രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം രാഷ്ട്രപതിയെ സന്ദർശിച്ചു

Posted On: 06 NOV 2025 2:17PM by PIB Thiruvananthpuram
ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ് 2025 കിരീടം നേടിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗങ്ങൾ ഇന്ന് (നവംബർ 6, 2025) രാഷ്ട്രപതി ഭവനിൽ  രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമ്മുവിനെ സന്ദർശിച്ചു.
 
 
 ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഓരോ അംഗത്തേയും രാഷ്ട്രപതി അഭിനന്ദിക്കുകയും ലോകകപ്പ് നേടി അവർ ചരിത്രം സൃഷ്ടിച്ചതായി  അഭിപ്രായപ്പെടുകയും ചെയ്തു. രാജ്യത്തിൻ്റെ എല്ലാ കോണുകളിലുമുള്ള ദശലക്ഷക്കണക്കിന് ഇന്ത്യക്കാരും വിദേശത്തുള്ളവരും ഈ വിജയം ആഘോഷിക്കുകയാണ്.
 
ഇന്ത്യയുടെ പ്രതിഫലനമാണ് ഈ ടീം എന്ന് രാഷ്ട്രപതി പറഞ്ഞു. അവർ വിവിധ പ്രദേശങ്ങളെയും, വ്യത്യസ്ത സാമൂഹിക പശ്ചാത്തലങ്ങളെയും, വ്യത്യസ്ത സാഹചര്യങ്ങളെയും പ്രതിനിധീകരിക്കുന്നു. എങ്കിലും അവർ ഒരൊറ്റ ടീമാണ്—ഇന്ത്യ. ഈ ടീം ഇന്ത്യയുടെ ഏറ്റവും മികച്ച രൂപം പ്രകടമാക്കുന്നു.
 
ഏഴു തവണ ലോക ചാമ്പ്യൻമാരും  പരാജയമറിയാത്തവരുമായിരുന്ന ഓസ്‌ട്രേലിയൻ ടീമിനെ പരാജയപ്പെടുത്തിക്കൊണ്ട്, എല്ലാ ഇന്ത്യക്കാരുടെയും കഴിവിലുള്ള വിശ്വാസം ഈ ടീം ശക്തിപ്പെടുത്തിയെന്ന് രാഷ്ട്രപതി പറഞ്ഞു. ശക്തമായ ഒരു ടീമിനെതിരെ കഠിനമായ മത്സരത്തിൽ വലിയ മാർജിനിൽ ഫൈനൽ മത്സരം വിജയിച്ചത് ടീം ഇന്ത്യയുടെ മികവിന്  ഉദാഹരണമാണ്.
 
 
ഇവർ മാതൃകകളായി മാറിയെന്ന് രാഷ്ട്രപതി പറഞ്ഞു. യുവതലമുറക്ക്, പ്രത്യേകിച്ച് പെൺകുട്ടികൾക്ക്, ജീവിതത്തിൽ മുന്നോട്ട് പോകാൻ ഇത് പ്രചോദനമാകും. ചരിത്രം രചിച്ച അതേ ഗുണങ്ങളോടെ അവർ ഭാവിയിലും ഇന്ത്യൻ ക്രിക്കറ്റിനെ ഒന്നാം സ്ഥാനത്ത് നിലനിർത്തുമെന്ന് രാഷ്ടപതി ആത്മവിശ്വാസം പ്രകടിപ്പിച്ചു. 
 
 
ടീമിലെ അംഗങ്ങൾ പ്രതീക്ഷയും നിരാശയും നിറഞ്ഞ നിരവധി ഉയർച്ചതാഴ്ചകൾ അനുഭവിച്ചിട്ടുണ്ടാകുമെന്ന് രാഷ്ട്രപതി പറഞ്ഞു. ചിലപ്പോൾ ഉറക്കം പോലും നഷ്ടപ്പെട്ടിട്ടുണ്ടാകാം. എന്നിരുന്നാലും, അവർ എല്ലാ വെല്ലുവിളികളേയും അതിജീവിച്ചു മുന്നോട്ട് പോയി. ന്യൂസിലാൻഡിനെതിരായ വിജയത്തിന് ശേഷം, മത്സരത്തിലെ ഉയർച്ചതാഴ്ചകൾക്കിടയിലും നമ്മുടെ മക്കൾ വിജയിക്കും എന്നുറച്ച വിശ്വാസം ജനങ്ങൾക്കുണ്ടായിരുന്നുവെന്ന് രാഷ്ട്രപതി അഭിപ്രായപ്പെട്ടു.
 
 
അവരുടെ വിജയത്തിന് പിന്നിൽ  കഠിനാധ്വാനവും, മത്സരത്തിലെ മികച്ച പ്രകടനവും, ദൃഢനിശ്ചയവും, കുടുംബങ്ങളുടെയും ക്രിക്കറ്റ് ആരാധകരുടെയും സ്നേഹവും അനുഗ്രഹവും ഉണ്ടായിരുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു. ക്രിക്കറ്റ് പോലെയുള്ള ഒരു കളിയിൽ  ടീം അംഗങ്ങൾ എല്ലാവരും  എല്ലായ്പ്പോഴും പൂർണമായി പ്രതിബദ്ധരായി നിലകൊള്ളേണ്ടതുണ്ടെന്നും ശ്രീമതി മുർമ്മു പറഞ്ഞു. ഹെഡ് കോച്ച്, ബൗളിംഗ് കോച്ച്, ഫീൽഡിംഗ് കോച്ച്, കളിയുമായി ബന്ധപ്പെട്ട മറ്റ് സഹായികൾ  എന്നിവർ എല്ലാം അഭിനന്ദനത്തിന് അർഹരാണെന്ന് രാഷ്ട്രപതി പറഞ്ഞു. മികച്ച പ്രകടനങ്ങളിലൂടെ ടീം ഇന്ത്യ പുതിയ  നേട്ടങ്ങൾ സൃഷ്ടിക്കട്ടെയെന്നും രാഷ്ട്രപതി ആശംസിച്ചു.
****
 
 

(Release ID: 2187027) Visitor Counter : 15