ആയുഷ്
ആയുഷ് മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ നാളെ ചെന്നൈയിൽ 9-ാമത് സിദ്ധ ദിനാഘോഷങ്ങൾക്ക് ഔപചാരിക തുടക്കം
ചെന്നൈയിലെ ഉദ്ഘാടന ചടങ്ങിൽ ഉപരാഷ്ട്രപതി അധ്യക്ഷത വഹിക്കും
प्रविष्टि तिथि:
02 JAN 2026 10:43AM by PIB Thiruvananthpuram
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിദ്ധ (NIS), സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ സിദ്ധ (CCRS), തമിഴ്‌നാട് ഗവണ്മെന്റിന്റെ ഡയറക്ടറേറ്റ് ഓഫ് ഇന്ത്യൻ മെഡിസിൻ ആൻഡ് ഹോമിയോപ്പതി എന്നിവയുമായി സഹകരിച്ച് കേന്ദ്ര ആയുഷ് മന്ത്രാലയം 2026 ജനുവരി 3-ന് ചെന്നൈയിലെ കലൈവാനർ അരങ്കത്തിൽ 9-ാമത് സിദ്ധ ദിനം ആഘോഷിക്കും. സിദ്ധ വൈദ്യശാസ്ത്രത്തിന്റെ പിതാവായി ആദരിക്കപ്പെടുന്ന അഗസ്ത്യാർ മുനിയുടെ ജന്മവാർഷികദിനത്തോടനുബന്ധിച്ചാണ് "ആഗോള ആരോഗ്യത്തിനായി സിദ്ധ" എന്ന പ്രമേയത്തിലുള്ള ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. എല്ലാ വർഷവും ജനുവരി 6-ന് സിദ്ധ ദിനം ആചരിക്കുന്നു.
ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ 9-ാമത് സിദ്ധ ദിനാഘോഷ പരിപാടിയിൽ അധ്യക്ഷത വഹിക്കുകയും ഉദ്‌ഘാടനം നിർവഹിക്കുകയും ചെയ്യും. ആയുഷ് സഹമന്ത്രിയും (സ്വതന്ത്ര ചുമതല) ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ സഹമന്ത്രിയുമായ ശ്രീ പ്രതാപ്‌റാവു ജാദവ്; തമിഴ്‌നാട് ആരോഗ്യ, വിദ്യാഭ്യാസ-കുടുംബക്ഷേമ മന്ത്രി ശ്രീ മാ. സുബ്രഹ്മണ്യൻ; ആയുഷ് മന്ത്രാലയ സെക്രട്ടറി പത്മശ്രീ വൈദ്യ രാജേഷ് കൊടേച്ച; തമിഴ്‌നാട് ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. പി. സെന്തിൽ കുമാർ; തമിഴ്‌നാട് ഗവണ്മെന്റിന്റെ ഇന്ത്യൻ മെഡിസിൻ ആൻഡ് ഹോമിയോപ്പതി ഡയറക്ടറേറ്റ് ഡയറക്ടർ ശ്രീമതി എം. വിജയലക്ഷ്മി എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
സിദ്ധ പ്രാക്ടീഷണർമാർ, ശാസ്ത്രജ്ഞർ, അക്കാദമിക വിദഗ്ധർ, പണ്ഡിതർ, തമിഴ്‌നാട്ടിലെയും മറ്റ് സംസ്ഥാനങ്ങളിലെയും വിദ്യാർത്ഥികൾ എന്നിവർ ആഘോഷത്തിൽ പങ്കെടുക്കും. സിദ്ധ സ്റ്റാട്യൂട്ടറി ബോഡികളിലെ മുതിർന്ന അംഗങ്ങൾ, എൻഐഎസ്, സിസിആർഎസ് എന്നിവയിലെ ഗവേഷകർ, ആയുഷ് മന്ത്രാലയത്തിലെയും തമിഴ്‌നാട് ഗവണ്മെന്റിന്റെയും ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. ചെന്നൈ, പാളയംകോട്ടൈ എന്നിവിടങ്ങളിലെ ഗവണ്മെന്റ് സിദ്ധ മെഡിക്കൽ കോളേജുകളിൽ നിന്നും തമിഴ്നാട്ടിലെയും കേരളത്തിൽ നിന്നുമുള്ള സ്വാശ്രയ സിദ്ധ കോളേജുകളിൽ നിന്നുമുള്ള ബിരുദ, ബിരുദാനന്തര, ഗവേഷണ വിദ്യാർത്ഥികളും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സിദ്ധ വൈദ്യശാസ്ത്രത്തിന് അസാമാന്യവും പ്രശംസനീയവുമായ സംഭാവനകൾ നൽകിയ അഞ്ച് പ്രമുഖ വ്യക്തികളെ ഈ അവസരത്തിൽ, ആയുഷ് മന്ത്രാലയം ആദരിക്കും.
രോഗപ്രതിരോധ ആരോഗ്യം, ഗവേഷണം, ആഗോള ക്ഷേമം എന്നിവയിൽ സിദ്ധ വൈദ്യശാസ്ത്രത്തിന്റെ സംഭാവനകളെ 9-ാമത് സിദ്ധ ദിനം പ്രദർശിപ്പിക്കും. ആരോഗ്യ സംരക്ഷണം, ഗവേഷണ സഹകരണം, അക്കാദമിക പുരോഗതി എന്നിവയിൽ സിദ്ധ മേഖലയുടെ പങ്ക് ശക്തിപ്പെടുത്തുന്നതിനുള്ള ഗവണ്മെന്റിന്റെ നിരന്തര ശ്രമങ്ങളെക്കുറിച്ച് അവബോധം വർദ്ധിപ്പിക്കുന്നതിനും പരിപാടി ലക്ഷ്യമിടുന്നു. ദേശീയ, ആഗോള ആരോഗ്യ ചട്ടക്കൂടുകളിൽ ഇന്ത്യയുടെ പരമ്പരാഗത വൈദ്യശാസ്ത്ര സമ്പ്രദായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും, നൂതനാശയങ്ങൾ ശക്തിപ്പെടുത്തുന്നതിനും, സിദ്ധയ്ക്ക് വിശാലമായ അന്താരാഷ്ട്ര അംഗീകാരം ഉറപ്പാക്കുന്നതിനുമുള്ള ആയുഷ് മന്ത്രാലയത്തിന്റെ പ്രതിജ്ഞാബദ്ധത ഈ പരിപാടി അടിവരയിടുന്നു.
*****
(रिलीज़ आईडी: 2210777)
आगंतुक पटल : 11