രണ്ട് ലോകങ്ങള്‍, ഒരു താളം: ലതാ മങ്കേഷ്‌കറിന്റെ പൈതൃകത്തിന് വിശാല്‍ ഭരദ്വാജും ബി. അജനീഷ് ലോകനാഥും ആദരമര്‍പ്പിച്ചു.
'ദി റിഥംസ് ഓഫ് ഇന്ത്യ: ഫ്രം ദി ഹിമാലയാസ് ടു ദി ഡെക്കാന്‍' എന്ന ശീര്‍ഷകത്തോടെയുള്ള ലതാ മങ്കേഷ്‌കര്‍ സ്മാരക വാര്‍ഷിക പ്രഭാഷണം അനുസ്മരണം, ഈണം, സര്‍ഗ്ഗാത്മക സൃഷ്ടിയുടെ മാന്ത്രികത എന്നിവയെ സംയോജിപ്പിച്ച്, ഉജ്ജ്വലമായ സംഗീതയാത്ര പോലെയാണ് ഐ.എഫ്.എഫ്.ഐയില്‍ അരങ്ങേറിയത്. സംഗീതസംവിധായകരായ വിശാല്‍ ഭരദ്വാജും ബി. അജനീഷ് ലോക്‌നാഥും സംവാദത്തില്‍ പങ്കെടുക്കുകയും നിരൂപകന്‍ സുധീര്‍ ശ്രീനിവാസ് ചര്‍ച്ച നയിക്കുകയും ചെയ്തതോടെ, രണ്ട് വ്യത്യസ്ത സംഗീത മനസ്സുകള്‍ അവരുടെ സൃഷ്ടിപരമായ ലോകം തുറക്കുന്നത് കാണാനുള്ള അപൂര്‍വ അവസരം പ്രേക്ഷകര്‍ക്ക് ലഭിച്ചു.
പ്രഭാഷകരെ അഭിനന്ദിച്ചുകൊണ്ട് ചലച്ചിത്ര നിര്‍മ്മാതാവ് രവി കൊട്ടാരക്കര നടത്തിയ പ്രസംഗത്തോടെയാണ് ഊഷ്മളമായ സായാഹ്നത്തിന് ആരംഭം കുറിച്ചത്. സംഗീതം നമ്മെ ഉയര്‍ത്തുകയും പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യുന്ന ശക്തിയാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. അദ്ദേഹത്തിന്റെ വാക്കുകള്‍ സൗമ്യത പ്രതിഫലിപ്പിക്കുന്നതും, നര്‍മ്മം നിറഞ്ഞതും, സംഗീതാത്മകവുമായ ഒരു സംവാദത്തിലേക്ക് സെഷനെ നയിച്ചു.

ആദരം,സ്വാധീനം, ഐക്കണിക് തീമുകള്‍
സുധീര്‍ സംഭാഷണത്തിന് വശ്യതയാര്‍ന്ന തുടക്കം കുറിച്ചു. അജനീഷ് ''കാന്താരയുടെ സംഗീത സംവിധായകന്‍ മാത്രമല്ല'', അദ്ദേഹത്തിനും വിശാലിനുമിടയില്‍ എന്നെന്നും ''ഇന്ത്യന്‍ സംഗീതത്തിന്റെ ഭൂതവും വര്‍ത്തമാനവും ഭാവിയും ''വിപുലമായ രീതിയില്‍ അടയാളപ്പെട്ടുകിടക്കുന്നുണ്ടെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. തുടര്‍ന്ന് , ഏറെക്കാലമായി പരസ്പര സൃഷ്ടികളെ ആദരിച്ച് വരുന്ന രണ്ട് കലാകാരന്മാര്‍ തമ്മിലുള്ള ഹൃദയ സ്പര്‍ശിയായ സംവാദത്തിലേക്ക് ചര്‍ച്ച നീണ്ടു .
