റെയില്‍വേ മന്ത്രാലയം
azadi ka amrit mahotsav

70-ാമത് അതിവിശിഷ്ട റെയിൽ സേവാ പുരസ്‌കാരം ശ്രീ അശ്വിനി വൈഷ്ണവ് ജനുവരി 9 ന് സമ്മാനിക്കും. 100 റെയിൽവേ ഉദ്യോഗസ്ഥർക്കും, മികച്ച പ്രകടനം കാഴ്ചവച്ച 26 റെയിൽവേ മേഖലകൾക്കും ഷീൽഡുകൾ നൽകും.

प्रविष्टि तिथि: 08 JAN 2026 6:28PM by PIB Thiruvananthpuram
റെയിൽവേയ്ക്ക് നൽകിയ മാതൃകാപരമായ സേവനത്തിനും മികച്ച സംഭാവനകൾക്കും അംഗീകാരമായി പ്രതിജ്ഞാബദ്ധതയുള്ള 100 ജീവനക്കാരെയും ഉദ്യോഗസ്ഥരെയും അഭിമാനകരമായ 70-ാമത് അതിവിശിഷ്ട റെയിൽ സേവാ പുരസ്‌കാരം -2025 നൽകി ഇന്ത്യൻ റെയിൽവേ ആദരിക്കും. പുരസ്കാര ദാന ചടങ്ങ് 2026 ജനുവരി 9 ന് ന്യൂഡൽഹിയിലെ ദ്വാരകയിലുള്ള ഇന്ത്യ ഇന്റർനാഷണൽ കൺവെൻഷൻ & എക്‌സ്‌പോ സെന്ററിൽ (യശോഭൂമി) നടക്കും.
 
കേന്ദ്ര റെയിൽവേ,വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ്, ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് തിരഞ്ഞെടുക്കപ്പെട്ട റെയിൽവേ ഉദ്യോഗസ്ഥർക്ക് 70-ാമത് അതിവിശിഷ്ട റെയിൽ സേവാ പുരസ്‌കാരം സമ്മാനിക്കും. ചടങ്ങിൽ റെയിൽവേ, ജലശക്തി സഹമന്ത്രി ശ്രീ വി. സോമണ്ണ, റെയിൽവേ, ഭക്ഷ്യ സംസ്കരണ വ്യവസായ സഹമന്ത്രി ശ്രീ രവ്നീത് സിംഗ്, റെയിൽവേ ബോർഡ് ചെയർമാനും സിഇഒയുമായ ശ്രീ സതീഷ് കുമാർ, റെയിൽവേ ബോർഡ് അംഗങ്ങൾ, വിവിധ റെയിൽവേ മേഖലകളുടെയും ഉൽപ്പാദന യൂണിറ്റുകളുടെയും ജനറൽ മാനേജർമാർ എന്നിവർ പങ്കെടുക്കും.
 
അതിവിശിഷ്ട് റെയിൽ സേവാ പുരസ്‌കാരം–2025-ന് ആകെ 100 പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തു. നൂതനാശയം, പ്രവർത്തന കാര്യക്ഷമത, സുരക്ഷ, സംരക്ഷണം, വരുമാനം വർദ്ധിപ്പിക്കൽ, പദ്ധതികളുടെ സമയബന്ധിതമായ പൂർത്തീകരണം, കായികരംഗത്തെ മികവ്, മറ്റ് വിശിഷ്ട സേവന മേഖലകൾ എന്നിവയിലെ വിവിധ സംഭാവനകൾ ഇതിൽ ഉൾപ്പെടുന്നു.
 
നൂതനാശയങ്ങളും കാര്യക്ഷമതയും പ്രോത്സാഹിപ്പിക്കൽ:
 
മെച്ചപ്പെട്ട ഉൽപ്പാദനക്ഷമതയിലേക്ക് നയിക്കുന്ന പുതിയ കണ്ടുപിടുത്തങ്ങൾ, പ്രക്രിയകൾ, നടപടിക്രമങ്ങൾ എന്നിവ അവതരിപ്പിച്ചതിനും അതുവഴി ഇന്ത്യൻ റെയിൽവേയുടെ സമഗ്ര കാര്യക്ഷമത ശക്തിപ്പെടുത്തുന്നതിനും 17 ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ആദരിക്കും.
 
 ധീരതയെയും നിസ്വാർത്ഥ സേവനത്തെയും ആദരിക്കുന്നു:
 
സ്വന്തം സുരക്ഷയെ അവഗണിച്ച്, മറ്റുള്ളവരുടെ ജീവനും റെയിൽവേ സ്വത്തിനും സംരക്ഷണം നൽകുന്നതിലും, പൊതുജനസേവനത്തിനായി അസാധാരണ ധൈര്യം, പ്രതിജ്ഞാബദ്ധത, സമർപ്പണം എന്നിവ പ്രകടമാക്കുന്നതിലും മികവ് പുലർത്തിയ 22 റെയിൽവേ ജീവനക്കാരെയും ഉദ്യോഗസ്ഥരെയും ആദരിക്കും.
 
വരുമാന വർദ്ധനയും ജാഗ്രതയും:
 
റെയിൽവേ വരുമാനം വർദ്ധിപ്പിക്കുന്നതിലും ടിക്കറ്റില്ലാത്ത യാത്ര, മോഷണം, മറ്റ് ദുഷ്പ്രവണതകൾ എന്നിവ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിലും അതുവഴി സാമ്പത്തിക അച്ചടക്കം ശക്തിപ്പെടുത്തുന്നതിലും വരുമാനം സംരക്ഷിക്കുന്നതിലും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ 14 ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ആദരിക്കും.
 
