പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഛത്തീസ്ഗഢ് രജത് മഹോത്സവത്തെ അഭിസംബോധന ചെയ്തു
14,260 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു
ഛത്തീസ്ഗഢ് വികസന പാതയിൽ അതിവേഗം മുന്നേറുകയാണ്: പ്രധാനമന്ത്രി
ആദിവാസി സമൂഹങ്ങളുടെ സംഭാവനകൾ എപ്പോഴും അഭിമാനത്തോടെ ആഘോഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ ഞങ്ങൾ നിരന്തരം പരിശ്രമിക്കുന്നു: പ്രധാനമന്ത്രി
ഛത്തീസ്ഗഢും നമ്മുടെ രാജ്യവും മാവോയിസ്റ്റ് ഭീകരതയിൽ നിന്ന് പൂർണ്ണമായും മുക്തമാകുന്ന ദിനം വിദൂരമല്ല: പ്രധാനമന്ത്രി
Posted On:
01 NOV 2025 5:25PM by PIB Thiruvananthpuram
ഛത്തീസ്ഗഢ് സംസ്ഥാന രൂപീകരണത്തിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് നവ റായ്പൂരിൽ ഇന്ന് നടന്ന ഛത്തീസ്ഗഢ് രജത മഹോത്സവത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. റോഡുകൾ, വ്യവസായം, ആരോഗ്യം, ഊർജ്ജം തുടങ്ങിയ പ്രധാന മേഖലകൾ ഉൾപ്പെടുന്ന 14,260 കോടിയിലധികം രൂപയുടെ വികസനപരവും പരിവർത്തനപരവുമായ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവ്വഹിച്ചു. ഛത്തീസ്ഗഢ് സംസ്ഥാനം രൂപീകൃതമായിട്ട് ഇന്നേക്ക് 25 വർഷം പൂർത്തിയാകുകയാണെന്ന് ചടങ്ങിൽ പ്രധാനമന്ത്രി ജനങ്ങളെ ഓർമ്മിപ്പിച്ചു. ഈ വേളയിൽ സംസ്ഥാനത്തെ എല്ലാ ജനങ്ങൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും നേർന്നു.
ഛത്തീസ്ഗഢിലെ ജനങ്ങളോടൊപ്പം ഈ രജതജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞത് തനിക്ക് ലഭിച്ച വലിയ ഭാഗ്യമായി ശ്രീ മോദി വിശേഷിപ്പിച്ചു. ഒരു പാർട്ടി പ്രവർത്തകനെന്ന നിലയിൽ, സംസ്ഥാന രൂപീകരണത്തിന് മുമ്പുള്ള കാലഘട്ടത്തിനും കഴിഞ്ഞ 25 വർഷമായി അതിന്റെ മുന്നോട്ടുള്ള പ്രയാണത്തിനും താൻ സാക്ഷിയാണെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ട്, ഈ അഭിമാനകരമായ നിമിഷത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് തനിക്ക് വളരെയധികം വികാരപരമായ ഒരനുഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ഇരുപത്തിയഞ്ച് വർഷം മുൻപ്, അടൽ ബിഹാരി വാജ്പേയിയുടെ ഗവണ്മെന്റ് നിങ്ങളുടെ സ്വപ്നങ്ങളിലെ ഛത്തീസ്ഗഢ് നിങ്ങൾക്ക് കൈമാറി. സംസ്ഥാനം വികസനത്തിന്റെ പുതിയ ഉയരങ്ങളിൽ എത്തുമെന്ന ദൃഢനിശ്ചയത്തോടെയാണ് അത് ചെയ്തത്," ശ്രീ മോദി പറഞ്ഞു. കഴിഞ്ഞ 25 വർഷത്തെ യാത്രയിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ അഭിമാനമാണ് തോന്നുന്നത്. ഛത്തീസ്ഗഢിലെ ജനങ്ങൾ കൂട്ടായി നിരവധി നാഴികക്കല്ലുകൾ പിന്നിട്ടു. "ഇരുപത്തിയഞ്ച് വർഷം മുൻപ് വിതച്ച വിത്ത് ഇന്ന് വികസനത്തിന്റെ വടവൃക്ഷമായി മാറിയിരിക്കുന്നു. ഛത്തീസ്ഗഢ് അതിവേഗം പുരോഗതിയുടെ പാതയിൽ മുന്നേറുകയാണ്," പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. സംസ്ഥാനത്തിന് ഇന്ന് ജനാധിപത്യത്തിന്റെ ക്ഷേത്രമായ ഒരു പുതിയ നിയമസഭാ മന്ദിരവും ലഭിച്ചു. വേദിയിൽ എത്തുന്നതിന് മുൻപ് ഗോത്രവർഗ്ഗ മ്യൂസിയം ഉദ്ഘാടനം ചെയ്യാനും തനിക്ക് അവസരം ലഭിച്ചു. ഇതേ വേദിയിൽ നിന്ന് ഏകദേശം 14,000 കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിക്കുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ഈ വികസന സംരംഭങ്ങളിൽ അദ്ദേഹം എല്ലാവർക്കും അഭിനന്ദനങ്ങൾ അറിയിച്ചു.
