മന്ത്രിസഭ
പൂനെ മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്: ഖരാഡി-ഖഡ്ക്വാസലാ (ലൈൻ 4) & നാൽ സ്റ്റോപ്പ്-വാർജെ-മാണിക് ബാഗ് (ലൈൻ 4A) - കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി
Posted On:
26 NOV 2025 4:11PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം പൂനെയിലെ പൊതുഗതാഗത ശൃംഖലയ്ക്ക് ഒരു വലിയ ഉത്തേജനം നൽകിക്കൊണ്ട്, പൂനെ മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാം ഘട്ടത്തിലെ ലൈൻ 4 നും (ഖരാഡി–ഹഡപ്സർ–സ്വാർഗേറ്റ്–ഖഡ്ക്വാസലാ) ലൈൻ 4 എ-യ്ക്കും (നാൽ സ്റ്റോപ്പ്–വാർജെ–മാണിക് ബാഗ്) അംഗീകാരം നൽകി. ലൈൻ 2A-യ്ക്കും (വനസ്–ചാന്ദനി ചൗക്ക്), ലൈൻ 2B-യ്ക്കും (രാംവാഡി–വാഘോളി/വിത്തൽവാഡി) അനുമതി നൽകിയതിന് ശേഷം രണ്ടാം ഘട്ടത്തിൽ അംഗീകാരം ലഭിക്കുന്ന രണ്ടാമത്തെ പ്രധാന പദ്ധതിയാണിത്.
31.636 കിലോമീറ്റർ ദൈർഘ്യമുള്ള 28 എലിവേറ്റഡ് സ്റ്റേഷനുകളുള്ള ലൈൻ 4 ഉം 4A ഉം കിഴക്ക്, തെക്ക്, പടിഞ്ഞാറൻ പൂനെ എന്നിവിടങ്ങളിലെ ഐടി ഹബ്ബുകൾ, വാണിജ്യ മേഖലകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, താമസ മേഖല എന്നിവയെ ബന്ധിപ്പിക്കും. ഇന്ത്യാ ഗവൺമെന്റ്, മഹാരാഷ്ട്ര ഗവൺമെന്റ്, ബാഹ്യ ഉഭയകക്ഷി/ബഹുരാഷ്ട്ര ഫണ്ടിംഗ് ഏജൻസികൾ എന്നിവ സംയുക്തമായി ധനസഹായം നൽകുന്ന 9,857.85 കോടി രൂപ ചെലവിൽ അഞ്ച് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കും.
പൂനെയുടെ സമഗ്ര മൊബിലിറ്റി പ്ലാനിന്റെ (CMP) ഒരു സുപ്രധാന ഭാഗമാണ് ഈ ലൈനുകൾ, കൂടാതെ ഖരാഡി ബൈപാസ് & നാൽ സ്റ്റോപ്പ് (ലൈൻ 2), സ്വാർഗേറ്റ് (ലൈൻ 1) എന്നിവിടങ്ങളിലെ പ്രവർത്തനക്ഷമവും അംഗീകൃതവുമായ ഇടനാഴികളുമായി തടസ്സമില്ലാതെ സംയോജിപ്പിക്കും. ഹഡപ്സർ റെയിൽവേ സ്റ്റേഷനിൽ ഒരു ഇന്റർചേഞ്ച് നൽകുകയും ലോണി കൽഭോർ, സസ്വാദ് റോഡ് എന്നിവിടങ്ങളിലേക്കുള്ള ഭാവി ഇടനാഴികളുമായി ബന്ധിപ്പിക്കുകയും മെട്രോ, റെയിൽ, ബസ് ശൃംഖലകളിലുടനീളം സുഗമമായ ബഹുമാതൃകാ കണക്റ്റിവിറ്റി ഉറപ്പാക്കുകയും ചെയ്യും.
ഖരാഡി ഐടി പാർക്ക് മുതൽ ഖഡ്ക്വാസലയിലെ മനോഹരമായ വിനോദസഞ്ചാര മേഖല വരെയും ഹഡപ്‌സറിന്റെ വ്യാവസായിക കേന്ദ്രങ്ങൾ മുതൽ വാർജെയിലെ താമസ മേഖലകൾ വരെയും ലൈൻ 4 ഉം 4A ഉം വൈവിധ്യമാർന്ന അയൽപ്രദേശങ്ങളെ ഒന്നിപ്പിക്കും. സോളാപൂർ റോഡ്, മഗർപട്ട റോഡ്, സിംഹഗഡ് റോഡ്, കാർവേ റോഡ്, മുംബൈ-ബെംഗളൂരു ഹൈവേ എന്നിവയിലൂടെ കടന്നുപോകുന്ന ഈ പദ്ധതി, പൂനെയിലെ ഏറ്റവും തിരക്കേറിയ പാതകളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുകയും സുരക്ഷ മെച്ചപ്പെടുത്തുകയും ഹരിതവും സുസ്ഥിരവുമായ മൊബിലിറ്റി പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
കണക്കുകൾ പ്രകാരം, ലൈൻ 4, 4A എന്നിവയിൽ ഒരുമിച്ച് പ്രതിദിനം യാത്ര ചെയ്യുന്നവരുടെ എണ്ണം 2028 ൽ 4.09 ലക്ഷമാകുമെന്നും 2038 ൽ ഏകദേശം 7 ലക്ഷമായും 2048 ൽ 9.63 ലക്ഷമായും 2058 ൽ 11.7 ലക്ഷത്തിലധികമായും ഉയരുമെന്നും പ്രതീക്ഷിക്കുന്നു. ഇതിൽ, ഖരാഡി-ഖഡ്ക്വാസലാ ഇടനാഴി 2028 ൽ 3.23 ലക്ഷം യാത്രക്കാരെ ഉൾക്കൊള്ളുകയും 2058 ആകുമ്പോഴേക്കും 9.33 ലക്ഷമായി വളരുകയും ചെയ്യും. അതേസമയം നാൽ സ്റ്റോപ്പ്-വാർജെ-മാണിക് ബാഗ് ദ്വിതീയപാത ഇതേ കാലയളവിൽ 85,555 ൽ നിന്ന് 2.41 ലക്ഷമായി ഉയരും. വരും ദശകങ്ങളിൽ ലൈൻ 4, 4A എന്നിവയിൽ പ്രതീക്ഷിക്കുന്ന യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വളർച്ച ഇവ എടുത്തുകാണിക്കുന്നു.
മഹാരാഷ്ട്ര മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (മഹാ-മെട്രോ) ആയിരിക്കും ഈ പദ്ധതി നടപ്പിലാക്കുക, അവർ എല്ലാ സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, സിസ്റ്റം ജോലികളും നിർവഹിക്കും. ടോപ്പോഗ്രാഫിക്കൽ സർവേകൾ, വിശദമായ ഡിസൈൻ കൺസൾട്ടൻസി തുടങ്ങിയ പൂർവ്വ നിർമാണ പ്രവർത്തനങ്ങൾ ഇതിനകം നടന്നുവരികയാണ്.
ഈ ഏറ്റവും പുതിയ അംഗീകാരത്തോടെ, പൂനെ മെട്രോയുടെ ശൃംഖല 100 കിലോമീറ്റർ എന്ന നാഴികക്കല്ലിനപ്പുറം വികസിക്കും, ആധുനികവും സംയോജിതവും സുസ്ഥിരവുമായ നഗര ഗതാഗത സംവിധാനത്തിലേക്കുള്ള നഗരത്തിന്റെ യാത്രയിലെ ഒരു സുപ്രധാന ചുവടുവയ്പ്പാണിത്.
ലൈൻ 4 ഉം 4A ഉം വരുമ്പോൾ, പൂനെയ്ക്ക് കൂടുതൽ മെട്രോ ട്രാക്കുകൾ ലഭിക്കുക മാത്രമല്ല, വേഗതയേറിയതും ഹരിതവും കൂടുതൽ ബന്ധിതവുമായ ഒരു ഭാവിയും ലഭിക്കും. മണിക്കൂറുകളുടെ യാത്രാ സമയം തിരികെ നൽകുന്നതിനും ഗതാഗത കുഴപ്പങ്ങൾ കുറയ്ക്കുന്നതിനും പൗരന്മാർക്ക് സുരക്ഷിതവും, വിശ്വസനീയവും താങ്ങാനാവുന്നതുമായ ഒരു ബദൽ നൽകുന്നതിനുമായാണ് ഈ ഇടനാഴികൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. വരും വർഷങ്ങളിൽ, അവ പൂനെയുടെ യഥാർത്ഥ ജീവിതരേഖകളായി ഉയർന്നുവരും, നഗര ചലനാത്മകത പുനർനിർമ്മിക്കുകയും നഗരത്തിന്റെ വളർച്ചാ ഗാഥ പുനർനിർവചിക്കുകയും ചെയ്യും.

***
AT
(Release ID: 2194761)
Visitor Counter : 8