'ഇന്ത്യൻ വെള്ളിത്തിരയിലെ ഇതിഹാസങ്ങൾ' 56-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പുറത്തിറക്കി
പബ്ലിക്കേഷൻ ഡിവിഷന്റെ (ഡിപിഡി) ഏറ്റവും പുതിയ പുസ്തകം 'ഇന്ത്യൻ വെള്ളിത്തിരയിലെ ഇതിഹാസങ്ങൾ' ഗോവയില്‍ നടക്കുന്ന 56-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ പിഐബി വാര്‍ത്താസമ്മേളന ഹാളിൽ ഇന്ന് വൈകിട്ട് പ്രിൻസിപ്പൽ ഡയറക്ടർ ജനറൽ ശ്രീ ഭൂപേന്ദ്ര കൈന്തോളയും പ്രശസ്ത കൊങ്കണി ചലച്ചിത്ര പ്രവർത്തകൻ രാജേന്ദ്ര തലകും ചേർന്ന് പുറത്തിറക്കി.

ഇന്ത്യൻ ചലച്ചിത്രത്തിലെ ഏറ്റവും വലിയ ബഹുമതിയായി കണക്കാക്കുന്ന ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം നേടിയ മഹാരഥന്മാരുടെ യാത്രയെക്കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കണമെന്ന് പുസ്തകത്തിൻ്റെ പ്രാധാന്യം പ്രത്യേകം പരാമര്‍ശിച്ച ശ്രീ കൈന്തോള ആമുഖ പ്രസംഗത്തിൽ പറഞ്ഞു. 1969 നും 1991 നുമിടയിൽ പുരസ്കാരം ലഭിച്ച ദേവിക റാണി, സത്യജിത് റേ, വി. ശാന്താറാം, ലതാ മങ്കേഷ്‌കർ തുടങ്ങിയ പ്രതിഭാധനരടക്കം 23 പുരസ്കാര ജേതാക്കളെ പുസ്തകം പരിചയപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
17 വ്യത്യസ്ത എഴുത്തുകാര്‍ രചിച്ച 23 ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകമെന്നും സഞ്ജിത് നർവേക്കറാണ് ക്രോഡീകരണ എഡിറ്ററെന്നും അദ്ദേഹം പറഞ്ഞു. ദാദാസാഹിബ് ഫാൽക്കെ പുരസ്കാര ജേതാക്കളായ മിഥുൻ ചക്രവർത്തിയും ആശാ പരേഖും പുസ്തകത്തിന് അവതാരികയെഴുതിയത് പ്രസിദ്ധീകരണത്തിൻ്റെ പ്രധാന സവിശേഷതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താങ്ങാവുന്ന നിരക്കില്‍ ഇത്തരം സുപ്രധാന വിഷയങ്ങൾ അച്ചടിക്കുന്ന ചുമതലയാണ് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലെ പബ്ലിക്കേഷൻ ഡിവിഷന് (ഡിപിഡി) നൽകിയിരിക്കുന്നതെന്ന് ശ്രീ കൈന്തോള വിശദീകരിച്ചു. ഗവേഷകർക്ക് മാത്രമല്ല, സിനിമയുടെ ആകര്‍ഷകമായ പുറംമോടിയ്ക്കപ്പുറത്തെ കാര്യങ്ങൾ മനസ്സിലാക്കാനാഗ്രഹിക്കുന്ന ആർക്കും ഈ പുസ്തകം ഏറെ സവിശേഷമാണെന്നും അദ്ദേഹം പറഞ്ഞു.
ശ്രീ കൈന്തോളയുടെ വാക്കുകള്‍ ആവര്‍ത്തിച്ച രാജേന്ദ്ര തലക് സംരംഭത്തെ പ്രശംസിക്കുകയും ഡിപിഡിയെ അഭിനന്ദിക്കുകയും ചെയ്തു. ഇന്നത്തെ തലമുറയ്ക്ക് ചിന്തിക്കാൻ പോലും സാധിക്കാത്ത നിരവധി പ്രതികൂല സാഹചര്യങ്ങൾക്കിടയിലാണ് ഈ മഹാരഥന്മാർ സിനിമകൾ സൃഷ്ടിച്ചതെന്നും ചലച്ചിത്ര നിർമാണ കലയെക്കുറിച്ച് മനസ്സിലാക്കാനാഗ്രഹിക്കുന്ന ആര്‍ക്കും അടിസ്ഥാന പാഠമായി ഈ പുസ്തകം നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്കായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക: https://www.pib.gov.in/PressReleasePage.aspx?PRID=2192954
****
Release ID:
2192999
| Visitor Counter:
5