പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ദേശീയ ഗീതമായ "വന്ദേമാതര"ത്തിന്റെ 150-ാം വാർഷികത്തിന്റെ ഭാ​ഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷത്തിന് നവംബർ ഏഴിന് പ്രധാനമന്ത്രി തുടക്കം കുറിക്കും


രാജ്യത്തുടനീളം "വന്ദേമാതരം" പൂർണ്ണ രൂപത്തിൽ കൂട്ടമായി ആലപിക്കും

വാർഷികത്തോടനുബന്ധിച്ച് സ്മാരക സ്റ്റാമ്പും നാണയവും പ്രധാനമന്ത്രി പുറത്തിറക്കും

Posted On: 06 NOV 2025 2:47PM by PIB Thiruvananthpuram

ദേശീയ ഗീതമായ "വന്ദേമാതര"ത്തിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന വാർഷികാഘോഷ പരിപാടി 2025 നവംബർ ഏഴിന് രാവിലെ 9:30ഓടെ ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.

വാർഷികാഘോഷത്തോടനുബന്ധിച്ച് സ്മാരക സ്റ്റാമ്പും നാണയവും പ്രധാനമന്ത്രി പ്രകാശനം ചെയ്യും. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന് പ്രചോദനമാവുകയും ദേശാഭിമാനവും ഐക്യവും ഉണർത്തുകയും ചെയ്യുന്ന ഈ കാലാതീതമായ രചനയുടെ 150 വർഷങ്ങൾ ആഘോഷിക്കുന്നതിന്റെ ഭാഗമായി, 2025 നവംബർ 7 മുതൽ 2026 നവംബർ 7 വരെ നീണ്ടുനിൽക്കുന്ന രാജ്യവ്യാപകമായ ആഘോഷങ്ങൾക്ക് ഈ പരിപാടി ഔപചാരികമായി തുടക്കം കുറിക്കുന്നു.

പ്രധാന പരിപാടിയോടനുബന്ധിച്ച്, രാവിലെ ഏകദേശം 9:50-ഓടെ രാജ്യത്തുടനീളമുള്ള പൊതുസ്ഥലങ്ങളിൽ, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലുമുള്ള പൗരന്മാരുടെ പങ്കാളിത്തത്തോടെ "വന്ദേമാതരം" പൂർണ്ണ രൂപത്തിന്റെ കൂട്ടായ ആലാപനം നടക്കും.

2025-ൽ "വന്ദേമാതരം" രചിച്ചിട്ട് 150 വർഷം തികയുകയാണ്. ബങ്കിംചന്ദ്ര ചാറ്റർജി രചിച്ച "വന്ദേമാതരം" എന്ന നമ്മുടെ ദേശീയ ​ഗീതം 1875 നവംബർ ഏഴിന് അക്ഷയ നവമിയുടെ ശുഭവേളയിലാണ് എഴുതപ്പെട്ടത്. അദ്ദേഹത്തിൻ്റെ "ആനന്ദമഠം" എന്ന നോവലിൻ്റെ ഭാഗമായി 'ബംഗദർശൻ' എന്ന സാഹിത്യ പ്രസിദ്ധീകരണത്തിലാണ് "വന്ദേമാതരം" ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ശക്തി, സമൃദ്ധി, ദിവ്യത്വം എന്നിവയുടെ മൂർത്തീഭാവമായി മാതൃരാജ്യത്തെ വാഴ്ത്തുന്ന ഈ ഗാനം, ഇന്ത്യയുടെ ഐക്യത്തിൻ്റെയും ആത്മാഭിമാനത്തിൻ്റെയും ഉണർവ്വിന് കാവ്യാത്മകമായ ആവിഷ്കാരം നൽകി. വൈകാതെ, അത് രാഷ്ട്രത്തോടുള്ള ഭക്തിയുടെ അനശ്വരമായ പ്രതീകമായി മാറി.

***

SK


(Release ID: 2186937) Visitor Counter : 25