മന്ത്രിസഭ
ഡൽഹി മെട്രോയുടെ ഫേസ്-V(A) പദ്ധതിയുടെ ഭാഗമായി മൂന്ന് പുതിയ ഇടനാഴികൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി
പോസ്റ്റഡ് ഓണ്‍:
24 DEC 2025 3:25PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം ഡൽഹി മെട്രോയുടെ ഫേസ്-V(A) പദ്ധതിയുടെ ഭാഗമായി മൂന്ന് പുതിയ ഇടനാഴികൾക്ക് അംഗീകാരം നൽകി. ദേശീയ തലസ്ഥാനത്തെ കണക്റ്റിവിറ്റി കൂടുതൽ മെച്ചപ്പെടുത്തുന്ന 16.076 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതിയിൽ 1. ആർ.കെ ആശ്രം മാർഗ് മുതൽ ഇന്ദ്രപ്രസ്ഥ വരെ (9.913 കി.മീ), 2. എയ്റോസിറ്റി മുതൽ IGD എയർപോർട്ട് T-1 വരെ (2.263 കി.മീ), 3. തുഗ്ലക്കാബാദ് മുതൽ കാളിന്ദി കുഞ്ച് വരെ (3.9 കി.മീ) എന്നിവയാണ് ഉൾപ്പെടുന്നത്. ഡൽഹി മെട്രോയുടെ ഫേസ്-V(A) പദ്ധതിയുടെ ആകെ ചെലവ് 12014.91 കോടി രൂപയാണ്. ഇത് ഇന്ത്യാ ഗവൺമെന്റ്, ഡൽഹി ഗവൺമെന്റ്, അന്താരാഷ്ട്ര ധനസഹായ ഏജൻസികൾ എന്നിവരിൽ നിന്നും സമാഹരിക്കും.
സെൻട്രൽ വിസ്ത ഇടനാഴി എല്ലാ കർത്തവ്യ ഭവനുകളിലേക്കും കണക്റ്റിവിറ്റി നൽകുകയും അതുവഴി ഈ പ്രദേശത്തെ ഓഫീസുകളിൽ പോകുന്നവർക്കും സന്ദർശകർക്കും വാതിൽപ്പടി കണക്റ്റിവിറ്റി ലഭ്യമാക്കുകയും ചെയ്യും. ഈ സൗകര്യം വഴി പ്രതിദിനം ഏതാണ്ട് 60,000 ഓഫീസ് ജീവനക്കാർക്കും 2 ലക്ഷം സന്ദർശകർക്കും പ്രയോജനം ലഭിക്കും. ഈ ഇടനാഴികൾ മലിനീകരണവും ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗവും കുറയ്ക്കുകയും ജീവിതസൗകര്യം വർദ്ധിപ്പിക്കുകയും ചെയ്യും.
വിശദാംശങ്ങൾ:
ആർ.കെ ആശ്രം മാർഗ് - ഇന്ദ്രപ്രസ്ഥ സെക്ഷൻ ബൊട്ടാണിക്കൽ ഗാർഡൻ - ആർ.കെ ആശ്രം മാർഗ് ഇടനാഴിയുടെ വിപുലീകരണമായിരിക്കും. നിലവിൽ വികസനപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സെൻട്രൽ വിസ്ത പ്രദേശത്തേക്ക് ഇത് മെട്രോ കണക്റ്റിവിറ്റി നൽകും. എയ്റോസിറ്റി - IGD എയർപോർട്ട് ടെർമിനൽ 1, തുഗ്ലക്കാബാദ് - കാളിന്ദി കുഞ്ച് സെക്ഷനുകൾ എയ്റോസിറ്റി-തുഗ്ലക്കാബാദ് ഇടനാഴിയുടെ വിപുലീകരണമായിരിക്കും. ഇത് ദേശീയ തലസ്ഥാനത്തിന്റെ തെക്കൻ ഭാഗങ്ങളായ തുഗ്ലക്കാബാദ്, സാകേത്, കാളിന്ദി കുഞ്ച് എന്നിവയെ വിമാനത്താവളവുമായി ബന്ധിപ്പിക്കും. ഈ വിപുലീകരണങ്ങളിൽ ആകെ 13 സ്റ്റേഷനുകൾ ഉണ്ടാകും. ഇതിൽ 10 സ്റ്റേഷനുകൾ ഭൂഗർഭ സ്റ്റേഷനുകളും 3 സ്റ്റേഷനുകൾ എലവേറ്റഡ് സ്റ്റേഷനുകളുമായിരിക്കും.
നിർമ്മാണം പൂർത്തിയാകുമ്പോൾ, ആർ.കെ ആശ്രം മാർഗ് മുതൽ ഇന്ദ്രപ്രസ്ഥ വരെയുള്ള (9.913 കി.മീ) ഒന്നാമത്തെ ഇടനാഴി പടിഞ്ഞാറൻ, വടക്കൻ, ഓൾഡ് ഡൽഹി എന്നിവയെ സെൻട്രൽ ഡൽഹിയുമായി ബന്ധിപ്പിക്കുന്നത് മെച്ചപ്പെടുത്തും. എയ്റോസിറ്റി മുതൽ IGD എയർപോർട്ട് T-1 വരെയും (2.263 കി.മീ), തുഗ്ലക്കാബാദ് മുതൽ കാളിന്ദി കുഞ്ച് വരെയുമുള്ള (3.9 കി.മീ) മറ്റ് രണ്ട് ഇടനാഴികൾ സാകേത്, ഛത്തർപൂർ തുടങ്ങിയവ വഴി തെക്കൻ ഡൽഹിയെ ആഭ്യന്തര വിമാനത്താവളത്തിന്റെ ടെർമിനൽ-1 മായി ബന്ധിപ്പിക്കും, ഇത് ദേശീയ തലസ്ഥാനത്തിനുള്ളിലെ കണക്റ്റിവിറ്റി വളരെയധികം വർദ്ധിപ്പിക്കും.
ഫേസ്-V (A) പദ്ധതിയുടെ ഈ മെട്രോ വിപുലീകരണങ്ങൾ സെൻട്രൽ ഡൽഹിയിലും ആഭ്യന്തര വിമാനത്താവളത്തിലും ഡൽഹി മെട്രോ ശൃംഖലയുടെ വ്യാപ്തി വർദ്ധിപ്പിക്കുകയും അതുവഴി സമ്പദ്‌വ്യവസ്ഥയ്ക്ക് കൂടുതൽ കരുത്ത് പകരുകയും ചെയ്യും. മജന്ത ലൈനിന്റെയും ഗോൾഡൻ ലൈനിന്റെയും ഈ വിപുലീകരണങ്ങൾ റോഡുകളിലെ തിരക്ക് കുറയ്ക്കും; അങ്ങനെ മോട്ടോർ വാഹനങ്ങൾ മൂലമുണ്ടാകുന്ന മലിനീകരണം കുറയ്ക്കാൻ സഹായിക്കും.
ആർ.കെ ആശ്രം മാർഗ് - ഇന്ദ്രപ്രസ്ഥ സെക്ഷനിൽ വരുന്ന സ്റ്റേഷനുകൾ ഇവയാണ്: ആർ.കെ ആശ്രം മാർഗ്, ശിവാജി സ്റ്റേഡിയം, സെൻട്രൽ സെക്രട്ടേറിയറ്റ്, കർത്തവ്യ ഭവൻ, ഇന്ത്യാ ഗേറ്റ്, വാർ മെമ്മോറിയൽ - ഹൈക്കോടതി, ബറോഡ ഹൗസ്, ഭാരത് മണ്ഡപം, ഇന്ദ്രപ്രസ്ഥ.
തുഗ്ലക്കാബാദ് - കാളിന്ദി കുഞ്ച് സെക്ഷനിലെ സ്റ്റേഷനുകൾ സരിത വിഹാർ ഡിപ്പോ, മദൻപൂർ ഖാദർ, കാളിന്ദി കുഞ്ച് എന്നിവയായിരിക്കും, IGD T-1 സ്റ്റേഷനുമായി എയ്റോസിറ്റി സ്റ്റേഷൻ ബന്ധിപ്പിക്കപ്പെടും.
111 കിലോമീറ്ററും 83 സ്റ്റേഷനുകളുമുള്ള ഫേസ്-IV നിർമ്മാണം നടന്നുകൊണ്ടിരിക്കുകയാണ്, ഇന്നത്തെ കണക്കനുസരിച്ച് ഫേസ്-IV (മുൻഗണന 3) ഇടനാഴികളുടെ സിവിൽ നിർമ്മാണത്തിന്റെ ഏകദേശം 80.43% പൂർത്തിയായി. ഫേസ്-IV (മുൻഗണന 3) ഇടനാഴികൾ 2026 ഡിസംബറോടെ ഘട്ടംഘട്ടമായി പൂർത്തിയാക്കാൻ സാധ്യതയുണ്ട്.
ഇന്ന് ഡൽഹി മെട്രോ പ്രതിദിനം ശരാശരി 65 ലക്ഷം യാത്രക്കാർക്ക് സേവനം നൽകുന്നു. ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന യാത്രാ നിരക്ക് 2025 ഓഗസ്റ്റ് എട്ടിന് 81.87 ലക്ഷമാണ്. MRTSന്റെ പ്രധാന മാനദണ്ഡങ്ങളായ കൃത്യനിഷ്ഠ, വിശ്വാസ്യത, സുരക്ഷ എന്നിവയിൽ മികച്ച മാതൃക സൃഷ്ടിച്ചുകൊണ്ട് ഡൽഹി മെട്രോ നഗരത്തിന്റെ ജീവനാഡിയായി മാറി.
നിലവിൽ ഡൽഹിയിലും NCRലുമായി ഏകദേശം 395 കിലോമീറ്റർ ദൈർഘ്യമുള്ള 12 മെട്രോ ലൈനുകളും 289 സ്റ്റേഷനുകളും DMRC പ്രവർത്തിപ്പിക്കുന്നുണ്ട്. ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ മെട്രോ ശൃംഖല ഡൽഹി മെട്രോയുടേതാണ്, കൂടാതെ ഇത് ലോകത്തിലെ തന്നെ ഏറ്റവും വലിയ മെട്രോകളിൽ ഒന്നുകൂടിയാണ്.
-NK-
( റിലീസ് ഐ.ഡി: 2208215)
സന്ദര്‍ശക കൗണ്ടര്‍ : 34
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Bengali-TR
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada