വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
2025-ലെ ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഇന്ത്യയിലെയും പുറത്തെയും ഏഴ് നവാഗത ചിത്രങ്ങൾ
Posted On:
09 NOV 2025 8:23PM by PIB Thiruvananthpuram
അന്താരാഷ്ട്ര സിനിമയിലെ മികച്ച നവപ്രതിഭകളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 56-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ (ഐഎഫ്എഫ്ഐ) മികച്ച നവാഗത ഫീച്ചര്‍ ഫിലിം സംവിധാനത്തിന് നല്‍കുന്ന പുരസ്‌കാരത്തിലേക്ക് പ്രത്യേകം തിരഞ്ഞെടുത്ത അഞ്ച് അന്താരാഷ്ട്ര ചിത്രങ്ങളും രണ്ട് ഇന്ത്യൻ ചിത്രങ്ങളും പ്രദർശിപ്പിക്കും.
പുരസ്കാരജേതാവിന് രജത മയൂരവും 10 ലക്ഷം രൂപയുടെ സമ്മാനത്തുകയും പ്രശംസാ പത്രവും ലഭിക്കും.
പ്രശസ്ത ഇന്ത്യൻ ചലച്ചിത്രകാരൻ രാകേഷ് ഓംപ്രകാശ് മെഹ്‌റ അധ്യക്ഷനായ ചലച്ചിത്ര പ്രമുഖരുടെ ജൂറിയാണ് വിജയിയെ തിരഞ്ഞെടുക്കുക. ഗ്രേയം ക്ലിഫോർഡ് (എഡിറ്റർ, ഡയറക്ടർ - ഓസ്‌ട്രേലിയ), കാതറീന ഷട്ട്ലർ (നടി - ജർമനി), ചന്ദ്രൻ രത്‌നം (ചലച്ചിത്ര പ്രവർത്തകൻ - ശ്രീലങ്ക), റെമി അഡെഫറാസിൻ (ഛായാഗ്രാഹകൻ - ഇംഗ്ലണ്ട്) എന്നിവരാണ് ജൂറി അംഗങ്ങള്‍.
പതിവുപോലെ ഈ വർഷവും നവാഗത സംവിധായകരുടെ മികച്ച സൃഷ്ടികളെ എടുത്തുകാണിക്കുന്ന ചിത്രങ്ങള്‍ ലോകമെങ്ങുമുള്ള വരുംതലമുറ കഥാകാരന്മാരുടെ സിനിമാ കാഴ്ചപ്പാടുകളെ പ്രദർശിപ്പിക്കുന്നു.
ഫ്രാങ്ക് (Fränk)
എസ്തോണിയൻ ചലച്ചിത്രകാരന്‍ തൊണിസ് പിൽ ആദ്യമായി സംവിധാനം ചെയ്യുന്ന ഹൃദയസ്പർശിയായ ഈ ചിത്രം വളര്‍ച്ചയുടെ കഥ പറയുന്ന സിനിമയാണ്. 2025-ലെ കുട്ടികളുടെയും യുവജനങ്ങളുടെയും ഷിലിംഗെല്‍ (SCHLINGEL) അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ആദ്യമായി പ്രദര്‍ശിപ്പിച്ച ഈ ചിത്രം ഫിപ്രസി ജൂറി പുരസ്കാരമുള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ക്ക് നാമനിർദേശം ചെയ്യപ്പെട്ടു.
വീട്ടിലുണ്ടായ ക്രൂരമായ ആക്രമണത്തിന് ശേഷം 13 വയസ്സുകാരനായ പോളിന് തൻ്റെ ജീവിതം പറിച്ചുനടേണ്ടിവരുന്നു. പുതിയൊരു നഗരത്തിലെത്തിച്ചേരുന്ന അവൻ ഉൾക്കൊള്ളാനാവുന്ന ഒരിടം തേടുന്നതിനിടെ നിരവധി മോശം സാഹചര്യങ്ങളിലെത്തിപ്പെടുന്നു. ഭാവി കൈവിട്ടുപോകാൻ തുടങ്ങുന്ന സമയത്ത് അസാധാരണ സ്വഭാവക്കാരനും ഭിന്നശേഷിക്കാരനുമായ ഒരു അപരിചിതനുമായി അപ്രതീക്ഷിതമായി കൈവരുന്ന ബന്ധം അവന്റെ ജീവിതഗതി മാറ്റിമറിക്കുന്നു.
