മന്ത്രിസഭ
azadi ka amrit mahotsav

ഡൽഹിയിലെ ചുവപ്പുകോട്ടയ്ക്ക്  സമീപം ഉണ്ടായ സ്ഫോടനം സംബന്ധിച്ച പ്രമേയം കേന്ദ്ര മന്ത്രിസഭ പാസാക്കി

Posted On: 12 NOV 2025 8:17PM by PIB Thiruvananthpuram

2025 നവംബർ 10 ന് വൈകിട്ട് ഡൽഹിയിലെ ചുവപ്പുകോട്ടയ്ക്ക് സമീപം നടന്ന കാർ സ്ഫോടനവുമായി ബന്ധപ്പെട്ട ഭീകരാക്രമണത്തിൽ ജീവനുകൾ നഷ്ടപ്പെട്ടതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ജീവൻ നഷ്ടപ്പെട്ട നിരപരാധികളോടുള്ള ആദരസൂചകമായി മന്ത്രിസഭ രണ്ട് മിനിറ്റ് നേരം മൗനം ആചരിച്ചു.

മന്ത്രിസഭായോഗം ഇനിപ്പറയുന്ന പ്രമേയവും അംഗീകരിച്ചു:

2025 നവംബർ 10 ന് വൈകിട്ട് ചുവപ്പുകോട്ടയ്ക്ക് സമീപം ഒരു കാർ സ്ഫോടനത്തിലൂടെ ദേശവിരുദ്ധ ശക്തികൾ നടത്തിയ ഹീനമായ ഭീകരാക്രമണത്തിന് രാജ്യം സാക്ഷ്യം വഹിച്ചു. സ്ഫോടനത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും മറ്റു പലർക്കും പരിക്കേൽക്കുകയും ചെയ്തു.

വിവേകരഹിതമായ ഈ അക്രമത്തിന് ഇരയായവർക്ക് മന്ത്രിസഭ ആദരാഞ്ജലി അർപ്പിക്കുകയും ദുഃഖിതരായ കുടുംബങ്ങൾക്ക് ഹൃദയംഗമമായ അനുശോചനം അറിയിക്കുകയും ചെയ്യുന്നു.

പരിക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് മന്ത്രിസഭ പ്രാർത്ഥിക്കുകയും അക്രമത്തിന് ഇരയായവർക്ക് പരിചരണവും പിന്തുണയും നൽകുന്ന മെഡിക്കൽ ജീവനക്കാരുടെയും അടിയന്തര പ്രതികരണ പ്രവർത്തകരുടെയും സത്വര ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്യുന്നു.

നിരപരാധികളുടെ ജീവൻ നഷ്ടപ്പെടുന്നതിലേക്ക് നയിച്ച ഈ നിന്ദ്യവും ഭീരുത്വപരവുമായ പ്രവൃത്തിയെ മന്ത്രിസഭ അസന്ദിഗ്ധമായി അപലപിക്കുന്നു.

എല്ലാ രൂപങ്ങളിലും ഭാവങ്ങളിലുമുള്ള ഭീകരതയോട് ഒരു വിട്ടുവീഴ്ചയുമില്ലാത്ത നയത്തോടുള്ള ഇന്ത്യയുടെ അചഞ്ചലമായ പ്രതിബദ്ധത മന്ത്രിസഭ ആവർത്തിച്ചുറപ്പിക്കുന്നു.

ലോകമെമ്പാടുമുള്ള നിരവധി ഗവണ്മെന്റുകളിൽ നിന്നും ലഭിച്ച ഐക്യദാർഢ്യത്തിന്റെയും പിന്തുണയുടെയും പ്രസ്താവനകൾക്ക് മന്ത്രിസഭ നന്ദി രേഖപ്പെടുത്തി.

പ്രതികൂല സാഹചര്യത്തെ ധൈര്യത്തോടും അനുകമ്പയോടും നേരിട്ട അധികൃതരുടെയും സുരക്ഷാ ഏജൻസികളുടെയും പൗരന്മാരുടെയും സമയോചിതവും ഏകോപിതവുമായ പ്രതികരണത്തെ മന്ത്രിസഭ നന്ദിയോടെ സ്മരിക്കുന്നു. അവരുടെ അർപ്പണമനോഭാവവും കർത്തവ്യബോധവും അങ്ങേയറ്റം പ്രശംസനീയമാണ്.

സംഭവത്തെക്കുറിച്ചുള്ള അന്വേഷണം അടിയന്തിരമായും പ്രൊഫഷണലിസത്തോടെയും തുടരണമെന്നും അതുവഴി കുറ്റവാളികളെയും അവരുടെ സഹായികളെയും സ്പോൺസർമാരെയും കാലതാമസമില്ലാതെ തിരിച്ചറിയുകയും നീതിക്ക് മുന്നിൽ കൊണ്ടുവരികയും ചെയ്യണമെന്നും മന്ത്രിസഭ നിർദ്ദേശിക്കുന്നു. സ്ഥിതിഗതികൾ ഗവൺമെന്റിന്റെ ഉന്നത തലങ്ങളിൽ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്.

ദേശീയ സുരക്ഷയ്ക്കും ഓരോ പൗരന്റെയും സുരക്ഷയ്ക്കുമുള്ള പ്രതിബദ്ധതയ്ക്ക് അനുസൃതമായി, എല്ലാ ഇന്ത്യക്കാരുടെയും ജീവനും ക്ഷേമവും സംരക്ഷിക്കാനുള്ള ഗവണ്മെന്റിന്റെ ദൃഢനിശ്ചയം മന്ത്രിസഭ ആവർത്തിച്ചുറപ്പിക്കുന്നു.

*** 

NK


(Release ID: 2189430) Visitor Counter : 28