ഗ്രാമീണ വികസന മന്ത്രാലയം
കേന്ദ്ര ഗ്രാമവികസന മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻ റോസ്ഗർ സഹായകരുമായി കൂടിക്കാഴ്ച നടത്തി
प्रविष्टि तिथि:
22 DEC 2025 6:42PM by PIB Thiruvananthpuram
വിവിധ സംസ്ഥാനങ്ങളിൽ നിന്ന് തിങ്കളാഴ്ച ഭോപ്പാലിൽ കേന്ദ്ര ഗ്രാമവികസന മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാനെ സന്ദർശിച്ച റോസ്ഗർ സഹായകർ, ഭരണപരമായ ചെലവ് 6% ൽ നിന്ന് 9% ആയി വർദ്ധിപ്പിച്ചതിന് മന്ത്രിയെ നന്ദി അറിയിച്ചു. എംപ്ലോയ്‌മെന്റ് അസിസ്റ്റന്റുമാർ, പഞ്ചായത്ത് സെക്രട്ടറിമാർ, സാങ്കേതിക ജീവനക്കാർ എന്നിവർക്ക് യഥാസമയം ശമ്പളം നൽകുന്നതിലെ കാലതാമസം ഒരു പ്രധാന ആശങ്കയായിരുന്നുവെന്നും ഇത് പരിഹരിക്കുന്നതിനായി ഭരണപരമായ ചെലവ് വർദ്ധിപ്പിക്കുന്നതിനുള്ള പ്രധാന തീരുമാനം എടുത്തതായും ശ്രീ ശിവരാജ് സിംഗ് ചൗഹാൻ വ്യക്തമാക്കി.
മൊത്തം ₹1,51,282 കോടിയുടെ നിർദ്ദിഷ്ട ബജറ്റിൽ ₹13,000 കോടിയിലധികം ജീവനക്കാരുടെ ശമ്പളത്തിനും ഭരണപരമായ ആവശ്യങ്ങൾക്കുമായി നീക്കിവയ്ക്കും എന്നതാണ് ഇതിന്റെ പ്രത്യക്ഷ നേട്ടം. ജീവനക്കാരുടെ ശമ്പളം നൽകുന്നതിന് ഈ തുക മതിയാകുമെന്നും ഭരണപരമായ ചെലവുകളിൽ ഒരു തരത്തിലുള്ള പാഴ്ചെലവും ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ജീപ്പുകൾ, വാഹനങ്ങൾ അല്ലെങ്കിൽ മറ്റ് അനാവശ്യ ചെലവുകൾ എന്നിവ തടയുന്നതിന് കർശനമായ നിരീക്ഷണം നടത്തുമെന്ന് ശ്രീ ശിവരാജ് സിംഗ് പറഞ്ഞു. ശമ്പളം വൈകിയതും തടഞ്ഞുവച്ചതുമായ പ്രശ്നങ്ങൾ റോസ്ഗർ സഹായകർ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും, ഇതിനെ തുടർന്ന് ആദ്യം ശമ്പളം നൽകണമെന്നും മറ്റ് അവശ്യ ചെലവുകൾ അതിനുശേഷം മാത്രമേ നൽകാവൂ എന്നും നിയമങ്ങളിൽ വ്യവസ്ഥകൾ വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി, സംസ്ഥാനങ്ങളുമായി ഏകോപിപ്പിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുമെന്ന് കേന്ദ്ര ഗ്രാമവികസന മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻ അറിയിച്ചു.
MGNREGA യിൽ നിന്നും വ്യത്യസ്തമായി, ഇപ്പോൾ 100 ദിവസത്തിന് പകരം 125 ദിവസത്തെ തൊഴിൽ എന്ന നിയമപരമായ ഉറപ്പുണ്ടെന്ന് കേന്ദ്ര ഗ്രാമവികസന മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. അതേസമയം,പ്രധാന കാർഷിക സീസൺ കണക്കിലെടുത്ത്, കർഷകർക്ക് തൊഴിലാളി ക്ഷാമം നേരിടേണ്ടിവരാതിരിക്കാൻ, വിതയ്ക്കൽ, വിളവെടുപ്പ് സീസണുകളിൽ 60 ദിവസം വരെ തൊഴിലാളികളെ കാർഷികതൊഴിലിൽ വിന്യസിക്കാൻ അനുവദിക്കുന്ന വിജ്ഞാപനങ്ങൾ പുറപ്പെടുവിക്കാൻ സംസ്ഥാന ഗവണ്മെന്റുകൾക്ക് അധികാരം നൽകിയിട്ടുണ്ട്. പഴയ പോരായ്മകൾ നീക്കം ചെയ്തുകൊണ്ട് വിബി-ജി റാം ജി പദ്ധതി കൂടുതൽ പ്രായോഗികവും ഫലപ്രദവുമാക്കാൻ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്ന് ശ്രീ ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. ഭരണപരമായ ചെലവുകൾ വർദ്ധിപ്പിച്ചുകൊണ്ട്, താഴെത്തട്ടിൽ ജോലി ചെയ്യുന്ന സഹപ്രവർത്തകരുടെ ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിന് ഒരു കൃത്യമായ നടപടി സ്വീകരിച്ചിട്ടുണ്ട്. ഈ സന്ദേശം ശരിയായ രീതിയിൽ അടുത്ത ഘട്ടത്തിലേക്ക് എത്തിക്കണമെന്ന് ശ്രീ ശിവരാജ് സിംഗ് എംപ്ലോയ്‌മെന്റ് അസിസ്റ്റന്റുമാരോട് പറഞ്ഞു. അവരുടെ നിർദ്ദേശങ്ങൾ സംസ്ഥാന ഗവണ്മെന്റുകളുമായി ചർച്ച ചെയ്ത ശേഷം, പഞ്ചായത്ത് തലത്തിലെ ജീവനക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ വരുത്തുന്നത് തുടരുമെന്ന് അവർക്ക് ഉറപ്പ് നൽകി.
