പ്രധാനമന്ത്രിയുടെ ഓഫീസ്
ശ്രീമദ് വിജയരത്ന സുന്ദർ സുരീശ്വർജി മഹാരാജിന്റെ 500-ാമത്തെ പുസ്തക പ്രകാശന വേളയിലെ പ്രധാനമന്ത്രിയുടെ സന്ദേശത്തിന്റെ മലയാളം പരിഭാഷ
प्रविष्टि तिथि:
11 JAN 2026 1:48PM by PIB Thiruvananthpuram
ജയ് ജിനേന്ദ്ര!
ഈ പുണ്യവേളയിൽ, നമ്മുടെ പ്രചോദനത്തിന്റെ ഉറവിടമായ ആദരണീയനായ ഭുവൻഭാനുസുരീശ്വർ ജി മഹാരാജിന്റെ പാദങ്ങളിൽ ഞാൻ ആദ്യം വണങ്ങുന്നു. പ്രശാന്ത്മൂർത്തി സുവിശാൽ ഗച്ഛാധിപതി പൂജ്യ ശ്രീമദ് വിജയ് രാജേന്ദ്രസുരീശ്വർ ജി മഹാരാജ്, പൂജ്യ ഗച്ഛാധിപതി ശ്രീ കല്പതരുസുരീശ്വർ ജി മഹാരാജ്, സരസ്വതി കൃപപാത്ര പരം പൂജ്യ ആചാര്യ ഭഗവന്ത് ശ്രീമദ് വിജയരത്നസുന്ദർസുരീശ്വർ ജി മഹാരാജ് എന്നിവർക്കും ഈ ചടങ്ങിൽ സന്നിഹിതരായിട്ടുള്ള എല്ലാ സന്യാസിമാർക്കും സാധ്വിമാർക്കും ഞാൻ എന്റെ ആദരമർപ്പിക്കുന്നു.
ശ്രീ കുമാർപാൽഭായ് ഷാ, കൽപേഷ്ഭായ് ഷാ, സഞ്ജയ്ഭായ് ഷാ, കൗശിക്ഭായ് സംഘ്‌വി എന്നിവരടങ്ങുന്ന ഊർജ്ജ മഹോത്സവ് കമ്മിറ്റിയിലെ എല്ലാ അംഗങ്ങളെയും ഞാൻ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു. ആദരണീയരായ സന്യാസിമാരേ, ശ്രീമദ് വിജയരത്ന സുന്ദർ സുരീശ്വർ ജി മഹാരാജിന്റെ 500-ാമത്തെ പുസ്തകത്തിന്റെ പ്രകാശനത്തിന് സാക്ഷ്യം വഹിക്കാൻ സാധിച്ചത് നമ്മുടെ ഭാഗ്യമാണ്. മഹാരാജ് സാഹിബ് അറിവിനെ കേവലം ഗ്രന്ഥങ്ങളിൽ മാത്രം ഒതുക്കിനിർത്താതെ, അത് സ്വന്തം ജീവിതത്തിൽ പകർത്തിക്കൊണ്ടും മറ്റുള്ളവർക്ക് അവരുടെ ജീവിതത്തിലേക്ക് അത് കൊണ്ടുവരാൻ പ്രചോദനം നൽകിക്കൊണ്ടും മാതൃകയായി. സംയമനം, ലാളിത്യം, വ്യക്തത എന്നിവയുടെ ശ്രദ്ധേയമായ ഒരു സംഗമമാണ് അദ്ദേഹത്തിന്റെ വ്യക്തിത്വം. അദ്ദേഹം എഴുതുമ്പോൾ ആ വാക്കുകൾക്ക് അനുഭവത്തിന്റെ ആഴമുണ്ടാകുന്നു; അദ്ദേഹം സംസാരിക്കുമ്പോൾ ആ ശബ്ദത്തിന് കരുണയുടെ ശക്തിയുണ്ടാകുന്നു; നിശബ്ദനായിരിക്കുമ്പോൾ പോലും അദ്ദേഹം മാർഗനിർദ്ദേശം നൽകുന്നു. അദ്ദേഹത്തിന്റെ 500-ാമത്തെ പുസ്തകത്തിന്റെ വിഷയം - “പ്രേംനു വിശ്വ, വിശ്വനോ പ്രേം” (സ്നേഹത്തിന്റെ ലോകം, ലോകത്തിന്റെ സ്നേഹം) - അത് തന്നെ ഒരുപാട് കാര്യങ്ങൾ വിളിച്ചോതുന്നു. ഈ സൃഷ്ടി നമ്മുടെ സമൂഹത്തിനും യുവാക്കൾക്കും മാനവികതയ്ക്കും വലിയ തോതിൽ ഗുണകരമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ പ്രത്യേക വേളയിൽ, ഊർജ്ജ മഹോത്സവം ജനങ്ങൾക്കിടയിൽ ചിന്തയുടെ ഒരു പുതിയ ഊർജ്ജം പകരും. നിങ്ങൾക്കെല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ.
