iffi banner

56-ാം ഇന്ത്യാ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ (IFFI) അവസാന ‘ഫയർസൈഡ് ചാറ്റിൽ’ ആവേശം വിതറി ആമിർ ഖാൻ

56-ാം ഇന്ത്യാ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ (IFFI) "ദി നറേറ്റീവ് ആർക്കിടെക്റ്റ് ഓഫ് സോഷ്യൽ ട്രാൻസ്ഫോർമേഷൻ ആൻഡ് ഇൻക്ലൂസിവിറ്റി" എന്ന അവസാന ഫയർസൈഡ് ചാറ്റിൽ പങ്കെടുക്കാൻ പ്രശസ്ത നടനും ചലച്ചിത്ര നിർമ്മാതാവുമായ ആമിർ ഖാൻ  കലാ അക്കാദമിയിലേക്ക് പ്രവേശിച്ചപ്പോൾ നിറഞ്ഞ കൈയ്യടികൾ ആവേശം വിതറി.  
 


 
ഇതിഹാസ നടൻ ധർമ്മേന്ദ്രയ്ക്ക് ആദരാഞ്ജലിയർപ്പിച്ചുകൊണ്ടാണ് മോഡറേറ്ററായ പ്രശസ്ത ചലച്ചിത്ര നിരൂപകൻ ഭരദ്വാജ് രംഗൻ സെഷൻ ആരംഭിച്ചത്. ആമിർ  ഇങ്ങനെ പറഞ്ഞു, "ധരംജിയെ കണ്ടാണ് ഞാൻ വളർന്നത്. ഇന്ത്യൻ സിനിമയുടെ ഹീ-മാൻ എന്നാണ് വാഴ്ത്തപ്പെട്ടെങ്കിലും, പ്രണയം, കോമഡി, ഡ്രാമ തുടങ്ങി എല്ലാ വിഭാഗങ്ങളിലും, ഏത് വേഷത്തിലും അതുല്യമായ പ്രതിഭ തെളിയിച്ച നടനായിരുന്നു അദ്ദേഹം;  വൈവിധ്യവും സാന്നിധ്യവും കൊണ്ട് ശ്രദ്ധേയനായ നടൻ. ഒരു ‘ജെന്റിൽ ജയന്റ്’ ആയിരുന്നു അദ്ദേഹം. ഭാഷയിലുള്ള അദ്ദേഹത്തിന്റെ പ്രാവീണ്യവും, സഹജമായ അന്തസ്സും, ഒരു കലാകാരനെന്ന നിലയിലുള്ള അത്ഭുതകരമായ വൈവിധ്യവും അദ്ദേഹത്തെ ഒരു പ്രസ്ഥാപനമാക്കി മാറ്റി. വ്യക്തിപരമായും കലാപരമായും അദ്ദേഹത്തിന്റെ വിയോഗം ഒരു തീരാനഷ്ടമാണ്."
 

 
തുടർന്നുള്ള ഒന്നര മണിക്കൂർ മോഹനമായ ‘ആമിർ ഖാൻ ഷോ’ നിറഞ്ഞൊഴുകി; കഥകളോടുള്ള ആജീവനാന്ത പ്രണയത്തിലാണ് തന്റെ പ്രയാണം സദാ വേരൂന്നിയതെന്ന് പറഞ്ഞു കൊണ്ടാണ് അദ്ദേഹം ആരംഭിച്ചത്. ബാല്യകാലം മുതൽ മുത്തശ്ശി പറഞ്ഞ കഥകളും റേഡിയോയിലെ ഹവാ മഹൽ എന്ന പരിപാടിയുടെ മാന്ത്രികതയും തന്നെ ഹഠാദാകർഷിച്ചിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി- എന്റെ സൃഷ്ടിപരമായ സഹജാവബോധത്തെ രൂപപ്പെടുത്തിയ നിർണ്ണായക നിമിഷങ്ങൾ. “എന്നെ എല്ലായ്പ്പോഴും ആകർഷിച്ചത് കഥകളാണ്. അവ എന്റെ ബാല്യത്തിന്റെ പ്രധാനപ്പെട്ട ഭാഗം തന്നെയായിരുന്നു; ഒരു നടനെന്ന നിലയിൽ എന്റെ തിരഞ്ഞെടുപ്പുകളെയെല്ലാം സ്വാധീനിച്ചത് ആ ആകർഷണമാണ്," അദ്ദേഹം സ്മരിച്ചു.
 
