ഫിഷറീസ്, ആനിമൽ ഹസ്ബൻഡറി & ഡയറി മന്ത്രാലയം
ചെറുകിട മത്സ്യമേഖലയും മത്സ്യബന്ധന സഹകരണ സ്ഥാപനങ്ങളും മത്സ്യ-കാർഷികോല്പാദന സംഘങ്ങളും ശക്തിപ്പെടുത്താൻ സുപ്രധാന നടപടിയുമായി കേന്ദ്ര സർക്കാർ
Posted On:
08 NOV 2025 10:19AM by PIB Thiruvananthpuram
സമൃദ്ധവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ നീല സമ്പദ്‌വ്യവസ്ഥയെന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിന് ഒരു സുപ്രധാന ചുവടുവെയ് പ്പെന്ന നിലയിൽ "എക്സ്ക്ലൂസീവ് സാമ്പത്തിക മേഖല യിലെ (ഇ.ഇ.ഇസഡ്)" മത്സ്യബന്ധനം സുസ്ഥിരമായി പ്രയോജനപ്പെടുത്താന്‍ 2025 നവംബർ 4-ന് കേന്ദ്ര സർക്കാർ നിയമങ്ങൾ വിജ്ഞാപനം ചെയ്തു. ഇന്ത്യയുടെ സമുദ്രമേഖലയില്‍ ഇതുവരെ ഉപയോഗപ്പെടുത്താത്ത സാധ്യതകൾ തുറക്കാന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കൈക്കൊണ്ട പ്രതിബദ്ധതയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് നടപ്പാക്കുന്ന ഈ സംരംഭം രാജ്യത്തെ എക്സ്ക്ലൂസീവ് സാമ്പത്തിക മേഖലയില്‍നിന്നും അന്താരാഷ്ട്ര സമുദ്രമേഖലയില്‍നിന്നും സുസ്ഥിര മത്സ്യബന്ധനം നടത്തുന്നതിനുള്ള ചട്ടക്കൂട് വിഭാവനം ചെയ്ത 2025-26 ലെ ബഡ്ജറ്റ് പ്രഖ്യാപനത്തിൻ്റെ പൂർത്തീകരണമാണ്. ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ് എന്നീ ദ്വീപ് മേഖലകള്‍ക്കടക്കം ഇതില്‍ പ്രത്യേക ശ്രദ്ധ നൽകുന്നു.
സഹകരണ സ്ഥാപനങ്ങളുടെയും കമ്യൂണിറ്റി മാതൃകകളുടെയും ശാക്തീകരണം
ആഴക്കടൽ മത്സ്യബന്ധനം നടത്താനും സാങ്കേതികമായി വികസിപ്പിച്ച മത്സ്യബന്ധന യാനങ്ങള്‍ കൈകാര്യം ചെയ്യാനും മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങൾക്കും മത്സ്യ കർഷക ഉല്പാദക സംഘങ്ങള്‍ക്കും (എഫ്എഫ്പിഒ) ഈ നിയമങ്ങൾ മുൻഗണന നൽകുന്നു. എക്സ്ക്ലൂസീവ് സാമ്പത്തിക മേഖലാ നിയമങ്ങള്‍ ആഴക്കടൽ മത്സ്യബന്ധനത്തിന് സൗകര്യമൊരുക്കുന്നതിനൊപ്പം മൂല്യവര്‍ധനയ്ക്കും പരിശോധന സംവിധാനത്തിനും സാക്ഷ്യപ്പെടുത്തലിനും പ്രാധാന്യം നൽകി സമുദ്രവിഭവ കയറ്റുമതി വർധിപ്പിക്കാന്‍ സംഭാവന നൽകുകയും ചെയ്യുന്നു. ആധുനിക അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിച്ചും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണങ്ങൾക്ക് കീഴിലെ ഫലപ്രദമായ നിരീക്ഷണ സംവിധാനത്തിലൂടെ സമുദ്രമധ്യത്തിൽ വെച്ച് സാധനങ്ങൾ കൈമാറ്റം ചെയ്യാനാവുന്ന മാതൃ-ശിശു കപ്പൽ എന്ന ആശയം അവതരിപ്പിച്ചും ഈ സംരംഭം ഇന്ത്യൻ സമുദ്ര മത്സ്യബന്ധന മേഖലയ്ക്ക് പുതിയ സാധ്യതകൾ തുറന്നുകൊടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയുടെ ഇ.ഇ.ഇസെഡ് മേഖലയുടെ 49% വരുന്ന ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ് ദ്വീപുകളടക്കം ദ്വീപ് മേഖലകളില്‍ മാതൃ-ശിശു കപ്പല്‍ ആശയത്തിൻ്റെ ഉപയോഗം നിലവാരം കൂടിയ മത്സ്യങ്ങളുടെ കയറ്റുമതിക്ക് ഉണർവേകും.
