പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനൊപ്പം ഇന്ത്യ-റഷ്യ വ്യാവസായിക ചർച്ചാവേദിയെ അഭിസംബോധന ചെയ്തു
വ്യവസായമോ നയതന്ത്രമോ ഏതുമാകട്ടെ, പരസ്പരവിശ്വാസമാണ് ഏതൊരു പങ്കാളിത്തത്തിന്റെയും അടിത്തറ; ഇന്ത്യ-റഷ്യ ബന്ധങ്ങളുടെ ഏറ്റവും വലിയ ശക്തി ഈ വിശ്വാസമാണ്; സംയുക്തശ്രമങ്ങൾക്കു ദിശാബോധവും ഗതിവേഗവും നൽകുന്നതും പുതിയ സ്വപ്നങ്ങൾക്കും അഭിലാഷങ്ങൾക്കും പ്രചോദനം നൽകുന്നതുമായ പ്രാരംഭ വേദിയായി ഈ വിശ്വാസം പ്രവർത്തിക്കുന്നു: പ്രധാനമന്ത്രി
100 ശതകോടി ഡോളർ എന്ന ഇന്ത്യ-റഷ്യ വ്യാപാര ലക്ഷ്യം 2030-നുമുമ്പു കൈവരിക്കും: പ്രധാനമന്ത്രി
പരിഷ്കരണം, നിർവഹണം, പരിവർത്തനം എന്നീ തത്വങ്ങളാൽ നയിക്കപ്പെടുന്ന ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുന്നതിലേക്ക് അതിവേഗം മുന്നേറുകയാണ്: പ്രധാനമന്ത്രി
प्रविष्टि तिथि:
05 DEC 2025 8:00PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനൊപ്പം ഇന്ത്യ-റഷ്യ വ്യാവസായിക ചർച്ചാവേദിയെ അഭിസംബോധന ചെയ്തു. അഭിസംബോധന ആരംഭിക്കവേ, പ്രസിഡന്റ് പുടിനെയും, ഇന്ത്യയിൽനിന്നും വിദേശത്തുനിന്നുമുള്ള നേതാക്കളെയും, എല്ലാ വിശിഷ്ടാതിഥികളെയും പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു. വലിയ പ്രതിനിധിസംഘത്തെ ഇന്ത്യയിലേക്കു കൊണ്ടുവന്നതിലൂടെ ഈ വ്യാവസായികവേദിയുടെ രൂപവൽക്കരണത്തിനു പ്രസിഡന്റ് പുടിൻ വലിയൊരു തുടക്കം നൽകിയെന്നും അദ്ദേഹം പറഞ്ഞു. എല്ലാ പങ്കാളികളെയും ഹൃദയംഗമമായി സ്വാഗതംചെയ്ത ശ്രീ മോദി, അവരോടൊപ്പം നിൽക്കാൻ കഴിയുന്നത് ഏറെ ആഹ്ലാദകരമായ നിമിഷമാണെന്നും പറഞ്ഞു. ചർച്ചാവേദിയിൽ എത്തിയതിനും വിലയേറിയ ചിന്തകൾ പങ്കുവച്ചതിനും ശ്രീ മോദി, സുഹൃത്ത് പ്രസിഡന്റ് പുടിന് അഗാധമായ നന്ദി അറിയിച്ചു. വ്യവസായത്തിനായി ലളിതവും പ്രവചനാത്മകവുമായ സംവിധാനങ്ങൾ സൃഷ്ടിക്കപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയും യുറേഷ്യൻ സാമ്പത്തിക യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭാവിസാധ്യതകളെക്കുറിച്ചു കേന്ദ്രമന്ത്രി ശ്രീ പീയൂഷ് ഗോയലും പ്രസിഡന്റ് പുടിനും എടുത്തുകാട്ടിയതുപോലെ, ഇന്ത്യക്കും റഷ്യക്കും കുറഞ്ഞ സമയത്തിനുള്ളിൽ വളരെ അഭിലഷണീയമായ ലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിയുമെന്നു ശ്രീ മോദി ചൂണ്ടിക്കാട്ടി. വ്യവസായമായാലും നയതന്ത്രമായാലും