വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
2-ാമത് ബിഗ് പിക്ചർ ഉച്ചകോടി-2025-ൽ വേവ്സ് ബസാറുമായി സഹകരിച്ച് സിഐഐ ഗ്ലോബൽ മാധ്യമ& വിനോദവ്യവസായ(M&E) നിക്ഷേപക സംഗമം പ്രഖ്യാപിച്ചു.
Posted On:
07 NOV 2025 4:10PM by PIB Thiruvananthpuram
മുംബൈയിൽ 2025 ഡിസംബർ 1-2 തീയതികളിൽ നടക്കുന്ന 12-ാമത് വാർഷിക സിഐഐ ബിഗ് പിക്ചർ ഉച്ചകോടിയിൽ സിഐഐ ആഗോള എം&ഇ നിക്ഷേപക സംഗമം ആരംഭിക്കുമെന്ന് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) പ്രഖ്യാപിച്ചു. വേവ്സ് ബസാറുമായി സഹകരിച്ച് നടത്തുന്ന ഈ സംരംഭം, രാജ്യത്തിൻ്റെ മാധ്യമ, വിനോദ (എം&ഇ) മേഖലയിലെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തുന്നതിന് ലക്ഷ്യമിടുന്നു. താല്പര്യമുള്ള കമ്പനികളുടെ നിക്ഷേപം സംയോജിപ്പിച്ച് കൊണ്ട് ഈ മേഖലയുടെ വളർച്ച പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.
നിക്ഷേപക സംഗമത്തിനായി എലാറ ക്യാപിറ്റലിനെ നിക്ഷേപ പങ്കാളിയായും വിട്രിനയെ ആഗോള ധനകാര്യ പങ്കാളിയായും സിഐഐ പ്രഖ്യാപിച്ചു. മാധ്യമ& വിനോദ മേഖലയിലെ ബിസിനസ് ശൃംഖല വിപുലപ്പെടുത്തുന്നതിനും പ്രോജക്ടുകൾ കണ്ടെത്തുന്നതിനും വഴിയൊരുക്കുന്ന ഒരു പ്രമുഖ വേദിയാണ് വേവ്സ് ബസാർ. വേവ്സ് ബസാറിൻ്റെ വിജയകരമായ ബി2ബി യോഗ മാതൃകയിൽ നടക്കുന്ന പരിപാടിയിൽ നിലവിലുള്ള പ്രോജക്റ്റുകൾ, വേവ്സ് ഫിലിം ബസാറിലെ മറ്റു സംരംഭങ്ങൾ എന്നിവയും സിഐഐ മാർക്കറ്റ് പ്ലേസുമായി സംയോജിപ്പിക്കും.
" നിർമ്മിത ബുദ്ധിയുടെ യുഗം: സർഗാത്മകതയെയും വ്യാപാരത്തെയും ബന്ധിപ്പിക്കുന്നു " എന്ന പ്രമേയത്തിൽ നടക്കുന്ന CII ബിഗ് പിക്ചർ ഉച്ചകോടി, ഗവൺമെൻ്റ് തലത്തിലെയും വ്യവസായ മേഖലയിലെയും നേതാക്കളെ ഒരുമിച്ച് കൊണ്ടുവന്ന് ഇന്ത്യയുടെ മാധ്യമ & വിനോദ രംഗത്തെ (M&E) വളർച്ചയ്ക്കും പരിവർത്തനത്തിനുമുള്ള ഒരു കർമരേഖ രൂപപ്പെടുത്തും. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിൻ്റെ സഹകരണത്തോടെയാണ് ഉച്ചകോടി സംഘടിപ്പിച്ചിരിക്കുന്നത്.
കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി സഞ്ജയ് ജാജു, സോണി പിക്ചേഴ്സ് നെറ്റ്‌വർക്ക് ഇന്ത്യയുടെ എംഡിയും സിഇഒയുമായ ഗൗരവ് ബാനർജി എന്നിവർ ഉച്ചകോടിക്ക് അധ്യക്ഷത വഹിക്കും. ജെറ്റ് സിന്തസിസ് സിഇഒ രാജൻ നവാനി, യൂട്യൂബ് ഇന്ത്യയുടെ കൺട്രി മാനേജിംഗ് ഡയറക്ടർ ഗുഞ്ചൻ സോണി (CII M&E ദേശീയ സമിതിഭാരവാഹികൾ) എന്നിവരും CII ബിഗ് പിക്ചർ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.
സിഐഐ എം&ഇ ആഗോള നിക്ഷേപക സംഗമം, അന്താരാഷ്ട്ര നിക്ഷേപകരെ ഇന്ത്യയിലെ ഏറ്റവും പ്രതീക്ഷ നൽകുന്ന സംരംഭങ്ങളുമായി നേരിട്ടുള്ള പ്രത്യേക യോഗങ്ങളിലൂടെ ബന്ധിപ്പിക്കും. ഫിലിം, സ്ട്രീമിംഗ്, ഗെയിമിംഗ്, ആനിമേഷൻ, വിഎഫ്എക്സ്, തൽസമയ വിനോദങ്ങൾ, തുടങ്ങി ഇന്ത്യയുടെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന എം&ഇ മേഖലയിലേക്ക് ആഗോള, ആഭ്യന്തര നിക്ഷേപങ്ങളെ ഉത്തേജിപ്പിക്കാൻ ഈ സംരംഭം സജ്ജമായിരിക്കുന്നു.