സമഗ്ര പിന്തുണയും ശേഷി വർധനയും
പരിശീലന പരിപാടികൾ, രാജ്യാന്തര അനുഭവങ്ങള്‍ നല്‍കുന്ന സന്ദർശനങ്ങൾ, സംസ്കരണം, മൂല്യവര്‍ധന, വിപണനം, ബ്രാൻഡിങ്, കയറ്റുമതി എന്നിവയുൾപ്പെടെ എല്ലാ മേഖലകളെയും ഉള്‍ക്കൊള്ളുന്ന ശേഷിവര്‍ധനാ സംരംഭങ്ങളിലൂടെ മത്സ്യത്തൊഴിലാളികൾക്കും അവരുടെ സഹകരണ സ്ഥാപനങ്ങൾക്കും എഫ്എഫ്‌പിഒ-കൾക്കും സർക്കാർ സമഗ്ര പിന്തുണ നൽകും. പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജന (പിഎംഎംഎസ്‍വൈ), മത്സ്യബന്ധന -മത്സ്യകൃഷി അടിസ്ഥാനസൗകര്യ വികസന ഫണ്ട് (എഫ്ഐഡിഎഫ്) പോലുള്ള പ്രധാന പദ്ധതികൾക്ക് കീഴിൽ സുഗമവും താങ്ങാവുന്നതുമായ വായ്പകൾക്ക് സൗകര്യമൊരുക്കും.
ദോഷകരമായ പ്രവർത്തനങ്ങൾക്ക് തടയിട്ട് സുസ്ഥിര മത്സ്യബന്ധനത്തിന് പ്രോത്സാഹനം
സമുദ്ര ആവാസവ്യവസ്ഥ സംരക്ഷിക്കാനും തുല്യ മത്സ്യബന്ധന അവസരങ്ങൾ ഉറപ്പാക്കാനും ലക്ഷ്യമിട്ട് എൽഇഡി ലൈറ്റ് ഉപയോഗിച്ച് നടത്തുന്ന മത്സ്യബന്ധനം, ഇരട്ട ട്രോളിങ്, ബുൾ ട്രോളിങ് തുടങ്ങിയ ദോഷകരമായ മത്സ്യബന്ധന രീതികൾക്കെതിരെ ഇ.ഇ.ഇസെഡ് നിയമങ്ങൾ ശക്തമായ നിലപാട് സ്വീകരിക്കുന്നു. ജൈവവൈവിധ്യം സംരക്ഷിക്കാന്‍ മത്സ്യവർഗങ്ങളുടെ ഏറ്റവും കുറഞ്ഞ നിയമപരമായ വലുപ്പം നിർണയിക്കുകയും കുറഞ്ഞുവരുന്ന മത്സ്യ ശേഖരം പുനഃസ്ഥാപിക്കാൻ സംസ്ഥാന സർക്കാരുകളുമായി കൂടിയാലോചിച്ച് മത്സ്യബന്ധന നിര്‍വഹണ പദ്ധതികള്‍ വികസിപ്പിക്കുകയും ചെയ്യും. തീരദേശ മേഖലകളിലെ മത്സ്യബന്ധന സമ്മര്‍ദം കുറയ്ക്കാനും പാരിസ്ഥിതിക സമഗ്രതയിൽ വിട്ടുവീഴ്ച ചെയ്യാതെ ഉല്പാദനം വർധിപ്പിക്കാനും കടൽക്കൂട് കൃഷി, കടൽ പായൽ കൃഷി തുടങ്ങിയ സമുദ്രകൃഷിരീതികൾ ബദൽ ഉപജീവനമാർഗങ്ങളായി പ്രോത്സാഹിപ്പിക്കും. ചെറുകിട മത്സ്യത്തൊഴിലാളികൾക്കും അവരുടെ സഹകരണ സംഘങ്ങൾക്കും പ്രയോജനം ചെയ്യുന്ന ഈ നടപടികൾ ആഴക്കടൽ വിഭവങ്ങൾ ലഭ്യമാക്കാനും കൂടുതൽ വരുമാനം നേടാനും ട്യൂണ പോലെ മൂല്യമേറിയ മത്സ്യങ്ങളെ ആഗോള വിപണിയിലേക്ക് കയറ്റുമതി ചെയ്യാനും അവരെ പ്രാപ്തരാക്കും.
എക്സ്ക്ലൂസീവ് സാമ്പത്തിക മേഖലാ പ്രവർത്തനങ്ങൾക്ക് സുതാര്യ ഡിജിറ്റൽ പ്രവേശന പാസ് സംവിധാനം
ഇ.ഇ.ഇസെഡ് നിയമങ്ങളനുസരിച്ച് യന്ത്രവൽകൃതവും വലിയ മോട്ടോറുകൾ ഘടിപ്പിച്ചതുമായ മത്സ്യബന്ധന കപ്പലുകള്‍ക്ക് പ്രവേശന പാസ് നിർബന്ധമാണ്. റിയൽക്രാഫ്റ്റ് പോർട്ടലിലൂടെ പാസ് സൗജന്യമായി ലഭിക്കും. പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ഉപയോഗിക്കുന്ന മോട്ടോർ ഘടിപ്പിച്ചതോ അല്ലാത്തതോ ആയ ചെറുബോട്ടുകളെ പ്രവേശന പാസ് എടുക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പൂർണമായി ഡിജിറ്റലും സമയബന്ധിതവുമായ ഈ സംവിധാനം ബോട്ടുടമകൾക്ക് കുറഞ്ഞ രേഖകൾ മാത്രമുപയോഗിച്ച് അപേക്ഷിക്കാനും അപേക്ഷാ പുരോഗതി തത്സമയം നിരീക്ഷിക്കാനും ഓഫീസുകളില്‍ പോകാതെ നടപടിക്രമങ്ങൾ പൂർത്തീകരിക്കാനും സൗകര്യമൊരുക്കുന്നു. മുഴുവൻ പ്രക്രിയയും വേഗത്തിലും സുതാര്യമായും സാധ്യമാക്കുന്ന ഈ സംവിധാനത്തിലൂടെ സമയം ഏറെ ലാഭിക്കാനും സാധിക്കുന്നു. ചെറുകിട മത്സ്യത്തൊഴിലാളികളുടെ താല്പര്യങ്ങൾ സംരക്ഷിക്കാനായി വിദേശ മത്സ്യബന്ധന യാനങ്ങള്‍ക്ക് ഒരു സാഹചര്യത്തിലും ഇന്ത്യയുടെ എക്സ്ക്ലൂസീവ് സാമ്പത്തിക മേഖലയില്‍ പ്രവർത്തിക്കാൻ പ്രവേശന പാസ് അനുവദിക്കുന്നില്ല.