തകർന്ന കുടുംബ ബന്ധങ്ങളെയും ബാല്യകാല മുറിവുകളുടെ വേദനയെയും അപ്രതീക്ഷിത സൗഹൃദത്തിൻ്റെ പരിവർത്തന ശക്തിയെയും ഈ ചിത്രം ലോലമായി അവതരിപ്പിക്കുന്നു.
ഫ്യൂറി (യഥാർത്ഥ പേര്: La Furia)
സ്‌പാനിഷ് ചലച്ചിത്ര സംവിധായിക ജെമ്മ ബ്ലാസ്കോയുടെ ശക്തമായ പ്രഥമ സംവിധാന സംരംഭമായ ഫ്യൂരി സിനിമാ രംഗത്ത് ധീരമായ നവശബ്ദത്തിൻ്റെ വരവറിയിക്കുന്ന തീവ്ര നാടകീയ ചിത്രമാണ്. 2025-ലെ എസ്.എക്സ്.എസ്.ഡബ്ല്യു ചലച്ചിത്രോത്സവത്തിലും സാൻ സെബാസ്റ്റ്യൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും ഈ ചിത്രം ആദ്യമായി പ്രദര്‍ശിപ്പിച്ചു.
പുതുവത്സര രാവില്‍ ബലാത്സംഗം ചെയ്യപ്പെട്ട നടി അലക്സാണ്ട്ര തൻ്റെ വേദനകളെ മെഡിയ എന്ന കഥാപാത്രത്തിലൂടെ വഴിതിരിച്ചുവിടുമ്പോള്‍ അവളെ സംരക്ഷിക്കാനാവാതെ പോയതിൻ്റെ കുറ്റബോധവും ക്രോധവും സഹോദരൻ അഡ്രിയാനെ വേട്ടയാടുന്നു.
ക്രൂര പുരുഷാധിപത്യ സമൂഹത്തിൽ ലൈംഗികാതിക്രമത്തെ അതിജീവിച്ചവർ നേരിടുന്ന ഭയവും നാണക്കേടും വെറുപ്പും കുറ്റബോധവും പുതിയൊരു ഫെമിനിസ്റ്റ് കാഴ്ചപ്പാടിലൂടെ ഈ ചിത്രം അവതരിപ്പിക്കുന്നു.
കാർല (Karla)
ജർമൻ ചലച്ചിത്ര പ്രവർത്തക ക്രിസ്റ്റിന ടൂർനാറ്റ്സെയുടെ പ്രഥമ സംവിധാനത്തില്‍ പിറന്ന ഈ നാടകീയചിത്രം മ്യൂണിക് ചലച്ചിത്രോത്സവത്തിൽ ആദ്യമായി പ്രദര്‍ശിപ്പിക്കുകയും മികച്ച സംവിധായകൻ, മികച്ച തിരക്കഥാകൃത്ത് എന്നീ രണ്ട് പുരസ്‌കാരങ്ങൾ സ്വന്തമാക്കുകയും ചെയ്തു.
1962-ൽ മ്യൂണിക്കിൽ നടക്കുന്ന കഥയാണിത്. വർഷങ്ങളോളം അച്ഛൻ്റെ പീഡനം നേരിട്ട 12 വയസ്സുകാരി കാർല സംരക്ഷണം തേടി അച്ഛനെതിരെ കേസ് കൊടുക്കുന്ന യഥാർത്ഥ കഥയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്.
വിപുലമായ വൈകാരിക സൂക്ഷ്മതയോടെയും സാഹചര്യത്തിനനുയോജ്യമായ ഛായാഗ്രഹണത്തോടെയുമാണ് ചിത്രത്തിന്റെ അവതരണം. അതിക്രമത്തെ അതിജീവിച്ച കുട്ടിയുടെ കഥ അവളുടെ സ്വന്തം വാക്കുകളിലൂടെ അവതരിപ്പിക്കുന്ന കരുത്തുറ്റ വിവരണമാണിത്. പറയാനാവാത്ത വിഷയങ്ങളെ ആര്‍ദ്രദയോടെയും വ്യക്തതയോടെയും കരുത്താര്‍ന്ന സംരക്ഷണത്തിലൂടെയും സമീപിക്കാവുന്ന ചലച്ചിത്ര ഭാഷ കാർല എന്ന സിനിമയിലൂടെ ടൂർനാറ്റ്സെ രൂപപ്പെടുത്തുന്നു.
