ബോളിവുഡ് ഇതിഹാസ നടൻ ധർമ്മേന്ദ്രയ്ക്ക് ഐഎഫ്എഫ്ഐ 2025 ഹൃദയംഗമമായ ശ്രദ്ധാഞ്ജലി അർപ്പിച്ചു
ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളും ആസ്വാദകഹൃദയങ്ങളിൽ വേരുറച്ച പ്രതിഭയുമായ ശ്രീ ധർമേന്ദ്ര, 2025 നവംബര്‍ 24, തിങ്കളാഴ്ച ഈ ലോകത്തോട് വിട പറഞ്ഞു. ഇന്ത്യൻ സിനിമയുടെ ഈ തീരാനഷ്ടത്തിൽ 56-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള (IFFI) രാജ്യത്തോടൊപ്പം അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും ഇതിഹാസ നടന് ഹൃദയസ്പർശിയായ ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു.

അഭ്രപാളികളിലെ ഏറ്റവും തിളക്കമാർന്ന താരങ്ങളിലൊരാളായ ശ്രീ ധർമ്മേന്ദ്രയുമായുള്ള തന്റെ അനുഭവങ്ങൾ പങ്കിട്ടുകൊണ്ടാണ് പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് രാഹുൽ റവൈൽ തന്റെ അനുസ്മരണ പ്രഭാഷണം ആരംഭിച്ചത്. കാലയവനികയ്ക്കുള്ളിൽ മറഞ്ഞ ധർമ്മേന്ദ്രയുടെ അസാധാരണമായ ജീവിതം ആഘോഷിക്കണമെന്നും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ തീരാനഷ്ടത്തെ ഉൾക്കൊള്ളുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. "അദ്ദേഹം ഒരു അതുല്യനായ നടനും അസാധാരണ മനുഷ്യനുമായിരുന്നു," ശ്രീ റവൈൽ പറഞ്ഞു.
രാജ് കപൂറിന്റെ മേരാ നാം ജോക്കറിൽ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന കാലത്തെ തന്റെ അനുഭവങ്ങൾ അനുസ്മരിച്ചുകൊണ്ട്, അന്തരിച്ച ശ്രീ ധർമ്മേന്ദ്ര എങ്ങനെയാണ് ട്രപ്പീസ് ആർട്ടിസ്റ്റ് മഹേന്ദ്ര കുമാറിനെ സമാനതകളില്ലാതെ അവതരിപ്പിച്ചതെന്ന് ശ്രീ റവൈൽ ഓർത്തെടുത്തു. ഒരു മാസക്കാലം എല്ലാ ദിവസവും വൈകുന്നേരം ഡൽഹിയിലേക്ക് വിമാനത്തിൽ യാത്ര ചെയ്ത നടൻ, പുലർച്ചെ 5 മണി വരെ ഷൂട്ട് ചെയ്ത ശേഷം, ആദ്മി ഔർ ഇൻസാൻ എന്ന സിനിമയുടെ ഷൂട്ടിംഗ് തുടരാൻ വേണ്ടി മുംബൈയിലേക്ക് മടങ്ങിയ കാര്യം അദ്ദേഹം വിവരിച്ചു. ഈ കടുത്ത ഷെഡ്യൂൾ ഒരു ദിവസം പോലും വിട്ടുപോകാതെ തുടർന്ന സംഭവവും റവൈൽ ഓർമ്മിച്ചു.
ശ്രീ ധർമ്മേന്ദ്രയുടെ മകൻ സണ്ണി ഡിയോൾ ആദ്യമായി അഭിനയിച്ച 'ബേതാബ്' (1983) എന്ന സിനിമയുടെ ചിത്രീകരണത്തെക്കുറിച്ചും രാഹുൽ റവൈൽ ഓർത്തെടുത്തു. കശ്മീരിൽ ചിത്രീകരണം നടക്കുമ്പോൾ, ശ്രീ ധർമ്മേന്ദ്രയെ ഒരു നോക്കു കാണാൻ വേണ്ടി മാത്രം ധാരാളം ആളുകൾ തടിച്ചുകൂടുമായിരുന്നു. സിനിമ പുറത്തിറങ്ങിയതിനുശേഷം, ബാന്ദ്ര വെസ്റ്റിലെ ഗെയ്റ്റി സിനിമയിൽ ദിവസങ്ങളോളം എല്ലാ വൈകുന്നേരവും അദ്ദേഹം, തന്റെ മകന്റെ അരങ്ങേറ്റ ചിത്രം കാണാൻ എത്തുമായിരുന്നു. തുടർന്ന് എല്ലാ ദിവസവും ആദ്യമായി സിനിമ കാണുന്ന ഒരാളുടെ അതേ ആവേശത്തോടെ സംവിധായകനായ തന്റെ വീട് സന്ദർശിച്ച് സിനിമയെക്കുറിച്ച് ചർച്ച ചെയ്തിരുന്ന കാര്യവും ശ്രീ റവൈൽ പങ്കുവച്ചു . ഇതിഹാസ നടന്റെ മക്കൾ അദ്ദേഹത്തിന്റെ 'മഹത്തായ പാരമ്പര്യം' തുടർന്നും മുന്നോട്ട് കൊണ്ടുപോകുന്നുണ്ടെന്നും റവൈൽ അഭിമാനത്തോടെ പറഞ്ഞു.