പ്രധാന അന്താരാഷ്ട്ര വിപണികളിലേക്ക് സമുദ്രവിഭവങ്ങൾ കയറ്റുമതി ചെയ്യാനാവശ്യമായ മത്സ്യബന്ധന, ആരോഗ്യ സാക്ഷ്യപത്രങ്ങള്‍ നൽകുന്നതിന് സമുദ്രോല്പന്ന കയറ്റുമതി വികസന അതോറിറ്റി (എംപിഇഡിഎ), കയറ്റുമതി പരിശോധന സമിതി (ഇഐസി) എന്നിവയുമായി റിയൽക്രാഫ്റ്റ് പോർട്ടലിനെ സംയോജിപ്പിക്കുന്നുണ്ട്. പൂര്‍ണതോതിലുള്ള പരിശോധന, ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കൽ, പാരിസ്ഥിതിക-ലേബലിങ് എന്നിവ ഉറപ്പാക്കുന്ന ഈ സംയോജിത ഡിജിറ്റൽ സംവിധാനം ഇന്ത്യൻ സമുദ്രോല്പന്നങ്ങളുടെ ആഗോള മത്സരശേഷി വർധിപ്പിക്കുന്നു.
നിയന്ത്രണ പരിഷ്കാരങ്ങളും സമുദ്ര സുരക്ഷയും തീരദേശ സുരക്ഷയും
പുതിയ നിയമങ്ങളിലെ പ്രധാന പരിഷ്കാരങ്ങള്‍ പ്രകാരം തീരത്തോടു ചേര്‍ന്നുനില്‍ക്കുന്ന പ്രദേശത്തിന് പുറത്ത് ഇന്ത്യൻ എക്സ്ക്ലൂസീവ് സാമ്പത്തിക മേഖലയില്‍നിന്ന് ലഭിക്കുന്ന മത്സ്യവിഭവങ്ങൾ ഇന്ത്യൻ തുറമുഖത്ത് ഇറക്കുമ്പോൾ അത് 'ഇറക്കുമതി'യായി കണക്കാക്കാതെ റവന്യൂ, കസ്റ്റംസ് നിയമങ്ങൾ പ്രകാരം 'ഇന്ത്യൻ ഉത്ഭവം' ആയി അംഗീകരിക്കും. വിഭവങ്ങള്‍ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുമ്പോൾ ഇന്ത്യൻ ആസ്തിയായി രേഖപ്പെടുത്താന്‍ ഇതുവഴി സാധിക്കും. കൂടാതെ, ചെറുകിട മത്സ്യത്തൊഴിലാളികളുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിന് ഇന്ത്യൻ എക്സ്ക്ലൂസീവ് സാമ്പത്തിക മേഖലയിലെ അനധികൃത മത്സ്യബന്ധനം തടയാൻ നിയമവിരുദ്ധവും റിപ്പോർട്ട് ചെയ്യാത്തതും അനിയന്ത്രിതവുമായ മത്സ്യബന്ധനത്തിനെതിരെ ദേശീയ കർമപദ്ധതി രൂപീകരിക്കാനും നിയമം വ്യവസ്ഥ ചെയ്യുന്നു.
ട്രാൻസ്പോണ്ടറുകളുടെ ഉപയോഗം നിർബന്ധിതമാക്കുന്നതിലൂടെ ആഴക്കടലിൽ മത്സ്യത്തൊഴിലാളികളുടെയും മത്സ്യബന്ധന യാനങ്ങളുടെയും സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നു. ക്യുആർ കോഡ് അടങ്ങുന്ന ആധാർ കാർഡോ / മത്സ്യത്തൊഴിലാളി തിരിച്ചറിയല്‍ രേഖയോ നിർബന്ധമാക്കി മത്സ്യത്തൊഴിലാളികളെയും മത്സ്യബന്ധന യാനങ്ങളെയും തിരിച്ചറിയാനാവുമന്ന് ഉറപ്പാക്കുന്നു. കടലിലെ സുരക്ഷിത യാത്രയ്ക്കും ട്രാൻസ്പോണ്ടറുകളുടെ പ്രവർത്തനത്തിനും മത്സ്യത്തൊഴിലാളികൾ ഉപയോഗിക്കുന്ന നഭമിത്ര ആപ്ലിക്കേഷനുമായി റിയൽക്രാഫ്റ്റ് പോര്‍ട്ടലിനെ സംയോജിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ കോസ്റ്റ് ഗാർഡും നാവികസേനയും ഉൾപ്പെടെ സമുദ്ര നിയമ നിർവഹണ സംവിധാനങ്ങളുടെ തീരദേശ സുരക്ഷാ നടപടികള്‍ ശക്തിപ്പെടുത്താൻ ഇത് സഹായിക്കും.
