പ്രധാനമന്ത്രിയുടെ ഓഫീസ്
പശ്ചിമ ബംഗാളിലെ മാൾഡയിൽ 3,250 കോടിയിലധികം രൂപയുടെ വിവിധ റെയിൽവേ-റോഡ് അടിസ്ഥാന സൗകര്യ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിർവഹിച്ചു
ഇന്ത്യൻ റെയിൽവേയുടെ ആധുനികവൽക്കരണത്തിലേക്കുള്ള മറ്റൊരു വലിയ ചുവടുവെയ്പ്പിന് ഇന്ന് തുടക്കമായി; വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഇന്ത്യയിൽ യാഥാർത്ഥ്യമായിരിക്കുന്നു - പ്രധാനമന്ത്രി.
കാളി മാതാവിന്റെ പുണ്യഭൂമിയെ കാമാഖ്യ മാതാവിന്റെ പുണ്യഭൂമിയുമായി ബന്ധിപ്പിക്കുന്ന രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനാണിത്; വരും കാലങ്ങളിൽ ഈ ആധുനിക ട്രെയിൻ രാജ്യത്തുടനീളം വ്യാപിപ്പിക്കും. ഈ ആധുനിക സ്ലീപ്പർ ട്രെയിനിന്റെ വരവിൽ ബംഗാളിനെയും അസമിനെയും രാജ്യത്തെ മുഴുവൻ ജനങ്ങളെയും ഞാൻ അഭിനന്ദിക്കുന്നു - പ്രധാനമന്ത്രി.
ബംഗാളിന് ഇന്ന് നാല് പുതിയ അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾ കൂടി ലഭിച്ചിരിക്കുന്നു: ന്യൂ ജൽപായ്ഗുരി - നാഗർകോവിൽ അമൃത് ഭാരത് എക്സ്പ്രസ്, ന്യൂ ജൽപായ്ഗുരി - തിരുച്ചിറപ്പള്ളി അമൃത് ഭാരത് എക്സ്പ്രസ്, അലിപുർദുവാർ - ബെംഗളൂരു അമൃത് ഭാരത് എക്സ്പ്രസ്, അലിപുർദുവാർ - മുംബൈ അമൃത് ഭാരത് എക്സ്പ്രസ്. ഇവ ബംഗാളിന്റെ, പ്രത്യേകിച്ച് വടക്കൻ ബംഗാളിന്റെ തെക്ക്-പടിഞ്ഞാറൻ ഇന്ത്യയുമായുള്ള കണക്റ്റിവിറ്റി കൂടുതൽ ശക്തമാക്കും - പ്രധാനമന്ത്രി.
प्रविष्टि तिथि:
17 JAN 2026 3:23PM by PIB Thiruvananthpuram
പശ്ചിമ ബംഗാളിലെ മാൾഡയിൽ 3,250 കോടി രൂപയുടെ വിവിധ റെയിൽവേ-റോഡ് അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിർവഹിച്ചു. പശ്ചിമ ബംഗാളിലെയും വടക്കുകിഴക്കൻ മേഖലയിലെയും കണക്റ്റിവിറ്റി ശക്തിപ്പെടുത്തുന്നതിനും വികസനം ത്വരിതപ്പെടുത്തുന്നതിനുമാണ് ഈ പദ്ധതികൾ ലക്ഷ്യമിടുന്നത്. പശ്ചിമ ബംഗാളിന്റെ പുരോഗതിക്ക് ആക്കം കൂട്ടാനുള്ള പ്രചാരണത്തിന് ഇന്ന് മാൾഡയിൽ നിന്ന് പുതിയ ഊർജ്ജം ലഭിച്ചുവെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. സംസ്ഥാനത്തിന്റെ വികസനവുമായി ബന്ധപ്പെട്ട നിരവധി പദ്ധതികൾ ഇന്ന് നാടിന് സമർപ്പിക്കപ്പെട്ടതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ബംഗാളിനായി പുതിയ റെയിൽ സേവനങ്ങൾ ആരംഭിച്ചതായും ഇത് ജനങ്ങളുടെ യാത്ര സുഗമമാക്കുന്നതിനൊപ്പം വ്യാപാര-വാണിജ്യ മേഖലകൾക്ക് കരുത്തേകുമെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ സ്ഥാപിച്ചിട്ടുള്ള പുതിയ ട്രെയിൻ മെയിന്റനൻസ് സൗകര്യങ്ങൾ ബംഗാളിലെ യുവാക്കൾക്ക് പുതിയ അവസരങ്ങൾ നൽകുമെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