"ആളുകൾക്ക് ഒരുപാട് സന്തോഷം നൽകിയ ഒരു വ്യക്തിയായിരുന്നു ധരം ജി", റവൈൽ വൈകാരികമായി പറഞ്ഞു. തുടർന്ന്, അദ്ദേഹം ഒരു ദില്ലി പോലീസ് ഉദ്യോഗസ്ഥന്റെ അനുഭവവും പങ്കുവെച്ചു. ഈ ഉദ്യോഗസ്ഥൻ ഏറെ കാലമായി ധർമേന്ദ്രയെ നേരിൽ കാണാനും, അദ്ദേഹത്തിന്റെ കാലുകൾ സ്പർശിക്കാനുമുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ നിര്യാണവാർത്ത അറിഞ്ഞപ്പോൾ ആ ഉദ്യോഗസ്ഥൻ ആകെ തകർന്നുപോയി. തുടർന്ന് അയാൾ റവൈലിനെ വിളിക്കുകയും തന്റെ അനുശോചനം അറിയിക്കാൻ സണ്ണി ഡിയോളിനെ കാണണമെന്ന ആഗ്രഹം പങ്കുവെക്കുകയും ചെയ്തു. "ഇതാണ് ധരം ജിയുടെ മഹത്വം," റാവൈൽ എടുത്തുപറഞ്ഞു.
ശ്രി ധർമേന്ദ്ര കരിയറിലുടനീളം തനിക്കു കരുതലും പിന്തുണയും നൽകിയ പിതൃസ്ഥാനീയനായിരുന്നെന്ന് രാഹുൽ റാവൈൽ വ്യക്തമാക്കി. അതോടൊപ്പം, അദ്ദേഹം ഒരു അതുല്യ നിർമ്മാതാവുമായിരുന്നുവെന്ന കാര്യവും റവൈൽ അനുസ്മരിച്ചു.
"നമുക്ക് ഒരു മഹാനായ മനുഷ്യനെ നഷ്ടപ്പെട്ടു. ധർമ്മേന്ദ്രജിയെപ്പോലുള്ള ഐക്കണുകളുടെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് നമ്മുടെ ഭാഗ്യമാണ്. "തന്റെ അനുസ്മരണ പ്രസംഗം അവസാനിപ്പിക്കുന്നതിന് മുന്നോടിയായി റവൈൽ പറഞ്ഞു. കാലാതീതമായ താരത്തെ ആദരിക്കുന്നതിനായി ഒരു പ്രത്യേക അനുസ്മരണ പരിപാടി സംഘടിപ്പിച്ചതിന് ഐഎഫ്എഫ്ഐ സംഘാടകരോട് അദ്ദേഹം നന്ദി പറഞ്ഞു.
മഹത്ത്വമാർന്ന വ്യക്തിത്വം, പ്രിയപ്പെട്ട കലാകാരൻ, അതുല്യ സ്‌നേഹത്തിന്റെ മൂർത്തീഭാവം- യശശ്ശരീരനായ ധർമ്മേന്ദ്രയുടെ പാരമ്പര്യം ഇന്ത്യൻ സിനിമയുടെ ഹൃദയത്തിൽ എന്നെന്നും മായാതെ നിലകൊള്ളും.
****
റിലീസ് ഐ.ഡി:
2194303
| Visitor Counter:
10
ഈ റിലീസ് വായിക്കുക:
English
,
Konkani
,
Gujarati
,
Manipuri
,
Khasi
,
Urdu
,
हिन्दी
,
Marathi
,
Assamese
,
Odia
,
Tamil
,
Telugu
,
Kannada