ഇന്ത്യയുടെ സമുദ്ര മത്സ്യബന്ധന ഭരണനിര്‍വഹണം ആധുനികവൽക്കരിക്കുന്നതിലെ സുപ്രധാന നാഴികക്കല്ലായ ഈ പരിഷ്കാരങ്ങൾ സാങ്കേതികവിദ്യ, സുതാര്യത, ഉൾച്ചേര്‍ക്കല്‍ എന്നിവയിലൂടെ തീരദേശ സമൂഹങ്ങളെ ശാക്തീകരിക്കാൻ സഹായിക്കുന്നു. ഡിജിറ്റൽ നവീകരണവും സമൂഹാധിഷ്ഠിത മാതൃകകളും സംയോജിപ്പിക്കുന്ന ഈ ചട്ടക്കൂട് സുസ്ഥിര മത്സ്യബന്ധന രീതികൾ ശക്തിപ്പെടുത്തുന്നതിനൊപ്പം ആഗോള സമുദ്ര വിഭവ വ്യാപാരത്തിൽ ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
പശ്ചാത്തലം
11,099 കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന ഇന്ത്യയുടെ തീരദേശവും 23 ലക്ഷം ചതുരശ്ര കിലോമീറ്ററിലേറെ വിസ്തൃതിയുള്ള എക്സ്ക്ലൂസീവ് സാമ്പത്തിക മേഖലയും 13 തീരദേശ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 50 ലക്ഷത്തിലധികം വരുന്ന മത്സ്യത്തൊഴിലാളി സമൂഹത്തിൻ്റെ ഉപജീവനമാർഗമാണ്. സമുദ്രവിഭവ കയറ്റുമതിയിലൂടെയും ദശലക്ഷക്കണക്കിന് പേര്‍ക്ക് പോഷകാഹാരം നൽകുന്നതിലൂടെയും രാജ്യത്തിൻ്റെ നീല സമ്പദ്‌വ്യവസ്ഥയിൽ സമുദ്ര മത്സ്യബന്ധനം സുപ്രധാന പങ്കുവഹിക്കുന്നു. എങ്കിലും ട്യൂണ ഉള്‍പ്പെടെ മൂല്യമേറിയ ആഴക്കടല്‍ വിഭവങ്ങളടക്കം ഇന്ത്യയുടെ എക്സ്ക്ലൂസീവ് സാമ്പത്തിക മേഖലയുടെ സമ്പൂർണ സാധ്യതകൾ ഇത്രനാള്‍ ഉപയോഗിക്കപ്പെട്ടില്ല. ശ്രീലങ്ക, മാലിദ്വീപ്, ഇന്തോനേഷ്യ, ഇറാൻ തുടങ്ങിയ രാജ്യങ്ങളും യൂറോപ്യൻ രാജ്യങ്ങളും നിലവിൽ ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ഗണ്യമായ അളവിൽ ട്യൂണ മത്സ്യബന്ധനം നടത്തുന്നുണ്ട്. സുസ്ഥിര മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കുന്ന പുതിയ ഇ.ഇ.ഇസെഡ് നിയമങ്ങൾ വിജ്ഞാപനം ചെയ്യുന്നതുവരെ ആഴക്കടല്‍ മത്സ്യബന്ധനത്തില്‍ പിന്നാക്കം നിന്ന ഇന്ത്യൻ മത്സ്യബന്ധന കപ്പലുകൾ തീരമേഖലയില്‍ മാത്രമൊതുങ്ങി.
