പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, നാല് പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ വാരാണസിയിൽ നിന്ന് ഫ്ലാഗ് ഓഫ് ചെയ്തു.


വന്ദേ ഭാരത്, നമോ ഭാരത്, അമൃത് ഭാരത് തുടങ്ങിയ ട്രെയിനുകൾ ഇന്ത്യൻ റെയിൽവേയുടെ അടുത്ത തലമുറയ്ക്ക് അടിത്തറ പാകുന്നു: പ്രധാനമന്ത്രി

വികസിത ഭാരതത്തിനായി വിഭവങ്ങൾ വർദ്ധിപ്പിക്കാനുള്ള ദൗത്യത്തിലാണ് ഇന്ത്യ ഇപ്പോൾ, ഈ യാത്രയിൽ ഇത്തരം ട്രെയിനുകൾ നാഴികക്കല്ലുകളായി മാറും: പ്രധാനമന്ത്രി.

വന്ദേ ഭാരത് ശൃംഖല പുണ്യ തീർത്ഥാടന കേന്ദ്രങ്ങളെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ട്, ഇന്ത്യയുടെ സംസ്കാരം, വിശ്വാസം, വികസന യാത്ര എന്നിവയുടെ സംയോജനത്തെ അടയാളപ്പെടുത്തുന്നു; പൈതൃക നഗരങ്ങളെ ദേശീയ പുരോഗതിയുടെ പ്രതീകങ്ങളാക്കി മാറ്റുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണിത്: പ്രധാനമന്ത്രി.

Posted On: 08 NOV 2025 10:15AM by PIB Thiruvananthpuram


ഇന്ത്യയുടെ ആധുനിക റെയിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പായി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉത്തർപ്രദേശിലെ വാരാണസിയിൽ നിന്നുകൊണ്ട് രാജ്യത്തെ നാല് പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തു.
ചടങ്ങിനെ അഭിസംബോധന ചെയ്ത ശ്രീ മോദി എല്ലാ വിശിഷ്ടാതിഥികളെയും സ്വാഗതം ചെയ്യുകയും ബാബ വിശ്വനാഥന്റെ പുണ്യനഗരമായ വാരാണസിയിലെ എല്ലാ കുടുംബങ്ങൾക്കും ആദരപൂർവ്വം ആശംസകൾ അർപ്പിക്കുകയും ചെയ്തു. ദേവ് ദീപാവലി ആഘോഷങ്ങളുടെ അസാധാരണമായ കാഴ്ചകളെക്കുറിച്ച് പരാമർശിച്ച അദ്ദേഹം ഇന്നത്തെ ദിവസം ശുഭകരമായ വേളയാണെന്ന് അഭിപ്രായപ്പെടുകയും, വികസനത്തിൻ്റെ ഈ ഉത്സവത്തിന് എല്ലാവർക്കും ആശംസകൾ നേരുകയും ചെയ്തു.

ലോകത്തിലെ വികസിത രാജ്യങ്ങളിലെല്ലാം സാമ്പത്തിക വളർച്ചയുടെ പ്രധാന പ്രേരകശക്തി ശക്തമായ അടിസ്ഥാന സൗകര്യങ്ങളാണെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട്, ഗണ്യമായ വളർച്ചയും വികസനവും കൈവരിച്ച എല്ലാ രാജ്യങ്ങളിലും അടിസ്ഥാന സൗകര്യങ്ങളുടെ പുരോഗതിക്ക് സുപ്രധാന പങ്കുണ്ടെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു. ഇന്ത്യയും ഈ പാതയിൽ അതിവേഗം മുന്നോട്ട് കുതിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിൻ്റെ ഭാഗമായി, രാജ്യത്തിൻ്റെ വിവിധ മേഖലകളിൽ പുതിയ വന്ദേ ഭാരത് ട്രെയിനുകൾ ആരംഭിക്കുകയാണെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ബനാറസ്-ഖജുരാവോ വന്ദേ ഭാരതിന് പുറമെ, ഫിറോസ്പുർ-ഡൽഹി, ലഖ്‌നൗ-സഹരൺപൂർ , എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ്സുകൾ അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തു. ഈ നാല് പുതിയ ട്രെയിനുകൾ കൂടി ആരംഭിച്ചതോടെ, രാജ്യത്ത് സർവീസ് നടത്തുന്ന വന്ദേ ഭാരത് ട്രെയിനുകളുടെ എണ്ണം160 കടന്നു. ഈ ട്രെയിനുകൾ ആരംഭിച്ചതിൽ വാരാണസിയിലെ ജനങ്ങൾക്കും ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും പ്രധാനമന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചു.

"വന്ദേ ഭാരത്, നമോ ഭാരത്, അമൃത് ഭാരത് തുടങ്ങിയ ട്രെയിനുകളാണ് ഇന്ത്യൻ റെയിൽവേയുടെ അടുത്ത തലമുറയ്ക്ക് അടിത്തറയിടുന്നത്," ഇന്ത്യൻ റെയിൽവേയെ പരിവർത്തനം ചെയ്യുന്നതിനുള്ള സമഗ്രമായ പ്രചാരണമാണിതെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. "ഇന്ത്യക്കാർക്ക് വേണ്ടി, ഇന്ത്യക്കാർ നിർമ്മിച്ച, ഇന്ത്യക്കാരുടേതായ ട്രെയിനാണ് വന്ദേ ഭാരത്. ഇത് ഓരോ ഇന്ത്യക്കാരനിലും അഭിമാനം നിറയ്ക്കുന്നു," എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. വന്ദേ ഭാരത് ട്രെയിൻ കാണുമ്പോൾ വിദേശ യാത്രക്കാർ പോലും അത്ഭുതപ്പെടുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വികസിത ഭാരതത്തിനുവേണ്ടി വിഭവങ്ങൾ വർദ്ധിപ്പിക്കാനുള്ള ദൗത്യത്തിലാണ് ഇന്ത്യ ഇപ്പോൾ ഏർപ്പെട്ടിരിക്കുന്നതെന്നും, ഈ യാത്രയിൽ ഇത്തരം ട്രെയിനുകൾ നാഴികക്കല്ലുകളായി മാറാൻ സാധ്യതയുണ്ടെന്നും ശ്രീ മോദി എടുത്തുപറഞ്ഞു.

ഇന്ത്യയിൽ തീർത്ഥാടനം എന്നത് നൂറ്റാണ്ടുകളായി ദേശീയ ബോധത്തിൻ്റെ മാധ്യമമായാണ് കണക്കാക്കപ്പെടുന്നതെന്ന് എടുത്തു കാണിച്ച ശ്രീ മോദി, ഈ യാത്രകൾ വെറും ദർശനത്തിനുള്ള വഴികൾ മാത്രമല്ല, ഇന്ത്യയുടെ ആത്മാവുമായി ബന്ധിപ്പിക്കുന്ന പുണ്യ പാരമ്പര്യങ്ങളാണെന്നും ഊന്നിപ്പറഞ്ഞു. പ്രയാഗ്‌രാജ്, അയോധ്യ, ഹരിദ്വാർ, ചിത്രകൂട്, കുരുക്ഷേത്രം എന്നിവ രാജ്യ പൈതൃകത്തിൻ്റെ ആത്മീയ കേന്ദ്രങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. "ഈ പുണ്യസ്ഥലങ്ങൾ ഇപ്പോൾ വന്ദേ ഭാരത് ശൃംഖല വഴി ബന്ധിപ്പിക്കപ്പെടുന്നു; ഇത് ഇന്ത്യയുടെ സംസ്കാരം, വിശ്വാസം, വികസന യാത്ര എന്നിവയുടെ സംഗമമാണ്. പൈതൃക നഗരങ്ങളെ ദേശീയ പുരോഗതിയുടെ പ്രതീകങ്ങളാക്കി മാറ്റുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണിത്," പ്രധാനമന്ത്രി വ്യക്തമാക്കി.

ഇന്ത്യയിലെ തീർത്ഥാടനങ്ങളുടെ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്ന സാമ്പത്തിക തലത്തെ എടുത്തു കാണിച്ചുകൊണ്ട്, കഴിഞ്ഞ 11 വർഷമായി ഉത്തർപ്രദേശിലെ വികസന സംരംഭങ്ങൾ തീർത്ഥാടനത്തിന് ഒരു പുതിയ മാനം നൽകിയതായി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. കഴിഞ്ഞ വർഷം മാത്രം 11 കോടി ഭക്തരാണ് ബാബാ വിശ്വനാഥിൻ്റെ ദർശനത്തിനായി വാരാണസി സന്ദർശിച്ചത്. അയോധ്യയിൽ രാമക്ഷേത്രം നിർമ്മിച്ചതിനുശേഷം 6 കോടിയിലധികം പേർ രാം ലല്ല ക്ഷേത്രം സന്ദർശിച്ചു. ഈ തീർത്ഥാടകർ ഉത്തർപ്രദേശിൻ്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ആയിരക്കണക്കിന് കോടി രൂപയുടെ സംഭാവന നൽകിയതായി ശ്രീ മോദി പറഞ്ഞു. ഈ ജനപ്രവാഹം സംസ്ഥാനത്തുടനീളമുള്ള ഹോട്ടലുകൾ, വ്യാപാരികൾ, ഗതാഗത കമ്പനികൾ, പ്രാദേശിക കലാകാരന്മാർ, ബോട്ട് ഓപ്പറേറ്റർമാർ എന്നിവർക്ക് സ്ഥിരമായ വരുമാന മാർഗ്ഗങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. ഇതിൻ്റെ ഫലമായി, വാരാണസിയിലെ നൂറുകണക്കിന് യുവാക്കൾ ഇപ്പോൾ ഗതാഗത സേവനങ്ങൾ മുതൽ ബനാറസി സാരി ബിസിനസ്സ് വരെയുള്ള പുതിയ സംരംഭങ്ങൾ ആരംഭിക്കുകയാണ്. ഈ വികസനങ്ങൾ ഉത്തർപ്രദേശിലും വാരാണസിയിലും അഭിവൃദ്ധിയുടെ  വാതിലുകൾ തുറന്നതായി അദ്ദേഹം സ്ഥിരീകരിച്ചു.

വികസിത വാരാണസിയിലൂടെ വികസിത ഭാരതം എന്ന മന്ത്രം യാഥാർത്ഥ്യമാക്കാൻ, നഗരത്തിൽ നിരന്തരമായ അടിസ്ഥാന സൗകര്യ വികസനം നടക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഗുണനിലവാരമുള്ള ആശുപത്രികൾ സ്ഥാപിക്കൽ, അവയുടെ വിപുലീകരണം, ഗുണനിലവാരമുള്ള റോഡുകൾ, ഗ്യാസ് പൈപ്പ്‌ലൈൻ ശൃംഖലകൾ, ഇൻ്റർനെറ്റ് കണക്റ്റിവിറ്റി എന്നിവയുടെ ഗുണപരമായ മെച്ചപ്പെടുത്തലുകൾ വാരാണസിയിൽ നടക്കുന്നുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. റോപ്‌വേ പദ്ധതി അതിവേഗം പുരോഗമിക്കുന്നതായും ഗഞ്ചാരി, സിഗ്ര സ്റ്റേഡിയങ്ങൾ പോലുള്ള കായിക അടിസ്ഥാന സൗകര്യങ്ങൾ ഒരുങ്ങിക്കഴിഞ്ഞതായും അദ്ദേഹം സൂചിപ്പിച്ചു. ബനാറസ് സന്ദർശിക്കുന്നതും താമസിക്കുന്നതും ആസ്വദിക്കുന്നതും എല്ലാവർക്കും ഒരു പ്രത്യേക അനുഭവമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. 