ഏതൊരു പങ്കാളിത്തത്തിന്റെയും അടിസ്ഥാനം പരസ്പരവിശ്വാസമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു, ഇന്ത്യ-റഷ്യ ബന്ധങ്ങളുടെ ഏറ്റവും വലിയ ശക്തി ഈ വിശ്വാസമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ വിശ്വാസം സംയുക്തശ്രമങ്ങൾക്കു ദിശാബോധവും ഗതിവേഗവും പകരുന്നതായും, പുതിയ സ്വപ്നങ്ങൾക്കും അഭിലാഷങ്ങൾക്കും പ്രചോദനം നൽകുന്ന പ്രാരംഭ വേദിയായി വർത്തിക്കുന്നതായും അദ്ദേഹം എടുത്തുപറഞ്ഞു. കഴിഞ്ഞ വർഷം പ്രസിഡന്റ് പുടിനും താനും 2030-ഓടെ 100 ശതകോടി ഡോളർ ഉഭയകക്ഷിവ്യാപാരം എന്ന ലക്ഷ്യം മറികടക്കാൻ ദൃഢനിശ്ചയം ചെയ്തിരുന്നതായി പ്രധാനമന്ത്രി ഓർമിപ്പിച്ചു. എന്നാൽ, പ്രസിഡന്റ് പുടിനുമായുള്ള തന്റെ സമീപകാല ചർച്ചകളും ദൃശ്യമായ സാധ്യതകളും കണക്കിലെടുക്കുമ്പോൾ, ആ ലക്ഷ്യത്തിനായി 2030 വരെ കാത്തിരിക്കേണ്ട ആവശ്യം വരില്ലെന്ന് അദ്ദേഹം നിരീക്ഷിച്ചു. ഈ ലക്ഷ്യം മുൻകൂട്ടി നേടാനുള്ള ദൃഢനിശ്ചയത്തോടെയാണ് ഇന്ത്യയും റഷ്യയും മുന്നോട്ടു പോകുന്നതെന്നും, തന്റെ ആത്മവിശ്വാസം കൂടുതൽ ശക്തമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തീരുവ-തീരുവ ഇതര പ്രതിബന്ധങ്ങൾ കുറയ്ക്കുന്നുണ്ടെന്നും ശ്രീ മോദി കൂട്ടിച്ചേർത്തു. ഈ ശ്രമങ്ങളുടെ യഥാർഥശക്തി വ്യാവസായിക നേതാക്കളിലാണെന്നും, അവരുടെ ഊർജം, നൂതനത്വം, അഭിലാഷം എന്നിവയാണ് ഇന്ത്യയുടെയും റഷ്യയുടെയും പൊതുവായ ഭാവിയെ രൂപപ്പെടുത്തുന്നതെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
കഴിഞ്ഞ പതിനൊന്നു വർഷത്തിനിടെ ഇന്ത്യയിലെ മാറ്റങ്ങളുടെ വേഗതയും വ്യാപ്തിയും അഭൂതപൂർവമാണെന്നു പറഞ്ഞ ശ്രീ മോദി, പരിഷ്കരണം, നിർവഹണം, പരിവർത്തനം എന്നീ തത്വങ്ങൾ പിന്തുടർന്ന്, ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ അതിവേഗം മുന്നേറുകയാണെന്ന് അഭിപ്രായപ്പെട്ടു. പതിനൊന്നു വർഷത്തെ പരിഷ്കരണയാത്രയിൽ, ഇന്ത്യ തളർന്നുപോകുകയോ പരിസമാപ്തി കുറിക്കുകയോ ചെയ്തിട്ടില്ലെന്നും, എക്കാലത്തേക്കാളും കരുത്തുറ്റ ദൃഢനിശ്ചയത്തോടെ, ലക്ഷ്യങ്ങളിലേക്ക് ഏറെ ആത്മവിശ്വാസത്തോടെയും വേഗതയോടെയും മുന്നേറുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വ്യവസായനടത്തിപ്പു സുഗമമാക്കുന്നതിന് ജിഎസ്ടിയിലെ അടുത്തതലമുറ പരിഷ്കാരനടപടികളും ചട്ടങ്ങൾ പാലിക്കൽഭാരം കുറയ്ക്കുന്ന നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. പ്രതിരോധ-ബഹിരാകാശ മേഖലകൾ സ്വകാര്യമേഖലയ്ക്കു തുറന്നുകൊടുത്തുവെന്നും, പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും, പൊതുവായ ആവശ്യങ്ങൾക്കായുള്ള ആണവോർജമേഖലയിൽ പുതിയ സാധ്യതകളുടെ വാതിലുകൾ തുറക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇവ കേവലം ഭരണപരിഷ്കാരങ്ങളല്ലെന്നും, വികസിത ഇന്ത്യ എന്ന ദൃഢനിശ്ചയത്താൽ നയിക്കപ്പെടുന്ന ചിന്താപരിഷ്കാരങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ രണ്ടുദിവസമായി വളരെ ഉപയോഗപ്രദവും അർഥവത്തായതുമായ ചർച്ചകൾ നടന്നതായി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു, ഇന്ത്യ-റഷ്യ സഹകരണത്തിന്റെ എല്ലാ മേഖലകളെയും യോഗം പ്രതിനിധാനം ചെയ്യുന്നതിൽ സന്തോഷം പ്രകടിപ്പിച്ച അദ്ദേഹം, പങ്കെടുക്കുന്നവരുടെ നിർദേശങ്ങൾക്കും ശ്രമങ്ങൾക്കും ഹൃദയംഗമമായ നന്ദി അറിയിക്കുകയും ചെയ്തു. സഹകരണത്തിനു കൂടുതൽ കരുത്തേകുന്നതിനു നിരവധി ആശയങ്ങൾ മുന്നോട്ടുവച്ചതായി അദ്ദേഹം എടുത്തുപറഞ്ഞു. ലോജിസ്റ്റിക്സ്-സമ്പർക്കസൗകര്യ വിഷയങ്ങളിൽ സമ്പർക്കസംവിധാനങ്ങളുടെ പൂർണശേഷി തിരിച്ചറിയുന്നതിനും ചെന്നൈ-വ്ലാഡിവോസ്റ്റോക്ക് ഇടനാഴി, INSTC, വടക്കൻ കടൽപ്പാത തുടങ്ങിയ പദ്ധതികൾ മുന്നോട്ടു കൊണ്ടുപോകുന്നതിനും പ്രസിഡന്റ് പുടിനും താനും പ്രാധാന്യം നൽകുന്നതായി അദ്ദേഹം വ്യക്തമാക്കി. ഗതാഗതസമയം കുറയ്ക്കുന്നതിനും, ചെലവു കുറയ്ക്കുന്നതിനും, വാണിജ്യത്തിനായി പുതിയ വിപണികൾ തുറക്കുന്നതിനും സമീപഭാവിയിൽ പുരോഗതി പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ശക്തി ഉപയോഗിച്ച്, കസ്റ്റംസ്, ലോജിസ്റ്റിക്സ്, നിയന്ത്രണ സംവിധാനങ്ങൾ എന്നിവ വെർച്വൽ വ്യാപാര ഇടനാഴിയിലൂടെ ബന്ധിപ്പിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഇതു വേഗത്തിലുള്ള കസ്റ്റംസ് ക്ലിയറൻസ് സാധ്യമാക്കുമെന്നും കടലാസ്‌ജോലികൾ കുറയ്ക്കുമെന്നും തടസ്സമില്ലാത്ത ചരക്കുനീക്കം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സമുദ്രോൽപ്പന്നങ്ങളുടെ കാര്യത്തിൽ, പാലുൽപ്പന്നങ്ങളും സമുദ്രോൽപ്പന്നങ്ങളും കയറ്റുമതിചെയ്യാൻ യോഗ്യതയുള്ള ഇന്ത്യൻ കമ്പനികളുടെ പട്ടിക റഷ്യ അടുത്തിടെ വികസിപ്പിച്ചിട്ടുണ്ടെന്നും ഇത് ഇന്ത്യൻ കയറ്റുമതിക്കാർക്കു പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നുവെന്നും ശ്രീ മോദി പറഞ്ഞു. ഇന്ത്യയുടെ ഉയർന്ന നിലവാരമുള്ള സമുദ്രോൽപ്പന്നങ്ങൾ, മൂല്യവർധിത സമുദ്രവിഭവങ്ങൾ, സംസ്കരിച്ച ഭക്ഷണം എന്നിവയ്ക്കു വലിയ തോതിൽ ആഗോള ആവശ്യകതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശീതശൃഖല ലോജിസ്റ്റിക്സ്, ആഴക്കടൽ മത്സ്യബന്ധനം, മത്സ്യബന്ധന തുറമുഖങ്ങളുടെ നവീകരണം എന്നിവയിലെ സംയുക്തസംരംഭങ്ങളും സാങ്കേതിക പങ്കാളിത്തവും റഷ്യയുടെ ആഭ്യന്തര ആവശ്യം നിറവേറ്റുന്നതിനൊപ്പം ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കു പുതിയ വിപണികൾ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാഹനനിർമാണമേഖലയിൽ, മിതമായ നിരക്കിലുള്ളതും കാര്യക്ഷമവുമായ വൈദ്യുത ഇരുചക്രവാഹനങ്ങളിലും സിഎൻജി യാത്രാപ്രതിവിധികളിലും ഇന്ത്യ ഇന്ന് ആഗോളതലത്തിൽ മുന്നിലാണെന്നു ശ്രീ മോദി പറഞ്ഞു. അതുപോലെ, അത്യാധുനിക സാമഗ്രികളുടെ പ്രധാന ഉൽപ്പാദകരാജ്യമാണു റഷ്യ. ഇരുരാജ്യങ്ങൾക്കും ഒരുമിച്ച്, വൈദ്യുതവാഹന നിർമാണം, വാഹനഘടകങ്ങൾ, യാത്രാസൗകര്യം പങ്കുവയ്ക്കൽ എന്നിവയിൽ സഹകരിക്കാനാകും. അതുവഴി ആഭ്യന്തര ആവശ്യങ്ങൾ നിറവേറ്റാനും ഗ്ലോബൽ സൗത്തിന്റെ, പ്രത്യേകിച്ച് ആഫ്രിക്കയുടെ, വികസനത്തിനു സംഭാവന നൽകാൻ കഴിയുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
ഔഷധമേഖലയുടെ കാര്യം പരിശോധിക്കുമ്പോൾ, ലോകമെമ്പാടും മിതമായ നിരക്കിൽ ഇന്ത്യ ഏറ്റവും ഉയർന്ന നിലവാരമുള്ള മരുന്നുകൾ വിതരണംചെയ്യുന്നുവെന്നും, “ലോകത്തിന്റെ ഔഷധശാല” എന്ന പദവി നേടിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. സംയുക്ത വാക്സിൻ വികസനം, അർബുദചികിത്സ, റേഡിയോ-ഫാർമസ്യൂട്ടിക്കൽസ്, സജീവ ഔഷധനിർമാണഘടക വിതരണശൃംഖലകൾ എന്നിവയിൽ ഇരുരാജ്യങ്ങൾക്കും സഹകരിക്കാനാകും. ആരോഗ്യ സംരക്ഷണ സുരക്ഷ വർധിപ്പിക്കുന്നതിലും പുതിയ വ്യവസായങ്ങൾ വളർത്തിയെടുക്കുന്നതിലും ഇന്ത്യക്കു വലിയ ശേഷിയുണ്ട്. രൂപകൽപ്പന, കരകൗശലവസ്തുക്കൾ, പരവതാനികൾ എന്നിവയിൽ ആഗോളതലത്തിൽ അംഗീകാരം ലഭിച്ചിട്ടുണ്ട്. പോളിമറുകളുടെയും സിന്തറ്റിക് അസംസ്കൃത വസ്തുക്കളുടെയും പ്രധാന ഉൽപ്പാദകരാജ്യമാണു റഷ്യ. ഇത് ഇരുരാജ്യങ്ങൾക്കും ഈടുനിൽക്കുന്ന തുണിത്തര മൂല്യശൃംഖല കെട്ടിപ്പടുക്കുന്നതിനു സഹായിക്കും - ശ്രീ മോദി പറഞ്ഞു. രാസവളം, സെറാമിക്സ്, സിമന്റ് നിർമാണം, ഇലക്ട്രോണിക്സ് എന്നിവയിലും സഹകരണത്തിന്, സമാനമായ അവസരങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാ മേഖലകളിലുമുള്ള സഹകരണം വർധിപ്പിക്കുന്നതിൽ മാനവവിഭവങ്ങളുടെ കൈമാറ്റം നിർണായക പങ്കുവഹിക്കുന്നുണ്ടെന്നു പറഞ്ഞ പ്രധാനമന്ത്രി, ഇന്ത്യ ‘ലോകത്തിന്റെ നൈപുണ്യ തലസ്ഥാനമായി’ ഉയർന്നുവരുന്നുവെന്നു ചൂണ്ടിക്കാട്ടി. സാങ്കേതികവിദ്യ, എൻജിനിയറിങ്, ആരോഗ്യസംരക്ഷണം, നിർമാണം, ലോജിസ്റ്റിക്സ് എന്നീ മേഖലകളിലെ ഇന്ത്യയുടെ യുവപ്രതിഭകൾക്ക് ആഗോള ആവശ്യങ്ങൾ നിറവേറ്റാനുള്ള ശേഷിയുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. റഷ്യയുടെ ജനസംഖ്യാപരവും സാമ്പത്തികവുമായ മുൻഗണനകൾ കണക്കിലെടുക്കുമ്പോൾ, ഈ പങ്കാളിത്തം ഇരുരാജ്യങ്ങൾക്കും വളരെയധികം ഗുണംചെയ്യുമെന്നു ശ്രീ മോദി അഭിപ്രായപ്പെട്ടു. ഇന്ത്യൻ പ്രതിഭകൾക്കു റഷ്യൻ ഭാഷയിലും സോഫ്റ്റ് സ്കില്ലുകളിലും പരിശീലനം നൽകുന്നതിലൂടെ, റഷ്യക്കായി സജ്ജമായ തൊഴിൽശക്തി സംയുക്തമായി വികസിപ്പിക്കാൻ കഴിയും. ഇത് ഇരുരാജ്യങ്ങളുടെയും പൊതുവായ അഭിവൃദ്ധിക്കു വേഗതയേകും - അദ്ദേഹം പറഞ്ഞു.
ഇരുരാജ്യങ്ങളിലെയും പൗരന്മാർക്കുള്ള വിനോദസഞ്ചാരവിസകൾ സംബന്ധിച്ചു സുപ്രധാന തീരുമാനങ്ങൾ എടുത്തിട്ടുണ്ടെന്നു പറഞ്ഞ പ്രധാനമന്ത്രി, ഇതു വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുകയും ടൂർ ഓപ്പറേറ്റർമാർക്കു പുതിയ വ്യാവസായിക അവസരങ്ങൾ സൃഷ്ടിക്കുകയും തൊഴിലവസരങ്ങൾ തുറക്കുകയും ചെയ്യുമെന്ന് അഭിപ്രായപ്പെട്ടു.
ഇന്ത്യയും റഷ്യയും സംയുക്ത-നവീകരണം, സംയുക്ത-ഉൽപ്പാദനം, സംയുക്ത-സൃഷ്ടി എന്നിവയുടെ പുതിയ യാത്ര ആരംഭിക്കുകയാണെന്നു പറഞ്ഞ ശ്രീ മോദി, ഉഭയകക്ഷിവ്യാപാരം വർധിപ്പിക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല തങ്ങളുടെ ലക്ഷ്യമെന്നു വ്യക്തമാക്കി. ആഗോള വെല്ലുവിളികൾക്കു സുസ്ഥിരമായ പ്രതിവിധികൾ തയ്യാറാക്കുന്നതിലൂടെ മനുഷ്യരാശിയുടെ ക്ഷേമം ഉറപ്പാക്കുക എന്നതാണു ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ യാത്രയിൽ റഷ്യയുമായി തോളോടുതോൾ ചേർന്നു നടക്കാൻ ഇന്ത്യ പൂർണമായും തയ്യാറാണ് - പ്രധാനമന്ത്രി പറഞ്ഞു. “വരൂ, ഇന്ത്യയിൽ നിർമിക്കൂ, ഇന്ത്യയുമായി പങ്കുചേരൂ, നമുക്കു കൂട്ടായി ലോകത്തിനുവേണ്ടി നിർമിക്കാം” - ശ്രീ മോദി പ്രഖ്യാപിച്ചു. പ്രസിഡന്റ് പുടിനും പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിച്ചാണ് അദ്ദേഹം ഉപസംഹരിച്ചത്.
***
****
(रिलीज़ आईडी: 2199816)
आगंतुक पटल : 3