രാഷ്ട്രപതിയുടെ കാര്യാലയം
രാഷ്ട്രപതിയെ സ്പെയിൻ വിദേശകാര്യ, യൂറോപ്യൻ യൂണിയൻ, സഹകരണ മന്ത്രി സന്ദർശിച്ചു
प्रविष्टि तिथि:
21 JAN 2026 3:56PM by PIB Thiruvananthpuram
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവിനെ സ്പെയിനിൻ്റെ വിദേശകാര്യ, യൂറോപ്യൻ യൂണിയൻ, സഹകരണ മന്ത്രി ജോസ് മാനുവൽ അൽബാരസ് ഇന്ന് (2026 ജനുവരി 21) രാഷ്ട്രപതി ഭവനിൽ സന്ദർശിച്ചു.

ഇന്ത്യയും സ്പെയിനും തമ്മിലുള്ള ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നും വ്യാപാരം, സംസ്കാരം, ജനാധിപത്യം, ബഹുസ്വരത എന്നീ പൊതു മൂല്യങ്ങളിലൂടെ ഈ ബന്ധം കൂടുതൽ കരുത്താർജ്ജിച്ചതായും അൽബാരസിനെ രാഷ്ട്രപതി ഭവനിലേക്ക് സ്വാഗതം ചെയ്തുകൊണ്ട്, രാഷ്ട്രപതി പറഞ്ഞു. ഇന്ത്യയും സ്പെയിനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൻ്റെ എഴുപതാം വാർഷികമാണ് ഈ വർഷമെന്ന് പറഞ്ഞ രാഷ്ട്രപതി ഇതിൻ്റെ ഭാഗമായി 'ഇന്ത്യ-സ്പെയിൻ സംസ്കാരം, വിനോദസഞ്ചാരം, നിർമിതബുദ്ധി ദ്വിവർഷ'മായി ആഘോഷിക്കുകയാണെന്നും കൂട്ടിച്ചേർത്തു.

ഇന്ത്യ-സ്പെയിൻ സാമ്പത്തിക ബന്ധം പുരോഗതിയുടെ പാതയിലാണെന്നും, വ്യാപാരവും നിക്ഷേപവും വിപുലീകരിക്കപ്പെടുകയാണെന്നും രാഷ്ട്രപതി പറഞ്ഞു. എഞ്ചിനീയറിംഗ്, റെയിൽവേ, പുനരുപയോഗ ഊർജം, നഗര സേവനങ്ങൾ, പ്രതിരോധം, വ്യോമയാനം എന്നീ മേഖലകളിലെ സ്പെയിനിൻ്റെ സ്വാധീനം ഇന്ത്യയുടെ വികസന മുന്നേറ്റത്തിന് കരുത്തു പകരുന്നതാണെന്നും അവർ പറഞ്ഞു. ഇന്ത്യ–യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ (FTA) ഒപ്പുവെക്കുന്നതോടെ, ഇരു രാജ്യങ്ങൾക്കുമിടയിലെ വ്യാപാര ബന്ധം കൂടുതൽ ശക്തിപ്പെടുമെന്ന ആത്മവിശ്വാസവും അവർ പ്രകടിപ്പിച്ചു.
ബഹുരാഷ്ട്രവാദത്തിൻ്റെ ശക്തമായ അനുയായികൾ എന്ന നിലയിൽ, ലോകമെമ്പാടും സമാധാനം, സമൃദ്ധി, സ്ഥിരത എന്നീ പൊതുവായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഇന്ത്യയും സ്‌പെയിനും ഐക്യരാഷ്ട്ര സഭ, ജി-20 പോലുള്ള ബഹുരാഷ്ട്ര വേദികളിൽ ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന് രാഷ്ട്രപതി പറഞ്ഞു.
ലോക സമാധാനത്തിനും സ്ഥിരതയ്ക്കും ഗുരുതരമായ ഭീഷണിയായി തുടരുന്ന ഭീകരവാദത്തെ നേരിടുന്നതിൽ ഇന്ത്യയ്ക്കും സ്പെയിനിനും ഒരേ നിലപാടാണുള്ളതെന്ന് രാഷ്ട്രപതി ഊന്നിപ്പറഞ്ഞു. എല്ലാ രൂപത്തിലുമുള്ള ഭീകരവാദത്തെയും അതിൻ്റെ പ്രകടനങ്ങളെയും ഒരുമിച്ച് നേരിടാൻ നമ്മുടെ വിഭവങ്ങളും കഴിവുകളും സംയോജിപ്പിക്കണമെന്നും അവർ പറഞ്ഞു.
യൂറോപ്പുമായും യൂറോപ്യൻ യൂണിയനുമായും ഉള്ള ഇന്ത്യയുടെ ബന്ധം ക്രമാനുഗതമായി വളർന്നുവരികയാണെന്നും, ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥികളായി യൂറോപ്യൻ കൗൺസിൽ പ്രസിഡൻ്റിനെയും യൂറോപ്യൻ കമ്മീഷൻ പ്രസിഡൻ്റിനെയും സ്വാഗതം ചെയ്യാൻ രാജ്യം കാത്തിരിക്കുകയാണെന്നും രാഷ്ട്രപതി പറഞ്ഞു.
****
(रिलीज़ आईडी: 2217085)
आगंतुक पटल : 13