‘മിസ്റ്റർ പെർഫെക്ഷനിസ്റ്റ്’ എന്നറിയപ്പെടുന്ന ആമിർ, സിനിമയോടുള്ള തന്റെ സമീപനം ഒരിക്കലും കണക്കുകൂട്ടിയുള്ളതായിരുന്നില്ലെന്ന് തനത് ശൈലിയിൽ വിശദീകരിച്ചു; അത് എപ്പോഴും സഹജമായ ഒരു അനുഭവമായിരുന്നു. "എനിക്ക് എന്നെത്തന്നെ ആവർത്തിക്കാൻ കഴിയില്ല. ഒരു വ്യത്യസ്ത സിനിമ ചെയ്തുകഴിഞ്ഞാൽ, ഞാൻ പിന്നെയും മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നു. പുതുമയും അതുല്യതയും സൃഷ്ടിപരമായ ആവേശവും നിറഞ്ഞ കഥകളാണ് ഞാൻ തിരഞ്ഞുകൊണ്ടിരിക്കുന്നത്.”

സിനിമയോടുള്ള തന്റെ സഹജമായ സമീപനത്തിലേക്ക് അദ്ദേഹം കൂടുതൽ വെളിച്ചം വീശി. ആക്ഷൻ, കോമഡി തുടങ്ങി ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്ന എന്തും മാതൃകയാക്കി,  വിജയിക്കുന്ന ട്രെൻഡുകൾക്ക് പിന്നാലെ സിനിമാ വ്യവസായത്തിലെ പലരും പോകുമ്പോഴും, തൻ ഒരിക്കലും അപ്രകാരം  പ്രവർത്തിച്ചിട്ടില്ലെന്ന് അദ്ദേഹം ആവർത്തിച്ചു. “കഥയോടുള്ള വൈകാരിക ആവേശം മാത്രമാണ്  സിനിമ തിരഞ്ഞെടുക്കാനുള്ള അടിസ്ഥാനമെന്നും, അത് സിനിമാ വ്യവസായത്തിന്റെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെങ്കിൽ പോലും,” അങ്ങനെ തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.  “സിനിമാ വ്യവസായത്തിന്റെ മാനദണ്ഡങ്ങൾ നോക്കിയാൽ എന്റെ മിക്ക തീരുമാനങ്ങളും അപ്രായോഗികമായിരുന്നു. ലഗാൻ നിർമ്മിക്കുമ്പോൾ ജാവേദ് സാബ് പോലും  അത് വേണ്ടെന്ന് ഉപദേശിച്ചിരുന്നു. യുക്തിയുടെ കണ്ണിലൂടെ നോക്കുമ്പോൾ, ഞാൻ ഒരിക്കലും ഒരു നടനാകാനുള്ള സാധ്യതയുണ്ടായിരുന്നില്ല —ഞാൻ എല്ലാ നിയമങ്ങളെയും അതിലംഘിച്ചു. പക്ഷേ അത്ഭുതകരമെന്ന് പറയട്ടെ, ആ വിചിത്രമായ തെരഞ്ഞെടുപ്പുകളാണ് പ്രേക്ഷകരെ ഞാനുമായി ബന്ധിപ്പിച്ചത്. അതിന് ഞാൻ അതീവ നന്ദിയുള്ളവനാണ്” അദ്ദേഹം കൂട്ടിച്ചേർത്തു.

തന്റെ സിനിമാ തിരഞ്ഞെടുപ്പുകൾ പൂർണ്ണമായും സഹജാവബോധത്താൽ നയിക്കപ്പെടുന്നതാണെന്ന് ആമിർ പറഞ്ഞു. "ഏത് സാമൂഹിക വിഷയമാണ് അടുത്തതായി അഭിസംബോധന ചെയ്യേണ്ടതെന്ന് ചിന്തിച്ചുകൊണ്ട് ഞാൻ ഒരിക്കലും ഒരു സിനിമയും തിരഞ്ഞെടുക്കാറില്ല. എന്നെ ആവേശഭരിതനാക്കുന്ന തിരക്കഥകൾ മാത്രമേ ഞാൻ തിരയാറുള്ളൂ. ഒരു മികച്ച തിരക്കഥ ഒരു സാമൂഹിക സന്ദേശം വഹിക്കുന്നുണ്ടെങ്കിൽ, അത് ഒരു ബോണസ് ആണ് - ആരംഭമല്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.

