രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

'ജനകേന്ദ്രീകൃത ദേശീയ സുരക്ഷ: വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിൽ സമൂഹ പങ്കാളിത്തം' എന്ന വിഷയത്തിൽ നടന്ന ഇൻ്റലിജൻസ് ബ്യൂറോ ശതാബ്ദി എൻഡോവ്‌മെൻ്റ് പ്രഭാഷണത്തെ രാഷ്ട്രപതി അഭിസംബോധന ചെയ്തു.

प्रविष्टि तिथि: 23 DEC 2025 1:45PM by PIB Thiruvananthpuram
ഇന്ന് (2025 ഡിസംബർ 23) ന്യൂഡൽഹിയിൽ നടന്ന ‘ജനകേന്ദ്രീകൃത ദേശീയ സുരക്ഷ: വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിൽ സമൂഹ പങ്കാളിത്തം’ എന്ന വിഷയത്തിൽ നടന്ന ഇൻ്റലിജൻസ് ബ്യൂറോ (IB) ശതാബ്ദി എൻഡോവ്‌മെൻ്റ്  പ്രഭാഷണത്തെ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു അഭിസംബോധന ചെയ്തു.

സ്വാതന്ത്ര്യാനന്തരം, ഇന്ത്യയിലെ ജനങ്ങൾക്ക് സുരക്ഷ നല്കുന്നതിലും രാജ്യത്തിൻ്റെ  ഐക്യവും അഖണ്ഡതയും ഉറപ്പാക്കുന്നതിലും ഇൻ്റലിജൻസ് ബ്യൂറോ വഹിച്ച ഉജ്ജ്വലമായ പങ്ക് അഭിമാനകരമാണെന്ന് ചടങ്ങിൽ സംസാരിച്ച രാഷ്ട്രപതി പറഞ്ഞു.

‘ജനകേന്ദ്രീകൃത ദേശീയ സുരക്ഷ: വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിൽ സമൂഹ പങ്കാളിത്തം’ എന്ന ഈ പ്രഭാഷണ വിഷയം നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം അടിയന്തരമായും ദീർഘകാലാടിസ്ഥാനത്തിലും ഏറെ പ്രാധാന്യമുള്ളതാണെന്ന് രാഷ്ട്രപതി പറഞ്ഞു. ദേശീയ സുരക്ഷ ഓരോ പൗരൻ്റേയും ഉത്തരവാദിത്തമാണെന്ന അവബോധം ഐബി ഉൾപ്പെടെ ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും ജനങ്ങളിൽ എത്തിക്കണമെന്നും അവർ കൂട്ടിച്ചേർത്തു. ജാഗ്രതയുള്ള പൗരന്മാർക്ക് ദേശീയ സുരക്ഷയിൽ ഏർപ്പെട്ടിരിക്കുന്ന സർക്കാർ ഏജൻസികളുടെ പ്രവർത്തനങ്ങൾക്ക് ശക്തമായ പിന്തുണ നല്കാൻ കഴിയും. ജനങ്ങൾ സമൂഹങ്ങളായി സംഘടിക്കുമ്പോൾ, അവർക്ക് വലിയ തോതിലുള്ള ഏകോപനം സാധ്യമാക്കാനും ദേശീയ സുരക്ഷയ്ക്കായുള്ള സർക്കാരിൻ്റെ സംരംഭങ്ങളെ പിന്തുണയ്ക്കാനും സാധിക്കും. നമ്മുടെ ഭരണഘടന പൗരന്മാരുടെ മൗലിക കർത്തവ്യങ്ങളെക്കുറിച്ച് എടുത്തുപറയുന്നുണ്ട്. ഈ കർത്തവ്യങ്ങളിൽ പലതും ദേശീയ സുരക്ഷയുടെ വിപുലമായ തലങ്ങളുമായി ബന്ധപ്പെട്ടതാണ്. വിദ്യാർത്ഥികൾ, അധ്യാപകർ, മാധ്യമങ്ങൾ, റെസിഡൻ്റ്  വെൽഫെയർ അസോസിയേഷനുകൾ, സിവിൽ സൊസൈറ്റി സംഘടനകൾ തുടങ്ങി വിവിധ സമൂഹങ്ങൾക്ക് ഈ കർത്തവ്യങ്ങളെക്കുറിച്ച് അവബോധം പ്രചരിപ്പിക്കാൻ സാധിക്കും.

