റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
azadi ka amrit mahotsav

ദേശീയപാതകളിലെ മൊബൈൽ നെറ്റ്‌വർക്ക് കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ദേശീയപാതാ അതോറിറ്റി.

प्रविष्टि तिथि: 06 JAN 2026 2:19PM by PIB Thiruvananthpuram
ദേശീയപാതകളുടെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് ഗ്രീൻഫീൽഡ് ഇടനാഴികളിലും വിദൂര പ്രദേശങ്ങളിലുമുള്ള മൊബൈൽ നെറ്റ്‌വർക്ക് കണക്റ്റിവിറ്റിയുടെ അഭാവം പരിഹരിക്കുന്നതിനായി ടെലികോം സേവന ദാതാക്കൾക്ക് (TSP) ഉചിതമായ നിർദ്ദേശങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് NHAI വാർത്താവിനിമയ വകുപ്പിനെയും (DoT) ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയെയും (TRAI) സമീപിച്ചു. നെറ്റ്‌വർക്ക് കണക്റ്റിവിറ്റിയുടെ അഭാവം മൂലം പൊതുസുരക്ഷ ഉറപ്പാക്കുന്നതിൽ ഗുരുതര വെല്ലുവിളികളും ദേശീയപാത ശൃംഖലയുടെ തന്ത്രപ്രധാനമായ പ്രാധാന്യവും ചൂണ്ടിക്കാട്ടിയ NHAI , രാജ്യത്തുടനീളമുള്ള ദേശീയപാത ഇടനാഴികളിൽ മൊബൈൽ നെറ്റ്‌വർക്ക് കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനായി വേഗതമേറിയതും ഏകോപിതവുമായ നടപടികൾ സ്വീകരിക്കാൻ ആഹ്വാനം ചെയ്തു.
 
NHAI നടത്തിയ സമഗ്രമായ വിലയിരുത്തലിന്റെ ഭാഗമായി, മൊബൈൽ നെറ്റ്‌വർക്ക് കണക്റ്റിവിറ്റി ലഭ്യമല്ലാത്തതിനാൽ ദേശീയപാത ശൃംഖലയിലുടനീളം ഏകദേശം 1,750 കിലോമീറ്റർ ദൈർഘ്യമുള്ള 424 സ്ഥലങ്ങളിൽ ഗുരുതരമായ പ്രശ്നങ്ങൾ നേരിടുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ പ്രദേശങ്ങളെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ സമാഹരിക്കുകയും, ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നതിനായി വാർത്താവിനിമയ വകുപ്പിനും (DoT) ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയ്ക്കും (TRAI) NHAI ഔദ്യോഗികമായി കൈമാറുകയും ചെയ്തിട്ടുണ്ട്.
 
ദേശീയപാത ഇടനാഴികൾ ഗ്രാമപ്രദേശങ്ങളടക്കമുള്ള വിദൂരദേശങ്ങളിലൂടെ കടന്നുപോകുന്നതിനാൽ, ഈ മേഖലകളിൽ വിശ്വസനീയമായ മൊബൈൽ നെറ്റ്‌വർക്ക് കവറേജ് ഇല്ലാത്തത് ദേശീയപാതകളുടെ കാര്യക്ഷമമായ പ്രവർത്തനം, അടിയന്തര പ്രതികരണ സംവിധാനങ്ങൾ, സാങ്കേതികവിദ്യയെ ആശ്രയിച്ചുള്ള പൊതു സേവനങ്ങളുടെ ഫലപ്രദമായ വിതരണം എന്നിവയെ പ്രതികൂലമായി ബാധിക്കുന്നു.
 
കൂടാതെ, ജിയോ-മാപ്പ് ചെയ്ത അപകടസാധ്യതയുള്ള മേഖലകളിൽ—അലഞ്ഞുതിരിയുന്ന കന്നുകാലികളുടെ സാന്നിധ്യവും മറ്റ് അപകട ഘടകങ്ങളും ഉള്ള പ്രദേശങ്ങളിൽ—മുൻകൂട്ടി SMS അല്ലെങ്കിൽ ഫ്ലാഷ് SMS മുന്നറിയിപ്പുകൾ പ്രചരിപ്പിക്കുന്നതിന് ടെലികോം സേവന ദാതാക്കൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകണമെന്ന് ദേശീയപാതാ അതോറിറ്റി TRAI യോട് അഭ്യർത്ഥിച്ചു. ഇത്തരം മുന്നറിയിപ്പുകൾ, അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ, റോഡ് ഉപയോക്താക്കൾക്ക് നൽകുന്നതിനായി രൂപകൽപ്പന ചെയ്തതാണെന്നും, ഇതിലൂടെ സമയബന്ധിതമായ ജാഗ്രതയും സുരക്ഷിതമായ ഡ്രൈവിംഗും ഉറപ്പാക്കാനാകുമെന്നും NHAI വ്യക്തമാക്കി. അലഞ്ഞുതിരിയുന്ന കന്നുകാലികൾ പതിവായി അപകടങ്ങൾ സൃഷ്ടിക്കുന്ന സ്ഥലങ്ങളുടെ പട്ടികയും ദേശീയപാതാ അതോറിറ്റി TRAI യുമായി പങ്കിട്ടിട്ടുണ്ട്.
 
മൊബൈൽ നെറ്റ്‌വർക്ക് കണക്റ്റിവിറ്റിയിലെ പരിമിതികൾ പരിഹരിക്കുകയും ദേശീയപാതകളിലെ സുരക്ഷ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനായി ബന്ധപ്പെട്ട അധികാരികളുടെ ഇടപെടൽ തേടുന്നതിലൂടെ, ദേശീയപാത ശൃംഖല ഭൗതികമായി മാത്രമല്ല ഡിജിറ്റലായും ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാനുള്ള പ്രതിബദ്ധത NHAI ആവർത്തിക്കുന്നു. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി ബന്ധപ്പെട്ട എല്ലാ പങ്കാളികളുമായും ഏകോപനത്തോടെ പ്രവർത്തിക്കുമെന്ന് NHAI വ്യക്തമാക്കിയിട്ടുണ്ട്. രാജ്യമെമ്പാടുമുള്ള പൗരന്മാർക്ക് സുരക്ഷിതവും കാര്യക്ഷമവും ഉപയോക്തൃകേന്ദ്രിതവുമായ ദേശീയപാത അടിസ്ഥാന സൗകര്യങ്ങൾ നൽകുക എന്ന NHAI യുടെ വിശാല ദൗത്യത്തിന് അനുപൂരകമാണ് ഈ ഉദ്യമങ്ങൾ.
 
 
****

(रिलीज़ आईडी: 2211900) आगंतुक पटल : 13
इस विज्ञप्ति को इन भाषाओं में पढ़ें: English , Gujarati , Urdu , Marathi , हिन्दी , Manipuri , Bengali , Bengali-TR , Tamil , Telugu