വാരാണസിയിലെ ആരോഗ്യ സംരക്ഷണ സേവനങ്ങൾ മെച്ചപ്പെടുത്താൻ ഗവണ്മെന്റ് നിരന്തരം പ്രവർത്തിക്കുന്നുണ്ടെന്ന് സൂചിപ്പിച്ച ശ്രീ മോദി, 10-11 വർഷം മുമ്പുള്ള സാഹചര്യം അനുസ്മരിച്ചു. ഗുരുതരമായ അസുഖങ്ങൾക്ക് ബനാറസ് ഹിന്ദു സർവകലാശാല മാത്രമായിരുന്നു ഏക ആശ്രയമെന്നും, രോഗികളുടെ ബാഹുല്യം കാരണം പലർക്കും രാത്രികളോളം കാത്തിരുന്നിട്ടും ചികിത്സ ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കാൻസർ പോലുള്ള രോഗങ്ങൾക്ക് ചികിത്സ തേടി മുംബൈയിലേക്ക് പോകാൻ ആളുകൾക്ക് ഭൂമിയും കൃഷിയിടങ്ങളും വിൽക്കേണ്ടി വന്നിരുന്നു. ഈ ആശങ്കകൾ കുറയ്ക്കാൻ തൻ്റെ ഗവണ്മെന്റ് ശ്രമം നടത്തിയിട്ടുണ്ട്. കാൻസർ ചികിത്സയ്ക്കുള്ള മഹാമാന കാൻസർ ആശുപത്രി, കണ്ണിൻ്റെ പരിചരണത്തിനായി ശങ്കർ നേത്രാലയ, ബിഎച്ച്യുവിലെ അത്യാധുനിക ട്രോമാ സെൻ്റർ, സെൻ്റനറി ഹോസ്പിറ്റൽ, പാണ്ഡേപൂരിലെ ഡിവിഷണൽ ആശുപത്രി എന്നിവ വാരാണസി, പൂർവാഞ്ചൽ, അയൽ സംസ്ഥാനങ്ങൾ എന്നിവയ്ക്ക് അനുഗ്രഹമായി മാറിയ സ്ഥാപനങ്ങളാണെന്ന് അദ്ദേഹം എണ്ണിപ്പറഞ്ഞു. ഈ ആശുപത്രികളിലെ ആയുഷ്മാൻ ഭാരത്, ജൻ ഔഷധി കേന്ദ്രങ്ങളിലൂടെ ലക്ഷക്കണക്കിന് പാവപ്പെട്ട രോഗികൾക്ക് കോടിക്കണക്കിന് രൂപ ലാഭിക്കാൻ കഴിയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് പൊതുജനങ്ങളുടെ ആശങ്ക ലഘൂകക്കുക മാത്രമല്ല, വാരാണസിക്ക്, മുഴുവൻ മേഖലയുടെയും ആരോഗ്യ തലസ്ഥാനമെന്ന അംഗീകാരം നേടിക്കൊടുക്കുകയും ചെയ്തു.

വാരാണസിയുടെ വികസനത്തിൻ്റെ ഈ വേഗതയും ഊർജ്ജവും നിലനിർത്തേണ്ടതിൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട്, നഗരത്തിൻ്റെ പ്രൗഢി അഭിവൃദ്ധിയോടെ അതിവേഗം വളരുന്നത് തുടരണമെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. ലോകമെമ്പാടുമുള്ള ഓരോ സന്ദർശകനും ബാബാ വിശ്വനാഥൻ്റെ പുണ്യ നഗരത്തിൽ അതുല്യമായ ഊർജ്ജവും ആവേശവും സന്തോഷവും അനുഭവിക്കാൻ കഴിയണം എന്ന കാഴ്ചപ്പാട് പ്രകടമാക്കിക്കൊണ്ട് അദ്ദേഹം തൻ്റെ പ്രസംഗം ഉപസംഹരിച്ചു.

ഫ്ലാഗ് ഓഫ് ചടങ്ങിൽ പങ്കെടുത്ത വിദ്യാർത്ഥികളുമായി സംവദിച്ച കാര്യം ശ്രീ മോദി പരാമർശിച്ചു. വന്ദേ ഭാരത് ട്രെയിനുകളുടെ ഉദ്ഘാടന വേളയിൽ വിദ്യാർത്ഥികൾക്കിടയിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നത് ഒരു പതിവാക്കിയതിന് ശ്രീ അശ്വിനി വൈഷ്ണവിനെ അദ്ദേഹം പ്രശംസിച്ചു. വികസിത് ഭാരത്, വികസിത് കാശി, സുരക്ഷിത് ഭാരത് തുടങ്ങിയ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള മത്സരത്തിൽ അവതരിപ്പിച്ച ചിത്രങ്ങൾക്കും കവിതകൾക്കും അദ്ദേഹം കുട്ടികളെ അഭിനന്ദിച്ചു. അവരുടെ മാതാപിതാക്കളുടെയും അധ്യാപകരുടെയും പിന്തുണയ്ക്കും മാർഗ്ഗനിർദ്ദേശങ്ങൾക്കും പ്രോത്സാഹനങ്ങൾക്കും അദ്ദേഹം അഭിനന്ദനമറിയിച്ചു. കുട്ടികളുട ഒരു സാഹിത്യ സമ്മേളനം സംഘടിപ്പിക്കാമെന്നും അതിലെ എട്ടോ പത്തോ വിജയികളെ മറ്റ് മത്സരങ്ങൾക്കായി ഇന്ത്യയിലുടനീളം കൊണ്ടുപോകാമെന്നുമുള്ള ആശയവും പ്രധാനമന്ത്രി മുന്നോട്ടുവച്ചു. ഇത്രയും കഴിവുറ്റ കുട്ടികളുള്ള വാരാണസിയുടെ പാർലമെൻ്റ് അംഗമായതിൽ തനിക്ക് അഭിമാനമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുകയും കുട്ടികളെ അഭിനന്ദിക്കുകയും ചെയ്തു.