തന്റെ പല സിനിമകളിലെയും സാമൂഹികപ്രസക്തിയുള്ള പ്രമേയങ്ങളെക്കുറിച്ച് പരാമർശിക്കുമ്പോൾ ആമിർ പറഞ്ഞു, “അവ മനഃപൂർവ്വം ചെയ്തതാണെന്ന് തോന്നിയേക്കാം, പക്ഷേ അങ്ങനെയല്ല. ആ കഥകൾ എന്നിലേക്ക് സ്വാഭാവികമായി എത്തുകയായിരുന്നു. അവയെല്ലാം ഞാൻ സഹജമായി ബന്ധപ്പെടുന്ന തരത്തിലുള്ള ഉള്ളടക്കമായിരുന്നിരിക്കാം, അല്ലെങ്കിൽആ തിരക്കഥകൾ ലഭിക്കാനുള്ള ഭാഗ്യം എനിക്ക് സിദ്ധിച്ചതുമാകാം.”
 
 നാഴികക്കല്ലായി മാറിയ തന്റെ സിനിമകൾക്ക് പിന്നിലെ എഴുത്തുകാരെ അദ്ദേഹം ഹൃദയപൂർവം പ്രശംസിച്ചു: "താരേ സമീൻ പർ, 3 ഇഡിയറ്റ്സ്, ദംഗൽ, ലാപതാ ലേഡീസ് ഏതായാലും, അടിത്തറ പാകിയത് എഴുത്തുകാരാണ്. അവരാണ് പശ്ചാത്തലവും കഥാപാത്രങ്ങളും സൃഷ്ടിച്ചത് - എന്നെ പ്രചോദിപ്പിച്ച തിരക്കഥകളിലേക്ക് ഞാൻ ആകർഷിക്കപ്പെട്ടു ബഹുമുഖ പ്രതിഭയായ നടൻ കൂട്ടിച്ചേർത്തു, " തിരിഞ്ഞുനോക്കുമ്പോൾ, എന്റെ പല സിനിമകളും സാമൂഹിക പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നു,  എന്നാൽ അത് സ്വാഭാവികമായി സംഭവിച്ചതാണ്, മനപ്പൂർവ്വമുള്ള രൂപകൽപ്പനയാൽ  സംഭവിച്ചതല്ല.  

“ഞാൻ ഒരു സമ്പൂർണ്ണചലച്ചിത്ര വ്യക്തിത്വമാണ്, സാമൂഹ്യപ്രവർത്തകനല്ല. എന്റെ പ്രാഥമിക ലക്ഷ്യം എന്റെ പ്രേക്ഷകരെ രസിപ്പിക്കുക എന്നതാണ്" അദ്ദേഹം സത്യസന്ധമായി പറഞ്ഞു.
 


 
ഒരു പ്രധാന വിവരം എന്ന നിലയിൽ, ആമിർ ഖാൻ തന്റെ വരാനിരിക്കുന്ന പ്രോജെക്റ്റുകളെക്കുറിച്ച് വെളിപ്പെടുത്തി. "ലാഹോർ 1947, ഹാപ്പി പട്ടേൽ തുടങ്ങിയവ നിർമ്മിച്ചുകഴിഞ്ഞാൽ, കുറച്ച് മാസങ്ങൾക്കകം എല്ലാ ചിത്രങ്ങളുടെയും ജോലികൾ അവസാനിക്കും. അതിനുശേഷം, നിർമ്മാണത്തിൽ നിന്ന് അഭിനയത്തിലേക്ക് ഞാൻ ശ്രദ്ധ തിരിക്കുകയാണ്."
 
