വനിതാ, ശിശു വികസന മന്ത്രാലയം
കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം ദേശീയതലത്തിൽ 'വീർ ബാൽ ദിവസ്' ആചരിക്കും, 'പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്കാരങ്ങൾ' നാളെ വിതരണം ചെയ്യും
പോസ്റ്റഡ് ഓണ്‍:
25 DEC 2025 10:07AM by PIB Thiruvananthpuram
'പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരങ്ങൾ' രാഷ്‌ട്രപതി സമ്മാനിക്കും.
വിവിധ മേഖലകളിൽ അസാധാരണ നേട്ടങ്ങൾ കൈവരിച്ച 18 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള 20 കുട്ടികളെയാണ് ഈ വർഷത്തെ പുരസ്കാരത്തിനായി തിഞ്ഞെടുത്തിരിക്കുന്നത്.
ഇന്ത്യയിലെ യുവ നായകന്മാരുടെ ധൈര്യം, ത്യാഗം, മാതൃകാപരമായ മൂല്യങ്ങൾ എന്നിവയെ അനുസ്മരിക്കുന്നതിനായി കേന്ദ്ര വനിതാ, ശിശു വികസന മന്ത്രാലയം നാളെ (2025 ഡിസംബർ 26) ദേശീയ തലത്തിൽ 'വീർ ബാൽ ദിവസ്' ആചരിക്കും. ഇതേ ദിവസം തന്നെ, വിവിധ മേഖലകളിൽ അസാധാരണ നേട്ടങ്ങൾ കൈവരിച്ച കുട്ടികൾക്കുള്ള 'പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്കാരങ്ങളും' (PMRBP) വിതരണം ചെയ്യും.
ധീരത, കലയും സംസ്കാരവും, പരിസ്ഥിതി സംരക്ഷണം, സാമൂഹിക സേവനം, ശാസ്ത്ര സാങ്കേതിക വിദ്യ, കായികം എന്നീ മേഖലകളിൽ അസാധാരണ മികവ് പുലർത്തുന്ന കുട്ടികൾക്ക് കേന്ദ്ര സർക്കാർ വർഷം തോറും നല്കുന്ന ഒരു അഭിമാനകരമായ ദേശീയ ബഹുമതിയാണ് പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരം. 2025- ൽ, 18 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള 20 കുട്ടികളെയാണ് ഈ പുരസ്കാരത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. 2025 ഡിസംബർ 26- ന് രാവിലെ 10:00 മണിക്ക് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമു പുരസ്കാരങ്ങൾ സമ്മാനിക്കും.
2025 ഡിസംബർ 26- ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ വെച്ചാണ് 2025-ലെ വീർ ബാൽ ദിവസിൻ്റെ ദേശീയ തല പരിപാടി സംഘടിപ്പിക്കുന്നത്. ദേശീയ ആചരണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുക്കും. ഇന്ത്യയിലെ കുട്ടികളേയും യുവജനങ്ങളേയും അഭിസംബോധന ചെയ്യുന്ന അദ്ദേഹം രാഷ്ട്രനിർമ്മാണത്തിൽ യുവ പൗരന്മാർ വഹിക്കുന്ന പങ്കിനെക്കുറിച്ച് അടിവരയിടുകയും ചെയ്യും.
വികസിത ഭാരതം @2047 എന്ന ലക്ഷ്യത്തിന് അനുസൃതമായി, ശാക്തീകരിക്കപ്പെട്ടവരും ഉത്തരവാദിത്തമുള്ളവരുമായ പൗരന്മാരെ വളർത്തിയെടുക്കുന്നതിനുള്ള കേന്ദ്ര സർക്കാരിൻ്റെ പ്രതിജ്ഞാബദ്ധത ആവർത്തിച്ചുകൊണ്ട് കുട്ടികൾക്കും യുവജനങ്ങൾക്കും പ്രചോദനം നല്കുന്നതിനായി ധീരതയുടേയും പോരാട്ടവീര്യത്തിൻ്റേയും നിസ്വാർത്ഥ സേവനത്തിൻ്റേയും കഥകൾ ഈ പരിപാടിയിൽ ഉയർത്തിക്കാട്ടും. കേന്ദ്ര വനിതാ ശിശു വികസന മന്ത്രി ശ്രീമതി അന്നപൂർണാ ദേവി ചടങ്ങിൽ സ്വാഗതം ആശംസിക്കും.
രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്കൂൾ കുട്ടികൾ, പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്കാര ജേതാക്കൾ, പ്രമുഖ വ്യക്തികൾ എന്നിവർ ഈ ചടങ്ങിൽ പങ്കെടുക്കും. ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകവും വീര്യത്തിൻ്റെ ആത്മാവും വിളിച്ചോതുന്ന സാംസ്കാരിക പ്രകടനങ്ങൾ ആഘോഷങ്ങളുടെ അവിഭാജ്യ ഘടകമായിരിക്കും.
വീർ ബാൽ ദിവസ് 2025 ദേശീയതല പരിപാടി 2025 ഡിസംബർ 26- ന് ഉച്ചയ്ക്ക് 12:30 മുതൽ എൻ.ഐ.സി വെബ്കാസ്റ്റ്, ഡിഡി ന്യൂസ്, വനിതാ ശിശു വികസന മന്ത്രാലയത്തിൻ്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ എന്നിവയിലൂടെ തത്സമയം സംപ്രേഷണം ചെയ്യും. ഇതിലൂടെ രാജ്യവ്യാപകമായ പങ്കാളിത്തം സാധ്യമാക്കുന്നു.
***
( റിലീസ് ഐ.ഡി: 2208449)
സന്ദര്‍ശക കൗണ്ടര്‍ : 53