ഉത്തർപ്രദേശ് മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് എന്നിവരും മറ്റ് വിശിഷ്ട വ്യക്തികളും ചടങ്ങിൽ സന്നിഹിതരായിരുന്നു. കേരള ഗവർണർ ശ്രീ രാജേന്ദ്ര ആർലേക്കർ, കേന്ദ്രമന്ത്രിമാരായ ശ്രീ സുരേഷ് ഗോപി, ശ്രീ ജോർജ്ജ് കുര്യൻ, ശ്രീ രവ്‌നീത് സിംഗ് ബിട്ടു എന്നിവരും മറ്റ് വിശിഷ്ട വ്യക്തികളും വീഡിയോ കോൺഫറൻസിംഗ് വഴി പരിപാടിയിൽ പങ്കുചേർന്നു.

പശ്ചാത്തലം
 
ലോകോത്തര റെയിൽവേ സേവനങ്ങളിലൂടെ പൗരന്മാർക്ക് എളുപ്പവും വേഗതയേറിയതും സുഖപ്രദവുമായ യാത്ര നൽകുക എന്ന പ്രധാനമന്ത്രിയുടെ ദർശനം സാക്ഷാത്കരിക്കുന്നതിലെ മറ്റൊരു നാഴികക്കല്ലായി 4 പുതിയ വന്ദേ ഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് അടയാളപ്പെടുത്തുന്നു. ബനാറസ്–ഖജുരാവോ, ലഖ്‌നൗ–സഹരൻപൂർ, ഫിറോസ്പൂർ–ഡൽഹി, എറണാകുളം–ബെംഗളൂരു റൂട്ടുകളിലാണ് പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ സർവീസ് നടത്തുക. പ്രധാന ലക്ഷ്യസ്ഥാനങ്ങൾക്കിടയിലെ യാത്രാ സമയം ഗണ്യമായി കുറയ്ക്കുന്നതിലൂടെ, ഈ ട്രെയിനുകൾ പ്രാദേശിക സഞ്ചാരശേഷി വർദ്ധിപ്പിക്കുകയും, ടൂറിസത്തെ പ്രോത്സാഹിപ്പിക്കുകയും, രാജ്യത്തുടനീളമുള്ള സാമ്പത്തിക പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയും ചെയ്യും. 

ബനാറസ്–ഖജുരാവോ വന്ദേ ഭാരത് ഈ റൂട്ടിൽ നേരിട്ടുള്ള ഗതാഗത ബന്ധം സ്ഥാപിക്കുകയും യാത്ര സമയം, നിലവിൽ സർവീസ് നടത്തുന്ന പ്രത്യേക ട്രെയിനുകളെ അപേക്ഷിച്ച് ഏകദേശം 2 മണിക്കൂർ 40 മിനിറ്റ് ലാഭിക്കുകയും ചെയ്യും. വാരാണസി, പ്രയാഗ്രാജ്, ചിത്രകൂട്, ഖജുരാവോ എന്നിവയുൾപ്പെടെ ഇന്ത്യയിലെ ഏറ്റവും ആദരണീയമായ മതപരവും സാംസ്കാരികവുമായ ചില കേന്ദ്രങ്ങളെ ബനാറസ്–ഖജുരാവോ വന്ദേ ഭാരത് എക്സ്പ്രസ് ബന്ധിപ്പിക്കും. ഈ ബന്ധം മതപരവും സാംസ്കാരികവുമായ ടൂറിസത്തെ ശക്തിപ്പെടുത്തുക മാത്രമല്ല, തീർത്ഥാടകർക്കും യാത്രക്കാർക്കും യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായ ഖജുരാവോയിലേക്ക് വേഗതയേറിയതും ആധുനികവും സുഖകരവുമായ യാത്ര ലഭ്യമാക്കുകയും ചെയ്യും.