സുഹൃത്തുക്കളേ, മഹാരാജ് സാഹിബിന്റെ 500 കൃതികൾ എണ്ണമറ്റ ചിന്താ രത്നങ്ങൾ നിറഞ്ഞ ഒരു വിശാലമായ സമുദ്രം പോലെയാണ്. മനുഷ്യരാശിയുടെ പല പ്രശ്നങ്ങൾക്കും ലളിതവും ആത്മീയവുമായ പരിഹാരങ്ങൾ ഈ പുസ്തകങ്ങൾ നൽകുന്നു. കാലത്തിനും സാഹചര്യത്തിനും അനുസരിച്ച് ഓരോ ഗ്രന്ഥവും ഒരു വഴികാട്ടിയായി വർത്തിക്കുന്നു. നമ്മുടെ തീർത്ഥങ്കരന്മാരും മുൻകാല ആചാര്യന്മാരും പകർന്നുനൽകിയ അഹിംസ, അപരിഗ്രഹം, ബഹുമുഖത എന്നിവയ്‌ക്കൊപ്പം സ്‌നേഹം, സഹിഷ്ണുത, ഐക്യം എന്നിവയുടെ പാഠങ്ങളും ആധുനികവും സമകാലികവുമായ രൂപത്തിൽ ഈ രചനകളിൽ കാണാം. പ്രത്യേകിച്ച് ലോകം ഭിന്നതകളോടും സംഘർഷങ്ങളോടും മല്ലിടുന്ന ഇന്നത്തെ സാഹചര്യത്തിൽ, “പ്രേംനു വിശ്വ, വിശ്വനോ പ്രേം” എന്നത് ഒരു പുസ്തകം മാത്രമല്ല, അതൊരു മന്ത്രമാണ്. ഈ മന്ത്രം സ്നേഹത്തിന്റെ ശക്തിയെ നമുക്ക് പരിചയപ്പെടുത്തുകയും ലോകം അത്യധികം ആഗ്രഹിക്കുന്ന സമാധാനത്തിലേക്കും ഐക്യത്തിലേക്കുമുള്ള വഴി കാണിച്ചുതരികയും ചെയ്യുന്നു.
സുഹൃത്തുക്കളേ,
നമ്മുടെ ജൈന തത്ത്വചിന്തയുടെ വഴികാട്ടിയായ തത്വം “പരസ്പരോപഗ്രഹോ ജീവാനാം” എന്നതാണ് - അതായത് ഓരോ ജീവനും മറ്റൊന്നുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ തത്വം മനസ്സിലാക്കുമ്പോൾ നമ്മുടെ കാഴ്ചപ്പാട് വ്യക്തിയിൽ നിന്ന് സമൂഹത്തിലേക്ക് മാറുന്നു. വ്യക്തിപരമായ താല്പര്യങ്ങൾക്ക് മുകളിൽ ഉയർന്ന് നാം സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും മാനവികതയുടെയും ലക്ഷ്യങ്ങളെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങുന്നു. ഇതേ മനോഭാവത്തോടെ, നവകാർ മന്ത്ര ദിനത്തിൽ ഞാൻ നിങ്ങളോടൊപ്പം ചേർന്നത് നിങ്ങൾ ഓർക്കുന്നുണ്ടാകും. ആ ചരിത്രപരമായ സന്ദർഭത്തിൽ, നാല് വിഭാഗങ്ങളും ഒത്തുചേർന്നിരുന്നു, അന്ന് ഞാൻ ഒമ്പത് അഭ്യർത്ഥനകൾ അഥവാ ഒമ്പത് ദൃഢനിശ്ചയങ്ങൾ മുന്നോട്ടുവെച്ചിരുന്നു. ഇന്നത്തെ ഈ അവസരം അവ വീണ്ടും ഊന്നിപ്പറയാനുള്ള ഒരു അവസരം കൂടിയാണ്.
ഒന്നാമത്തെ ദൃഢനിശ്ചയം - ജലം സംരക്ഷിക്കുക
രണ്ടാമത്തേത് - അമ്മയുടെ പേരിൽ ഒരു മരം നടുക
മൂന്നാമത്തേത് - ശുചിത്വ ദൗത്യം
നാലാമത്തേത് - വോക്കൽ ഫോർ ലോക്കൽ
അഞ്ചാമത്തേത് - ഭാരത് ദർശൻ
ആറാമത്തേത് - പ്രകൃതി കൃഷി സ്വീകരിക്കുക
ഏഴാമത്തേത് - ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുക
എട്ടാമത്തേത് - യോഗയും കായിക വിനോദങ്ങളും ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുക
ഒമ്പതാമത്തേത് - പാവപ്പെട്ടവരെ സഹായിക്കാൻ പ്രതിജ്ഞാബദ്ധരാകുക
സുഹൃത്തുക്കളേ,
ഇന്ന് ലോകത്തിലെ ഏറ്റവും കൂടുതൽ യുവാക്കളുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. നമ്മുടെ യുവശക്തി ഒരു വികസിത ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിനൊപ്പം നമ്മുടെ സാംസ്കാരിക വേരുകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഈ പരിവർത്തനത്തിൽ, മഹാരാജ് സാഹിബിനെപ്പോലുള്ള സന്യാസിമാരുടെ മാർഗനിർദ്ദേശങ്ങൾക്കും അദ്ദേഹത്തിന്റെ സാഹിത്യത്തിനും വാക്കുകൾക്കും - അവ എപ്പോഴും ആഴത്തിലുള്ള ആത്മീയ സാധനകളാൽ സമ്പന്നമാണ് - സുപ്രധാന പങ്കുണ്ട്. ഒരിക്കൽ കൂടി അദ്ദേഹത്തിന് ഞാൻ എന്റെ നന്ദി രേഖപ്പെടുത്തുകയും അദ്ദേഹത്തിന്റെ 500-ാമത്തെ പുസ്തകത്തിന് എല്ലാവിധ ആശംസകൾ നേരുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ ചിന്തകൾ ഇന്ത്യയുടെ ബൗദ്ധികവും ധാർമ്മികവും മാനുഷികവുമായ യാത്രയെ പ്രകാശിപ്പിക്കുന്നത് തുടരുമെന്ന് എനിക്ക് ഉറപ്പുണ്ട്.
ഞാൻ നിങ്ങളോട് ക്ഷമ ചോദിക്കേണ്ടതുണ്ട്. നേരിട്ട് വരണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു, അതിനായി നേരത്തെ തന്നെ പദ്ധതിയിട്ടിരുന്നു, എന്നാൽ നിങ്ങൾക്കറിയാവുന്നതുപോലെ, ചില സാഹചര്യങ്ങൾ കാരണം നിങ്ങളുടെ ഇടയിൽ വരാനും നിങ്ങളുടെ ദർശനം നേടാനും എനിക്ക് സാധിച്ചില്ല. എന്നിട്ടും മഹാരാജ് സാഹിബ് എന്റെ പ്രയാസം മനസ്സിലാക്കി, ഈ വീഡിയോ സന്ദേശത്തിലൂടെ നിങ്ങളുമായി ബന്ധപ്പെടാനും നിങ്ങളെ കാണാനും നിങ്ങളോട് സംസാരിക്കാനും എനിക്ക് അവസരം നൽകിയത് അദ്ദേഹത്തിന്റെ കൃപയാണ്. ഇതിനും ഞാൻ അദ്ദേഹത്തോടുള്ള കടപ്പാട് അറിയിക്കുന്നു.
ജയ് ജിനേന്ദ്ര!
****
(रिलीज़ आईडी: 2213827)
आगंतुक पटल : 4
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Bengali
,
Bengali-TR
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada