പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ജോർദാനിലെ അബ്ദുള്ള രണ്ടാമൻ രാജാവുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നടത്തിയ പരാമർശത്തിന്റെ പൂർണ്ണരൂപം

प्रविष्टि तिथि: 15 DEC 2025 11:48PM by PIB Thiruvananthpuram

ആദരണീയനായ രാജാവെ,

140 കോടി ഇന്ത്യക്കാരുടെ പേരിൽ, എനിക്കും എന്റെ പ്രതിനിധി സംഘത്തിനും നൽകിയ ഊഷ്മളമായ സ്വീകരണത്തിന് ഞാൻ ആത്മാർത്ഥമായി നന്ദി പറയുന്നു. ഭാരതവും ജോർദാനും തമ്മിലുള്ള ബന്ധത്തെ പുതിയ തലത്തിലേക്ക് കൊണ്ടുപോകുന്നതിന് താങ്കൾ വളരെ നല്ല ആശയങ്ങൾ മുന്നോട്ടുവച്ചു. താങ്കളുടെ സൗഹൃദത്തിനും ഭാരതത്തോടുള്ള ആഴമായ പ്രതിബദ്ധതയ്ക്കും ഞാൻ താങ്കളോട് എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു.

ഈ വർഷം, നമ്മുടെ രാഷ്ട്രീയ ബന്ധത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുകയാണ്. വരും വർഷങ്ങളിൽ പുതു ഊർജ്ജത്തോടെ മുന്നോട്ട് പോകാൻ ഈ നാഴികക്കല്ല് നമ്മെ പ്രചോദിപ്പിക്കും. ഇന്നത്തെ കൂടിക്കാഴ്ച്ച നമ്മുടെ ബന്ധത്തിന് ആക്കം കൂട്ടുമെന്നും ആഴം വർദ്ധിപ്പിക്കുമെന്നും എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്. വ്യാപാരം, വളങ്ങൾ, ഡിജിറ്റൽ സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യങ്ങൾ, ജനങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങിയ മേഖലകളിൽ നാം സഹകരണം കൂടുതൽ മെച്ചപ്പെടുത്തും.

ആദരണീയനായ രാജാവെ,

ആഗോള തലത്തിലും നാം അടുത്ത ബന്ധം പുലർത്തിയിട്ടുണ്ട്. തുടക്കം മുതൽ തന്നെ ഗാസയിൽ താങ്കൾ വളരെ സജീവവും ക്രിയാത്മകവുമായ ഇടപെടൽ നടത്തിയിട്ടുണ്ട്. ഈ മേഖലയിൽ സമാധാനവും സ്ഥിരതയും നിലനിൽക്കുമെന്ന് നമ്മൾ എല്ലാവരും പ്രതീക്ഷിക്കുന്നു. തീവ്രവാദത്തിനെതിരെ നാം വ്യക്തവും ഏകീകൃതവുമായ നിലപാട് പങ്കിടുന്നു. താങ്കളുടെ നേതൃത്വത്തിൽ, തീവ്രവാദം, മൗലികവാദം, വിധ്വംസക പ്രവർത്തനങ്ങൾ എന്നിവയ്‌ക്കെതിരെ മുഴുവൻ മനുഷ്യരാശിക്കും ശക്തവും തന്ത്രപരവുമായ സന്ദേശം ജോർദാൻ നൽകിയിട്ടുണ്ട്. ഉഭയകക്ഷി കൂടിക്കാഴ്ച്ചയിൽ, ഈ സുപ്രധാന മേഖലയിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് നാം ചർച്ച ചെയ്തു. 2018 ൽ ഭാരതത്തിലേക്കുള്ള താങ്കളുടെ സന്ദർശന വേളയിൽ ഇസ്ലാമിക പൈതൃകത്തെക്കുറിച്ചുള്ള ഒരു സമ്മേളനത്തിൽ നമ്മൾ പങ്കെടുത്തു. 2015 ൽ നമ്മുടെ ആദ്യ കൂടിക്കാഴ്ച്ച അക്രമാസക്തമായ തീവ്രവാദത്തെ ചെറുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച ഐക്യരാഷ്ട്രസഭയുടെ ഒരു പരിപാടിയിൽ വെച്ചായിരുന്നു എന്നതും ഞാൻ ഓർക്കുന്നു. അന്നും, ഈ വിഷയത്തിൽ താങ്കൾ പ്രചോദനാത്മകമായ പരാമർശങ്ങൾ നടത്തി. മദ്ധ്യസ്ഥത പ്രോത്സാഹിപ്പിക്കാനുള്ള താങ്കളുടെ ശ്രമങ്ങൾ പ്രാദേശിക സമാധാനത്തിന് മാത്രമല്ല, ആഗോള സമാധാനത്തിനും വളരെ പ്രധാനമാണ്. ഈ ദിശയിൽ നാം ഒരുമിച്ച് വ്യക്തമായ രീതിയിൽ മുന്നോട്ട് പോകും. നമ്മുടെ പരസ്പര സഹകരണത്തിന്റെ മറ്റെല്ലാ മാനങ്ങളും നാം കൂടുതൽ ശക്തിപ്പെടുത്തും. താങ്കളുടെ ഹൃദ്യമായ ആതിഥ്യമര്യാദയ്ക്ക് താങ്കൾക്കും ജോർദാനിലെ ജനങ്ങൾക്കും ഞാൻ വീണ്ടും ആത്മാർത്ഥമായി നന്ദി പറയുന്നു.

***

NK


(रिलीज़ आईडी: 2205007) आगंतुक पटल : 36
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Bengali , Manipuri , Assamese , Punjabi , Gujarati , Odia , Telugu , Kannada