മൈ ഡോട്ടേഴ്സ് ഹെയര്‍ (യഥാർത്ഥ പേര്: Raha)
പ്രശസ്ത ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളും സംവിധാനം ചെയ്ത് ശ്രദ്ധേയനായ ഇറാനിയൻ സംവിധായകൻ ഹെസാം ഫറഹ്മന്ദ് 'റാഹ' എന്ന ശ്രദ്ധേയ സാമൂഹ്യ നാടകീയചിത്രത്തിലൂടെ തന്റെ ആദ്യ ഫീച്ചർ സിനിമ അവതരിപ്പിക്കുന്നു.
കുടുംബത്തിന് സന്തോഷം നൽകുന്ന ചെറിയൊരു കാര്യമെന്ന നിലയില്‍ മകൾക്കുവേണ്ടി പഴയൊരു ലാപ്‌ടോപ്പ് വാങ്ങാൻ തോഹിദ് അവളുടെ മുടി വിൽക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. എന്നാൽ ലാപ്‌ടോപ്പിൻ്റെ ഉടമസ്ഥാവകാശം ഒരു സമ്പന്ന കുടുംബം ചോദ്യം ചെയ്യുന്നതോടെ തുടർച്ചയായ സംഘർഷങ്ങൾ ആഴമേറിയ വർഗ വിഭജനത്തെ തുറന്നുകാട്ടുന്നു.
യഥാർത്ഥ ജീവിതാനുഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ഫറഹ്മന്ദ് സൃഷ്ടിക്കുന്ന ലോകത്ത് ധാർമികതയ്ക്ക് മങ്ങലേല്‍ക്കുകയും നീതി ദുർബലമാവുകയും ചെയ്യുന്നു. അചഞ്ചലമായ നിരീക്ഷണങ്ങളിലൂടെ ആത്മാഭിമാനത്തിന്റെയും പോരാട്ടത്തിന്റെയും അതിജീവനത്തിൻ്റെ അറിയാതെപോകുന്ന വിലയെയും കുറിച്ചുള്ള ആഗോള കഥയാണ് 'റാഹ' പറയുന്നത്.
ദി ഡെവിൾ സ്മോക്സ് (ആന്റ് സേവ്സ് ദി ബേണ്‍ഡ് മാച്ചസ് ഇന്‍ ദി സെയിം ബോക്സ്)
(യഥാർത്ഥ പേര് – El Diablo Fuma (y guarda las cabezas de los cerillos quemados en la misma caja))
മെക്സിക്കൻ ചലച്ചിത്രകാരനായ എർനെസ്റ്റോ മാർട്ടിനെസ് ബുസിയോയുടെ ശ്രദ്ധേയമായ ആദ്യ ഫീച്ചർ ചിത്രമാണിത്. 2025-ലെ ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ പ്രഥമ 'പെർസ്പെക്ടിവ്സ് മത്സര’ത്തിൽ ചിത്രം പുരസ്കാരം നേടി.
മാതാപിതാക്കളാൽ ഉപേക്ഷിക്കപ്പെട്ട അഞ്ച് സഹോദരങ്ങളുടെ കഥയാണ് ചിത്രം. ഒറ്റപ്പെടലിനോട് പൊരുതുന്നതിനിടെ സ്കീസോഫ്രീനിയ ബാധിച്ച മുത്തശ്ശിയുടെ അസ്ഥിരമായ മനസ്സിലൂടെ അവര്‍ അവരുടെ ആശങ്കകളെ പ്രതിഫലിപ്പിക്കുന്നു. പരസ്പരം ചേർത്തുപിടിക്കാന്‍ അവർ നടത്തുന്ന പോരാട്ടത്തിൽ ഭാവനയും യാഥാർത്ഥ്യവും തമ്മിലെ അതിരുകള്‍ മാഞ്ഞുപോകുന്നു.
ചുരുക്കിയ ആഖ്യാന ശൈലിയിൽ അവതരിപ്പിച്ച ഈ ചിത്രം ബാല്യകാല ഭീകരതകളിലേക്കും സഹജവാസനകളിലേക്കും ശക്തമായ ഉൾക്കാഴ്ചകൾ നൽകുന്നു. വീട്ടിൽ ഒറ്റപ്പെടുന്ന സുപരിചിത സാഹചര്യത്തെ മനഃശാസ്ത്രപരമായി ആഴമേറിയ ഭയത്തിന്റെയും ഭാവനയുടെയും അതിജീവനത്തിന്റെയും പഠനമായി ഈ ചിത്രം പരിവർത്തനം ചെയ്യുന്നു.
