വെള്ളിത്തിരയിൽ കഥാപാത്രങ്ങളെ തുന്നിച്ചേർക്കുന്നു: IFFI-യിൽ സിനിമാ വസ്ത്രാലങ്കാരത്തിലെ മാന്ത്രികത തുറന്നുകാട്ടി ഏക ലഖാനി
'പൊന്നിയിൻ സെൽവൻ' മുതൽ 'ഓകെ ജാനു' വരെ: വസ്ത്രാലങ്കാരത്തിലെ ഒരു സിനിമാറ്റിക് യാത്ര
വസ്ത്രങ്ങളിലൂടെ നന്ദിനി, താര, റോക്കി എന്നിവരെ ഡീകോഡ് ചെയ്ത് സദസ്സിനെ കയ്യിലെടുത്ത് ഏക
ഗോവയിലെ അന്താരാഷ്ട്ര ചലച്ചിത്രമേള (IFFI) യിലെ 'വസ്ത്രധാരണവും കഥാപാത്ര പരിണാമവും: സിനിമയിലെ അഗ്രഗാമികൾ' എന്ന അഭിമുഖ സെഷൻ വസ്ത്രങ്ങൾ കഥാപാത്രങ്ങളെ അണിയിച്ചൊരുക്കുക മാത്രമല്ല, അവ നിശ്ശബ്ദമായി എങ്ങനെ അവരുടെ കഥകളെ രൂപപ്പെടുത്തുകയും നിയന്ത്രിക്കുകയും ചിലപ്പോൾ തിരുത്തിയെഴുതുകയും ചെയ്യുന്നു എന്നതിനെക്കുറിച്ചുള്ള ഒരു മാസ്റ്റർക്ലാസായി മാറി. പ്രശസ്ത വസ്ത്രാലങ്കാര വിദഗ്ധ ഏക ലഖാനി കേന്ദ്ര സ്ഥാനത്തും ചലച്ചിത്രകാരൻ ജയപ്രദ് ദേശായി സംഭാഷണത്തിന് നേതൃത്വം നൽകുകയും ചെയ്തപ്പോൾ, വസ്ത്രങ്ങൾ സിനിമയുമായി കൂടിച്ചേരുന്ന ലോകത്തേക്ക് ഒരു അപൂർവ 'ബാക്ക്സ്റ്റേജ് പാസ്' സദസ്സിന് ലഭിച്ചു.
"ഒരു കഥാപാത്രം സംസാരിക്കുന്നതിനു മുമ്പേ അവരുടെ വേഷവിധാനം ഒരുപാട് കാര്യങ്ങൾ സംസാരിച്ചിരിക്കും" എന്ന ലളിതമായ സത്യം പറഞ്ഞുകൊണ്ടാണ് ജയപ്രദ് സെഷൻ ആരംഭിച്ചത്. ഏക ലഖാനിയുടെ 15 വർഷത്തെ യാത്രയിലേക്ക് അത് വഴിതുറന്നു. ആഢംബര ഫാഷൻ റൺവേകളിൽ തുടങ്ങി, ഒടുവിൽ സിനിമയുടെ കുഴഞ്ഞുമറിഞ്ഞ ലോകത്തും നിറങ്ങളിലും സർഗ്ഗാത്മക ഭ്രാന്തിലും എത്തിച്ചേർന്ന യാത്രയായിരുന്നു അത്.
മണിരത്നം മാജിക്

മണിരത്നത്തിൻ്റെ 'രാവൺ' എന്ന സിനിമയുടെ സെറ്റിലെ ആദ്യകാലത്തെക്കുറിച്ച് ഏക ഓർമ്മിച്ചു. അന്ന് സബ്യസാചി മുഖർജിയുടെ കീഴിൽ ഇന്റേൺഷിപ്പ് ചെയ്യുകയായിരുന്നു അവർ. "ഫാഷൻ എന്നാൽ മനോഹരമായ വസ്ത്രങ്ങൾ ഉണ്ടാക്കുകയാണെന്നാണ് ഞാൻ കരുതിയിരുന്നത്," അവർ ചിരിച്ചുകൊണ്ട് പറഞ്ഞു, എന്നാൽ സൗന്ദര്യം വികാരത്തിനൊപ്പം ഉണ്ടാകണമെന്ന് 'രാവൺ' എന്നെ പഠിപ്പിച്ചു. ഒരു ഫ്രെയിമിനുള്ളിൽ നിറങ്ങൾ എങ്ങനെ ശ്വാസമെടുക്കുന്നുവെന്നും വസ്ത്രാലങ്കാരം ഒരു വിഭാഗമല്ല, അതൊരു ഭാഷയാണെന്നും സബ്യക്ക് കീഴിൽ അവർ പഠിച്ചു. 'രാവണി'ലെ അവരുടെ പ്രവൃത്തി ഛായാഗ്രാഹകൻ സന്തോഷ് ശിവനെ ആകർഷിച്ചു. അവർക്ക് വെറും 23 വയസ്സുള്ളപ്പോൾ അദ്ദേഹം 'ഉറുമി' എന്ന സിനിമ ചെയ്യാൻ അവസരം നൽകി. "അവിടെ നിന്നാണ് യഥാർത്ഥ യാത്ര ആരംഭിച്ചത്," അവർ പറഞ്ഞു.
പ്രേക്ഷകരെ രസിപ്പിക്കുന്ന തരത്തിൽ, ഏകയുടെ സർഗ്ഗാത്മക പ്രക്രിയ ആരംഭിക്കുന്നത് സംവിധായകനുമായുള്ള നീണ്ട സംഭാഷണങ്ങളിലൂടെയാണ്. തുടർന്ന് തിരക്കഥയെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനം. മണിരത്നത്തെപ്പോലുള്ള ചലച്ചിത്രകാരന്മാരുമായി ചിലപ്പോൾ തിരക്കഥയെഴുത്തിൻ്റെ മധ്യത്തിൽ വെച്ചുതന്നെ സഹകരണം ആരംഭിക്കുമെന്ന് അവർ വെളിപ്പെടുത്തി. "തിരക്കഥാ ഘട്ടത്തിൽത്തന്നെ മണി സർ എന്നെ ഉൾപ്പെടുത്താറുണ്ട്. ഒരു കഥാപാത്രം എങ്ങനെ വസ്ത്രം ധരിക്കുന്നുവെന്ന് ഞാൻ മനസ്സിലാക്കുമ്പോൾ, ആ കഥാപാത്രം എങ്ങനെ പെരുമാറുന്നുവെന്നതിനെക്കുറിച്ച് അദ്ദേഹത്തിന് കൂടുതൽ മനസ്സിലാക്കാൻ കഴിയുന്നു," വസ്ത്രാലങ്കാരം എങ്ങനെ കഥയുടെ തിരഞ്ഞെടുപ്പുകളെ രൂപപ്പെടുത്തുന്നുവെന്ന് അവർ അടിവരയിട്ടു.
"സിനിമ ഒരു കൂട്ടായ പ്രവർത്തനമാണ്," അവർ ഊന്നിപ്പറഞ്ഞു. "ഞാൻ ഏറ്റവും മനോഹരമായ വേഷം ഉണ്ടാക്കാൻ ശ്രമിക്കുന്നില്ല. അഭിനേതാവിനെ കഥാപാത്രത്തിലേക്ക് അനായാസം വഴുതിവീഴാൻ അനുവദിക്കുന്ന, അനുയോജ്യമായ വസ്ത്രം ഉണ്ടാക്കാനാണ് ഞാൻ ശ്രമിക്കുന്നത്." റഫറൻസ് തേടൽ, വിഷ്വൽ ജേണലിംഗ്, വിശദമായ കുറിപ്പുകൾ നിർമ്മിക്കൽ, തൻ്റെ ടീമുമായി ആഴത്തിലുള്ള സഹകരണം എന്നിവയെല്ലാം അവരുടെ രീതിയിൽ ഉൾപ്പെടുന്നു.

പൊന്നിയിൻ സെൽവൻ: തുണിയിൽ എഴുതിയ ചരിത്രം
'പൊന്നിയിൻ സെൽവൻ' എന്ന സിനിമയ്ക്കായി, ഒരു രേഖാചിത്രം പോലും വരയ്ക്കുന്നതിന് മുമ്പ് മണിരത്നം ഏകയെ തഞ്ചാവൂരിലേക്ക് അയച്ചു. ക്ഷേത്രങ്ങളിലെ വെങ്കല പ്രതിമകളിലൂടെയും ശില്പങ്ങളിലൂടെയും ചോളയുഗത്തിൻ്റെ പ്രൗഢി ഏക സ്വാംശീകരിച്ചു. ഈ കാഴ്ചപ്പാടുകളാണ് പിന്നീട് സിനിമയുടെ ദൃശ്യ പ്രപഞ്ചത്തിന് രൂപം നൽകിയത്.
തുടർന്ന് അവർ കഥാപാത്രങ്ങളുടെ രൂപങ്ങൾ വിശദീകരിച്ച്, സെഷനെ ഒരു മിനി ഫിലിം സ്കൂളായി മാറ്റി: നന്ദിനിയെ രൂപകൽപ്പന ചെയ്തത് ആകർഷണത്തിൻ്റെയും ശക്തിയുടെയും ഭാഷയിലൂടെയാണ്, അവരുടെ വസ്ത്രങ്ങൾ ആകർഷണബലത്തെയും നിയന്ത്രണത്തിനായുള്ള ദാഹത്തെയും പ്രതിഫലിപ്പിക്കുന്നു. മറുവശത്ത്, കുന്ദവൈ "അധികാരത്തിൽ ജനിച്ചവൾ" ആയിരുന്നു, അവരുടെ രൂപം ആ അന്തർലീനമായ അധികാരം പ്രതിഫലിപ്പിക്കുന്നു: സംയമനവും അച്ചടക്കവും. ആദിത്യ കരികാലൻ്റെ വർണ്ണങ്ങൾ അദ്ദേഹത്തിൻ്റെ ആന്തരിക അസ്വസ്ഥതകളാൽ നയിക്കപ്പെട്ടു. അദ്ദേഹത്തിൻ്റെ കോപവും വേദനയും വൈകാരിക അസ്വസ്ഥതകളും കറുത്തതും ഇരുണ്ട ചുവന്നതുമായ നിറങ്ങളിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടു. നേരെ വിപരീതമായി, അരുൾമൊഴി വർമ്മനെ ശാന്തനും പ്രിയങ്കരനുമായ നേതാവായിട്ടാണ് വിഭാവനം ചെയ്തത്, ഇത് അദ്ദേഹത്തിൻ്റെ വ്യക്തതയും അനുകമ്പയും നിശ്ശബ്ദമായ ഔന്നത്യവും പ്രകടമാക്കുന്ന ശാന്തമായ ഐവറി, മൃദുവായ സ്വർണ്ണ നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിപ്പിക്കാൻ ഏകയ്ക്ക് പ്രചോദനമായി.

രണ്ട് താരകൾ, രണ്ട് ലോകങ്ങൾ, സഞ്ജുവിൻ്റെ പുനർജന്മം
'ഓകെ കൺമണി', 'ഓകെ ജാനു' എന്നീ ചിത്രങ്ങളിൽ ഒരേ കഥാപാത്രമായ താരയ്ക്ക് വേണ്ടി രണ്ട് തികച്ചും വ്യത്യസ്തമായ വസ്ത്രങ്ങളാണ് വേണ്ടിവന്നതെന്നും ഏക വെളിപ്പെടുത്തി. "തമിഴിൽ, താര പ്രേക്ഷകരുമായി ബന്ധപ്പെടുത്താൻ കഴിയുന്നവളായിരിക്കണം. ഹിന്ദിയിൽ, അവൾ അഭിലഷണീയമായിരിക്കണം," പ്രേക്ഷകരുടെ മനോഭാവം വസ്ത്രാലങ്കാര തിരഞ്ഞെടുപ്പുകളെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് വിശദീകരിച്ചുകൊണ്ട് അവർ പറഞ്ഞു. അവസാന നിമിഷം തലയണ കവറുകൾ ഉപയോഗിച്ച് ശ്രദ്ധാ കപൂറിൻ്റെ ശ്രദ്ധേയമായ 'ഹമ്മ ഹമ്മ' ഷോർട്ട്‌സുകൾ ഉണ്ടാക്കിയ രസകരമായ ഒരു സംഭവവും അവർ പങ്കുവെച്ചു.
'സഞ്ജു'വിനുവേണ്ടി പ്രവർത്തിച്ചപ്പോൾ, ഏക കൂടുതൽ ഗവേഷണാത്മകമായ സമീപനം സ്വീകരിച്ചു, റഫറൻസുകളുമായി ഏകദേശം പൂർണ്ണമായ കൃത്യതയോടെ പൊരുത്തപ്പെടുത്തി. കഥാപാത്രത്തിൻ്റെ രൂപം ഒരുമിച്ചുകൊണ്ടുവരാൻ സഹായിച്ചതിന് മേക്കപ്പ്, ഹെയർ ടീമുകൾ, പ്രൊഡക്ഷൻ ഡിസൈനർമാർ, ഛായാഗ്രാഹകർ (DoP) എന്നിവർക്ക് അവർ നന്ദി പറഞ്ഞു. "ഛായാഗ്രാഹകർ ഒരു കോസ്റ്റ്യൂമറുടെ ഉറ്റ ചങ്ങാതിയാണ്," അവർ പറഞ്ഞു. "ഒരു നിറം സ്ക്രീനിൽ ചതിക്കുമോയെന്ന് അവർക്ക് പറഞ്ഞുതരാൻ കഴിയും."
'റോക്കി ഔർ റാണി കി പ്രേം കഹാനി'യുടെ ഉദാഹരണത്തോടെയാണ് ഏക തൻ്റെ സംഭാഷണം അവസാനിപ്പിച്ചത്. അതിൽ റോക്കിയുടെ വ്യക്തിത്വത്തിൻ്റെ പരിണാമം അദ്ദേഹത്തിൻ്റെ വസ്ത്രധാരണ രീതിയിലെ മാറ്റങ്ങളിലൂടെ പ്രതിഫലിക്കുന്നു. കഥാപാത്രത്തെ വേഷവിധാനം എങ്ങനെ നിർവചിക്കുന്നുവെന്ന് മനസ്സിലാക്കിക്കൊണ്ട് റോക്കിയുടെ രൂപത്തെക്കുറിച്ചുള്ള അവരുടെ വിശദീകരണം സദസ്സ് ആസ്വദിച്ചു. സെഷൻ അവസാനിക്കുമ്പോൾ വസ്ത്രങ്ങൾ കേവലം ദൃശ്യപരമായ അലങ്കാരങ്ങൾക്കപ്പുറം, കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്ന ആഖ്യാന ഉപകരണങ്ങളാണെന്ന് വ്യക്തമായി. ഏക ലഖാനിയുടെ ലോകത്ത്, ഓരോ തുന്നലിനും ലക്ഷ്യമുണ്ട്, ഓരോ നിറത്തിനും അർത്ഥമുണ്ട്.
***
AT
रिलीज़ आईडी:
2195152
| Visitor Counter:
15