ലഖ്‌നൗ-സഹരൻപൂർ വന്ദേ ഭാരത് ഏകദേശം 7 മണിക്കൂർ 45 മിനിറ്റിനുള്ളിൽ യാത്ര പൂർത്തിയാക്കുകയും ഏകദേശം 1 മണിക്കൂർ യാത്രാ സമയം ലാഭിക്കുകയും ചെയ്യും. ലഖ്‌നൗ-സഹരൻപൂർ വന്ദേ ഭാരത് എക്‌സ്പ്രസ് ലഖ്‌നൗ, സീതാപൂർ, ഷാജഹാൻപൂർ, ബറേലി, മൊറാദാബാദ്, ബിജ്‌നോർ, സഹരൻപൂർ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് വളരെയധികം പ്രയോജനം ചെയ്യും, അതേസമയം റൂർക്കി വഴി പുണ്യനഗരമായ ഹരിദ്വാറിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുകയും ചെയ്യും. മധ്യ, പടിഞ്ഞാറൻ ഉത്തർപ്രദേശിലെ നഗരങ്ങൾക്കിടയിലുള്ള യാത്ര സുഗമവും വേഗമേറിയതുമാക്കുന്നതിലൂടെ, ഈ സേവനം കണക്റ്റിവിറ്റിയും പ്രാദേശിക വികസനവും വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കും.

ഫിറോസ്പൂർ-ഡൽഹി വന്ദേ ഭാരത് ഈ റൂട്ടിലെ ഏറ്റവും വേഗതയേറിയ ട്രെയിനായിരിക്കും, വെറും 6 മണിക്കൂർ 40 മിനിറ്റിനുള്ളിൽ യാത്ര പൂർത്തിയാക്കും. ഫിറോസ്പൂർ-ഡൽഹി വന്ദേ ഭാരത് എക്‌സ്പ്രസ് ദേശീയ തലസ്ഥാനത്തിനും പഞ്ചാബിലെ പ്രധാന നഗരങ്ങളായ ഫിറോസ്പൂർ, ഭട്ടിൻഡ, പട്യാല എന്നിവയ്ക്കിടയിലുള്ള കണക്റ്റിവിറ്റി ശക്തിപ്പെടുത്തും. വ്യാപാരം, ടൂറിസം, തൊഴിലവസരങ്ങൾ എന്നിവ വർദ്ധിപ്പിക്കുന്നതിനും അതിർത്തി പ്രദേശങ്ങളുടെ സാമൂഹിക-സാമ്പത്തിക വികസനത്തിന് സംഭാവന നൽകുന്നതിനും ദേശീയ വിപണികളുമായി കൂടുതൽ സംയോജനം വളർത്തുന്നതിനും ഈ ട്രെയിൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ദക്ഷിണേന്ത്യയിൽ ആരംഭിച്ച എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് യാത്രാ സമയം 2 മണിക്കൂറിലധികം കുറയ്ക്കുകയും 8 മണിക്കൂർ 40 മിനിറ്റിനുള്ളിൽ യാത്ര പൂർത്തിയാക്കുകയും ചെയ്യും. പ്രധാന ഐടി, വാണിജ്യ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ഈ ട്രെയിൻ പ്രൊഫഷണലുകൾക്കും വിദ്യാർത്ഥികൾക്കും വിനോദസഞ്ചാരികൾക്കും വേഗതയേറിയതും കൂടുതൽ സൗകര്യപ്രദവുമായ യാത്രാമാർഗ്ഗം പ്രദാനം ചെയ്യും. കേരളം, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങൾക്കിടയിൽ കൂടുതൽ സാമ്പത്തിക പ്രവർത്തനങ്ങളെയും ടൂറിസത്തെയും ഈ സർവീസ്  പ്രോത്സാഹിപ്പിക്കുകയും പ്രാദേശിക വളർച്ചയെയും സഹകരണത്തെയും പിന്തുണയ്ക്കകയും ചെയ്യും.

****

-SK-

(Release ID: 2187769) Visitor Counter : 20