ഷേപ് ഓഫ് മോമോ (Shape of Momo)
ഇന്ത്യൻ ചലച്ചിത്ര പ്രവർത്തകനായ ത്രിബേണി റായിയുടെ ആദ്യ ഫീച്ചർ ചിത്രമായ ഷേപ് ഓഫ് മോമോ നിരവധി ചലച്ചിത്രോത്സവങ്ങളിലെ ശ്രദ്ധേയ യാത്രയ്ക്ക് ശേഷമാണ് നവാഗത മത്സര വിഭാഗത്തിലേക്കെത്തുന്നത്. കാൻ 2025-ലെ "എച്ച്എഎഫ് ഗോസ് ടു കാൻസ്" വിഭാഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ട അഞ്ച് ഏഷ്യൻ വർക്ക്-ഇൻ-പ്രോഗ്രസ് ചിത്രങ്ങളിലൊന്നാണിത്. ബുസാൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ആദ്യമായി പ്രദര്‍ശിപ്പിച്ച ചിത്രം സാൻ സെബാസ്റ്റ്യൻ ചലച്ചിത്രമേളയില്‍ ന്യൂ ഡയറക്‌ടേഴ്‌സ് അവാർഡിന് നാമനിർദേശം ചെയ്യപ്പെട്ടു.
സിക്കിമിലെ കഥപറയുന്ന ഈ സിനിമ നേപ്പാളി ഭാഷയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. വിവിധ തലമുറകളിലെ സ്ത്രീകള്‍ വസിക്കുന്ന വീട്ടിലേക്ക് തിരികെ വരുന്ന ബിഷ്ണു ഉണര്‍വില്ലാതെ ഒഴുകി നടക്കുന്ന ജീവിതം വീക്ഷിക്കുന്നതാണ് കഥാതന്തു. തനിക്കും അവർക്കും വേണ്ടി സ്വാതന്ത്ര്യം വീണ്ടെടുക്കാൻ തീരുമാനിക്കുന്ന അവൾ പുരുഷാധിപത്യം രൂപപ്പെടുത്തിയ ചിട്ടകളെ തകർത്തെറിയുന്നു. പരമ്പരാഗതമായി കൈമാറി വന്ന പരിമിതികളെ അംഗീകരിക്കുകയാണോ ചെറുക്കുകയാണോ വേണ്ടതെന്ന് ചിന്തിക്കാന്‍ ഓരോ സ്ത്രീയെയും ഈ മാറ്റം പ്രേരിപ്പിക്കുന്നു.
പാരമ്പര്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും കുടുംബങ്ങൾക്കകത്ത് ഉടലെടുക്കുന്ന നിശബ്ദ വിപ്ലവങ്ങളുടെയും കാവ്യാത്മക പ്രതിഫലനമാണ് 'ഷേപ് ഓഫ് മോമോ'.
ആതാ താമ്പായ്ച നായ്! (Ata Thambaycha Naay!) - (ഇംഗ്ലീഷ് ശീര്‍ഷകം: Now, There’s No Stopping!)
നടൻ ശിവാജ് വൈചാലിൻ്റെ ആദ്യ സംവിധാന സംരംഭമാണ് മറാത്തി ഭാഷയിലെ ഈ നാടകീയചിത്രം. മുംബൈ മുനിസിപ്പൽ കോർപ്പറേഷനിലെ ഒരു കൂട്ടം നാലാംനിര ശുചീകരണ തൊഴിലാളികളുടെ യഥാർത്ഥ കഥയാണ് ചിത്രം. അർപ്പണബോധമുള്ള ഒരു ഉദ്യോഗസ്ഥൻ്റെ പ്രചോദനത്തിൽ പത്താംതരം പരീക്ഷകൾ പൂർത്തിയാക്കുന്നതിനായി അവർ സ്കൂളിലേക്ക് തിരികെ പോകാൻ തീരുമാനിക്കുന്നു.
ഹാസ്യവും ഹൃദയസ്പർശിയായ മുഹൂർത്തങ്ങളും സമന്വയിപ്പിച്ച ഈ ചിത്രം അതിജീവനത്തെയും തൊഴിലാളികളുടെ അന്തസ്സിനെയും വിദ്യാഭ്യാസത്തിൻ്റെ പരിവർത്തന ശക്തിയെയും ആദരിക്കുന്നു. പഠിക്കാനും സ്വപ്നം കാണാനും വീണ്ടും തുടങ്ങാനും ഒരിക്കലും വൈകിയിട്ടില്ലെന്ന് ഈ ചിത്രം സാക്ഷ്യപ്പെടുത്തുന്നു.
SKY
******
(Release ID: 2188232)
Visitor Counter : 6