2000-ത്തിന് ശേഷം ഒരു തലമുറതന്നെ പാടെ പരിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് പ്രധാനമന്ത്രി നിരീക്ഷിച്ചു. ഗ്രാമങ്ങളിൽ എത്തിച്ചേരുക എന്നത് വെല്ലുവിളിയായിരുന്ന, പല ഗ്രാമങ്ങളിലും റോഡുകളുടെ ഒരു കണിക പോലും ഇല്ലായിരുന്ന മുൻകാല അനുഭവം യുവ തലമുറയ്ക്ക് ഇന്ന് അജ്ഞാതമാണ്. ഛത്തീസ്ഗഢ് ഗ്രാമങ്ങളിലെ റോഡ് ശൃംഖല ഇന്ന് 40,000 കിലോമീറ്ററായി വികസിച്ചു. കഴിഞ്ഞ 11 വർഷത്തിനിടെ, സംസ്ഥാനത്ത് ദേശീയപാതകൾക്ക് അഭൂതപൂർവമായ വികാസമുണ്ടായി, പുതിയ അതിവേഗപാതകൾ ഛത്തീസ്ഗഢിന്റെ പുരോഗതിയുടെ പ്രതീകങ്ങളായി മാറുകയാണ്. മുൻപ് റായ്പൂരിൽ നിന്ന് ബിലാസ്പൂരിലേക്കുള്ള യാത്രയ്ക്ക് മണിക്കൂറുകൾ എടുത്തിരുന്ന സ്ഥാനത്ത് ഇപ്പോൾ യാത്രാസമയം പകുതിയായി കുറഞ്ഞു. ഛത്തീസ്ഗഢും ഝാർഖണ്ഡും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്ന പുതിയ നാലുവരിപ്പാതയുടെ തറക്കല്ലിടലും അദ്ദേഹം നിർവഹിച്ചു.
ഛത്തീസ്ഗഢിലെ റെയിൽ, വ്യോമ ഗതാഗത ബന്ധം മെച്ചപ്പെടുത്തുന്നതിന് വിപുലമായ പ്രവർത്തനങ്ങൾ നടന്നതായി ശ്രീ മോദി എടുത്തുപറഞ്ഞു. വന്ദേ ഭാരത് പോലുള്ള അതിവേഗ ട്രെയിനുകൾ ഇപ്പോൾ സംസ്ഥാനത്ത് സർവീസ് നടത്തുകയും, റായ്പൂർ, ബിലാസ്പൂർ, ജഗദൽപൂർ തുടങ്ങിയ നഗരങ്ങൾ ഇപ്പോൾ നേരിട്ടുള്ള വിമാന സർവീസുകളിലൂടെ ബന്ധിപ്പിക്കുകയും ചെയ്തിരിക്കുന്നു. അസംസ്കൃത വസ്തുക്കളുടെ കയറ്റുമതിക്ക് മാത്രം പേരുകേട്ട ഛത്തീസ്ഗഢ്, ഇപ്പോൾ ഒരു വ്യാവസായിക സംസ്ഥാനമെന്ന നിലയിൽ പുതിയ പങ്ക് വഹിക്കുകയാണ്.
