iffi banner

രണ്ട് സിനിമകൾ, ഒറ്റ ഹൃദയമിടിപ്പ്: IFFI 2025 വാർത്ത സമ്മേളനത്തിൽ 'ഫ്രാങ്ക്', 'ലിറ്റിൽ ട്രബിൾ ഗേൾസ്' എന്നിവയുടെ നിർമ്മാതാക്കൾ സ്വത്വവും പ്രതീക്ഷയും പര്യവേക്ഷണം ചെയ്തു

ഗോവയുടെ കടൽക്കാറ്റ് വീശുകയും നക്ഷത്രങ്ങളെ പോലെ ക്യാമറകൾ തിളങ്ങുകയും ചെയ്യുന്ന IFFI യിൽ ഇന്ന് ഫ്രാങ്ക്, ലിറ്റിൽ ട്രബിൾ ഗേൾസ് എന്നീ ചിത്രങ്ങൾ പ്രസ് ഹാളിനെ വികാരത്തിന്റെയും പ്രതിഫലനത്തിന്റെയും നർമ്മത്തിന്റെയും കേവല ചലച്ചിത്ര അനുഭവത്തിന്റെയും ഒരു സജീവ ഇടമാക്കി മാറ്റി.

നിർമ്മാതാക്കളായ ഇവോ ഫെൽറ്റ് (ഫ്രാങ്ക്), മിഹെക് ചെർനെക് (ലിറ്റിൽ ട്രബിൾ ഗേൾസ്) എന്നിവർ അവർ സൂക്ഷ്മതയോടെ സൃഷ്ടിച്ച ചലച്ചിത്ര ലോകങ്ങളുടെ ആഴത്തിലേക്ക് പ്രേക്ഷകരെ ആകർഷിച്ചു. ഇവയിൽ ഒന്ന് അസംസ്കൃതവും അചഞ്ചലവും, മറ്റൊന്ന് കാവ്യാത്മകവും മാനസികമായി വേട്ടയാടുന്നതുമാണ്. എങ്കിലും രണ്ടും വേദന, സ്വയം കണ്ടെത്തൽ, ധൈര്യം, മാനുഷിക ബന്ധം എന്നിവയുടെ സാർവത്രിക ആശയങ്ങളെ മുന്നോട്ടുവയ്ക്കുന്നു.

 

ഫ്രാങ്ക്: വേദന, പ്രതീക്ഷ, മാനുഷിക ബന്ധം എന്നിവയിൽ നിന്ന് കൊത്തിയെടുത്ത ഒരു കഥ

ഗാർഹിക പീഡനത്താൽ വലഞ്ഞുപോയ, അപരിചിതമായ ഒരു പട്ടണത്തിലേക്ക് ഏത്തപ്പെടുന്ന 13 വയസ്സുള്ള പോളിന്റെ കഥയാണ് 'ഫ്രാങ്ക്'. അവിടെ അവന്റെ ജീവിതം പ്രതിസന്ധി നേരിടുന്നു. ജീവിതത്തിൽ നടത്തുന്ന ഓരോ തിരഞ്ഞെടുപ്പും കുട്ടിയെ കൂടുതൽ കുഴപ്പങ്ങളിലേക്ക് തള്ളിവിടുന്നതായി തോന്നുന്നു. എന്നാൽ അപരിചിതനും ഭിന്നശേഷി ഉള്ളതുമായ മനുഷ്യൻ അവന്റെ ജീവിതത്തിന് നങ്കൂരമായി മാറുന്നു.

 

 

നിർമ്മാതാവ് ഇവോ ഫെൽറ്റ് സിനിമയുടെ വൈകാരിക ഉത്ഭവത്തെക്കുറിച്ച് ആത്മാർത്ഥമായി പ്രതികരിച്ചു, "ആ ആശയം ഇരുപത് വർഷത്തോളം എന്റെ ഉള്ളിൽ ഒരു നിഴൽ പോലെ, ഒരു ഓർമ്മ പോലെ നിലനിന്നു. ഒരു ദിവസം അത് നിശബ്ദത ഭേദിച്ച് പുറത്തുവന്നു. അപ്പോഴാണ് ഫ്രാങ്ക് ജനിച്ചത്."

അദൃശ്യമായ വേദനകൾ പേറുന്ന കുട്ടികൾക്ക് എന്ത് സംഭവിക്കുന്നു എന്നതിന്റെ നിശബ്ദ പര്യവേക്ഷണമായിട്ടാണ് അദ്ദേഹം ചിത്രത്തെ വിശേഷിപ്പിച്ചത്. എസ്റ്റോണിയ പോലുള്ള ഒരു ചെറിയ രാജ്യത്ത് ചലച്ചിത്രനിർമ്മാണത്തിന്റെ വെല്ലുവിളികളെക്കുറിച്ച് സംസാരിക്കുമ്പോൾ ഫെൽറ്റ് തന്റെ നർമ്മം കൊണ്ട് പ്രേക്ഷകരെ ചിരിപ്പിച്ചു. "ഞങ്ങൾ ധനസഹായത്തിനായി പോരാടുക മാത്രമല്ല, ഒരു ഒളിമ്പിക് കായിക വിനോദം പോലെ അതിനെ പിന്തുടർന്നു! നികുതിദായകരുടെ പിന്തുണയില്ലാതെ, ഫ്രാങ്ക് പോലുള്ള ഒരു സിനിമ സംഭവിക്കില്ല," അദ്ദേഹം പറഞ്ഞു

അത്തരം കഥകൾ അഭിനേതാക്കളിലും അണിയറപ്രവർത്തകരിലും ഉളവാക്കുന്ന പരിവർത്തനത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, "ഒരു സിനിമ നിങ്ങളെ മാറ്റുന്നു. അത് നിങ്ങളുടെ ജീവിതമായി മാറുന്നു. നിങ്ങൾ വിശ്വസിക്കുന്നതിനെ അത് രൂപപ്പെടുത്തുന്നു" എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഗായകസംഘത്തിന്റെ  സംഗീത കുറിപ്പുകൾ മുതൽ ധൈര്യം വരെ: ലിറ്റിൽ ട്രബിൾ ഗേൾസ് പ്രതീക്ഷയ്ക്കും സ്വത്വത്തിനും ഇടയിലുള്ള പോരാട്ടം പര്യവേക്ഷണം ചെയ്യുന്നു

ഒരു കോൺവെന്റിൽ ഒരു വാരാന്ത്യ ഗായകസംഘം ഒത്തുകൂടുന്ന പശ്ചാത്തലത്തിൽ, നടക്കുന്ന കഥയാണ് 'ലിറ്റിൽ ട്രബിൾ ഗേൾസ്'. സ്വാതന്ത്ര്യം, ആഗ്രഹം, മത്സരം, പൂർണ്ണമായും തന്റേതായ ഒരു ലോകവീക്ഷണത്തിന്റെ ആദ്യ ചിന്ത എന്നിവ ആസ്വദിക്കുന്ന ഒരു ലജ്ജാശീലയായ കൗമാരക്കാരിയുടെ കഥയാണ് ഇത്. അവളുടെ ഈ അവബോധം സൗഹൃദങ്ങളെയും പാരമ്പര്യങ്ങളെയും അവളെ ചുറ്റിപ്പറ്റിയുള്ള ദൃഢമായ പ്രതീക്ഷകളെയും ഭീഷണിപ്പെടുത്തുന്നു.

