വിദ്യാഭ്യാസ മന്ത്രാലയം
മലയാളം, തമിഴ്, ഒഡിയ, തെലുങ്ക്, കന്നഡ, എന്നിവയുൾപ്പെടെ ഇന്ത്യൻ ക്ലാസിക്കൽ ഭാഷകളിലെയും കൂടാതെ ഇന്ത്യൻ ആംഗ്യഭാഷയിലെയും 55 സാഹിത്യ കൃതികൾ ശ്രീ ധർമ്മേന്ദ്ര പ്രധാൻ ഇന്ന് ന്യൂഡൽഹിയിൽ പ്രകാശനം ചെയ്തു...
प्रविष्टि तिथि:
06 JAN 2026 5:33PM by PIB Thiruvananthpuram
ഇന്ത്യൻ ക്ലാസിക്കൽ ഭാഷകളിലെ 55 സാഹിത്യ കൃതികൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ ധർമ്മേന്ദ്ര പ്രധാൻ ഇന്ന് ന്യൂഡൽഹിയിൽ പ്രകാശനം ചെയ്തു. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ലാംഗ്വേജസിന്റെ (സിഐഐഎൽ) കീഴിലുള്ള ക്ലാസിക്കൽ ഭാഷ കേന്ദ്രങ്ങൾ വികസിപ്പിച്ച 41 പുസ്തകങ്ങളും സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കൽ തമിഴ് (സിഐസിടി) പുറത്തിറക്കിയ 13 പുസ്തകങ്ങളും തിരുക്കുറലിന്റെ ആംഗ്യഭാഷാ ഗ്രന്ഥ പരമ്പരയും ഇതിൽ ഉൾപ്പെടുന്നു.
കന്നഡ, തെലുങ്ക്, മലയാളം, ഒഡിയ, തമിഴ് എന്നീ ഭാഷകളിലായി പ്രധാനപ്പെട്ട വൈജ്ഞാനിക കൃതികളും തിരുക്കുറലിന്റെ ഇന്ത്യൻ ആംഗ്യഭാഷയിലെ വ്യാഖ്യാനവും ഈ ഗ്രന്ഥ ശേഖരത്തിൽ ഉൾപ്പെടുന്നു. വിദ്യാഭ്യാസ- ഗവേഷണ മേഖലയുടെ കേന്ദ്രസ്ഥാനത്ത് രാജ്യത്തെ ഭാഷാ പൈതൃകത്തെ സ്ഥാപിക്കുന്നതിനും, ക്ലാസ്സിക്കൽ ഭാഷകളുമായുള്ള ഇടപെടൽ വർധിപ്പിക്കുന്നതിനും സാംസ്കാരിക അഭിമാനം വളർത്തുന്നതിനുമുള്ള ദേശീയതലത്തിലെ വിശാലമായ ശ്രമത്തിന്റെ ഭാഗമാണ് ഈ പ്രസിദ്ധീകരണങ്ങൾ.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എല്ലാ ഇന്ത്യൻ ഭാഷകളെയും ശക്തിപ്പെടുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും സർക്കാർ വിപുലമായി പ്രവർത്തിച്ചിട്ടുണ്ടെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്ത ശ്രീ ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു. കൂടുതൽ ഭാഷകളെ ഷെഡ്യൂൾഡ് പട്ടികയിൽ ഉൾപ്പെടുത്തുക, ക്ലാസിക്കൽ ഗ്രന്ഥങ്ങൾ ഇന്ത്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്യുക, ഇന്ത്യൻ ഭാഷകളിൽ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. നശിപ്പിക്കാനുള്ള ശ്രമങ്ങൾക്കിടയിലും ഇന്ത്യൻ ഭാഷകൾ കാലത്തിന്റെ പരീക്ഷണത്തെ അതിജീവിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ, ജനാധിപത്യത്തിന്റെ മാതാവും അപാരമായ ഭാഷാ വൈവിധ്യമുള്ള രാജ്യവുമാണ്. രാജ്യത്തിന്റെ ചരിത്രപരവും സാംസ്കാരികവും സാഹിത്യപരവുമായ സമ്പത്ത് സംരക്ഷിക്കപ്പെടുന്നുണ്ടെന്നും ഭാവി തലമുറകളെ അതിനെക്കുറിച്ച് ബോധവാന്മാരാക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു. ഭാഷകൾ ഒരു ഏകീകരണ ശക്തിയാണെന്നും എല്ലാ ഇന്ത്യൻ ഭാഷകളും ദേശീയ ഭാഷകളാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സദാ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തിരുക്കുറലിന്റെ സത്ത ആംഗ്യഭാഷയിൽ ലഭ്യമാക്കിയത് എല്ലാവരെയും ഉൾക്കൊള്ളുന്ന ഇന്ത്യ എന്ന ദർശനത്തെ ശക്തിപ്പെടുത്തുന്നു. ഇതിലൂടെ എല്ലാവർക്കും വിജ്ഞാന ലഭ്യത ഉറപ്പാക്കുന്നതായും ഇന്ത്യയുടെ ബൗദ്ധിക സാഹിത്യത്തിന് വിലപ്പെട്ട സംഭാവനയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2020 ലെ ദേശീയ വിദ്യാഭ്യാസ നയം ഇന്ത്യൻ ഭാഷകളിൽ വിദ്യാഭ്യാസം എന്ന ദർശനത്തെ മുന്നോട്ട് കൊണ്ടുപോകുന്നതായും ഇന്ത്യ നാനാത്വത്തിൽ ഏകത്വത്തിന്റെ ഊർജ്ജസ്വലമായ ഉദാഹരണമായി തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭാഷ, സമൂഹത്തെ ബന്ധിപ്പിക്കുന്നതിനുള്ള ഒരു മാധ്യമമായി വർത്തിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. കൊളോണിയൽ കാലഘട്ടത്തിലെ മെക്കാളെ മനോഭാവത്തിൽ നിന്ന് വ്യത്യസ്തമായി, ഇന്ത്യൻ നാഗരികത എല്ലായ്പ്പോഴും സംഭാഷണത്തിനും സാംസ്കാരിക ഐക്യത്തിനുമുള്ള പാലമായി ഭാഷകളെ പരിഗണിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ഭാഷകളെ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങൾക്ക്, ഇന്ത്യൻ ഭാഷകളെക്കുറിച്ചുള്ള ഭാരതീയ ഭാഷാ സമിതി, മികവിന്റെ കേന്ദ്രങ്ങൾ, കേന്ദ്ര ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് (സിഐഐഎൽ), സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കൽ തമിഴ് (സിഐസിടി) എന്നിവ നടത്തുന്ന ശ്രമങ്ങളെ ശ്രീ പ്രധാൻ അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചു.
വിദ്യാഭ്യാസ മന്ത്രാലയം സെക്രട്ടറി (ഉന്നത വിദ്യാഭ്യാസം) ശ്രീ വിനീത് ജോഷി, ഭാരതീയ ഭാഷാ സമിതി ചെയർമാൻ ശ്രീ ചാമു കൃഷ്ണ ശാസ്ത്രി, സിഐഐഎൽ ഡയറക്ടർ പ്രൊഫ. ശൈലേന്ദ്ര മോഹൻ; സിഐസിടി ഡയറക്ടർ പ്രൊഫ. ആർ. ചന്ദ്രശേഖരൻ; ഉപദേഷ്ടാവ് (കോസ്റ്റ്) ശ്രീമതി മൻമോഹൻ കൗർ, വിദ്യാഭ്യാസ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
(रिलीज़ आईडी: 2211903)
आगंतुक पटल : 34