ഇന്ത്യൻ റെയിൽവേയുടെ ആധുനികവൽക്കരണത്തിലേക്കുള്ള മറ്റൊരു നിർണ്ണായക ചുവടുവെപ്പ് ഇന്ന് ബംഗാളിന്റെ പുണ്യഭൂമിയിൽ നിന്ന് ആരംഭിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ഇന്നു മുതൽ ഇന്ത്യയിൽ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ആരംഭിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ പുതിയ ട്രെയിനുകൾ പൗരന്മാരുടെ ദീർഘദൂര യാത്രകൾ കൂടുതൽ സുഖകരവും മനോഹരവുമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. വികസിത ഭാരതത്തിലെ ട്രെയിനുകൾ എങ്ങനെയായിരിക്കണം എന്ന കാഴ്ചപ്പാട് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളിൽ പ്രതിഫലിക്കുന്നുണ്ട്. അൽപസമയം മുമ്പ് മാൾഡ സ്റ്റേഷനിൽ ചില യാത്രക്കാരുമായി താൻ സംസാരിച്ചിരുന്നതായും, ഈ ട്രെയിനിലെ യാത്ര അസാധാരണമായ അനുഭവമാണെന്ന് എല്ലാവരും അഭിപ്രായപ്പെട്ടതായും പ്രധാനമന്ത്രി പറഞ്ഞു. പണ്ട് വിദേശ ട്രെയിനുകളുടെ ചിത്രങ്ങൾ നോക്കി ഇത്തരം ട്രെയിനുകൾ ഇന്ത്യയിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ജനങ്ങൾ ആഗ്രഹിച്ചിരുന്നു, ആ സ്വപ്നം ഇന്ന് യാഥാർത്ഥ്യമായിരിക്കുകയാണ്. ഇന്ത്യൻ റെയിൽവേയിൽ സംഭവിക്കുന്ന വിപ്ലവകരമായ മാറ്റങ്ങളെക്കുറിച്ച് വിദേശ വിനോദസഞ്ചാരികൾ പോലും വീഡിയോകൾ നിർമ്മിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യക്കാരുടെ കഠിനാധ്വാനവും അർപ്പണബോധവും കൊണ്ട് നിർമ്മിച്ച 'മെയ്ഡ് ഇൻ ഇന്ത്യ' ട്രെയിനാണിതെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ കാളി മാതാവിന്റെ നാടിനെ കാമാഖ്യ മാതാവിന്റെ നാടുമായി ബന്ധിപ്പിക്കുന്നു. വരും കാലങ്ങളിൽ ഈ ആധുനിക ട്രെയിനുകൾ രാജ്യമൊട്ടാകെ വ്യാപിക്കുമെന്ന് അറിയിച്ച പ്രധാനമന്ത്രി ബംഗാളിനെയും അസമിനെയും അഭിനന്ദിക്കുകയും ചെയ്തു.
റെയിൽവേ ലൈനുകളുടെ വൈദ്യുതീകരണത്തിലൂടെയും സ്റ്റേഷനുകളുടെ നവീകരണത്തിലൂടെയും ഇന്ത്യൻ റെയിൽവേ വലിയൊരു പരിവർത്തനത്തിന് സാക്ഷ്യം വഹിക്കുകയാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇന്ന് പശ്ചിമ ബംഗാൾ ഉൾപ്പെടെ രാജ്യത്തുടനീളം 150-ലധികം വന്ദേ ഭാരത് ട്രെയിനുകൾ ഓടുന്നുണ്ട്. ഇതിനോടൊപ്പം ആധുനികവും അതിവേഗത്തിലുള്ളതുമായ ട്രെയിനുകളുടെ ഒരു ശൃംഖല തന്നെ വികസിപ്പിക്കുന്നുണ്ടെന്നും ഇത് ബംഗാളിലെ പാവപ്പെട്ടവർക്കും ഇടത്തരം കുടുംബങ്ങൾക്കും വലിയ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ന്യൂ ജൽപായ്ഗുരി – നാഗർകോവിൽ അമൃത് ഭാരത് എക്സ്പ്രസ്, ന്യൂ ജൽപായ്ഗുരി – തിരുച്ചിറപ്പള്ളി അമൃത് ഭാരത് എക്സ്പ്രസ്, അലിപുർദുവാർ – ബെംഗളൂരു അമൃത് ഭാരത് എക്സ്പ്രസ്, അലിപുർദുവാർ – മുംബൈ അമൃത് ഭാരത് എക്സ്പ്രസ് എന്നിങ്ങനെ നാല് ആധുനിക അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾ കൂടി ബംഗാളിന് ലഭിച്ചതായി അദ്ദേഹം പ്രഖ്യാപിച്ചു. ഈ ട്രെയിനുകൾ ബംഗാളും, പ്രത്യേകിച്ച് വടക്കൻ ബംഗാളും തെക്കു -പടിഞ്ഞാറൻ ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഈ അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾ ഗംഗാസാഗർ, ദക്ഷിണേശ്വർ, കാളിഘട്ട് എന്നിവിടങ്ങൾ സന്ദർശിക്കുന്ന തീർഥാടകർക്കും തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്ക് പോകുന്നവർക്കും അവരുടെ യാത്ര സുഗമമാക്കുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