'വികസിത് ഭാരത്-ജി റാം ജി' ഒരു ചരിത്ര പദ്ധതിയാണെന്നും, രാഷ്ട്രപതിയുടെ അംഗീകാരത്തിനുശേഷം ഇത് നിയമമായി മാറിയിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ഈ പദ്ധതിയെക്കുറിച്ച് ചിലർ ആശയക്കുഴപ്പം സൃഷ്ടിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും സത്യം മനസ്സിലാക്കുകയും ശരിയായ വിവരങ്ങൾ എല്ലാ ഗ്രാമങ്ങളിലും എത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടത് പ്രധാനമാണെന്ന് ശ്രീ ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു
MGNREGA പ്രകാരം, മുമ്പ് 100 ദിവസത്തെ തൊഴിൽ ഉറപ്പ് ഉണ്ടായിരുന്നു. 'വികസിത് ഭാരത് റോസ്ഗർ യോജന' പ്രകാരം അത് 125 ദിവസമായി വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് ശ്രീ ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. ഇത് ദിവസങ്ങളുടെ എണ്ണത്തിലുള്ള വർദ്ധന മാത്രമല്ല, തൊഴിൽ ഉറപ്പിനെ കൂടുതൽ ശക്തിപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും കാരണത്താൽ തൊഴിൽ നൽകിയില്ലെങ്കിൽ, തൊഴിലില്ലായ്മ വേതനം നൽകുന്നതിനുള്ള വ്യവസ്ഥ മുമ്പത്തേക്കാൾ വളരെ ശക്തമാക്കിയിട്ടുണ്ട്. വേതനം നൽകുന്ന കാര്യത്തിൽ കർശനമായ വ്യവസ്ഥകൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 15 ദിവസത്തിനുള്ളിൽ വേതനം നൽകിയില്ലെങ്കിൽ, തുക നൽകി തീർപ്പാക്കാതെയിരിക്കുകയാണെങ്കിൽ, തൊഴിലാളിക്ക് അധിക നഷ്ടപരിഹാരം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. മാസങ്ങളോളം വേതനം മുടങ്ങുന്നത് ഇനി അനുവദിക്കില്ല. സമയബന്ധിതമായി വേതനം നൽകുന്നത് ഉറപ്പാക്കിയിട്ടുണ്ട്. നിലവിലുള്ള വേതന നിരക്കുകൾ തുടരുകയും എല്ലാ വർഷവും വേതനം വർദ്ധിക്കുകയും ചെയ്യും.
ഈ പദ്ധതി പ്രകാരം പ്രധാനമായും നാല് തരം പ്രവർത്തനങ്ങൾ ഏറ്റെടുക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ആദ്യ വിഭാഗത്തിൽ കുളങ്ങൾ, ചെക്ക് ഡാമുകൾ, മറ്റ് ജലസംഭരണികൾ തുടങ്ങി ജലസംരക്ഷണവും ജലസംഭരണവുമായി ബന്ധപ്പെട്ട പ്രവൃത്തികൾ ഉൾപ്പെടുന്നു. രണ്ടാമത്തെ വിഭാഗത്തിൽ സ്കൂളുകൾ, ആശുപത്രികൾ, അംഗൻവാടി കേന്ദ്രങ്ങൾ, റോഡുകൾ, ഓടകൾ, മറ്റ് സൗകര്യങ്ങൾ തുടങ്ങിയ അടിസ്ഥാന ഗ്രാമ വികസന സൗകര്യങ്ങൾക്കായുള്ള പ്രവൃത്തികൾ ഉൾപ്പെടുന്നു. ഉപജീവന ദൗത്യവുമായി ബന്ധപ്പെട്ട സ്ത്രീകൾക്കും എഫ്പിഒകൾക്കും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഉൾപ്പെടുത്തും. മൂന്നാമത്തെ വിഭാഗത്തിൽ തൊഴിൽ വികസനത്തിന് സഹായിക്കുന്ന ഉപജീവനമാർഗ്ഗത്തെ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങളായിരിക്കും. നാലാമത്തേതിൽ പ്രകൃതി ദുരന്തങ്ങളിൽ നിന്നുള്ള സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവൃത്തികൾ, സംരക്ഷണ ഭിത്തികൾ, ഓടകൾ, നദികളുമായും അരുവികളുമായും ബന്ധപ്പെട്ട സംവിധാനങ്ങൾ എന്നിവ ഉൾപ്പെടും.
വികസന പ്രവർത്തനങ്ങൾ അടിസ്ഥാന തലത്തിൽ ദൃശ്യമാകണമെന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദർശനമാണെന്ന് ശ്രീ ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. വികസിത് ഗ്രാമപഞ്ചായത്ത് യോജന പ്രകാരം, എല്ലാ പദ്ധതികളും കൂട്ടായ ചർച്ചയിലൂടെ രൂപപ്പെടുത്തുകയും വികസനത്തിന്റെ ഗതി ഗ്രാമങ്ങൾ തന്നെ തീരുമാനിക്കുകയും ചെയ്യും.
****
(रिलीज़ आईडी: 2207645)
आगंतुक पटल : 54
इस विज्ञप्ति को इन भाषाओं में पढ़ें:
Assamese
,
Khasi
,
English
,
Urdu
,
Nepali
,
हिन्दी
,
Punjabi
,
Gujarati
,
Odia
,
Tamil
,
Kannada