വിശാലാണ് ആദ്യം സംസാരിച്ചത്. 'കാന്താര'യുടെ തീമിനെ 'ഇതുവരെ സൃഷ്ടിക്കപ്പെട്ടതില്‍ ഏറ്റവും മികച്ച സിനിമാ തീമുകളില്‍ ഒന്ന്' എന്ന് വിശേഷിപ്പിച്ച അദ്ദേഹം അതിന്റെ പിന്നിലെ സംഗീതസംവിധായകന്‍ ആരെന്നറിയാന്‍ തന്നെ പ്രേരിപ്പിച്ചുവെന്ന കാര്യം പറഞ്ഞു. നിറഞ്ഞ പുഞ്ചിരിയോടെ അജനീഷ് മറുപടി നല്‍കി: 'മാച്ചിസ് എന്ന ചിത്രത്തിലെ ചപ്പ ചപ്പ,എന്ന ഗാനം കുട്ടിക്കാലം മുതല്‍ തന്നെ സ്വാധീനിച്ചുവെന്നും വിശാലിന്റെ സംഗീതത്തിന്റെ ആ താളാത്മകമായ 'സ്വിംഗ്'തന്റെ സംഗീതത്തെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണ്ണായകമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ആ പാട്ടിലെ കുറച്ചു ഭാഗം അദ്ദേഹം മൂളിയപ്പോള്‍ പ്രേക്ഷകര്‍ ആഹ്ലാദത്തോടെ പ്രതികരിച്ചു..
സംഭാഷണം 'പാനി പാനി രേ'യിലേക്ക് നീങ്ങിയപ്പോള്‍, അവിടെയിരുന്ന പ്രേക്ഷകരുടെ മനസ്സും അവരിലേയ്ക്ക് ചാഞ്ഞു . വെള്ളത്തിന്റെ ശബ്ദവും നദീതീരത്തിന്റെ നിശബ്ദതയും ഗാനത്തിന്റെ ആത്മാവിനെ എങ്ങനെ നിര്‍വചിച്ചുവെന്ന് വിശാല്‍ വിവരിച്ചു. ലതാ മങ്കേഷ്‌കറുടെ സഹജമായ പൂര്‍ണത അദ്ദേഹം ഓര്‍ത്തെടുത്തു. ഓരോ നോട്ടും അവര്‍ എങ്ങനെയാണ് ഓര്‍ത്തുവച്ച് ഒറ്റ ടേക്കില്‍ പാടിയത് , വെള്ളത്തിന്റെ ഒഴുക്കിനെ പ്രതിഫലിപ്പിക്കുന്നതിനായി ഈണത്തില്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചത് തുടങ്ങിയ ഓര്‍മകള്‍ അദ്ദേഹം പങ്കിട്ടു . 'അവര്‍ ഒരു ഗായിക മാത്രമായിരുന്നില്ല; സംഗീത സംവിധായിക കൂടിയായിരുന്നു.'വിശാല്‍ വ്യക്തമാക്കി .

സംഗീത സംവിധായകന്റെ മനസ്സിന്റെ ആഴങ്ങള്‍.
തുടര്‍ന്ന് അജനീഷ് തന്റെ സംഗീതത്തിന്റെ പ്രത്യേകതകള്‍ പങ്കുവെച്ചു. 'അയ്യയ്യോ', 'അബ്ബബ്ബ' തുടങ്ങിയ ആവിഷ്‌കാരാത്മകമായ അക്ഷരങ്ങള്‍ പലപ്പോഴും തന്റെ ഈണങ്ങളില്‍ ഇടംപിടിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം ചിരിയോടെ കൂട്ടിച്ചേര്‍ത്തു, സംവിധായകര്‍ അത്തരം സ്വരങ്ങള്‍ നിലനിര്‍ത്താന്‍ അധികം ആവശ്യപ്പെടാറുണ്ട്. റിലീസിനു 20 ദിവസം മുന്‍പ് 'വരാഹരൂപം' സൃഷ്ടിക്കുന്ന അവസാന ദിവസങ്ങളിലെ സമ്മര്‍ദ്ദ കഥ പ്രേക്ഷകരില്‍ രസകരമായ പ്രതികരണങ്ങള്‍ സൃഷ്ടിച്ചു.
സംഗീതജ്ഞര്‍ പലപ്പോഴും സര്‍ഗ്ഗാത്മകതയില്‍ ആത്മീയ ശക്തിയെക്കുറിച്ച് സംസാരിക്കുന്നത് എന്തുകൊണ്ടാണെന്ന് സുധീര്‍ ചോദിച്ചപ്പോള്‍ പ്രസംഗം ഒരു ദാര്‍ശനിക വഴിത്തിരിവായി. വിശാല്‍ അതിന് വ്യക്തവും സവിശേഷവുമായ മറുപടി നല്‍കി: 'നിശബ്ദതയോട് ഏറ്റവും അടുത്ത് എത്തുന്നത് സംഗീതമാണ്.' ഒരു രാഗത്തിന്റെ നിഗൂഢവും പവിത്രവുമായ വരവിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു, അത് 'മറ്റെവിടെ നിന്നോ' വരുന്നതാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. താന്‍ എങ്ങനെയാണ് സൃഷ്ടിപരമായ അവസ്ഥയിലേക്ക് പ്രവേശിക്കുന്നതെന്ന് തനിക്ക് ഒരിക്കലും പൂര്‍ണ്ണമായി മനസ്സിലായിട്ടില്ലെന്നും 'കാന്താര'യ്ക്ക് സ്വന്തം പേരില്‍ ക്രെഡിറ്റ് നല്‍കിയിട്ടില്ലെന്നും പറഞ്ഞു.

ഭാഷ, നാടോടി പാരമ്പര്യങ്ങള്‍, ഇന്ത്യയുടെ ശബ്ദഭൂമികകള്‍.
തുടര്‍ന്ന്, സെഷനില്‍ ഭാഷയും സംഗീതവും തമ്മിലുള്ള സങ്കീര്‍ണ്ണമായ പാരസ്പര്യം പരിശോധിക്കപ്പെട്ടു . സാംസ്‌കാരിക സൂക്ഷ്മതയില്‍ വേരൂന്നിയ മറ്റ് ഗാനങ്ങള്‍ എല്ലായ്‌പ്പോഴും ഒരേ രീതിയില്‍ സഞ്ചരിക്കാത്തപ്പോള്‍, 'കര്‍മ' ഗാനം എങ്ങനെ സാര്‍വത്രികമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അജനീഷ് വിശദീകരിച്ചു. എന്നാല്‍ സാംസ്‌കാരിക സൂക്ഷ്മതകളില്‍ അടിഞ്ഞിരിക്കുന്ന മറ്റ് ഗാനങ്ങള്‍ എല്ലായ്‌പ്പോഴും അതുപോലെ വ്യാപകമായി എത്തുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. വിശാല്‍ , മലയാളത്തിലെ തന്റെ അനുഭവങ്ങള്‍ ഓര്‍ത്തെടുത്തു . എം.ടി. വാസുദേവന്‍ നായരും ഒ.എന്‍.വി. കുറുപ്പുമായി പ്രവര്‍ത്തിച്ച അനുഭവങ്ങളും, പൂര്‍ണ്ണമായി അറിയാത്ത ഭാഷയില്‍ സംഗീതം രചിക്കുന്നതിന്റെ രസകരമായ വെല്ലുവിളികളും അദ്ദേഹം പങ്കുവെച്ചു.
നാടോടി സംഗീതത്തിന്റെ സവിശേഷതയിലേക്ക് തുടര്‍ന്ന് ചര്‍ച്ച കടന്നു . നാടോടി സംഗീതത്തെ 'നിഷ്‌കളങ്കതയില്‍ നിന്ന് ജനിച്ചത്' എന്ന് അജനീഷ് വിശേഷിപ്പിച്ചു. 'കാന്താര' അതിന്റെ ക്ലൈമാക്‌സ് സംയോജനം വരെ പൂര്‍ണ്ണമായും ഗോത്ര ഉപകരണങ്ങളെ ആശ്രയിച്ചാണ് നിര്‍വഹിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു. വ്യത്യസ്തമായ ധോള്‍ പാറ്റേണുകള്‍ വഴി ആശയവിനിമയം നടത്തുന്ന കൊറഗ സമൂഹങ്ങളുടെ ഉദാഹരണത്തിലൂടെ അദ്ദേഹം ഇന്ത്യയുടെ താളാത്മക വൈവിധ്യം ചിത്രീകരിച്ചു. ഇന്ത്യയില്‍ 'നിരവധി സംസ്‌കാരങ്ങള്‍' ഉണ്ടെന്നും, ഓരോന്നിനും അതിന്റേതായ ഭാഷാഭേദങ്ങള്‍, ഘടനകള്‍, നാടോടി പാരമ്പര്യങ്ങള്‍, സംഗീത ശൈലികള്‍ എന്നിവയുണ്ടെന്നും വിശാല്‍ വ്യക്തമാക്കി
സംഗീതത്തിന്റെ ഭാവി: നിര്‍മ്മിതബുദ്ധി , വരികള്‍, കഥപറച്ചില്‍.
ചോദ്യോത്തരങ്ങള്‍ക്കായി സെഷന്‍ വഴിമാറിയപ്പോള്‍ വരികളില്‍ നിന്നും കഥപറച്ചിലില്‍ നിന്നും എ ഐ യിലേക്കും സംഗീതത്തിന്റെ ഭാവിയിലേക്കും വരെ ചര്‍ച്ചകള്‍ ഒഴുകിയെത്തി. ചില സന്ദര്‍ഭങ്ങളില്‍ എ ഐ സഹായിച്ചേക്കാമെന്ന് അജനീഷ് പറഞ്ഞു, അതേസമയം സാങ്കേതികവിദ്യയെ ഭയപ്പെടേണ്ടതില്ലെന്ന് വിശാല്‍ സദസ്സിനെ ഓര്‍മ്മിപ്പിച്ചു: 'എന്ത് ഉപയോഗിക്കണമെന്നും എന്ത് ഉപേക്ഷിക്കണമെന്നും നമ്മള്‍ പഠിക്കും.'അദ്ദേഹം പറഞ്ഞു .
ഒടുവില്‍, ലതാമങ്കേഷ്‌കര്‍ സ്മാരക വാര്‍ഷിക പ്രഭാഷണം ഇന്ത്യയുടെ നൈറ്റിംഗേളിനെ ആദരിക്കുക മാത്രമല്ല ഉണ്ടായത്; ക്ലാസിക്കല്‍ സംഗീതം മുതല്‍ നാടോടി സംഗീതം വരെയും, വ്യക്തിഗത ഓര്‍മ്മകള്‍ മുതല്‍ ആത്മീയ ചിന്തകള്‍ വരെയും ഉള്‍ക്കൊള്ളുകയും അതിലൂടെ കടന്ന് ഇന്ത്യന്‍ സംഗീതത്തിന്റെ വിശാലമായ ഭൂമികയെ അടയാളപ്പെടുത്തുകയാണ് ഉണ്ടായത്. സര്‍ഗ്ഗാത്മകതയെ അതിന്റെ ഏറ്റവും പൂര്‍ണമായ രൂപത്തില്‍ കാണാന്‍ പ്രേക്ഷകര്‍ക്ക് ഇത് അവസരം ഒരുക്കി . പരിപാടി പേരില്‍ മാത്രമല്ല, ആത്മാവിലും ഒരു ആദരവായിരുന്നു; ഇന്ത്യന്‍ സംഗീത സങ്കല്‍പ്പത്തെ അടയാളപ്പെടുത്തുന്ന താളം, സംസ്‌കാരം, ഓര്‍മ്മ, ഈണം എന്നിവയുടെ അനന്തമായ ആഘോഷം.
****
Release ID:
2194641
| Visitor Counter:
6