“ഇന്ത്യൻ റെയിൽവേ ആധുനികമാകുക മാത്രമല്ല, സ്വയംപര്യാപ്തത കൈവരിക്കുക കൂടിയാണ്” - പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയുടെ റെയിൽ എൻജിനുകളും കോച്ചുകളും മെട്രോ കോച്ചുകളും രാജ്യത്തിന്റെ സാങ്കേതിക മികവിന്റെ പ്രതീകങ്ങളായി ഉയർന്നുവരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ന് അമേരിക്കയെക്കാളും യൂറോപ്പിനെക്കാളും കൂടുതൽ ലോക്കോമോട്ടീവുകൾ ഇന്ത്യ നിർമിക്കുന്നുണ്ടെന്നും, യാത്രാട്രെയിനുകളും മെട്രോ കോച്ചുകളും വിവിധ വിദേശ രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇതു രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ ഗുണമേകുന്നു. ഒപ്പം, യുവാക്കൾക്കു തൊഴിലവസരങ്ങളും നൽകുന്നു. ഇന്ത്യയെ പരസ്പരം കൂട്ടിയിണക്കുക എന്നതു മുൻഗണനയും ദൂരങ്ങൾ കുറയ്ക്കുക എന്നതു ദൗത്യവുമാണെന്നു വ്യക്തമാക്കിയ ശ്രീ മോദി, ഇത് ഇന്നത്തെ പരിപാടിയിൽ വ്യക്തമായി പ്രതിഫലിക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയാണു പ്രസംഗം ഉപസംഹരിച്ചത്.
പശ്ചിമ ബംഗാൾ ഗവർണർ ശ്രീ സി വി ആനന്ദ ബോസ്, കേന്ദ്രമന്ത്രിമാരായ ശ്രീ അശ്വിനി വൈഷ്ണവ്, ശ്രീ ശാന്തനു ഠാക്കുർ, ശ്രീ സുകാന്ത മജുംദാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പശ്ചാത്തലം
മാൾഡ ടൗൺ റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച പ്രധാനമന്ത്രി, ഹൗറയ്ക്കും ഗുവാഹാട്ടിക്കും (കാമാഖ്യ) ഇടയിലുള്ള ഇന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു. കൂടാതെ ഗുവാഹാട്ടി (കാമാഖ്യ) – ഹൗറ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ അദ്ദേഹം വെർച്വലായി ഫ്ലാഗ് ഓഫ് ചെയ്തു. ആധുനിക ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന യാത്രാ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വികസിപ്പിച്ചെടുത്ത, പൂർണമായും ശീതീകരിച്ച വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ, വിമാനയാത്രയ്ക്ക് സമാനമായ അനുഭവം കുറഞ്ഞ നിരക്കിൽ യാത്രക്കാർക്ക് വാഗ്ദാനം ചെയ്യുന്നു. ഇത് ദീർഘദൂര യാത്രകൾ കൂടുതൽ വേഗതയുള്ളതും സുരക്ഷിതവും സൗകര്യപ്രദവുമാക്കും. ഹൗറ-ഗുവാഹാട്ടി പാതയിലെ യാത്രാസമയം ഏകദേശം രണ്ടര മണിക്കൂർ കുറയ്ക്കുന്നതിലൂടെ, തീർത്ഥാടന-വിനോദസഞ്ചാര മേഖലകൾക്കും ഇതു ഗതിവേഗം പകരും.
പശ്ചിമ ബംഗാളിലെ നാലു പ്രധാന റെയിൽവേ പദ്ധതികളുടെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിച്ചു. ബാലൂർഘാട്ടിനും ഹിലിനും ഇടയിലുള്ള പുതിയ റെയിൽ പാത, ന്യൂ ജൽപായ്ഗുരിയിലെ അത്യാധുനിക ചരക്കുപരിപാലന സംവിധാനങ്ങൾ, സിലിഗുരി ലോക്കോ ഷെഡിന്റെ നവീകരണം, ജൽപായ്ഗുരി ജില്ലയിലെ വന്ദേ ഭാരത് ട്രെയിൻ പരിപാലന സൗകര്യങ്ങളുടെ ആധുനികവൽക്കരണം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ പദ്ധതികൾ യാത്രാ-ചരക്ക് നീക്കങ്ങൾക്കു കരുത്തുപകരുകയും വടക്കൻ ബംഗാളിലെ ലോജിസ്റ്റിക്സ് കാര്യക്ഷമത മെച്ചപ്പെടുത്തുകയും പ്രദേശത്ത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.
കൂടാതെ, വൈദ്യുതവൽക്കരിച്ച ന്യൂ കൂച്ച്ബെഹാർ-ബമൻഹട്ട്, ന്യൂ കൂച്ച്ബെഹാർ-ബോക്സിർഹട്ട് റെയിൽ പാതകൾ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിച്ചു. ഇത് കൂടുതൽ വേഗതയുള്ളതും പരിസ്ഥിതിസൗഹൃദവും കാര്യക്ഷമവുമായ ട്രെയിൻ ഗതാഗതം സാധ്യമാക്കും.
കൂടാതെ, നാല് പുതിയ അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾ പ്രധാനമന്ത്രി വെർച്വലായി ഫ്ലാഗ് ഓഫ് ചെയ്തു:
ന്യൂ ജൽപായ്ഗുരി - നാഗർകോവിൽ അമൃത് ഭാരത് എക്സ്പ്രസ്
ന്യൂ ജൽപായ്ഗുരി - തിരുച്ചിറപ്പള്ളി അമൃത് ഭാരത് എക്സ്പ്രസ്
അലിപുർദുവാർ - SMVT ബെംഗളൂരു അമൃത് ഭാരത് എക്സ്പ്രസ്
അലിപുർദുവാർ - മുംബൈ (പൻവേൽ) അമൃത് ഭാരത് എക്സ്പ്രസ്
കുറഞ്ഞ നിരക്കിലുള്ളതും വിശ്വസനീയവുമായ ദീർഘദൂര റെയിൽ യാത്രാസൗകാര്യം വർദ്ധിപ്പിക്കാൻ ഇത് സഹായിക്കും. സാധാരണ പൗരന്മാർ, വിദ്യാർത്ഥികൾ, കുടിയേറ്റ തൊഴിലാളികൾ, വ്യാപാരികൾ എന്നിവരുടെ യാത്രാ ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം സംസ്ഥാനങ്ങൾ തമ്മിലുള്ള സാമ്പത്തിക-സാമൂഹ്യ ബന്ധങ്ങൾക്കു കരുത്തേകാനും ഈ സർവീസുകൾ ഉപകരിക്കും.
LHB കോച്ചുകൾ ഘടിപ്പിച്ച രണ്ട് പുതിയ ട്രെയിൻ സർവീസുകളും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. രാധികാപുർ – SMVT ബെംഗളൂരു എക്സ്പ്രസ്, ബാലൂർഘാട്ട് – SMVT ബെംഗളൂരു എക്സ്പ്രസ് എന്നിവയാണവ. ഈ ട്രെയിനുകൾ മേഖലയിലെ യുവാക്കൾക്കും വിദ്യാർത്ഥികൾക്കും ഐടി പ്രൊഫഷണലുകൾക്കും ബെംഗളൂരു പോലുള്ള പ്രധാന ഐടി-തൊഴിൽ കേന്ദ്രങ്ങളിലേക്ക് നേരിട്ടുള്ളതും സുരക്ഷിതവും സുഖകരവുമായ യാത്രാസൗകര്യം ഒരുക്കും.
വടക്കൻ ബംഗാളിലെ പ്രാദേശിക റോഡ് ഗതാഗതസൗകര്യം മെച്ചപ്പെടുത്തുന്നതിനും യാത്രക്കാരുടെ സൗകര്യപ്രദമായ സഞ്ചാരത്തിനും ചരക്ക് നീക്കത്തിനും സഹായിക്കുന്ന പ്രധാന പദ്ധതിയായ ദേശീയ പാത -31D-യിലെ ധുപ്ഗുരി-ഫലാകാറ്റ ഭാഗം നാലുവരിപ്പാതയാക്കി നവീകരിക്കുന്ന പ്രവർത്തനത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടു.
ആധുനിക അടിസ്ഥാനസൗകര്യങ്ങൾ സൃഷ്ടിക്കുന്നതിലും ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും ഈ പദ്ധതികൾ സുപ്രധാന പങ്ക് വഹിക്കും. അതോടൊപ്പം, കിഴക്കൻ-വടക്കുകിഴക്കൻ മേഖലകളെ രാജ്യത്തിന്റെ വളർച്ചാ എൻജിനുകളായി ശക്തിപ്പെടുത്തുകയും ചെയ്യും.
-NK-
(रिलीज़ आईडी: 2215625)
आगंतुक पटल : 8
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Assamese
,
Gujarati
,
Tamil
,
Telugu
,
Kannada