ബജറ്റ് പ്രഖ്യാപനം (2025-26)
മത്സ്യോല്പാദനത്തിലും മത്സ്യകൃഷിയിലും ലോകത്തെ രണ്ടാമത് വലിയ രാജ്യമാണ് ഇന്ത്യയെന്ന് 2025-26 ബജറ്റ് പ്രഖ്യാപനത്തിൽ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. സമുദ്രവിഭവ കയറ്റുമതി മൂല്യം 60,000 കോടി രൂപയാണ്. സമുദ്ര മേഖലയുടെ ഉപയോഗിക്കപ്പെടാത്ത സാധ്യതകൾ തുറന്നുകാട്ടുന്നതിന് ഇന്ത്യൻ എക്സ്ക്ലൂസീവ് സാമ്പത്തിക മേഖലയില്‍നിന്നും അന്താരാഷ്ട്ര സമുദ്രമേഖലയില്‍നിന്നും സുസ്ഥിര മത്സ്യബന്ധനം പ്രയോജനപ്പെടുത്തുന്നതിനുള്ള ചട്ടക്കൂട് സർക്കാർ രൂപീകരിക്കുമെന്നും ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ് എന്നീ ദ്വീപ് മേഖലകള്‍ക്ക് ഇതില്‍ പ്രത്യേക ശ്രദ്ധ നൽകുമെന്നും ബജറ്റില്‍ വ്യക്തമാക്കി.
റിയൽക്രാഫ്റ്റ് പോർട്ടലിനെക്കുറിച്ച്
മത്സ്യ വകുപ്പിൻ്റെ നേതൃത്വത്തില്‍ ദേശീയ ഓൺലൈൻ സംവിധാനമായി വികസിപ്പിച്ച റിയൽക്രാഫ്റ്റ് പോർട്ടൽ, സമുദ്ര മത്സ്യത്തൊഴിലാളികൾക്കും തീരദേശ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും മത്സ്യബന്ധന കപ്പലുകളുടെ രജിസ്ട്രേഷന്‍, ലൈസൻസിങ്, ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യല്‍, അനുബന്ധ ബന്ധപ്പെട്ട നടപടിക്രമങ്ങൾ എന്നിവയ്ക്ക് പൗരകേന്ദ്രീകൃത സേവനങ്ങൾ ഓണ്‍ലൈനായി നൽകി നടപടിക്രമങ്ങള്‍ സുഗമമാക്കുന്നു. നിലവിൽ ഏകദേശം 1.32 ലക്ഷം മോട്ടോർ ഘടിപ്പിച്ച ബോട്ടുകളും 40,461 മോട്ടോർ ഘടിപ്പിക്കാത്ത പരമ്പരാഗത യാനങ്ങളുമടക്കം 13 തീരദേശ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഏകദേശം 2.38 ലക്ഷം മത്സ്യബന്ധന യാനങ്ങള്‍ ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ മത്സ്യബന്ധന യാനങ്ങളെ ഇന്ത്യയുടെ എക്സ്ക്ലൂസീവ് സാമ്പത്തിക മേഖലയില്‍ മത്സ്യബന്ധന പ്രവേശന പാസ് നേടുന്നതിൽ നിന്ന് ഒഴിവാക്കും. അതേസമയം 64,187 യന്ത്രവൽകൃത മത്സ്യബന്ധന യാനങ്ങള്‍ക്ക് ഇ.ഇ.ഇസെഡ് മേഖലയിലെ മത്സ്യബന്ധനത്തിന് പ്രവേശന പാസ് നേടേണ്ടതുണ്ട്.
***
(Release ID: 2187820)
Visitor Counter : 17