പ്രവർത്തന മികവും ആസ്തി സംരക്ഷണവും:
 
പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുക, സുരക്ഷയും സംരക്ഷണവും വർദ്ധിപ്പിക്കുക, മികച്ച അറ്റകുറ്റപ്പണി ഉറപ്പാക്കുക, റെയിൽവേ ആസ്തികളുടെ പരമാവധി ഉപയോഗവും സംരക്ഷണവും പ്രോത്സാഹിപ്പിക്കുക എന്നിവയിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ച വെച്ച 19 ജീവനക്കാരെയും ഉദ്യോഗസ്ഥരെയും ആദരിക്കും.
 
പ്രധാന പദ്ധതികളുടെ സമയബന്ധിതമായ പൂർത്തീകരണം:
 
പ്രധാനപ്പെട്ട റെയിൽവേ പദ്ധതികൾ റെക്കോർഡ് സമയത്തിനുള്ളിൽ പൂർത്തിയാക്കി അടിസ്ഥാന സൗകര്യ വികസനം, ശേഷി വർദ്ധന, മെച്ചപ്പെട്ട പ്രകടനം എന്നിവയിൽ ഗണ്യമായ സംഭാവന നൽകിയ 16 ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ആദരിക്കും.
 
മറ്റ് മേഖലകളിലെ മികച്ച പ്രകടനം:
 
നിർവചിക്കപ്പെട്ട വിഭാഗങ്ങൾക്കപ്പുറത്തുള്ള രംഗങ്ങളിലെ മികച്ച പ്രകടനത്തിന്- പ്രൊഫഷണൽ മികവ്, സമർപ്പണം, സ്വാധീനം ചെലുത്തുന്ന സംഭാവനകൾ- എന്നിവയ്ക്ക് 10 ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ആദരിക്കും.
 
കായിക മികവ് ആഘോഷിക്കുന്നു:
 
കായികരംഗത്ത് ദേശീയ, അന്തർദേശീയ അംഗീകാരം നേടുകയും ഇന്ത്യൻ റെയിൽവേയ്ക്കായി പുരസ്‌കാരങ്ങൾ നേടുകയും ചെയ്ത 2 കായികതാരങ്ങൾക്ക് അതിവിശിഷ്ട് റെയിൽ സേവാ പുരസ്‌കാരം–2025 നൽകും.
 
വ്യക്തിഗത അംഗീകാരത്തിനു പുറമെ, റെയിൽവേ മേഖലയ്ക്ക്.:
 
വ്യക്തിഗത ബഹുമതികൾക്ക് പുറമേ,വിവിധ വിഭാഗങ്ങളിലായി മികച്ച നേട്ടങ്ങളും മൊത്തത്തിലുള്ള പ്രവർത്തന മികവും അംഗീകരിച്ച് മികച്ച പ്രകടനം കാഴ്ചവച്ച 26 റെയിൽവേ മേഖലകൾക്ക് ഷീൽഡുകൾ നൽകും.
 
മഹാാകുംഭ് പോലുള്ള ബൃഹത്തായ പരിപാടികളിൽ സുരക്ഷിതവും സുഗമവുമായ റെയിൽവേ പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ഉദ്യോഗസ്ഥരും പുരസ്‌കാര ജേതാക്കളിൽ ഉൾപ്പെടുന്നു. ഓപ്പറേഷൻ സിന്ദൂറിൽ തടസ്സമില്ലാത്ത റെയിൽവേ സേവനവും പ്രതികൂല സാഹചര്യങ്ങളിൽ പൊതുജന ആശ്വാസവും ഉറപ്പാക്കിയ ഉദ്യോഗസ്ഥർ, ബുദ്ധിമുട്ടുള്ള ഭാഗങ്ങളിൽ നൂതന ബാലസ്റ്റ് ക്ലീനിംഗ് മെഷീനുകൾ അവതരിപ്പിച്ച് ട്രാക്ക് സുരക്ഷ, യാത്രാ നിലവാരം, ദീർഘകാല അറ്റകുറ്റപ്പണി കാര്യക്ഷമത എന്നിവ ഗണ്യമായി മെച്ചപ്പെടുത്തിയ ഉദ്യോഗസ്ഥർ എന്നിവരെയും ഈ പുരസ്‌കാരം നൽകി ആദരിക്കും.
 
സുരക്ഷിതവും കൂടുതൽ കാര്യക്ഷമവും യാത്രക്കാരെ കേന്ദ്രീകരിച്ചുള്ളതുമായ ഒരു റെയിൽ സംവിധാനം സൃഷ്ടിക്കുന്നതിൽ ജീവനക്കാരുടെ കൂട്ടായ ശ്രമങ്ങളെ ആഘോഷിക്കുന്നതിനൊപ്പം, സമർപ്പണം, പ്രൊഫഷണലിസം, മാതൃകാപരമായ സേവനം എന്നിവ അംഗീകരിക്കുന്നതിനുള്ള ഇന്ത്യൻ റെയിൽവേയുടെ പ്രതിജ്ഞാബദ്ധതയെ ഈ പുരസ്കാരങ്ങൾ പ്രതിഫലിപ്പിക്കുന്നു
 
***

(रिलीज़ आईडी: 2212759) आगंतुक पटल : 6
इस विज्ञप्ति को इन भाषाओं में पढ़ें: Tamil , Assamese , English , Urdu , हिन्दी , Gujarati , Odia , Telugu , Kannada