സമൂഹ പങ്കാളിത്തം ദേശീയ സുരക്ഷയെ ശക്തിപ്പെടുത്തുമെന്ന് രാഷ്ട്രപതി പറഞ്ഞു. ജാഗ്രതയുള്ള പൗരന്മാർ നല്കിയ നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിൽ സുരക്ഷാ പ്രതിസന്ധികൾ ഒഴിവാക്കാൻ പ്രൊഫഷണൽ സേനകൾക്ക് സാധിച്ച നിരവധി ഉദാഹരണങ്ങളുണ്ട്. ദേശീയ സുരക്ഷയുടെ വിപുലമായ അർത്ഥവും തന്ത്രവും ജനങ്ങളെ ഇതിൻ്റെ  കേന്ദ്രസ്ഥാനത്ത് നിർത്തുന്നു. ചുറ്റും സംഭവിക്കുന്ന കാര്യങ്ങളിൽ ജനങ്ങൾ കേവലം നിഷ്ക്രിയരായ കാഴ്ചക്കാരാകേണ്ടതില്ല. മറിച്ച്,  അവർ തങ്ങളുടെ  ചുറ്റുപാടുകളുടേയും അതിനപ്പുറമുള്ള പ്രദേശങ്ങളുടേയും സുരക്ഷയിൽ ജാഗ്രതയുള്ളവരും സജീവ പങ്കാളികളുമായി മാറണം. 'ജൻ ഭാഗീദാരി' എന്നത് ജനകേന്ദ്രീകൃത സുരക്ഷയുടെ ആണിക്കല്ലാണെന്നും രാഷ്‌ട്രപതി പറഞ്ഞു.

നമ്മുടെ സിവിൽ പോലീസും ആഭ്യന്തര സുരക്ഷാ ഏജൻസികളും ജനങ്ങളെ സേവിക്കുക എന്ന മനോഭാവത്തോടെ പ്രവർത്തിക്കണമെന്ന് രാഷ്ട്രപതി പറഞ്ഞു. ഈ സേവന മനോഭാവം ജനങ്ങൾക്കിടയിൽ വിശ്വാസം വളർത്തിയെടുക്കും. സമൂഹ പങ്കാളിത്തം ഒരു പ്രധാന ഘടകമായ ജനകേന്ദ്രീകൃത ദേശീയ സുരക്ഷാ തന്ത്രം വികസിപ്പിക്കുന്നതിനുള്ള ഒരു മുൻവ്യവസ്ഥയാണ് ഈ വിശ്വാസം

ഇന്ത്യ ബഹുമുഖ സുരക്ഷാ വെല്ലുവിളികളും ഭീഷണികളും നേരിടുന്നുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. അതിർത്തി പ്രദേശങ്ങളിലെ സംഘർഷങ്ങൾ, ഭീകരവാദം, തീവ്രവാദം, കലാപങ്ങൾ, വർഗീയ തീവ്രവാദം എന്നിവ സുരക്ഷാ ആശങ്കയുടെ പരമ്പരാഗത മേഖലകളാണ്. സമീപ വർഷങ്ങളിൽ, സൈബർ കുറ്റകൃത്യങ്ങൾ ഒരു പ്രധാന സുരക്ഷാ ഭീഷണിയായി ഉയർന്നുവന്നിട്ടുണ്ട്. രാജ്യത്തിൻ്റെ ഏതെങ്കിലും ഭാഗത്തുള്ള സുരക്ഷയുടെ അഭാവം ആ പ്രദേശത്തിനപ്പുറത്തേക്ക്  വലിയ സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് അവർ അടിവരയിട്ടു. സാമ്പത്തിക നിക്ഷേപത്തിൻ്റേയും വളർച്ചയുടേയും പ്രധാന ചാലകശക്തികളിലൊന്നാണ് സുരക്ഷ. 'സമൃദ്ധ ഭാരതം' കെട്ടിപ്പടുക്കുന്നതിന് 'സുരക്ഷിത ഭാരതം' കെട്ടിപ്പടുക്കേണ്ടത് അനിവാര്യമാണ്.

ഇടതുപക്ഷ തീവ്രവാദം പൂർണ്ണമായും തുടച്ചുനീക്കപ്പെടുന്ന ഘട്ടത്തിലാണെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി. ആഭ്യന്തര സുരക്ഷാ മേഖലയിൽ ഏർപ്പെട്ടിരിക്കുന്ന സേനകളുടേയും ഏജൻസികളുടേയും ശക്തമായ പ്രവർത്തനമാണ് ഇതിന് പിന്നിലെ പ്രധാന ഘടകമെന്ന് അവർ പറഞ്ഞു. നിരവധി സംരംഭങ്ങളിലൂടെ സമൂഹങ്ങളുടെ വിശ്വാസം നേടുന്നതിന് സമഗ്രമായ ഒരു സമീപനം സ്വീകരിച്ചതായി അവർ അഭിപ്രായപ്പെട്ടു. ഗോത്രവർഗ്ഗ, വിദൂര മേഖലകളിൽ സാമൂഹിക-സാമ്പത്തിക ഉൾച്ചേർക്കൽ പ്രോത്സാഹിപ്പിക്കുന്നത്, തീവ്രവാദികളും വിമത ഗ്രൂപ്പുകളും ജനങ്ങളെ ചൂഷണം ചെയ്യുന്നത് തടയാൻ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

