മന്ത്രിസഭ
സ്‌മോൾ ഇൻഡസ്ട്രീസ് ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യ (SIDBI) യ്ക്ക് ഇക്വിറ്റി പിന്തുണ നൽകുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി
കുറഞ്ഞ പലിശ നിരക്കിൽ കൂടുതൽ സാമ്പത്തിക സമാഹരണം നടത്താൻ സിഡ്‌ബിയെ ഇത് പ്രാപ്തമാക്കും; ഇതിലൂടെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കുള്ള (MSME) വായ്പാ ലഭ്യത വർദ്ധിക്കും.
ഏകദേശം 25.74 ലക്ഷം പുതിയ സംരംഭകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു
प्रविष्टि तिथि:
21 JAN 2026 12:17PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം, സ്മോൾ ഇൻഡസ്ട്രീസ് ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് (SIDBI) 5,000 കോടി രൂപയുടെ ഇക്വിറ്റി പിന്തുണ നൽകുന്നതിന് അംഗീകാരം നൽകി.
ഫിനാൻഷ്യൽ സർവീസസ് ഡിപ്പാർട്ട്‌മെന്റ് (DFS) താഴെ പറയുന്ന മൂന്ന് ഘട്ടങ്ങളിലായാണ് ഈ തുക സിഡ്‌ബിയിൽ നിക്ഷേപിക്കുന്നത്:
2025-26 സാമ്പത്തിക വർഷം: 3,000 കോടി രൂപ. (31.03.2025-ലെ ബുക്ക് വാല്യൂ ആയ 568.65 രൂപ നിരക്കിൽ).
2026-27 സാമ്പത്തിക വർഷം: 1,000 കോടി രൂപ.
2027-28 സാമ്പത്തിക വർഷം: 1,000 കോടി രൂപ.
അതത് മുൻ സാമ്പത്തിക വർഷങ്ങളിലെ മാർച്ച് 31-ലെ ബുക്ക് വാല്യൂ അടിസ്ഥാനമാക്കിയായിരിക്കും തുടർന്നുള്ള നിക്ഷേപങ്ങൾ നടപ്പിലാക്കുക.
പുതിയ തീരുമാനത്തിന് പിന്നിലെ ഗുണഫലങ്ങൾ:
5,000 കോടി രൂപയുടെ ഇക്വിറ്റി മൂലധന നിക്ഷേപത്തിന് ശേഷം, സാമ്പത്തിക സഹായം ലഭിക്കുന്ന MSME-കളുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 2025 സാമ്പത്തിക വർഷത്തിന്റെ അവസാനത്തിൽ 76.26 ലക്ഷമായിരുന്ന ഗുണഭോക്താക്കളുടെ എണ്ണം, 2028 സാമ്പത്തിക വർഷത്തോടെ 1.02 കോടി (102 ലക്ഷം) ആയി ഉയരും. അതായത്, ഏകദേശം 25.74 ലക്ഷം പുതിയ സംരംഭകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. MSME മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നുള്ള ഏറ്റവും പുതിയ കണക്കുകൾ പ്രകാരം (30.09.2025 വരെ), 6.90 കോടി MSME-കളിലായി 30.16 കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട് (അതായത് ഒരു സ്ഥാപനത്തിൽ ശരാശരി 4.37 പേർക്ക് ജോലി). ഈ കണക്കുകൾ അടിസ്ഥാനമാക്കിയാൽ, 2027-28 സാമ്പത്തിക വർഷത്തോടെ പുതുതായി വരുന്ന 25.74 ലക്ഷം സംരംഭങ്ങളിലൂടെ ഏകദേശം 1.12 കോടി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് കണക്കാക്കപ്പെടുന്നു.
പശ്ചാത്തലം:
നിശ്ചിത മേഖലകളെ ലക്ഷ്യമാക്കിയുള്ള വായ്പാ പദ്ധതികളിലും, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഈ മേഖലയിലുണ്ടാകാൻ പോകുന്ന വളർച്ചയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ സിഡ്‌ബിയുടെ ബാലൻസ് ഷീറ്റിലെ റിസ്ക് വെയ്റ്റഡ് അസറ്റുകളിൽ വലിയ വർദ്ധനവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. റിസ്ക് വെയ്റ്റഡ് അസറ്റുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ, നിലവിലുള്ള മൂലധന പര്യാപ്തതാ അനുപാതം അതേപടി നിലനിർത്തുന്നതിന് കൂടുതൽ മൂലധനം ആവശ്യമായി വരും. വായ്പാ ലഭ്യത വർദ്ധിപ്പിക്കുന്നതിനായി സിഡ്‌ബി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റൽ വായ്പാ ഉൽപ്പന്നങ്ങൾ, ഈട് ആവശ്യമില്ലാത്ത വായ്പകൾ, സ്റ്റാർട്ടപ്പുകൾക്ക് നൽകുന്ന വെഞ്ച്വർ ഡെറ്റ് എന്നിവ റിസ്ക് വെയ്റ്റഡ് അസറ്റുകളുടെ അളവ് വീണ്ടും വർദ്ധിപ്പിക്കും.
ആരോഗ്യകരമായ രീതിയിൽ CRAR നിലനിർത്തുന്നതിനും ഈ പദ്ധതികൾ സുഗമമായി മുന്നോട്ട് കൊണ്ടുപോകുന്നതിനും അധിക മൂലധനം അത്യാവശ്യമാണ്. നിയമാനുസൃതമായ പരിധിയേക്കാൾ ഉയർന്നതും ആരോഗ്യകരവുമായ CRAR (മൂലധന പര്യാപ്തതാ അനുപാതം) നിലനിർത്തുന്നത് ക്രെഡിറ്റ് റേറ്റിംഗ് സംരക്ഷിക്കുന്നതിന് അത്യന്താപേക്ഷിതമാണ്. അധിക ഓഹരി മൂലധനം ലഭ്യമാകുന്നതിലൂടെ ആരോഗ്യകരമായ CRAR നിലനിർത്താൻ സാധിക്കുന്നത് സിഡ്‌ബിക്ക് ഗുണകരമാകും. ഈ അധിക മൂലധന നിക്ഷേപം ന്യായമായ പലിശ നിരക്കിൽ വിഭവങ്ങൾ സമാഹരിക്കാൻ സിഡ്‌ബിയെ പ്രാപ്തമാക്കും. ഇത് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (MSMEs) കുറഞ്ഞ ചിലവിൽ കൂടുതൽ വായ്പകൾ ലഭ്യമാക്കാൻ സഹായിക്കും. ഘട്ടംഘട്ടമായി നിർദ്ദേശിച്ചിട്ടുള്ള ഈ ഇക്വിറ്റി നിക്ഷേപം, വരും മൂന്ന് വർഷങ്ങളിൽ കടുത്ത സാമ്പത്തിക സമ്മർദ്ദമുള്ള സാഹചര്യങ്ങളിലും സിഡ്‌ബിയുടെ CRAR 10.50%-ത്തിന് മുകളിലും, പില്ലർ 1, പില്ലർ 2 മാനദണ്ഡങ്ങൾ പ്രകാരം 14.50%-ത്തിന് മുകളിലും നിലനിർത്താൻ സഹായിക്കും.
-SK-
(रिलीज़ आईडी: 2216846)
आगंतुक पटल : 14
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Bengali-TR
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada