നീൽഗിരീസ്', 'മു. പോ. ബോംബിൽവാഡി', 'സിക്കാർ' എന്നീ ചിത്രങ്ങൾ ശ്രദ്ധാകേന്ദ്രമാകുന്നു; IFFI യിൽ അനാവൃതമായത് മൂന്ന് സിനിമാ ലോകങ്ങൾ
ഗോവയിൽ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ (IFFI) ഇന്ന് വൈവിധ്യമാർന്ന പ്രമേയങ്ങളും സംസ്കാരങ്ങളും ഒത്തുചേരുന്ന വേദിക്ക് സാക്ഷ്യം വഹിച്ചു. 'നീൽഗിരീസ്: എ ഷെയേർഡ് വൈൽഡർനെസ്', 'മുക്കം പോസ്റ്റ് ബോംബിൽവാഡി', 'സിക്കാർ' എന്നീ മൂന്ന് ശ്രദ്ധേയമായ ചിത്രങ്ങളുടെ അണിയറപ്രവർത്തകർ ഒത്തുചേർന്നപ്പോൾ അതൊരു ഊഷ്മളമായ അനുഭവമായി മാറി. വൈകാരികതയും തമാശകളും നിറഞ്ഞ പത്രസമ്മേളനത്തിൽ, തങ്ങളുടെ സിനിമകളിലെ വൈവിധ്യമാർന്ന പ്രമേയങ്ങളെക്കുറിച്ച് അവർ സംസാരിച്ചു.
'സിക്കാർ': ഒരു ആദരം, ഒരു യാത്ര, അസമിൽ നിന്നുള്ള ആദ്യ ചുവടുവെപ്പ്
'സിക്കാർ' സിനിമയുടെ സംവിധായകൻ ദെബങ്കർ ബൊർഗോഹെയ്ൻ, ചിത്രത്തിലെ നായകനും സംഗീതജ്ഞനുമായ സുബീൻ ഗാർഗിനെ വികാരാധീനനായി സ്മരിച്ചുകൊണ്ടാണ് സെഷൻ ആരംഭിച്ചത്. രണ്ട് പതിറ്റാണ്ടോളം നീണ്ട സൗഹൃദത്തെക്കുറിച്ച് സംസാരിച്ച ദെബങ്കർ, സംഗീതത്തിന് വേണ്ടിയാണ് താൻ ആദ്യം സുബീനെ സമീപിച്ചതെന്ന് പറഞ്ഞു. "കഥ കേട്ടപ്പോൾ അദ്ദേഹം അഭിനയിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു," . "ഇത് അദ്ദേഹത്തിൻ്റെ അവസാന ചിത്രമാണ്. അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞിട്ട് 64 ദിവസങ്ങളായി. ഇന്ന് ഇവിടെ ഉണ്ടായിരുന്നെങ്കിൽ അദ്ദേഹം ഏറെ സന്തോഷിക്കുമായിരുന്നു."ദെബങ്കർ പറഞ്ഞു.
വിദേശത്ത്, പ്രത്യേകിച്ച് ലണ്ടനിൽ 70 ശതമാനത്തോളം ചിത്രീകരിച്ച ആദ്യ അസമീസ് ചിത്രമാണ് 'സിക്കാർ'. അണിയറപ്രവർത്തകർക്ക് യാത്ര ചെയ്യാൻ കഴിയാതിരുന്നതിനാൽ, ഗുവാഹത്തിയിൽ കൊതുകുവലയ്ക്കുള്ളിലിരുന്ന് ലൈവ് സ്ട്രീമിംഗിലൂടെയാണ് താൻ ഷൂട്ടിംഗ് നിയന്ത്രിച്ചതെന്ന് സംവിധായകൻ പറഞ്ഞപ്പോൾ സദസ്സിൽ ചിരി പടർന്നു.
ഐഎഫ്എഫ്ഐയിൽ ലഭിച്ച മികച്ച പ്രതികരണത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. "ഹൗസ്ഫുൾ ഷോകളും രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരുടെ അഭിനന്ദനങ്ങളും കാണുമ്പോൾ സന്തോഷമുണ്ട്. കരുത്തും അന്തസ്സുമുള്ള യഥാർത്ഥ അസമിനെ കാണിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്," അദ്ദേഹം കൂട്ടിച്ചേർത്തു.
'നീൽഗിരീസ്: എ ഷെയേർഡ് വൈൽഡർനെസ്' - ജീവസ്സുറ്റ ജൈവവ്യവസ്ഥയുടെ നേർക്കാഴ്ച.
