേതാജി സുഭാഷ് ചന്ദ്രബോസിനോടുള്ള ആദരത്തിന്റെയും ഉജ്വല ഉദാഹരണമായി, രാജ്യതലസ്ഥാനത്തിന്റെ ഹൃദയഭാഗത്തുള്ള ഇന്ത്യാഗേറ്റിനുസമീപം നേതാജി ബോസിന്റെ കൂറ്റൻ പ്രതിമ സ്ഥാപിക്കാനുള്ള തീരുമാനം പ്രധാനമന്ത്രി അനുസ്മരിച്ചു. വരുംതലമുറകൾക്ക് ഈ പ്രതിമ എന്നും പ്രചോദനമാകുമെന്ന് അദ്ദേഹം പറഞ്ഞു.
എക്സ് പോസ്റ്റുകളുടെ പരമ്പരയിൽ പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:

“‘പരാക്രം ദിവസ്’ ആയി ആചരിക്കുന്ന നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാർഷികത്തിൽ, അദ്ദേഹത്തിന്റെ അജയ്യമായ ധൈര്യവും നിശ്ചയദാർഢ്യവും രാജ്യത്തിനു നൽകിയ സമാനതകളില്ലാത്ത സംഭാവനകളും നാം അനുസ്മരിക്കുന്നു. നിർഭയമായ നേതൃത്വത്തിന്റെയും അചഞ്ചലമായ ദേശസ്‌നേഹത്തിന്റെയും പ്രതീകമായിരുന്നു അദ്ദേഹം. കരുത്തുറ്റ ഇന്ത്യ കെട്ടിപ്പടുക്കാൻ അദ്ദേഹത്തിന്റെ ആദർശങ്ങൾ തലമുറകൾക്ക് ഇന്നും പ്രചോദനമേകുന്നു.”


“നേതാജി സുഭാഷ് ചന്ദ്രബോസ് എപ്പോഴും എനിക്കു വലിയ പ്രചോദനമാണ്. 2009 ജനുവരി 23-നാണ് ‘ഇ-ഗ്രാം വിശ്വഗ്രാം യോജന’ ഉദ്ഘാടനം ചെയ്തത്. ഗുജറാത്തിന്റെ IT മേഖലയെ പരിവർത്തനം ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ള സുപ്രധാന പദ്ധതിയായിരുന്നു അത്. നേതാജി ബോസിന്റെ ജീവിതത്തിൽ സവിശേഷമായ സ്ഥാനമുള്ള ഹരിപുരയിൽനിന്നാണ് ഈ പദ്ധതി ആരംഭിച്ചത്. ഹരിപുരയിലെ ജനങ്ങൾ എന്നെ സ്വീകരിച്ച രീതിയും, ഒരിക്കൽ നേതാജി ബോസ് സഞ്ചരിച്ച അതേ പാതയിലൂടെ ഘോഷയാത്ര സംഘടിപ്പിച്ചതും എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല.”

“2012-ൽ ‘ആസാദ് ഹിന്ദ് ഫൗജ്’ ദിനത്തോടനുബന്ധിച്ച് അഹമ്മദാബാദിൽ വലിയ പരിപാടി സംഘടിപ്പിച്ചു. ലോക്‌സഭ മുൻ സ്പീക്കർ ശ്രീ പി എ സങ്മ ഉൾപ്പെടെ, നേതാജി ബോസിൽനിന്നു പ്രചോദനം ഉൾക്കൊണ്ട നിരവധി വ്യക്തികൾ അതിൽ പങ്കെടുത്തു.”