 

 

സിനിമ മുന്നോട്ട് വയ്ക്കുന്ന സ്വയം കണ്ടെത്തലിന്റെ യാത്രയെക്കുറിച്ച് സംസാരിക്കുമ്പോൾ നിർമ്മാതാവ് മിഹെക് ചെർനെക് ലിറ്റിൽ ട്രബിൾ ഗേൾസിന്റെ പിന്നിലെ വീക്ഷണത്തെ വാചാലമായി അവതരിപ്പിച്ചു. "ഉണർവ് ഒരിക്കലും മന്ത്രിക്കുന്നില്ല, അത് നിങ്ങൾക്ക് മറക്കാനാവാത്ത ഒരു ഗാനം പോലെയാണ് വരുന്നത്," സിനിമയുടെ വൈകാരിക തലം വിവരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

സിനിമയുടെ നിർമ്മാണ പ്രവർത്തനത്തിലേക്ക് ആഴ്ന്നിറങ്ങിയ ചെർനെക് അതിന്റെ അതുല്യമായ സർഗാത്മക ഭൂപ്രകൃതിയുടെ ഒരു ഉജ്ജ്വലമായ ചിത്രം വരച്ചുകാട്ടി. ചിത്രീകരണത്തിനായി വിശുദ്ധ ദേവാലയങ്ങൾക്കുള്ളിൽ നാല് ആഴ്ച്ചകൾ സംഘം ചെലവഴിച്ചു. ഗായകസംഘ ജീവിതത്തിന്റെ അച്ചടക്കം കണ്ടറിയുകയും ഗായകസംഘത്തിന്റെ പ്രകടനം സെറ്റിൽ നേരിട്ട് തത്സമയം പകർത്തുകയും ചെയ്തു. നിഷ്കളങ്കതയും വൈകാരിക ആഴവും ഉൾച്ചേർന്ന 17 വയസ്സുള്ള പ്രധാന നടി, ചലച്ചിത്ര നിർമ്മാണ പ്രക്രിയയിൽ സൂക്ഷ്മതയുടെ മറ്റൊരു വശം ചേർത്തു. ഒരു നിഗൂഢ ഗുഹയിലും ചിത്രീകരണം നടന്നു. ചെർനെക് "സ്വന്തമായ ഒരു പ്രപഞ്ചം" എന്നാണ് ആ സ്ഥലത്തെ വിശേഷിപ്പിച്ചത്

  ഈ സ്ഥലങ്ങൾ അദ്ദേഹത്തിനേ സംബന്ധിച്ചിടത്തോളം ഭൗതികതയ്ക്കും അപ്പുറമായിരുന്നു. "ദേവാലയം, വനം, ഗുഹ, അവയൊന്നും കേവലം സ്ഥലങ്ങളായിരുന്നില്ല. അവ കഥാപാത്രങ്ങളായിരുന്നു. ഈ ഇടങ്ങൾ സിനിമയെ അനുഗ്രഹിച്ചു."

സ്ലോവേനിയയുടെ സാംസ്കാരിക ഘടനയ്ക്കുള്ളിൽ ചെർനെക് സിനിമയെ കൂടുതൽ സന്ദർഭോചിതമാക്കി അവതരിപ്പിച്ചു. രാജ്യത്തിന്റെ ആഴത്തിൽ വേരൂന്നിയ ഗായകസംഘ പാരമ്പര്യങ്ങളും കത്തോലിക്കാ പൈതൃകവും അദ്ദേഹം ചൂണ്ടിക്കാട്ടി. "ഞങ്ങൾ എല്ലാവരും പാടിയാണ് വളർന്നത്. ഞങ്ങളെല്ലാവരും അച്ചടക്കത്തോടെയാണ് വളർന്നത്" എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Watch the trailers here:

Watch the full Press Conference here:

 

***


Great films resonate through passionate voices. Share your love for cinema with #IFFI2025, #AnythingForFilms and #FilmsKeLiyeKuchBhi. Tag us @pib_goa on Instagram, and we'll help spread your passion! For journalists, bloggers, and vloggers wanting to connect with filmmakers for interviews/interactions, reach out to us at iffi.mediadesk@pib.gov.in with the subject line: Take One with PIB.


Release ID: 2194176   |   Visitor Counter: 12