പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

അഹമ്മദാബാദിലെ ഇന്ത്യ-ജർമ്മനി സിഇഒ ഫോറത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

प्रविष्टि तिथि: 12 JAN 2026 9:17PM by PIB Thiruvananthpuram

ആദരണീയനായ ചാൻസലർ മെർസിനും ഇരു രാജ്യങ്ങളിലെയും ബിസിനസ്സ് നേതാക്കൾക്കും നമസ്‌കാരം

ഇന്ത്യ-ജർമ്മനി സിഇഒ ഫോറത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട്. ഇന്ത്യ-ജർമ്മനി ബന്ധത്തിന്റെ പ്ലാറ്റിനം ജൂബിലിയും ഇന്ത്യ-ജർമ്മനി തന്ത്രപരമായ പങ്കാളിത്തത്തിന്റെ രജത ജൂബിലിയും ആഘോഷിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു സമയത്താണ് ഈ യോ​ഗം നടക്കുന്നത്. അതിനർത്ഥം നമ്മുടെ ബന്ധത്തിന് പ്ലാറ്റിനത്തിന്റെ നിലനിൽപ്പും വെള്ളിയുടെ തിളക്കവുമുണ്ടെന്നാണ്.

സുഹൃത്തുക്കളേ,

ഇന്ത്യയും ജർമ്മനിയും തമ്മിലുള്ള പങ്കാളിത്തം പങ്കിട്ട മൂല്യങ്ങളിലും പരസ്പര വിശ്വാസത്തിലും കെട്ടിപ്പടുത്ത തടസ്സങ്ങളില്ലാത്ത ഒന്നാണ്. എല്ലാ മേഖലകളിലും പരസ്പര പ്രയോജനകരമായ അവസരങ്ങളുണ്ട്. നമ്മുടെ MSMEകളും ജർമ്മനിയുടെ മിറ്റൽസ്റ്റാൻഡും തമ്മിൽ തുടർച്ചയായ ഉൽപ്പാദന സഹകരണം, ഐടി-സേവന മേഖലകളിലെ അതിവേഗം വളരുന്ന സഹകരണം, ഓട്ടോമോട്ടീവ്, ഊർജ്ജം, മെഷിനറി, കെമിക്കൽ മേഖലകളിലെ സംയുക്ത സംരംഭങ്ങളും ഗവേഷണ സഹകരണങ്ങളും പുതിയ സാങ്കേതികവിദ്യകൾക്ക് വഴിയൊരുക്കുന്നു. ഈ ശക്തമായ ബന്ധങ്ങൾ നമ്മുടെ വ്യാപാരത്തിന് നേരിട്ട് ഗുണം ചെയ്തു, അത് ഇപ്പോൾ ഏകദേശം 50 ബില്യൺ ഡോളർ മറികടന്നിരിക്കുന്നു.

സുഹൃത്തുക്കളേ,

ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്, നിർണ്ണായക സാങ്കേതിക വിദ്യകളിലും മൂലധന യന്ത്രസാമഗ്രികളിലുമുള്ള ആശ്രിതത്വം ഇന്ന് എങ്ങനെ ആയുധമായി ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്നുവെന്ന് നാം കാണുന്നു. സ്വാമി വിവേകാനന്ദന്റെ ജന്മവാർഷികത്തിന്റെ ഈ ശുഭവേളയിൽ, അദ്ദേഹത്തിന്റെ ചിന്തകളിൽ നിന്നും സന്ദേശങ്ങളിൽ നിന്നും നാം പ്രചോദനം ഉൾക്കൊള്ളണം. അദ്ദേഹത്തിന്റെ സന്ദേശം വ്യക്തമായിരുന്നു: ആത്മവിശ്വാസത്തോടും സ്വയംപര്യാപ്തതയോടും ഉത്തരവാദിത്തത്തോടും കൂടി ലോകവുമായി ബന്ധപ്പെടുന്ന രാഷ്ട്രമാണ് ശക്തമായ രാഷ്ട്രം. ഇന്നത്തെ ആഗോള സാഹചര്യത്തിൽ ഈ സന്ദേശത്തിന് ഏറെ പ്രസക്തിയുണ്ട്. ഈ ചിന്താഗതിക്ക് അനുസൃതമായി, ലോകത്തിനായി വിശ്വസനീയവും പ്രതിരോധശേഷിയുള്ളതുമായ വിതരണ ശൃംഖലകളെ ശക്തിപ്പെടുത്തുകയെന്നത് നമ്മുടെ പങ്കിട്ട ഉത്തരവാദിത്തമാണ്, ഈ ശ്രമത്തിൽ ഇന്ത്യയെയും ജർമ്മനിയെയും പോലുള്ള വിശ്വസ്ത പങ്കാളികളുടെ പങ്കാളിത്തം നിർണ്ണായക പങ്ക് വഹിക്കുന്നു.