“പതിറ്റാണ്ടുകളോളം രാജ്യം ഭരിച്ചവരുടെ താൽപ്പര്യങ്ങളിൽ നേതാജി ബോസിന്റെ മഹത്തായ സംഭാവനകൾ ഉൾപ്പെട്ടിരുന്നില്ല. അതിനാൽത്തന്നെ അദ്ദേഹത്തെ വിസ്മൃതിയിലാക്കാൻ ശ്രമങ്ങൾ നടന്നു. എന്നാൽ ഞങ്ങളുടെ വിശ്വാസം വ്യത്യസ്തമാണ്. സാധ്യമായ എല്ലാ അവസരങ്ങളിലും ഞങ്ങൾ അദ്ദേഹത്തിന്റെ ജീവിതവും ആദർശങ്ങളും ജനങ്ങളിലേക്ക് എത്തിച്ചിട്ടുണ്ട്. അദ്ദേഹവുമായി ബന്ധപ്പെട്ട ഫയലുകളും രേഖകളും പരസ്യപ്പെടുത്തിയത് ഈ ദിശയിലുള്ള സുപ്രധാന നടപടിയായിരുന്നു.”


“രണ്ടു കാരണങ്ങളാൽ 2018 സുപ്രധാന വർഷമായിരുന്നു:
ആസാദ് ഹിന്ദ് ഗവണ്മെന്റ് സ്ഥാപിതമായതിന്റെ 75-ാം വാർഷികം നാം ചെങ്കോട്ടയിലെ ആഘോഷിച്ചു. അവിടെ ത്രിവർണപതാക ഉയർത്താൻ എനിക്ക് അവസരം ലഭിച്ചു. അതുപോലെ തന്നെ മറക്കാനാകാത്തതായിരുന്നു INA സേനാനി ലാൽതി റാം ജിയുമായുള്ള എന്റെ കൂടിക്കാഴ്ച.
ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ശ്രീവിജയപുരത്ത് (അന്നത്തെ പോർട്ട് ബ്ലെയർ), സുഭാഷ് ബാബു ദേശീയ പതാക ഉയർത്തിയതിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ചു ത്രിവർണപതാക ഉയർത്തി. റോസ് ഐലൻഡിനെ ‘നേതാജി സുഭാഷ് ചന്ദ്രബോസ് ദ്വീപ്’ എന്നു പുനർനാമകരണം ചെയ്തതടക്കം മൂന്നു പ്രധാന ദ്വീപുകൾക്കു പുതിയ പേരുകൾ നൽകി.”

“ചെങ്കോട്ടയിലെ ‘ക്രാന്തി മന്ദിർ’ മ്യൂസിയത്തിൽ നേതാജി ബോസിന്റെ തൊപ്പി ഉൾപ്പെടെ അദ്ദേഹവുമായും INA-യുമായും ബന്ധപ്പെട്ട നിരവധി ചരിത്രരേഖകൾ സൂക്ഷിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ചരിത്രപരമായ സംഭാവനകളെ സംരക്ഷിക്കുന്നതിനും ആ അറിവ് ആഴത്തിലാക്കുന്നതിനുമുള്ള ഞങ്ങളുടെ ശ്രമങ്ങളുടെ ഭാഗമായിരുന്നു ഇത്.”

“നേതാജി ബോസിനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ ജന്മവാർഷികം ‘പരാക്രം ദിവസ്’ ആയി പ്രഖ്യാപിച്ചു. 2021-ൽ കൊൽക്കത്തയിലെ നേതാജിഭവൻ ഞാൻ സന്ദർശിച്ചു, അവിടെനിന്നാണു നേതാജി തന്റെ മഹത്തായ പലായനം ആരംഭിച്ചത്!”

“അധിനിവേശ മനോഭാവം ഉപേക്ഷിക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങളുടെയും നേതാജി സുഭാഷ് ചന്ദ്രബോസിനോടുള്ള ആദരത്തിന്റെയും ഉജ്വല ഉദാഹരണം രാജ്യതലസ്ഥാനത്തിന്റെ ഹൃദയഭാഗത്ത് ഇന്ത്യാഗേറ്റിനു സമീപം അദ്ദേഹത്തിന്റെ കൂറ്റൻ പ്രതിമ സ്ഥാപിക്കാനുള്ള തീരുമാനത്തിൽ കാണാം! ഈ മഹത്തായ പ്രതിമ വരുംതലമുറകൾക്ക് എന്നും പ്രചോദനമായിരിക്കും!”

***

NK


(रिलीज़ आईडी: 2217538) आगंतुक पटल : 7
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Manipuri , Bengali , Assamese , Gujarati , Tamil , Kannada