വ്യോമയാന മന്ത്രാലയം
ഇൻഡിഗോ സർവീസ് തടസ്സപ്പെടലിനെക്കുറിച്ച് സിവിൽ വ്യോമയാന മന്ത്രി ശ്രീ റാം മോഹൻ നായിഡുവിന്റെ പ്രസ്താവന
प्रविष्टि तिथि:
05 DEC 2025 4:45PM by PIB Thiruvananthpuram
വിമാന ഷെഡ്യൂളുകളിൽ, പ്രത്യേകിച്ച് ഇൻഡിഗോ എയർലൈൻസിൽ ഉണ്ടാകുന്ന തുടർച്ചയായ തടസ്സങ്ങൾ പരിഹരിക്കുന്നതിന് സിവിൽ വ്യോമയാന മന്ത്രാലയം അടിയന്തര നടപടികൾ സ്വീകരിച്ചു. ഉടനടി പ്രാബല്യത്തിൽ വരുന്നവിധത്തിൽ ഡിജിസിഎയുടെ വിമാന ഡ്യൂട്ടി സമയ പരിധി (എഫ്ഡിടിഎൽ) ഉത്തരവുകൾ മരവിപ്പിച്ചു. വ്യോമ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാതെ, യാത്രക്കാരുടെ, പ്രത്യേകിച്ച് മുതിർന്ന പൗരന്മാരുടെയും വിദ്യാർത്ഥികളുടെയും രോഗികളുടെയും സമയബന്ധിതമായ അത്യാവശ്യങ്ങൾക്കായി വിമാനയാത്രയെ ആശ്രയിക്കുന്ന മറ്റുള്ളവരുടെയും താൽപ്പര്യം കണക്കിലെടുത്താണ് ഈ തീരുമാനം എടുത്തിരിക്കുന്നത്.
ഇതിനുപുറമെ, സാധാരണ എയർലൈൻ സേവനങ്ങൾ എത്രയും വേഗം പുനഃസ്ഥാപിക്കുന്നതിനും യാത്രക്കാർക്കുണ്ടാകുന്ന അസൗകര്യങ്ങൾ കുറയ്ക്കുന്നതിനും നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഈ നിർദ്ദേശങ്ങൾ ഉടനടി നടപ്പിലാക്കുന്നതിന്റെ അടിസ്ഥാനത്തിൽ, നാളെയോടെ വിമാന ഷെഡ്യൂളുകളിൽ സ്ഥിരതഉണ്ടാവുകയും സാധാരണ നിലയിലേക്ക് തിരികെയെത്തുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ വിമാന സേവനങ്ങൾ പൂർണ്ണമായി പുനഃസ്ഥാപിക്കപ്പെടുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.
ഈ കാലയളവിൽ യാത്രക്കാരെ പിന്തുണയ്ക്കുന്നതിന്, മികച്ച ഓൺലൈൻ വിവര സംവിധാനങ്ങൾ വഴി കൃത്യവും ഏറ്റവും പുതിയതുമായ വിവരങ്ങൾ നിരന്തരം നൽകാൻ എയർലൈനുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത് യാത്രക്കാർക്ക് അവരുടെ വീടുകളിൽ നിന്ന് തത്സമയം വിമാനങ്ങളുടെ തൽസ്ഥിതി നിരീക്ഷിക്കാൻ പ്രാപ്തമാക്കുന്നു. ഏതെങ്കിലും വിമാനം റദ്ദാക്കിയാൽ, യാത്രക്കാർ യാതൊരു അഭ്യർത്ഥനയും നടത്താതെ തന്നെ വിമാനക്കമ്പനികൾ പൂർണ്ണ റീഫണ്ട് സ്വമേധയാ നൽകും. ദീർഘമായ കാലതാമസം കാരണം കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്ക് വിമാനക്കമ്പനികൾ നേരിട്ട് ഹോട്ടൽ താമസസൗകര്യം ക്രമീകരിക്കുന്നതാണ്.
മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക മുൻഗണന നൽകും. അവർക്ക് ലോഞ്ച് പ്രവേശനവും സുഖകരമായ യാത്രാനുഭവവും ഉറപ്പാക്കാൻ സാധ്യമായ എല്ലാ സഹായവും നൽകും. കൂടാതെ, വിമാനങ്ങൾ വൈകിയാൽ ബുദ്ധിമുട്ട് നേരിടുന്ന എല്ലാ യാത്രക്കാർക്കും ലഘുഭക്ഷണങ്ങളും അവശ്യ സേവനങ്ങളും നൽകും.
സിവിൽ വ്യോമയാന മന്ത്രാലയം 24×7 കൺട്രോൾ റൂം (011-24610843, 011-24693963, 096503-91859) ആരംഭിച്ചിട്ടുണ്ട്. ഇത് തത്സമയം സ്ഥിതിഗതികൾ നിരീക്ഷിക്കുകയും ദ്രുത പ്രവർത്തന നടപടി, ഫലപ്രദമായ ഏകോപനം, പ്രശ്‌നങ്ങൾ ഉണ്ടായാൽ ഉടനടി പരിഹാരം എന്നിവ ഉറപ്പാക്കുകയും ചെയ്യുന്നു.
ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു
ഈ യാത്രാതടസ്സത്തെക്കുറിച്ച് ഒരു ഉന്നതതല അന്വേഷണം ആരംഭിക്കാൻ ഇന്ത്യാ ഗവൺമെന്റ് തീരുമാനിച്ചു. ഇൻഡിഗോയുടെ പ്രവർത്തന തകരാർ പരിശോധിക്കുകയും ഉത്തരവാദിത്തപ്പെട്ടവരെ കണ്ടെത്തുകയും ഉചിതമായ നടപടികൾ സ്വീകരിക്കുകയും ചെയ്യും. കൂടാതെ ഭാവിയിൽ സമാനമായ തടസ്സങ്ങൾ തടയുന്നതിനുള്ള നടപടികൾ ശുപാർശ ചെയ്യുകയും യാത്രക്കാർക്ക് വീണ്ടും അത്തരം ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരില്ലെന്ന് ഉറപ്പാക്കുകയും ചെയ്യും.
രാഷ്ട്രത്തോടുള്ള ഞങ്ങളുടെ ഉറപ്പ്
വിമാന യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് കേന്ദ്ര ഗവണ്മെന്റ് പൂർണ്ണമായും ജാഗ്രത പുലർത്തുന്നു. കൂടാതെ വിമാനക്കമ്പനികളുമായും ബന്ധപ്പെട്ട എല്ലാ പങ്കാളികളുമായും തുടർച്ചയായി കൂടിയാലോചനകൾ നടത്തുന്നുണ്ട്. വിമാനങ്ങളുടെ സേവന പ്രവർത്തനങ്ങൾ സുസ്ഥിരമാക്കുന്നതിനും പൊതുജനങ്ങളുടെ അസൗകര്യങ്ങൾ എത്രയും വേഗം ലഘൂകരിക്കുന്നതിനും ഡിജിസിഎ അനുവദിച്ചിട്ടുള്ള ഇളവുകളിൽ നിയന്ത്രണം ഉൾപ്പെടെ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരുന്നു.
യാത്രക്കാരുടെ സുരക്ഷ, സൗകര്യം എന്നിവയ്ക്ക് ഇന്ത്യാ ഗവൺമെന്റ് ഏറ്റവും ഉയർന്ന മുൻഗണന നൽകുന്നു
****
(रिलीज़ आईडी: 2199523)
आगंतुक पटल : 42