സുഹൃത്തുക്കളേ,

തന്റെ ആദ്യ ഏഷ്യൻ സന്ദർശനത്തിനായി ചാൻസലർ മെർസ് ഇന്ത്യയെ തിരഞ്ഞെടുത്തു. ജർമ്മനിയുടെ വൈവിധ്യവൽക്കരണ തന്ത്രത്തിൽ ഇന്ത്യക്കുള്ള കേന്ദ്രസ്ഥാനമാണ് ഇത് പ്രതിഫലിപ്പിക്കുന്നത്, കൂടാതെ ഇന്ത്യയിലുള്ള ജർമ്മനിയുടെ വിശ്വാസത്തിന്റെ വ്യക്തമായ സൂചന കൂടിയാണിത്. ഈ വിശ്വാസത്തിന് അനുസൃതമായി ഇന്ന് നാം പല സുപ്രധാന തീരുമാനങ്ങളും എടുത്തിട്ടുണ്ട്. ഒന്നാമതായി, തടസ്സങ്ങളില്ലാത്ത ഈ സാമ്പത്തിക പങ്കാളിത്തത്തെ പരിധികളില്ലാത്തതാക്കാൻ ഞങ്ങൾ തീരുമാനിച്ചു. അതിനർത്ഥം, പരമ്പരാഗത സാമ്പത്തിക മേഖലകൾക്കൊപ്പം തന്ത്രപ്രധാന മേഖലകളിലും ആഴത്തിലുള്ള സഹകരണം ഉണ്ടാകുമെന്നാണ്. പ്രതിരോധ മേഖലയിൽ ഇന്ന് ഞങ്ങൾ ഒരു സംയുക്ത ഉദ്ദേശ്യ പ്രഖ്യാപനം കൈമാറുകയാണ്. പ്രതിരോധ മേഖലയിലെ സഹ-നവീകരണത്തിനും സഹ-ഉൽപ്പാദനത്തിനും നമ്മുടെ കമ്പനികൾക്ക് ഇത് വ്യക്തമായ നയപരമായ പിന്തുണ നൽകും. ബഹിരാകാശ മേഖലയിലും സഹകരണത്തിന്റെ പുതിയ അവസരങ്ങൾ തുറക്കും. രണ്ടാമതായി, വിശ്വസ്തമായ പങ്കാളിത്തം ഇനി ഒരു സാങ്കേതിക പങ്കാളിത്തത്തിന്റെ രൂപം കൈക്കൊള്ളണമെന്ന് ഞങ്ങൾ അം​ഗീകരിച്ചു. ലോകത്തിലെ രണ്ട് പ്രധാന ജനാധിപത്യ സമ്പദ്‌വ്യവസ്ഥകൾ നിർണ്ണായകവും വളർന്നുവരുന്നതുമായ സാങ്കേതിക വിദ്യകളിൽ സഹകരണം വർദ്ധിപ്പിക്കും. സെമി കണ്ടക്ടറുകളിൽ നാം പരസ്പര പങ്കാളികളാണ്. ഇതോടൊപ്പം പവർ ഇലക്ട്രോണിക്സ്, ബയോടെക്, ഫിൻടെക്, ഫാർമ, ക്വാണ്ടം, സൈബർ മേഖലകളിലും വലിയ സാധ്യതകളുണ്ട്. മൂന്നാമതായി, ഇന്ത്യ-ജർമ്മനി പങ്കാളിത്തം പരസ്പര പ്രയോജനകരമാണെന്ന് മാത്രമല്ല, ലോകത്തിന് ഗുണകരവുമാണെന്ന് നമുക്കെല്ലാവർക്കും പൂർണ്ണമായ വ്യക്തതയുണ്ട്. ഗ്രീൻ ഹൈഡ്രജൻ, സോളാർ, കാറ്റ്, ജൈവ ഇന്ധനം എന്നിവയിൽ ലോകനേതാവാകാനുള്ള ശ്രമത്തിലാണ് ഇന്ത്യ. സോളാർ സെല്ലുകൾ, ഇലക്ട്രോലൈസറുകൾ, ബാറ്ററികൾ, വിൻഡ് ടർബൈനുകൾ എന്നിവ നിർമ്മിക്കുന്നതിൽ ജർമ്മൻ കമ്പനികൾക്ക് വലിയ അവസരങ്ങളുണ്ട്. ഇ-മൊബിലിറ്റി മുതൽ ഭക്ഷ്യ, ആരോഗ്യ സുരക്ഷ വരെ ലോകത്തിനാവശ്യമായ പരിഹാരങ്ങൾ വികസിപ്പിക്കാൻ നമുക്ക് ഒന്നിച്ച് സാധിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ (AI) ഇന്ത്യയ്ക്ക് എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു കാഴ്ചപ്പാടുണ്ട്, ജർമ്മനിയുടെ എഐ ഇക്കോസിസ്റ്റം അതുമായി ബന്ധപ്പെടുമ്പോൾ മനുഷ്യ കേന്ദ്രീകൃതമായ ഒരു ഡിജിറ്റൽ ഭാവി ഉറപ്പാക്കാൻ നമുക്ക് കഴിയും.

സുഹൃത്തുക്കളേ,

ജർമ്മൻ വ്യവസായ മേഖലയിലെ നവീകരണവും ഉൽപ്പാദനക്ഷമതയും വർദ്ധിപ്പിക്കാൻ ഇന്ത്യയുടെ പ്രതിഭാസമ്പത്തിന് സാധിക്കും. സമീപ വർഷങ്ങളിൽ, പ്രത്യേകിച്ച് ഹൈടെക് മേഖലയിൽ, നൈപുണ്യ ചലനാത്മകത അതിവേഗം വർദ്ധിച്ചു. ഇന്ത്യയുടെ കഴിവുകളെ പൂർണ്ണമായി പ്രയോജനപ്പെടുത്താനും നൈപുണ്യം, നവീകരണം, വ്യവസായ ബന്ധങ്ങൾ എന്നിവ കൂടുതൽ ശക്തിപ്പെടുത്താനും ഞങ്ങൾ ജർമ്മൻ കമ്പനികളോട് അഭ്യർത്ഥിക്കുന്നു.

സുഹൃത്തുക്കളേ,

വെല്ലുവിളികൾ നിറഞ്ഞ ഇന്നത്തെ ആഗോള സാഹചര്യത്തിൽ ഇന്ത്യ 8 ശതമാനത്തിലധികം വളർച്ചയുമായി മുന്നേറുകയാണ്. ഇതിന് പിന്നിൽ ഒരു കാരണം മാത്രമല്ല, തുടർച്ചയായതും സമഗ്രവുമായ പരിഷ്കാരങ്ങളാണുള്ളത്. പ്രതിരോധം, ബഹിരാകാശം, ഖനനം, ആണവോർജ്ജം എന്നിങ്ങനെ എല്ലാ മേഖലകളിലും സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നു. നിയമപരമായ നിബന്ധനകൾ തുടർച്ചയായി കുറയ്ക്കുകയും ബിസിനസ്സ് ചെയ്യാനുള്ള എളുപ്പം മെച്ചപ്പെടുകയും ചെയ്യുന്നു. ഈ ശ്രമങ്ങൾ ഇന്ത്യയെ ഇന്ന് ലോകത്തിന് വളർച്ചയുടെയും ശുഭാപ്തിവിശ്വാസത്തിന്റെയും പ്രതീകമാക്കി മാറ്റിയിരിക്കുന്നു. ഇന്ത്യ-EU സ്വതന്ത്ര വ്യാപാര കരാറും ഉടൻ യാഥാർത്ഥ്യമാകാൻ പോകുന്നു. ഇത് നമ്മുടെ വ്യാപാരത്തിനും നിക്ഷേപത്തിനും പങ്കാളിത്തത്തിനും ഒരു പുതിയ അധ്യായം തുറക്കും. അതിനർത്ഥം നിങ്ങൾക്കുള്ള വഴി തെളിഞ്ഞിരിക്കുന്നുവെന്നാണ്. ഇന്ത്യയുടെ വ്യാപ്തിയോടും വേഗതയോടും ബന്ധപ്പെടാൻ ജർമ്മൻ കൃത്യതയെയും നവീകരണത്തെയും ഞാൻ ക്ഷണിക്കുന്നു. നിങ്ങൾക്ക് ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കാം, ആഭ്യന്തര ആവശ്യങ്ങൾ പൂർണ്ണമായി പ്രയോജനപ്പെടുത്താം, തടസ്സങ്ങളില്ലാതെ കയറ്റുമതി ചെയ്യാം.

സുഹൃത്തുക്കളേ,

സ്ഥിരതയുള്ള നയങ്ങളിലൂടെയും പരസ്പര വിശ്വാസത്തിലൂടെയും ദീർഘകാല കാഴ്ചപ്പാടിലൂടെയും ഇന്ത്യ ജർമ്മനിയുമായുള്ള സഹകരണം മുന്നോട്ട് കൊണ്ടുപോകുമെന്ന് ​ഗവൺമെന്റിന്റെ പേരിൽ ഞാൻ നിങ്ങൾക്ക് ഉറപ്പുനൽകുന്നു. ചുരുക്കത്തിൽ എന്റെ സന്ദേശം ഇതാണ്: ഇന്ത്യ സജ്ജമാണ്, സന്നദ്ധമാണ്, പ്രാപ്തവുമാണ്. നമുക്ക് ഒന്നിച്ച് നവീകരിക്കാം, നിക്ഷേപിക്കാം, വളരാം. ഇന്ത്യയ്ക്കും ജർമ്മനിക്കും വേണ്ടി മാത്രമല്ല, ആഗോള ഭാവിക്കും വേണ്ടിയുള്ള സുസ്ഥിരമായ പരിഹാരങ്ങൾ നമുക്ക് തയ്യാറാക്കാം.

ഡാങ്കെ ഷൂൺ.

വളരെയധികം നന്ദി.

 

-NK-


(रिलीज़ आईडी: 2214239) आगंतुक पटल : 4
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Manipuri , Assamese , Bengali , Punjabi , Gujarati , Kannada