'സിക്കാർ' വൈകാരികമായ ഒരനുഭവമാണ് നൽകിയതെങ്കിൽ, 'നീൽഗിരീസ് – എ ഷെയേർഡ് വൈൽഡർനെസ്' എന്ന ചിത്രത്തിൻ്റെ അണിയറക്കാർ വിസ്മയമാണ് സമ്മാനിച്ചത്. 8കെ, 12കെ സാങ്കേതികവിദ്യയിൽ വന്യജീവി ഡോക്യുമെൻ്ററി ചിത്രീകരിക്കുന്നതിലെ ക്ഷമയെയും വെല്ലുവിളികളെയും കുറിച്ച് അസോസിയേറ്റ് പ്രൊഡ്യൂസർ അദർശ് എൻ.സി സംസാരിച്ചു. "വന്യമൃഗങ്ങളാണ് ഞങ്ങളുടെ സിനിമയിലെ താരങ്ങൾ. അവർ കൃത്യസമയത്ത് വരില്ല, റീടേക്കുകളില്ല," അദ്ദേഹം പറഞ്ഞു. ചിലപ്പോൾ ഒരു ഷോട്ടിനായി മൂന്ന് മാസം വരെ കാത്തിരിക്കേണ്ടി വന്നിട്ടുണ്ട്. സഹവർത്തിത്വത്തെക്കുറിച്ചാണ് ചിത്രം സംസാരിക്കുന്നത്. നമ്മുടെ വീട്ടുമുറ്റത്ത് വന്യജീവികളുമായി എങ്ങനെ പെരുമാറുന്നു എന്ന് ചിത്രം കാണിച്ചുതരുന്നു.

'മുക്കം പോസ്റ്റ് ബോംബിൽവാഡി': കൊളോണിയൽ കാലഘട്ടത്തിലെ ആക്സ്മികതകളും ഹാസ്യവും.
അന്തരീക്ഷത്തിന് പെട്ടെന്നൊരു മാറ്റം വരുത്തിക്കൊണ്ട്, ചരിത്രവും തമാശയും ഇടകലർത്തി 'മുക്കം പോസ്റ്റ് ബോംബിൽവാഡി'യുടെ അണിയറപ്രവർത്തകർ സദസ്സിനെ കൈയിലെടുത്തു. തങ്ങളുടെ നാടകത്തെ സിനിമയാക്കിയതിലെ വെല്ലുവിളികളെക്കുറിച്ച് സംവിധായകൻ പരേഷ് മൊകാഷിയും നിർമ്മാതാവ് ഭാരത് ഷിറ്റോളും സംസാരിച്ചു. 1942-ലെ സ്വാതന്ത്ര്യസമരത്തിൻ്റെയും രണ്ടാം ലോകമഹായുദ്ധത്തിൻ്റെയും പശ്ചാത്തലത്തിൽ ഒരു തീരദേശ മഹാരാഷ്ട്ര ഗ്രാമത്തിൽ നടക്കുന്ന കഥയാണിത്.
"ദാരിദ്ര്യം പോലുള്ള ഗൗരവമേറിയ വിഷയങ്ങളിൽ പോലും മികച്ച കോമഡികൾ ഉണ്ടായിട്ടുണ്ട്. തമാശ സത്യത്തെ ലഘൂകരിക്കുകയല്ല, മറിച്ച് പലപ്പോഴും അതിനെ കൂടുതൽ വ്യക്തമാക്കുകയാണ് ചെയ്യുന്നത്." ഇത്ര ഗൗരവമേറിയ പശ്ചാത്തലത്തിൽ തമാശ കൊണ്ടുവരുന്നതിനെക്കുറിച്ച് പരേഷ് പറഞ്ഞു.
നീലഗിരിയുടെ പരിശുദ്ധമായ ആവാസവ്യവസ്ഥ മുതൽ ബോംബിൽവാഡിയിലെ തമാശകളും അസമീസ് ജീവിതത്തിൻ്റെ വൈകാരിക തലങ്ങളും വരെ, ഇന്ത്യയുടെ സിനിമാ വൈവിധ്യത്തിൻ്റെ വിശാലമായ കാഴ്ചയായിരുന്നു ഈ പത്രസമ്മേളനം, ഓരോ കഥയ്ക്കും പ്രദേശത്തിനും.
SKY
*****
Release ID:
2194591
| Visitor Counter:
5