“സമ്പന്നമായ ചരിത്രം ഉണ്ടായിരുന്നിട്ടും, ഇന്ത്യയുടെ എം&ഇ വ്യവസായം പ്രധാനമായും സ്വകാര്യ താല്പര്യത്തിലും മൂലധനത്തിലുമാണ് അഭിവൃദ്ധി പ്രാപിച്ചിരിക്കുന്നത്. ഈ പ്രവണത മാറ്റുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പാണ് സിഐഐയുടെ നിക്ഷേപക സംഗമം” സിഐഐ ഗ്ലോബൽ എം&ഇ നിക്ഷേപക സംഗമം ചെയർമാനും റിലയൻസ് എൻ്റർടൈൻമെന്റിൻ്റെ ഗ്രൂപ്പ് സിഇഒയും പ്രൊഡ്യൂസേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യയുടെ പ്രസിഡൻ്റുമായ ഷിബാഷിഷ് സർക്കാർ പറഞ്ഞു. “ഇതാദ്യമായി, ആഗോള നിക്ഷേപകരെയും ഇന്ത്യൻ എം&ഇ സംരംഭങ്ങളെയും വ്യക്തിഗത യോഗങ്ങളിലൂടെ , ഞങ്ങൾ ഒരുമിച്ച് കൊണ്ടുവരുന്നു. ഇത് കേവലം ഒരു ഉച്ചകോടി മാത്രമല്ല, ആഗോളതലത്തിൽ ഇന്ത്യൻ കമ്പനികളെ പ്രായോഗികവും ആവേശകരവുമായ നിക്ഷേപ കേന്ദ്രങ്ങളായി പ്രദർശിപ്പിക്കാനും സഹകരണ ബന്ധം സ്ഥാപിക്കാനും ലക്ഷ്യമിട്ടുള്ള ഒരു വിശാലമായ യാത്രയുടെ തുടക്കമായിട്ടാണ് ഞാൻ കാണുന്നത്.”
“സിഐഐ എം&ഇ ആഗോള നിക്ഷേപക സംഗമത്തിൽ പങ്കാളിയാകാൻ എലാറ ക്യാപിറ്റലിന് സന്തോഷമുണ്ട്. എം&ഇ മേഖലയിലെ നിക്ഷേപക സമൂഹത്തെയും കോർപ്പറേറ്റുകളെയും ഒരുമിച്ച് കൊണ്ടുവരാനും, രണ്ട് മേഖലകളെയും ഐക്യപ്പെടുത്തി മികച്ച രീതിയിൽ നയിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു,” എലാറ ക്യാപിറ്റലിൻ്റെ എംഡി ഹരേന്ദ്ര കുമാർ പറഞ്ഞു.
“ഈ നാഴികക്കല്ലായ സംരംഭത്തിൽ സിഐഐയുമായി ചേർന്ന് എം&ഇ നിക്ഷേപക സംഗമത്തിൽ പങ്കാളിയാകാൻ വിട്രിനയ്ക്ക് അഭിമാനമുണ്ട്,” വിട്രിന സിഇഒ അതുൽ ഫഡ്‌നിസ് പറഞ്ഞു. “ഇന്ത്യയുടെ എം&ഇ ആവാസവ്യവസ്ഥ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നു.ശരിയായ നിക്ഷേപകരെ ശരിയായ അവസരങ്ങളിലേക്ക് ബന്ധിപ്പിക്കുന്നതിലൂടെ ആഗോളതലത്തിൽ ഇന്ത്യയുടെ സാധ്യതകൾ ഉയർത്തിക്കാട്ടുക എന്നതാണ് ഞങ്ങളുടെ ദൗത്യം.”
ഇന്ത്യയുടെ മാധ്യമ, വിനോദ വ്യവസായ മേഖലയിലെ പ്രധാന വാർഷിക സമ്മേളനമാണ് സിഐഐ ബിഗ് പിക്ചർ ഉച്ചകോടി. നയരൂപകർത്താക്കൾ, വ്യവസായ വിദഗ്ധർ, നിക്ഷേപകർ, സർഗ്ഗാത്മക പ്രതിഭകൾ എന്നിവരെ ഒരുമിച്ച് ചേർത്ത് മേഖലയുടെ വളർച്ചയെയും നൂതനാശയങ്ങളെയും ഇത് പ്രോത്സാഹിപ്പിക്കുന്നു. ഉച്ചകോടിയുടെ ഭാഗമായി, സിഐഐ മാർക്കറ്റ്‌പ്ലെയ്‌സും വേവ്‌സ് ബസാറും സംയുക്തമായി പ്രത്യേക ബി2ബി യോഗങ്ങൾ സംഘടിപ്പിക്കും. സഹ-നിർമാണ അവസരങ്ങളൊരുക്കി വ്യവസായ നേതാക്കൾ, വാങ്ങുന്നവർ, വിൽപ്പനക്കാർ, ഉള്ളടക്ക സ്രഷ്ടാക്കൾ എന്നിവരെ ഒരുമിച്ച് കൊണ്ടുവരും.
സ്റ്റാർട്ടപ്പ് സഹകരണത്തിനും ബിസിനസ് വളർച്ചയ്ക്കും സഹായിക്കുന്ന ചലനാത്മകമായ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് വേവക്സ്( WAVEX), വേവ്സ് ക്രിയേറ്റോസ്ഫിയർ എന്നിവയുടെ പങ്കാളിത്തവും ഉച്ചകോടിയിൽ ഉണ്ടായിരിക്കും.
പ്രധാന ലിങ്കുകൾ:
വേവ്സ് ബസാർ: https://wavesbazaar.com/
****
(Release ID: 2187704)
Visitor Counter : 4