പ്രധാനമന്ത്രിയുടെ ഓഫീസ്
ജനുവരി 17, 18 തീയതികളിൽ പ്രധാനമന്ത്രി അസം സന്ദർശിക്കും
ജനുവരി 17-ന് ബോഡോ സമൂഹത്തിന്റെ സമ്പന്നമായ പൈതൃകം ആഘോഷിക്കുന്ന ചരിത്ര സാംസ്കാരിക പരിപാടിയായ “ബാഗുറൂമ്പ ദോഹോ 2026”-ൽ പ്രധാനമന്ത്രി പങ്കെടുക്കും.
ബോഡോ സമൂഹത്തിൽ നിന്നുള്ള 10,000 ത്തിലധികം കലാകാരന്മാർ ബാഗുറൂമ്പ നൃത്തം അവതരിപ്പിക്കും.
കലിയാബോറിൽ 6,950 കോടിയിലധികം രൂപ ചെലവിൽ നിർമിക്കുന്ന കാസിരംഗ എലിവേറ്റഡ് കോറിഡോർ പദ്ധതിയുടെ ഭൂമിപൂജ പ്രധാനമന്ത്രി നിർവഹിക്കും.
പദ്ധതി മൃഗങ്ങളുടെ തടസ്സമില്ലാത്ത സഞ്ചാരം ഉറപ്പാക്കുകയും മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കുകയും പ്രാദേശിക ബന്ധം വർദ്ധിപ്പിക്കുകയും ചെയ്യും.
ഗുവാഹത്തി (കാമാഖ്യ) – റോഹ്തക്, ദിബ്രുഗഡ് – ലഖ്നൗ (ഗോംതി നഗർ) എന്നീ രണ്ട് പുതിയ അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും.
प्रविष्टि तिथि:
16 JAN 2026 1:53PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ജനുവരി 17,18 തീയതികളിൽ അസം സന്ദർശിക്കും.
ജനുവരി 17-ന് വൈകിട്ട് 6 മണിക്ക് ഗുവാഹത്തിയിലെ സരുസജായ് സ്റ്റേഡിയത്തിൽ നടക്കുന്ന പരമ്പരാഗത ബോഡോ സാംസ്കാരിക പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും.
ജനുവരി 18-ന് രാവിലെ 11 മണിക്ക് 6,950 കോടിയിലധികം രൂപ ചെലവിൽ നിർമിക്കുന്ന കാസിരംഗ എലിവേറ്റഡ് കോറിഡോർ പദ്ധതിയുടെ ഭൂമിപൂജ പ്രധാനമന്ത്രി നിർവഹിക്കുകയും നാഗോൺ ജില്ലയിലെ കലിയാബോറിൽ വെച്ച് 2 പുതിയ അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്യും.
പ്രധാനമന്ത്രി ഗുവാഹത്തിയിൽ
ഗുവാഹത്തിയിലെ സരുസജായ് സ്റ്റേഡിയത്തിൽ ബോഡോ സമൂഹത്തിന്റെ സമ്പന്നമായ പൈതൃകം ആഘോഷിക്കുന്ന ചരിത്ര സാംസ്കാരിക പരിപാടിയായ “ബാഗുറൂമ്പ ദോഹോ 2026”-ൽ പ്രധാനമന്ത്രി പങ്കെടുക്കും.
ചടങ്ങിൽ ബോഡോ സമൂഹത്തിൽ നിന്നുള്ള പതിനായിരത്തിലധികം കലാകാരന്മാർ ഒരേസമയം ബാഗുറൂമ്പ നൃത്തം അവതരിപ്പിക്കും. സംസ്ഥാനത്തെ 23 ജില്ലകളിലായി 81 നിയമസഭാ മണ്ഡലങ്ങളിൽ നിന്നുള്ള കലാകാരന്മാർ ഈ പരിപാടിയിൽ പങ്കെടുക്കും.
പ്രകൃതിയിൽ നിന്ന് ആഴത്തിൽ പ്രചോദനം ഉൾക്കൊണ്ട ബാഗുറൂമ്പ, ബോഡോ സമൂഹത്തിന്റെ നാടോടി നൃത്തങ്ങളിലൊന്നാണ്. ഈ നൃത്തം വിരിയുന്ന പൂക്കളെ പ്രതിനിധീകരിക്കുകയും മനുഷ്യജീവിതവും പ്രകൃതിയും തമ്മിലുള്ള ഐക്യത്തെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. പരമ്പരാഗതമായി ബോഡോ യുവതികൾ അവതരിപ്പിക്കുന്ന ഈ നൃത്തത്തിൽ പുരുഷന്മാർ ഗായകരായി അണിനിരക്കുന്നു. ചിത്രശലഭങ്ങൾ, പക്ഷികൾ, ഇലകൾ, പൂക്കൾ എന്നിവയെ അനുകരിക്കുന്ന മൃദുവായ ചലനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. സാധാരണയായി ഗ്രൂപ്പുകളായി അവതരിപ്പിക്കുന്ന നൃത്തം, വൃത്തങ്ങളോ വരകളോ രൂപപ്പെടുത്തുകയും ഇത് കാഴ്ചയ്ക്ക് മിഴിവേകുകയും ചെയ്യുന്നു.