വേദിയിൽ വച്ച് ഒരു പ്രധാന ഘടനാപരിവർത്തനം അദ്ദേഹം പ്രഖ്യാപിച്ചു: "ഇനി മുതൽ, ഞാൻ കേൾക്കുന്ന ഏതൊരു തിരക്കഥയും ഒരു നടൻ എന്ന നിലയിൽ മാത്രമായിരിക്കും കേൾക്കുക. ഇത് ഒരു പ്രധാന മാറ്റമാണ്, പക്ഷേ വീണ്ടും അഭിനയത്തിലേക്ക് എന്നെത്തന്നെ പൂർണ്ണമായും സമർപ്പിക്കാനുള്ള ശരിയായ സമയമാണിത്."

 ഇനിയെന്ത് എന്ന ചോദ്യത്തിന് ആമിർ കൂട്ടിച്ചേർത്തു, "ഞാൻ ഇപ്പോൾ പുതിയ തിരക്കഥകൾ കേൾക്കുന്നുണ്ട്. പലതും എന്നെ ആവേശഭരിതനാക്കിയിട്ടുണ്ട് - പ്രത്യേകിച്ച് രണ്ടോ മൂന്നോ എണ്ണം- പക്ഷേ ഞാൻ ഇപ്പോഴും തിരഞ്ഞെടുക്കൽ പ്രക്രിയയിലാണ്."

“പ്രേക്ഷകരിലെ ഏതെങ്കിലും ചലച്ചിത്ര പ്രവർത്തകർ ഒരു പ്രോജക്റ്റ്  അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവർ എങ്ങനെ സമീപിക്കണം?” എന്ന് ശ്രീ രംഗൻ ചോദിച്ചപ്പോൾ, ആമിർ നേരിട്ട് മറുപടി പറഞ്ഞു:  "അവർക്ക് എന്റെ മാനേജരെ സമീപിച്ച് കഥാവിവരണത്തിനായി സമയം ചോദിക്കാം അല്ലെങ്കിൽ തിരക്കഥ അയയ്ക്കാം. ചിലപ്പോൾ ഞാൻ തിരക്കഥ വായിക്കാൻ ആഗ്രഹിക്കുന്നു, ചിലപ്പോൾ കേൾക്കാൻ ഇഷ്ടമാണ്—രണ്ടു രീതികളും നല്ലതാണ്.”

സ്വന്തം സംവിധാന യാത്രയെക്കുറിച്ചുള്ള പ്രവചനങ്ങൾ നടത്തിയ ശേഷമാണ് ആമിർ ഖാൻ ആവേശം വിതറിയ ആ സംഭാഷണം അവസാനിച്ചത്, "സംവിധാനം എന്റെ വലിയ ഒരു ഇഷ്ടമാണ്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമാണ് ചലച്ചിത്ര നിർമ്മാണം. ഒരിക്കൽ ഞാൻ സംവിധാനം ചെയ്തിരുന്നു, പക്ഷേ അത് ഒരു പ്രതിസന്ധി ഘട്ടത്തിലായിരുന്നു - അതിനാൽ അത്  ആസൂത്രിതമായ ഒരു നീക്കമായി കണക്കാക്കാനാകില്ല.  ഞാൻ ബോധപൂർവ്വം സംവിധാനം ഏറ്റെടുക്കാൻ തീരുമാനിക്കുന്ന ആ ദിവസം, ഞാൻ അഭിനയം നിർത്താൻ സാധ്യതയുണ്ട്, കാരണം അത് എന്നെ പൂർണ്ണമായും വിഴുങ്ങും. അതുകൊണ്ടാണ് ഞാൻ  ആ തീരുമാനം വൈകിപ്പിക്കുന്നത്."
 
സെഷന്റെ അവസാനം വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറി ശ്രീ സഞ്ജയ് ജാജു ആമിറിനെ ആദരിച്ചു.
 
 
SKY
 
****

Great films resonate through passionate voices. Share your love for cinema with #IFFI2025, #AnythingForFilms and #FilmsKeLiyeKuchBhi. Tag us @pib_goa on Instagram, and we'll help spread your passion! For journalists, bloggers, and vloggers wanting to connect with filmmakers for interviews/interactions, reach out to us at iffi.mediadesk@pib.gov.in with the subject line: Take One with PIB.


रिलीज़ आईडी: 2195755   |   Visitor Counter: 8