സമൂഹമാധ്യമങ്ങൾ വിവര, ആശയവിനിമയ ലോകത്തെ മാറ്റിമറിച്ചിട്ടുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. അതിന് സൃഷ്ടിക്കും നാശത്തിനും ഒരുപോലെ ശേഷിയുണ്ട്. തെറ്റായ വിവരങ്ങളിൽ നിന്ന് ജനങ്ങളെ  സംരക്ഷിക്കുക എന്നത് വളരെ വെല്ലുവിളി നിറഞ്ഞ ഒരു കടമയാണ്. ഈ ദൗത്യം നിരന്തരമായും ഫലപ്രദമായും നടപ്പിലാക്കണം. ദേശീയ താൽപ്പര്യം മുൻനിർത്തി  വസ്തുതകൾ അടിസ്ഥാനമാക്കിയുള്ള കാര്യങ്ങൾ  നിരന്തരം അവതരിപ്പിക്കുന്ന സജീവ സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ഒരു സമൂഹം സൃഷ്ടിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

ദേശീയ സുരക്ഷ നേരിടുന്ന ഏറ്റവും സങ്കീർണ്ണമായ വെല്ലുവിളികൾ പരമ്പരാഗതമല്ലാത്തതും ഡിജിറ്റൽ സ്വഭാവമുള്ളതുമാണെന്ന് രാഷ്ട്രപതി പറഞ്ഞു. ഇത്തരം പ്രശ്നങ്ങളിൽ ഭൂരിഭാഗവും അത്യാധുനിക സാങ്കേതികവിദ്യകളിൽ നിന്നാണ് ഉത്ഭവിക്കുന്നത്. ഈ സാഹചര്യത്തിൽ, സാങ്കേതികമായി കഴിവുള്ള സമൂഹങ്ങളെ വികസിപ്പിക്കേണ്ടതുണ്ട്. വർദ്ധിച്ചുവരുന്ന ഡിജിറ്റൽ തട്ടിപ്പുകൾ തടയാൻ വീടുകളിലും സ്ഥാപനങ്ങളിലും പ്രാദേശിക തലത്തിലും ജാഗ്രത ആവശ്യമാണ്. ഫിഷിംഗ്, ഡിജിറ്റൽ തട്ടിപ്പ്, ഓൺലൈൻ ദുരുപയോഗം എന്നിവ റിപ്പോർട്ട് ചെയ്യാൻ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്ക് പൗരന്മാരെ പ്രാപ്തരാക്കാൻ കഴിയും. ഇത് സുരക്ഷാ ഏജൻസികൾക്ക് തത്സമയ വിവരങ്ങൾ ലഭ്യമാക്കാൻ സഹായിക്കുന്നു. ഇത്തരത്തിൽ തത്സമയ ഡാറ്റ വിശകലനം ചെയ്യുന്നതിലൂടെ, കുറ്റകൃത്യങ്ങൾ മുൻകൂട്ടി പ്രവചിക്കാവുന്ന 'പ്രെഡിക്റ്റീവ് പോലീസിംഗ്' മാതൃകകൾ വികസിപ്പിക്കാൻ സാധിക്കും. ജാഗ്രതയും സാങ്കേതിക ജ്ഞാനവുമുള്ള പൗരന്മാരുടെ സമൂഹങ്ങൾ സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയാകാനുള്ള സാധ്യത കുറയ്ക്കുക മാത്രമല്ല, അത്തരം കുറ്റകൃത്യങ്ങൾക്കെതിരെയുള്ള ഒരു സുരക്ഷാ കവചമായി പ്രവർത്തിക്കുകയും ചെയ്യും.

പൗരക്ഷേമവും പൊതുജനപങ്കാളിത്തവും നമ്മുടെ സുരക്ഷാ തന്ത്രത്തിൻ്റെ കാതലായി സ്ഥാപിക്കുന്നതിലൂടെ, നമ്മുടെ പൗരന്മാരെ സുരക്ഷാവിവരങ്ങൾ നല്കുന്ന ഫലപ്രദമായ സ്രോതസ്സുകളായും സുരക്ഷാ പങ്കാളികളായും മാറ്റാൻ നമുക്ക് സാധിക്കുമെന്ന് രാഷ്ട്രപതി പറഞ്ഞു. പൊതുജനപങ്കാളിത്തത്താൽ നയിക്കപ്പെടുന്ന ഈ പരിവർത്തനം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സങ്കീർണ്ണവും ബഹുമുഖവുമായ സുരക്ഷാ വെല്ലുവിളികളെ നേരിടാൻ സഹായിക്കും. പൊതുജനപങ്കാളിത്തത്തിലൂടെ ജാഗ്രതയുള്ളതും സമാധാനപരവും സുരക്ഷിതവും സമൃദ്ധവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിലേക്ക് നാം അതിവേഗം നീങ്ങുമെന്ന് അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
 
***

(रिलीज़ आईडी: 2207757) आगंतुक पटल : 8
इस विज्ञप्ति को इन भाषाओं में पढ़ें: Telugu , English , Urdu , हिन्दी , Marathi , Bengali , Gujarati , Tamil , Kannada