ബോഡോ ജനതയെ സംബന്ധിച്ചിടത്തോളം ബാഗുറൂമ്പ നൃത്തത്തിന് ആഴത്തിലുള്ള സാംസ്കാരിക പ്രാധാന്യമുണ്ട്. ഇത് സമാധാനം, ഫലഭൂയിഷ്ഠത, സന്തോഷം, കൂട്ടായ ഐക്യം എന്നിവയെ പ്രതിനിധീകരിക്കുന്നു, കൂടാതെ ബോഡോ പുതുവർഷമായ ബിസാഗു, ദൊമാസി തുടങ്ങിയ ഉത്സവങ്ങളുമായി ഇത് അടുത്ത ബന്ധം പുലർത്തുന്നു.
പ്രധാനമന്ത്രി കലിയാബോറിൽ
6,950 കോടിയിലധികം രൂപ ചെലവ് വരുന്ന കാസിരംഗ എലിവേറ്റഡ് കോറിഡോർ പദ്ധതിയുടെ (NH-715-ന്റെ കലിയാബോർ-നുമാലിഗഡ് സെക്ഷന്റെ നാലുവരിപ്പാത) ഭൂമിപൂജ പ്രധാനമന്ത്രി നിർവഹിക്കും.
86 കിലോമീറ്റർ നീളമുള്ള കാസിരംഗ എലിവേറ്റഡ് കോറിഡോർ പദ്ധതി പരിസ്ഥിതി സൗഹൃദമായ ഒരു ദേശീയ പാത പദ്ധതിയാണ്. കാസിരംഗ നാഷണൽ പാർക്കിലൂടെ കടന്നുപോകുന്ന 35 കിലോമീറ്റർ നീളമുള്ള എലിവേറ്റഡ് വൈൽഡ്‍ലൈഫ് കോറിഡോർ, 21 കിലോമീറ്റർ ബൈപാസ് സെക്ഷൻ, NH-715-ന്റെ നിലവിലുള്ള ഹൈവേ സെക്ഷൻ രണ്ടുവരിയിൽ നിന്ന് നാലുവരിയായി 30 കിലോമീറ്റർ വീതികൂട്ടൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. പാർക്കിന്റെ സമ്പന്നമായ ജൈവവൈവിധ്യത്തിന്റെ സംരക്ഷണം ഉറപ്പാക്കിക്കൊണ്ട് പ്രാദേശികമായ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുകയാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.
നാഗോൺ, കർബി ആംഗ്ലോങ്, ഗോലാഘട്ട് ജില്ലകളിലൂടെ കടന്നുപോകുന്ന ഈ പദ്ധതി അപ്പർ അസമിലേക്കുള്ള, പ്രത്യേകിച്ച് ദിബ്രുഗഡ്, ടിൻസുക്കിയ എന്നിവിടങ്ങളിലേക്കുള്ള ഗതാഗതം ഗണ്യമായി മെച്ചപ്പെടുത്തും. എലിവേറ്റഡ് വൈൽഡ്‍ലൈഫ് കോറിഡോർ മൃഗങ്ങളുടെ തടസ്സമില്ലാത്ത സഞ്ചാരം ഉറപ്പാക്കുകയും മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കുകയും ചെയ്യും. ഇത് റോഡ് സുരക്ഷ വർദ്ധിപ്പിക്കുകയും യാത്രാസമയവും അപകടനിരക്കും കുറയ്ക്കുകയും വർദ്ധിച്ചുവരുന്ന യാത്രക്കാരുടെയും ചരക്ക് ഗതാഗതത്തിന്റെയും ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യും. പദ്ധതിയുടെ ഭാഗമായി ജഖലബന്ധയിലും ബൊക്കാഖാട്ടിലും ബൈപാസുകൾ വികസിപ്പിക്കും, ഇത് പട്ടണങ്ങളിലെ തിരക്ക് കുറയ്ക്കാനും നഗരങ്ങളിലെ ചലനാത്മകത മെച്ചപ്പെടുത്താനും പ്രദേശവാസികളുടെ ജീവിതനിലവാരം ഉയർത്താനും സഹായിക്കും.
പരിപാടിക്കിടയിൽ പ്രധാനമന്ത്രി ഗുവാഹത്തി (കാമാഖ്യ)-റോഹ്തക് അമൃത് ഭാരത് എക്സ്പ്രസ്, ദിബ്രുഗഡ്-ലഖ്നൗ (ഗോംതി നഗർ) അമൃത് ഭാരത് എക്സ്പ്രസ് എന്നീ രണ്ട് പുതിയ അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യും. ഈ പുതിയ ട്രെയിൻ സർവീസുകൾ വടക്കുകിഴക്കൻ ഇന്ത്യയും വടക്കേ ഇന്ത്യയും തമ്മിലുള്ള റെയിൽ ബന്ധം ശക്തിപ്പെടുത്തുകയും ജനങ്ങൾക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര സാധ്യമാക്കുകയും ചെയ്യും.
***
NK
(रिलीज़ आईडी: 2215283)
आगंतुक पटल : 22
इस विज्ञप्ति को इन भाषाओं में पढ़ें:
Bengali
,
Assamese
,
English
,
Khasi
,
Urdu
,
Marathi
,
हिन्दी
,
Nepali
,
Bengali-TR
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada