പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പരമ്പരാഗത വൈദ്യശാസ്ത്രത്തെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ രണ്ടാം ആഗോള ഉച്ചകോടിയുടെ സമാപന ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.


ജാംനഗറിൽ ലോകാരോഗ്യ സംഘടനയുടെ ആഗോള പാരമ്പര്യ വൈദ്യശാസ്ത്ര കേന്ദ്രം സ്ഥാപിതമായത് ഇന്ത്യയ്ക്ക് ലഭിച്ച പ്രത്യേക പദവിയും അഭിമാനവുമാണ്: പ്രധാനമന്ത്രി

യോഗ ലോകമെമ്പാടുമുള്ള മനുഷ്യരെ ആരോഗ്യം, സന്തുലിതം, ഐക്യം എന്നിവ നിറഞ്ഞ ജീവിതത്തിലേക്ക് നയിച്ചു: പ്രധാനമന്ത്രി.

ഇന്ത്യയുടെ മുൻകൈയിലും 175-ലധികം രാജ്യങ്ങളുടെ സഹകരണത്തോടെയുമാണ് ഐക്യരാഷ്ട്രസഭ ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി പ്രഖ്യാപിച്ചത്. വർഷങ്ങളായി, യോഗ ലോകത്തിന്റെ എല്ലാ കോണുകളിലും എത്തിച്ചേരുകയും ജീവിതങ്ങളെ സ്വാധീനിക്കുകയും ചെയ്തു: പ്രധാനമന്ത്രി.

ഡൽഹിയിൽ ലോകാരോഗ്യ സംഘടനയുടെ തെക്കുകിഴക്കനേഷ്യൻ മേഖലാ ഓഫീസിന്റെ ഉദ്ഘാടനം മറ്റൊരു നാഴികക്കല്ലാണ്; ഇന്ത്യയിൽ നിന്നുള്ള ഒരു എളിയ സമ്മാനമായി വാഗ്ദാനം ചെയ്യുന്ന ഈ ആഗോള കേന്ദ്രം ഗവേഷണത്തെ മുന്നോട്ട് നയിക്കുന്നതിനും നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തുന്നതിനും ശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിക്കും: പ്രധാനമന്ത്രി.

സന്തുലിതാവസ്ഥ ആരോഗ്യത്തിന്റെ സത്തയാണെന്ന് ആയുർവേദം പഠിപ്പിക്കുന്നു, ശരീരം ഈ സന്തുലിതാവസ്ഥ നിലനിർത്തുമ്പോൾ മാത്രമേ ഒരാളെ യഥാർത്ഥത്തിൽ ആരോഗ്യവാനാണെന്ന് കണക്കാക്കാൻ കഴിയൂ: പ്രധാനമന്ത്രി

സന്തുലിതാവസ്ഥ വീണ്ടെടുക്കുക എന്നത് ഇപ്പോൾ ഒരു ആഗോള ലക്ഷ്യം മാത്രമല്ല—അതൊരു ആഗോള അടിയന്തിരാവസ്ഥയായി മാറിയിരിക്കുന്നു. ഇത് പരിഹരിക്കുന്നതിന് നാം ത്വരിതഗതിയിലും ഉറച്ച പ്രതിബദ്ധതയോടെയും പ്രവർത്തിക്കേണ്ടതുണ്ട്: പ്രധാനമന്ത്രി.

ശാരീരിക അധ്വാനം കൂടാതെ വിഭവങ്ങളും സൗകര്യങ്ങളും എളുപ്പത്തിൽ ലഭ്യമാകുന്നത് മനുഷ്യന്റെ ആരോഗ്യത്തിന് അപ്രതീക്ഷിതമായ വെല്ലുവിളികൾ ഉയർത്തുന്നുണ്ട്: പ്രധാനമന്ത്രി.

പരമ്പരാഗത ആരോഗ്യ സംരക്ഷണം എന്നത് അടിയന്തിര ആവശ്യങ്ങൾക്കപ്പുറമായി കരുതണം; ഭാവിയിലേക്ക് സജ്ജമാകുക എന്നത് നമ്മുടെ കൂട്ടായ ഉത്തരവാദിത്തമാണ്: പ്രധാനമന്ത്രി.

प्रविष्टि तिथि: 19 DEC 2025 7:07PM by PIB Thiruvananthpuram

ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ലോകാരോഗ്യ സംഘടനയുടെ രണ്ടാമത് പരമ്പരാഗത വൈദ്യശാസ്ത്ര ആഗോള ഉച്ചകോടിയുടെ സമാപന ചടങ്ങിനെ
 പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ ലോകമെമ്പാടുമുള്ള പരമ്പരാഗത വൈദ്യശാസ്ത്ര മേഖലയിലെ വിദഗ്ധർ ഗൗരവകരവും അർത്ഥവത്തുമായ ചർച്ചകളിൽ ഏർപ്പെട്ടതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യ ഇതിന് ശക്തമായ ഒരു വേദിയായി പ്രവർത്തിക്കുന്നതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിക്കുകയും ലോകാരോഗ്യ സംഘടനയുടെ സജീവ പങ്കാളിത്തത്തെ അഭിനന്ദിക്കുകയും ചെയ്തു.

"ജാംനഗറിൽ ലോകാരോഗ്യ സംഘടനയുടെ ഗ്ലോബൽ സെന്റർ ഫോർ ട്രെഡീഷണൽ മെഡിസിൻ സ്ഥാപിതമായത് ഇന്ത്യക്ക് ലഭിച്ച പ്രത്യേക പദവിയും അഭിമാനവുമാണ്," പ്രധാനമന്ത്രി പറഞ്ഞു. 2022-ലെ ആദ്യ ഉച്ചകോടിയിൽ ലോകം വലിയ വിശ്വാസത്തോടെയാണ് ഈ ഉത്തരവാദിത്തം ഇന്ത്യയെ ഏൽപ്പിച്ചതെന്ന് അദ്ദേഹം അനുസ്മരിച്ചു.
പരമ്പരാഗത അറിവുകളുടെയും ആധുനിക രീതികളുടെയും സംഗമത്തിന് ഉച്ചകോടി സാക്ഷ്യം വഹിക്കുന്നുണ്ടെന്നും, വൈദ്യശാസ്ത്രത്തിന്റെയും സമഗ്ര ആരോഗ്യത്തിന്റെയും ഭാവിയെ പരിവർത്തനം ചെയ്യാൻ കഴിയുന്ന നിരവധി പുതിയ സംരംഭങ്ങൾ ഇവിടെ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവിധ രാജ്യങ്ങളിലെ ആരോഗ്യ മന്ത്രിമാരും പ്രതിനിധികളും തമ്മിലുള്ള സംഭാഷണം ഉച്ചകോടി സുഗമമാക്കിയിട്ടുണ്ടെന്നും, ഇതിലൂടെ സംയുക്ത ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനും, നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനും, പരിശീലനവും അറിവ് പങ്കിടലും മെച്ചപ്പെടുത്തുന്നതിനും പുതിയ വഴികൾ തുറന്നിട്ടുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. പരമ്പരാഗത വൈദ്യശാസ്ത്രത്തെ ഭാവിയിൽ കൂടുതൽ സുരക്ഷിതവും വിശ്വസനീയവുമാക്കുന്നതിൽ ഇത്തരം സഹകരണം നിർണായക പങ്ക് വഹിക്കുമെന്ന് പ്രധാനമന്ത്രി അടിവരയിട്ടു.

ഉച്ചകോടിയിൽ വിവിധ സുപ്രധാന വിഷയങ്ങളിൽ കൈവരിച്ച സമവായം ആഗോള പങ്കാളിത്തത്തിന്റെ കരുത്തിനെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ശ്രീ നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. ഗവേഷണം ശക്തിപ്പെടുത്തുന്നതും, പരമ്പരാഗത വൈദ്യശാസ്ത്ര മേഖലയിൽ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ഉപയോഗം വർദ്ധിപ്പിക്കുന്നതും, ലോകമെമ്പാടും വിശ്വസനീയമായ നിയന്ത്രണ ചട്ടക്കൂടുകൾ  രൂപീകരിക്കുന്നതും പരമ്പരാഗത വൈദ്യശാസ്ത്രത്തെ വളരെയധികം ശാക്തീകരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച ഡിജിറ്റൽ ആരോഗ്യ സാങ്കേതിക വിദ്യ, നിർമ്മിത ബുദ്ധി അധിഷ്ഠിത ഉപാധികൾ ഗവേഷണ ഫലങ്ങൾ, ആധുനിക ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ പാരമ്പര്യവും സാങ്കേതികവിദ്യയും തമ്മിലുള്ള പുതിയ സഹകരണത്തെയാണ് പ്രകടമാക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പാരമ്പര്യവും സാങ്കേതികവിദ്യയും ഒത്തുചേരുമ്പോൾ ആഗോളാരോഗ്യം കൂടുതൽ ഫലപ്രദമാക്കാനുള്ള ശേഷി വർദ്ധിക്കുമെന്നും, അതിനാൽ ഈ ഉച്ചകോടിയുടെ വിജയം ആഗോള വീക്ഷണകോണിൽ വളരെ പ്രാധാന്യമർഹിക്കുന്നുവെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.


“പരമ്പരാഗത വൈദ്യശാസ്ത്രത്തിന്റെ അവിഭാജ്യ ഘടകമാണ് യോഗ, ഇത് ലോകത്തിന് മുഴുവൻ ആരോഗ്യം, സന്തുലിതാവസ്ഥ, ഐക്യം എന്നിവയുടെ പാത കാണിച്ചുതന്നു,” പ്രധാനമന്ത്രി പറഞ്ഞു. ' ഇന്ത്യയുടെ പരിശ്രമത്തിലൂടെയും 175-ലധികം രാജ്യങ്ങളുടെ പിന്തുണയോടെയും ഐക്യരാഷ്ട്രസഭ ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി പ്രഖ്യാപിച്ച കാര്യം അദ്ദേഹം അനുസ്മരിച്ചു. അടുത്ത കാലത്തായി യോഗ ലോകത്തിന്റെ എല്ലാ കോണുകളിലും എത്തിയിട്ടുണ്ടെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. യോഗയുടെ പ്രചാരണത്തിനും വികസനത്തിനും ഗണ്യമായ സംഭാവന നൽകിയ ഓരോ വ്യക്തിയെയും അദ്ദേഹം അഭിനന്ദിച്ചു.  ഇന്ന് വിദഗ്ധ ജൂറി കർശനമായ പ്രക്രിയയിലൂടെ തിരഞ്ഞെടുത്ത ഏതാനും വിശിഷ്ട വ്യക്തികൾക്ക് പ്രധാനമന്ത്രിയുടെ അവാർഡുകൾ സമ്മാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. യോഗയോടുള്ള അർപ്പണബോധത്തിന്റെയും അച്ചടക്കത്തിന്റെയും ആജീവനാന്ത പ്രതിബദ്ധതയുടെയും പ്രതീകങ്ങളാണ് ഈ പുരസ്കാര ജേതാക്കളെന്നും അവരുടെ ജീവിതം ഏവർക്കും പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു.

ഈ ഉച്ചകോടിക്ക് സ്ഥിരതയാർന്ന ഫലങ്ങൾ ഉളവാക്കുന്നതിനായി സുപ്രധാനമായ പല നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. പരമ്പരാഗത വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട ശാസ്ത്രീയ വിവരങ്ങളും നയരേഖകളും ഒരിടത്ത് സംരക്ഷിക്കുന്ന ആഗോള വേദിയായ 'ട്രഡീഷണൽ മെഡിസിൻ ഗ്ലോബൽ ലൈബ്രറി'യുടെ  ഉദ്ഘാടനത്തെക്കുറിച്ച് അദ്ദേഹം എടുത്തുപറഞ്ഞു. ഈ ഉദ്യമം ഉപയോഗപ്രദമായ വിവരങ്ങൾ എല്ലാ രാജ്യങ്ങളിലും ഒരുപോലെ എത്തിക്കുന്നത് എളുപ്പമാക്കുമെന്ന് ശ്രീ മോദി എടുത്തു പറഞ്ഞു. ഇന്ത്യയുടെ ജി20 അധ്യക്ഷകാലത്ത് നടന്ന ആദ്യ ഡബ്ല്യുഎച്ച്ഒ ആഗോള ഉച്ചകോടിയിലാണ് ഈ ലൈബ്രറിയെക്കുറിച്ചുള്ള പ്രഖ്യാപനം ഉണ്ടായതെന്നും ഇന്ന് ആ വാഗ്ദാനം യാഥാർത്ഥ്യമായതായും അദ്ദേഹം ഓർമ്മിപ്പിച്ചു.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആരോഗ്യ മന്ത്രിമാർ ആഗോള പങ്കാളിത്തത്തിന്റെ മികച്ച ഉദാഹരണമാണ് പ്രകടമാക്കിയതെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഗുണനിലവാരം,  സുരക്ഷ, നിക്ഷേപം തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ നടന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സംവാദം വരും വർഷങ്ങളിലേക്കുള്ള പങ്കിട്ട രൂപരേഖയായി പ്രവർത്തിക്കുന്ന 'ഡൽഹി പ്രഖ്യാപനത്തിന്'  വഴിതുറന്നതായും അദ്ദേഹം പറഞ്ഞു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിശിഷ്ട മന്ത്രിമാരുടെ സംയുക്ത പരിശ്രമത്തെ ശ്രീ മോദി അഭിനന്ദിക്കുകയും അവരുടെ സഹകരണത്തിന് നന്ദിയും പ്രകടിപ്പിക്കുകയും ചെയ്തു.

ഡൽഹിയിൽ ഇന്ന് ലോകാരോഗ്യ സംഘടനയുടെ തെക്കുകിഴക്കൻ ഏഷ്യൻ മേഖലാ ഓഫീസും ഉദ്ഘാടനം ചെയ്യപ്പെട്ടുവെന്നും  ഇതിനെ ഇന്ത്യയിൽ നിന്നുള്ള എളിയ ഉപഹാരം എന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഗവേഷണം, നിയന്ത്രണം, ശേഷി വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആഗോള കേന്ദ്രമായി ഈ ഓഫീസ് പ്രവർത്തിക്കുമെന്ന് അദ്ദേഹം എടുത്തു പറഞ്ഞു.

ലോകമെമ്പാടുമുള്ള രോഗശാന്തി പങ്കാളിത്തത്തിൽ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി മോദി, രണ്ട് പ്രധാന സഹകരണം സംബസിച്ച വിവരങ്ങൾ പങ്കുവെച്ചു. ആദ്യത്തേത് ദക്ഷിണ, ദക്ഷിണ കിഴക്കൻ ഏഷ്യയെ ഉൾപ്പെടുത്തി ബിംസ്റ്റെക് രാജ്യങ്ങൾക്കായി ഒരു മികവിന്റെ കേന്ദ്രം സ്ഥാപിക്കലാണെന്നും രണ്ടാമത്തേത് ശാസ്ത്രം, പരമ്പരാഗത രീതികൾ, ആരോഗ്യം എന്നിവ സംയോജിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ജപ്പാനുമായുള്ള സഹകരണമാണെന്നും ചൂണ്ടിക്കാട്ടി.

ഉച്ചകോടിയുടെ പ്രമേയമായ 'സന്തുലിതാവസ്ഥ വീണ്ടെടുക്കൽ: ആരോഗ്യത്തിന്റെയും ക്ഷേമത്തിന്റെയും ശാസ്ത്രവും പ്രയോഗവും' എന്നത് സമഗ്ര ആരോഗ്യത്തെക്കുറിച്ചുള്ള അടിസ്ഥാന ചിന്തയെ പ്രതിഫലിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സന്തുലിതാവസ്ഥയെ ആയൂർവ്വേദം ആരോഗ്യത്തിന് തുല്യമായി കാണുന്നുവെന്നും ശരീരത്തിൽ ഈ ബാലൻസ് നിലനിർത്തുന്നവർ മാത്രമേ യഥാർത്ഥത്തിൽ ആരോഗ്യവാന്മാരാകൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്നത്തെ രോഗങ്ങളായ പ്രമേഹം, ഹൃദയാഘാതം, വിഷാദം മുതൽ കാൻസർ വരെയുള്ളവയ്ക്ക് ജീവിതശൈലിയും അസന്തുലിതാവസ്ഥയുമാണ് കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതിൽ ജോലി-ജീവിത അസന്തുലിതാവസ്ഥ, ഭക്ഷണ അസന്തുലിതാവസ്ഥ, ഉറക്ക അസന്തുലിതാവസ്ഥ, കുടൽ സൂക്ഷ്മജീവി അസന്തുലിതാവസ്ഥ, കലോറി അസന്തുലിതാവസ്ഥ, വൈകാരിക അസന്തുലിതാവസ്ഥ എന്നിവ ഉൾപ്പെടുന്നു. ഈ 'ബാലൻസ് പുനഃസ്ഥാപിക്കുക' എന്നത് ആഗോള ലക്ഷ്യം മാത്രമല്ല,  ആഗോള അടിയന്തരാവസ്ഥ കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു.

21-ാം നൂറ്റാണ്ടിൽ ജീവിതത്തിൽ ബാലൻസ് നിലനിർത്തുക എന്ന വെല്ലുവിളി കൂടുതൽ വലുതാകുമെന്ന് അദ്ദേഹം പറഞ്ഞു. നിർമ്മിത ബുദ്ധിയും റോബോട്ടിക്‌സും ചേർന്ന പുതിയ സാങ്കേതിക യുഗം മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ മാറ്റമാണ്. കായികാധ്വാനമില്ലാത്ത സൗകര്യങ്ങൾ മനുഷ്യശരീരത്തിന് അപ്രതീക്ഷിത വെല്ലുവിളികൾ സൃഷ്ടിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. പരമ്പരാഗത ആരോഗ്യപരിപാലനം വർത്തമാനകാല ആവശ്യങ്ങളിൽ മാത്രം ഒതുങ്ങാതെ ഭാവി ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പരമ്പരാഗത വൈദ്യശാസ്ത്രത്തെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ സുരക്ഷയെയും തെളിവുകളെയും കുറിച്ച് ചോദ്യങ്ങൾ ഉയരുന്നത് സ്വാഭാവികമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതിനായി ഇന്ത്യ നിരന്തരം പരിശ്രമിക്കുന്നുണ്ടെന്നും അശ്വഗന്ധ ഇതിന്റെ ഉദാഹരണമാണെന്നും അദ്ദേഹം എടുത്തു പറഞ്ഞു. കോവിഡ്-19 കാലത്ത് അശ്വഗന്ധയുടെ ആഗോള ആവശ്യം കുത്തനെ വർദ്ധിച്ചുവെന്നും പല രാജ്യങ്ങളിലും ഇത് ഉപയോഗിക്കാൻ തുടങ്ങിയെന്നും ശ്രീ മോദി ചൂണ്ടിക്കാട്ടി.  ഗവേഷണത്തിലൂടെയും തെളിവുകൾ അടിസ്ഥാനമാക്കിയുള്ള സാധൂകരണത്തിലൂടെയും ഇന്ത്യ അശ്വഗന്ധയെ വിശ്വസനീയമായ രീതിയിൽ അവതരിപ്പിക്കുകയാണ്. ഈ ഉച്ചകോടിയിൽ അശ്വഗന്ധയെക്കുറിച്ച് പ്രത്യേക ആഗോള ചർച്ച സംഘടിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര വിദഗ്ധർ അതിന്റെ സുരക്ഷ, ഗുണനിലവാരം, ഉപയോഗം എന്നിവയെക്കുറിച്ച് ആഴത്തിൽ ചർച്ച ചെയ്തതായി അദ്ദേഹം പരാമർശിച്ചു.  കാലക്രമേണ പരീക്ഷിക്കപ്പെട്ട അത്തരം ഔഷധസസ്യങ്ങളെ ആഗോള പൊതുജനാരോഗ്യത്തിന്റെ ഭാഗമാക്കാൻ ഇന്ത്യ പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി  ഉറപ്പിച്ചു പറഞ്ഞു.

പരമ്പരാഗത വൈദ്യശാസ്ത്രം വെൽനസിനോ ജീവിതശൈലിക്കോ മാത്രമുള്ളതാണെന്ന ധാരണ മാറിക്കൊണ്ടിരിക്കുകയാണെന്ന് ശ്രീ മോദി പറഞ്ഞു. ഗുരുതരമായ സാഹചര്യങ്ങളിൽ പോലും ഇതിന് ഫലപ്രദമായ പങ്ക് വഹിക്കാനാകും. ഇന്ത്യയിലെ സംയോജിത കാൻസർ ചികിത്സ  ശക്തിപ്പെടുത്തുന്നതിനായി ആയുഷ് മന്ത്രാലയവും ലോകാരോഗ്യ സംഘടനയുടെ പാരമ്പര്യ വൈദ്യശാസ്ത്ര കേന്ദ്രവും ചേർന്ന് പുതിയ സംരംഭം ആരംഭിച്ചു. ആധുനിക കാൻസർ ചികിത്സയ്ക്കൊപ്പം പരമ്പരാഗത രീതികളും ഇതിൽ ഉൾപ്പെടുത്തും. വിളർച്ച, സന്ധിവാതം, പ്രമേഹം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളിൽ ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങൾ ക്ലിനിക്കൽ പഠനങ്ങൾ നടത്തുന്നുണ്ടെന്നും നിരവധി സ്റ്റാർട്ടപ്പുകൾ ഈ രംഗത്തേക്ക് വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പരമ്പരാഗത വൈദ്യശാസ്ത്രം ഇന്ന് ഒരു നിർണ്ണായക ഘട്ടത്തിലാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ആഗോള ജനസംഖ്യയുടെ ഒരു വലിയ വിഭാഗം വളരെക്കാലമായി ഇതിനെ ആശ്രയിച്ചിരുന്നുവെന്നും, എന്നാൽ അതിന്റെ അപാരമായ സാധ്യതകൾ ഉണ്ടായിരുന്നിട്ടും പരമ്പരാഗത വൈദ്യശാസ്ത്രത്തിന് യഥാർത്ഥത്തിൽ അർഹമായ സ്ഥാനം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ശാസ്ത്രത്തിലൂടെ വിശ്വാസം നേടിയെടുക്കുകയും ഇതിന്റെ വ്യാപ്തി വർദ്ധിപ്പിക്കുകയും വേണം. ഇത് ഒരു രാജ്യത്തിന്റെ മാത്രം ഉത്തരവാദിത്തമല്ല, എല്ലാവരുടെയും പങ്കിട്ട കടമയാണെന്ന് അദ്ദേഹം പറഞ്ഞു. ഈ ഉച്ചകോടിയുടെ കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ കണ്ട പങ്കാളിത്തം, സംഭാഷണം, പ്രതിബദ്ധത എന്നിവ ലോകം ഈ ദിശയിൽ ഒരുമിച്ച് മുന്നോട്ട് പോകാൻ തയ്യാറാണെന്ന വിശ്വാസം ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. വിശ്വാസം, ബഹുമാനം, ഉത്തരവാദിത്തം എന്നിവയോടെ പരമ്പരാഗത വൈദ്യശാസ്ത്രത്തെ മുന്നോട്ട് കൊണ്ടുപോകാൻ എല്ലാവരും ദൃഢനിശ്ചയം ചെയ്യണമെന്ന് അദ്ദേഹം  ആഹ്വാനം ചെയ്തു.

ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അഥാനോം ഗെബ്രിയേസസ്, കേന്ദ്ര മന്ത്രിമാരായ ശ്രീ ജെ.പി. നദ്ദ, ശ്രീ പ്രതാപ്‌റാവു ജാദവ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

പശ്ചാത്തലം:
ലോകാരോഗ്യ സംഘടനയുടെ
രണ്ടാമത്  പരമ്പരാഗത വൈദ്യശാസ്ത്ര ആഗോള ഉച്ചകോടി, ശാസ്ത്രീയവും ജനകേന്ദ്രീകൃതവുമായ ഒരു പരമ്പരാഗത വൈദ്യശാസ്ത്ര അജണ്ട രൂപീകരിക്കുന്നതിൽ ഇന്ത്യയുടെ വളരുന്ന നേതൃത്വത്തെ എടുത്തുകാണിക്കുന്നു.

 ഗവേഷണം, ഗുണനിലവാരം ആഗോള സഹകരണം എന്നിവയിലൂടെ പരമ്പരാഗത വൈദ്യശാസ്ത്രത്തെയും ഇന്ത്യൻ വിജ്ഞാന വ്യവസ്ഥയെയും മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് പ്രധാനമന്ത്രി നിരന്തരം ഊന്നൽ നൽകിയിട്ടുണ്ട്. ഈ ദർശനത്തിന് അനുസൃതമായി, പരിപാടിയുടെ വേളയിൽ, ആയുഷ് മേഖലയ്ക്കുള്ള ഒരു മാസ്റ്റർ ഡിജിറ്റൽ പോർട്ടലായ മൈ ആയുഷ് ഇന്റഗ്രേറ്റഡ് സർവീസസ് പോർട്ടൽ (MAISP) ഉൾപ്പെടെ നിരവധി നാഴികക്കല്ലായ ആയുഷ് സംരംഭങ്ങൾക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചു. ആയുഷ് ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും ഗുണനിലവാരത്തിനായുള്ള ആഗോള മാനദണ്ഡമായി വിഭാവനം ചെയ്ത ആയുഷ് മാർക്ക് അദ്ദേഹം അനാച്ഛാദനം ചെയ്തു.

 ചടങ്ങിൽ യോഗ പരിശീലനത്തെക്കുറിച്ചുള്ള ഡബ്ല്യുഎച്ച്ഒ സാങ്കേതിക റിപ്പോർട്ട്, “From Roots to Global Reach: 11 Years of Transformation in Ayush” എന്ന പുസ്തകം, ഇന്ത്യയുടെ പരമ്പരാഗത ഔഷധ പൈതൃകത്തിന്റെ ആഗോള അനുരണനത്തെ പ്രതീകപ്പെടുത്തുന്ന അശ്വഗന്ധയെക്കുറിച്ചുള്ള സ്മാരക തപാൽ സ്റ്റാമ്പ് എന്നിവ അദ്ദേഹം പ്രകാശനം ചെയ്തു.

ഡൽഹിയിലെ പുതിയ ലോകാരോഗ്യ സംഘടന (WHO) സൗത്ത് ഈസ്റ്റ് ഏഷ്യ റീജിയണൽ ഓഫീസ് സമുച്ചയം, ഇന്ത്യയും ലോകാരോഗ്യ സംഘടനയും തമ്മിലുള്ള പങ്കാളിത്തത്തിലെ സുപ്രധാന നാഴികക്കല്ലാണ്. ലോകാരോഗ്യ സംഘടനയുടെ ഇന്ത്യയിലെ കൺട്രി ഓഫീസും ഈ സമുച്ചയത്തിലായിരിക്കും പ്രവർത്തിക്കുക

യോഗയുടെ പ്രചാരരണത്തിനും
 വികസനത്തിനുമായി 2021–2025 വർഷങ്ങളിൽ മികച്ച സംഭാവനകൾ നൽകിയവർക്കുള്ള പ്രധാനമന്ത്രിയുടെ പുരസ്കാരങ്ങൾ അദ്ദേഹം വിതരണം ചെയ്തു. യോഗാരംഗത്തെ ഇവരുടെ നിരന്തരമായ അർപ്പണബോധത്തെയും ആഗോളതലത്തിലുള്ള പ്രവർത്തനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. സന്തുലിതാവസ്ഥയ്ക്കും വെൽനെസിനും സമാധാനത്തിനുമുള്ള കാലാതീതമായ ഒരു പരിശീലനമാണ് യോഗയെന്ന് ഈ പുരസ്കാരങ്ങൾ അടിവരയിടുന്നു. ഇത് ആരോഗ്യകരവും ശക്തവുമായ ഒരു 'നവ ഇന്ത്യ' കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ളതുമായ പരമ്പരാഗത വൈദ്യശാസ്ത്ര വിജ്ഞാന സംവിധാനങ്ങളുടെ വൈവിധ്യവും ആഴവും സമകാലിക പ്രസക്തിയും പ്രദർശിപ്പിക്കുന്ന 'ട്രഡീഷണൽ മെഡിസിൻ ഡിസ്കവറി സ്പേസ്' എന്ന പ്രദർശനവും പ്രധാനമന്ത്രി സന്ദർശിച്ചു.

ലോകാരോഗ്യ സംഘടനയും ഭാരത സർക്കാരിന്റെ ആയുഷ് മന്ത്രാലയവും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ ഉച്ചകോടി 2025 ഡിസംബർ 17 മുതൽ 19 വരെ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിലാണ് നടന്നത്. "ബാലൻസ് പുനഃസ്ഥാപിക്കൽ: ആരോഗ്യത്തിന്റെയും ക്ഷേമത്തിന്റെയും ശാസ്ത്രവും പ്രയോഗവും" എന്നതായിരുന്നു  പ്രമേയം. സുസ്ഥിരവും തെളിവുകൾ അടിസ്ഥാനമാക്കിയുള്ളതുമായ ആരോഗ്യ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനെക്കുറിച്ച് ആഗോള നേതാക്കൾ, നയരൂപകർത്താക്കൾ, ശാസ്ത്രജ്ഞർ, പ്രാദേശിക വിജ്ഞാന ഉടമകൾ, സിവിൽ സൊസൈറ്റി പ്രതിനിധികൾ എന്നിവർക്കിടയിലുള്ള സജീവമായ ചർച്ചകൾ ഉച്ചകോടിയിൽ നടന്നു.