പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

2025 ലെ ജി20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇറ്റാലിയൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Posted On: 23 NOV 2025 9:44PM by PIB Thiruvananthpuram

ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ നടന്ന ജി20 ഉച്ചകോടിക്കിടെ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് കൂടിക്കാഴ്ച നടത്തി. ഈ വർഷം ജൂണിൽ കാനഡയിലെ കനനാസ്കിസിൽ നടന്ന ജി7 ഉച്ചകോടിക്കിടെ ഇരു നേതാക്കളും ഹ്രസ്വമായി ആശയവിനിമയം നടത്തിയിരുന്നു.

ഡൽഹിയിലെ ഭീകരാക്രമണത്തിൽ ഇന്ത്യയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച പ്രധാനമന്ത്രി മെലോണി, ഭീകരവാദത്തിന്റെ വിപത്തിനെ ചെറുക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കാനുള്ള ഇറ്റലിയുടെ ശക്തമായ പ്രതിബദ്ധത ആവർത്തിച്ചു. ഈ സാഹചര്യത്തിൽ, ഇരു നേതാക്കളും 'ഭീകരതയ്ക്ക് ധനസഹായം നൽകുന്നതിനെ ചെറുക്കുന്നതിനുള്ള ഇന്ത്യ-ഇറ്റലി സംയുക്ത സംരംഭം' അംഗീകരിച്ചു. ഭീകരതയെ നേരിടുന്നതിനുള്ള ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തമാക്കാനും ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് (എഫ്‌എടിഎഫ്), ഗ്ലോബൽ കൗണ്ടർ ടെററിസം ഫോറം (ജിസിടിഎഫ്) എന്നിവയുൾപ്പെടെ ആഗോള, ബഹുമുഖ വേദികളിലെ സഹകരണം ശക്തിപ്പെടുത്താനും ഈ സംരംഭം ലക്ഷ്യമിടുന്നു.

വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, ബഹിരാകാശം, ശാസ്ത്ര സാങ്കേതിക വിദ്യ, വിദ്യാഭ്യാസം, ജനങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങിയ മേഖലകളിലെ ഉഭയകക്ഷിപരവും  തന്ത്രപരവുമായ പങ്കാളിത്തത്തിലെ പുരോഗതി നേതാക്കൾ അവലോകനം ചെയ്യുകയും ഇരു രാഷ്ട്രങ്ങൾക്കും അനുകൂലമാകുന്ന തരത്തിൽ കാര്യങ്ങൾ വിലയിരുത്തുകയും ചെയ്തു. 2025-29 ലെ സംയുക്ത തന്ത്രപരമായ പ്രവർത്തന പദ്ധതിയുടെ പുരോഗതിയിൽ ഇരു നേതാക്കളും സംതൃപ്തി പ്രകടിപ്പിച്ചു.

ഈ വർഷം ന്യൂഡൽഹിയിലും ബ്രെസിയയിലും നടന്ന രണ്ട് ബിസിനസ് ഫോറങ്ങളെ അതത് വ്യവസായങ്ങളുടെ ശക്തമായ പങ്കാളിത്തത്തോടെ നേതാക്കൾ സ്വാഗതം ചെയ്തു. രണ്ട് സമ്പദ്‌വ്യവസ്ഥകളുടെയും മത്സരശേഷി വർദ്ധിപ്പിക്കുന്നതിനും പ്രതിരോധശേഷിയുള്ള വിതരണ ശൃംഖലകൾ കെട്ടിപ്പടുക്കുന്നതിനും ലക്ഷ്യമിട്ടുള്ള ബിസിനസ്സ്, സാങ്കേതികവിദ്യ, നവീകരണം, നിക്ഷേപ പങ്കാളിത്തം എന്നിവ വർദ്ധിപ്പിക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളെ നേതാക്കൾ ചൂണ്ടിക്കാട്ടി.

ഇറ്റാലിയൻ ബഹിരാകാശ പ്രതിനിധി സംഘത്തിന്റെ സമീപകാല ഇന്ത്യാ സന്ദർശനത്തെ നേതാക്കൾ അഭിനന്ദിച്ചു, ഇത് ഗവൺമെന്റ്, സ്വകാര്യ  തലങ്ങളിൽ ഈ മേഖലയിലെ സഹകരണം വർദ്ധിപ്പിക്കും.

പരസ്പരം പ്രയോജനകരമായ ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യവൽക്കരിക്കുന്നതിനും 2026-ൽ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന AI ഇംപാക്ട് ഉച്ചകോടിയുടെ വിജയത്തിനും ഇറ്റലിയുടെ ശക്തമായ പിന്തുണ പ്രധാനമന്ത്രി മെലോണി ആവർത്തിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള പതിവ് ഉന്നതതല വിനിമയങ്ങളുടെ പാരമ്പര്യം സന്ദർശനം വീണ്ടും ഉറപ്പിച്ചു. ജനാധിപത്യം, നിയമവാഴ്ച, സുസ്ഥിര വികസനം എന്നിവയുടെ പങ്കിട്ട മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനായി ബഹുമുഖ, ആഗോള വേദികളിൽ സംഭാഷണം തുടരാനും ഒരുമിച്ച് പ്രവർത്തിക്കാനും ഇരു നേതാക്കളും ആഗ്രഹം പ്രകടിപ്പിച്ചു.

***

AT


(Release ID: 2193381) Visitor Counter : 6