റെയില്‍വേ മന്ത്രാലയം
രാജ്യത്തെ പ്രധാന നഗരങ്ങളിലെ ട്രെയിൻ ശേഷി അഞ്ചു വർഷത്തിനകം ഇരട്ടിയാക്കാൻ പദ്ധതിയുമായി റെയിൽവേ
प्रविष्टि तिथि:
26 DEC 2025 4:48PM by PIB Thiruvananthpuram
യാത്രാ ആവശ്യകതയിലുണ്ടായ അതിവേഗ, സുസ്ഥിര വളർച്ചയുടെ പശ്ചാത്തലത്തില്‍ പുതിയ ട്രെയിനുകൾ ആരംഭിക്കാനുള്ള പ്രധാന നഗരങ്ങളുടെ ശേഷി അടുത്ത അഞ്ചുവർഷത്തിനകം ഇരട്ടിയാക്കേണ്ടതുണ്ട്. ഭാവി വർഷങ്ങളിലെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് നിലവിലെ അടിസ്ഥാനസൗകര്യങ്ങള്‍ വർധിപ്പിക്കേണ്ടതും അനിവാര്യമാണ്. പുതിയ ട്രെയിനുകൾ ആരംഭിക്കാനുള്ള ശേഷി 2030-ഓടെ ഇരട്ടിയാക്കുന്ന പ്രവർത്തനങ്ങളിൽ താഴെപ്പറയുന്ന നടപടികൾ ഉൾപ്പെടുന്നു:
i. നിലവിലെ ടെർമിനലുകളിൽ കൂടുതൽ പ്ലാറ്റ്‌ഫോമുകളും ട്രെയിന്‍ നിര്‍ത്തിയിടാനുള്ള പാതകളും അറ്റകുറ്റപണികള്‍ ചെയ്യാനുള്ള പാതകളും ബോഗികള്‍ ക്രമീകരിക്കാന്‍ മതിയായ സൗകര്യങ്ങളും വർധിപ്പിക്കുക.
ii. നഗരപ്രദേശങ്ങളിലും പരിസരങ്ങളിലും പുതിയ ടെർമിനലുകൾ കണ്ടെത്തുകയും നിർമിക്കുകയും ചെയ്യുക.
iii. ബൃഹത്തായ കോച്ചിങ് സമുച്ചയങ്ങളടക്കം ട്രെയിനുകളുടെ പരിപാലന സൗകര്യങ്ങൾ വര്‍ധിപ്പിക്കുക.
iv. ട്രാഫിക് സൗകര്യങ്ങൾ മെച്ചപ്പെടുത്തല്‍, സിഗ്നലിങ് നവീകരണം, വിവിധ കേന്ദ്രങ്ങളില്‍ കൂടുതൽ ട്രെയിനുകൾ കൈകാര്യം ചെയ്യാനാവശ്യമായ ബഹുപാതകള്‍ എന്നിവയിലൂടെ മേഖലാതല ശേഷി വികസനം സാധ്യമാക്കുക.
ടെർമിനലുകളുടെ ശേഷി വർധിപ്പിക്കാൻ പദ്ധതിയിടുന്നതിനൊപ്പം ശേഷി തുല്യമായി വിഭജിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ ടെർമിനലുകൾക്ക് സമീപത്തെ സ്റ്റേഷനുകളെയും പരിഗണിക്കും. ഉദാഹരണത്തിന്, പൂനെ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമുകളും ട്രെയിന്‍ നിര്‍ത്തിയിടാനുള്ള പാതകളും വർധിപ്പിക്കുന്നതിനൊപ്പം ഹഡപ്‌സർ, ഖഡ്കി, ആളന്ദി എന്നിവയെയും ശേഷി വർധനയ്ക്കായി പരിഗണിച്ചിട്ടുണ്ട്.
നഗരപ്രാന്ത പ്രദേശങ്ങളിലെയും ഇതര മേഖലകളിലെയും വ്യത്യസ്തമായ ആവശ്യകതകൾ കണക്കിലെടുത്ത് ഇരു മേഖലകള്‍ക്കും മേൽപ്പറഞ്ഞ പ്രവർത്തനങ്ങൾ നടത്തും. 48 പ്രധാന നഗരങ്ങളുടെ സമഗ്ര പദ്ധതി പരിഗണനയിലുണ്ട് (പട്ടിക ഇതോടൊപ്പം ചേര്‍ക്കുന്നു). ട്രെയിനുകൾ കൈകാര്യം ചെയ്യാനുള്ള ശേഷി നിശ്ചിത സമയപരിധിയ്ക്കകം ഇരട്ടിയാക്കുകയെന്ന ലക്ഷ്യം കൈവരിക്കാന്‍ ആസൂത്രണം ചെയ്തതോ നിർദ്ദേശിച്ചതോ ഇതിനകം അനുമതി ലഭിച്ചതോ ആയ പ്രവൃത്തികൾ പദ്ധതിയിൽ ഉൾപ്പെടുന്നു.

ശേഷി ഇരട്ടിയാക്കുന്ന പദ്ധതി 2030-ലേക്കാണെങ്കിലും അടുത്ത അഞ്ചുവർഷത്തിനകം ശേഷി ക്രമാനുഗതമായി വർധിപ്പിക്കുകയാണ് ലക്ഷ്യം. വർധിപ്പിച്ച സൗകര്യങ്ങളുടെ പ്രയോജനം ഉടനടി ലഭ്യമാക്കാന്‍ ഇത് സഹായിക്കുന്നു. വർഷങ്ങളായി നിലനില്‍ക്കുന്ന ഗതാഗത ആവശ്യകതകൾ ക്രമേണ നിറവേറ്റാൻ ഇത് സഹായിക്കും. പദ്ധതിയിലെ നടപടികളെ ഉടനടിയുള്ളവ, ഹ്രസ്വകാലത്തേക്കുള്ളവ, ദീർഘകാലത്തേക്കുള്ളവ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തരംതിരിക്കും. നിർദ്ദിഷ്ട പദ്ധതികൾക്ക് കൃത്യമായ സമയപരിധിയും ഫലങ്ങളും ഉറപ്പാക്കും. ഈ പ്രവര്‍ത്തനങ്ങള്‍ പ്രത്യേക സ്റ്റേഷനുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോഴും ട്രെയിൻ കൈകാര്യം ചെയ്യാനുള്ള ഡിവിഷനുകളുടെ ശേഷി വർധിപ്പിക്കാൻ റെയിൽവേയുടെ എല്ലാ മേഖലാ കേന്ദ്രങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ടെർമിനൽ ശേഷി വർധിപ്പിക്കുക മാത്രമല്ല, മേഖലാതല ശേഷി വര്‍ധനയും സ്റ്റേഷനുകളിലെയും യാർഡുകളിലെയും പ്രവർത്തനപരമായ തടസ്സങ്ങള്‍ക്ക് ഫലപ്രദമായ പരിഹാരവും ഇതിലൂടെ ഉറപ്പാക്കും.
യാത്രക്കാരുടെ വര്‍ധിച്ചുവരുന്ന തിരക്ക് പരിഹരിക്കാനും യാത്രാക്ലേശം കുറയ്ക്കാനും വിവിധ നഗരങ്ങളിൽ കോച്ചിങ് ടെർമിനലുകൾ വികസിപ്പിക്കുകയും മേഖലാതല പ്രവർത്തന ശേഷി വർധിപ്പിക്കുകയും ചെയ്യുന്നതായി കേന്ദ്ര റെയിൽവേ, വാർത്താവിതരണ പ്രക്ഷേപണ, ഇലക്ട്രോണിക്സ് വിവരസാങ്കേതിക മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് പറഞ്ഞു. ഈ നീക്കം രാജ്യത്തെ റെയിൽവേ ശൃംഖലയെ നവീകരിക്കുകയും രാജ്യവ്യാപക യാത്രാസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
****
(रिलीज़ आईडी: 2208977)
आगंतुक पटल : 32