കഴിഞ്ഞ 25 വർഷത്തിനിടെ ഛത്തീസ്ഗഢ് കൈവരിച്ച നേട്ടങ്ങൾക്ക് എല്ലാ മുഖ്യമന്ത്രിമാരെയും ഗവണ്മെന്റുകളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. വെല്ലുവിളികൾ നിറഞ്ഞ കാലഘട്ടത്തിൽ സംസ്ഥാനത്തെ നയിച്ച ഡോ. രമൺ സിംഗിനാണ് ഈ നേട്ടങ്ങളുടെ ഒരു വലിയ പങ്ക് എന്നും അദ്ദേഹം പ്രസ്താവിച്ചു. ഡോ. രമൺ സിംഗ് ഇപ്പോൾ നിയമസഭാ സ്പീക്കറായി സഭയെ നയിക്കുന്നതിലും ശ്രീ വിഷ്ണു ദിയോ സായിയുടെ നേതൃത്വത്തിലുള്ള ഗവണ്മെന്റ് ഛത്തീസ്ഗഢിന്റെ വികസനം അതിവേഗം മുന്നോട്ട് കൊണ്ടുപോകുന്നതിലും അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.
താൻ ദാരിദ്ര്യം വളരെ അടുത്ത് കണ്ടിട്ടുള്ള ആളാണെന്നും പാവപ്പെട്ടവരുടെ ആശങ്കകളും നിസ്സഹായാവസ്ഥയും തനിക്ക് മനസ്സിലാകുമെന്നും ശ്രീ മോദി പറഞ്ഞു. രാജ്യത്തെ സേവിക്കാൻ തനിക്ക് അവസരം ലഭിച്ചപ്പോൾ, താൻ ദുർബല ജനവിഭാഗങ്ങളുടെ ക്ഷേമത്തിന് മുൻഗണന നൽകി. തന്റെ ഗവണ്മെന്റ് പാവപ്പെട്ടവർക്കായി ആരോഗ്യം, വരുമാനം, വിദ്യാഭ്യാസം, ജലസേചനം എന്നിവയിൽ വ്യാപകമായി ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
25 വർഷം മുൻപ് ഛത്തീസ്ഗഢിൽ ഒരൊറ്റ മെഡിക്കൽ കോളേജ് മാത്രമാണുണ്ടായിരുന്നതെങ്കിൽ, ഇന്ന് സംസ്ഥാനത്ത് 14 മെഡിക്കൽ കോളേജുകളും റായ്പൂരിൽ ഒരു എയിംസും ഉണ്ടെന്ന് ഉദാഹരണസഹിതം ശ്രീ മോദി പറഞ്ഞു. ആയുഷ്മാൻ ആരോഗ്യ മന്ദിരങ്ങൾ സ്ഥാപിക്കുന്നതിനുള്ള ദേശീയ കാമ്പയിൻ ഛത്തീസ്ഗഢിലാണ് ആരംഭിച്ചതെന്നും നിലവിൽ സംസ്ഥാനത്ത് 5,500-ൽ അധികം ആയുഷ്മാൻ ആരോഗ്യ മന്ദിരങ്ങൾ ഉണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
"ഓരോ പാവപ്പെട്ട പൗരനും മാന്യമായ ജീവിതം നയിക്കുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ് ഞങ്ങളുടെ ഗവണ്മെന്റിന്റെ ശ്രമം," പ്രധാനമന്ത്രി പറഞ്ഞു. ചേരികളിലെയും താൽക്കാലിക ഷെൽട്ടറുകളിലെയും ജീവിതം നിരാശ വർദ്ധിപ്പിക്കുകയും ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തിന്റെ നിശ്ചയദാർഢ്യം ദുർബലപ്പെടുത്തുകയും ചെയ്യുന്നു. അതുകൊണ്ട്, എല്ലാ പാവപ്പെട്ട കുടുംബങ്ങൾക്കും സ്ഥിരമായ വീട് നൽകാൻ ഞങ്ങളുടെ ഗവണ്മെന്റ് തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ 11 വർഷത്തിനിടെ നാല് കോടി പാവപ്പെട്ട കുടുംബങ്ങൾക്ക് പാർപ്പിടം ലഭിച്ചു, ഇപ്പോൾ മൂന്ന് കോടി പുതിയ വീടുകൾ നിർമ്മിക്കാനുള്ള ദൃഢനിശ്ചയത്തോടെയാണ് ഗവണ്മെന്റ് പ്രവർത്തിക്കുന്നത്.
ഈ ദിവസം മാത്രം, ഛത്തീസ്ഗഢിലെ 3.5 ലക്ഷത്തിലധികം കുടുംബങ്ങൾ അവരുടെ പുതിയ വീടുകളിലേക്ക് പ്രവേശിക്കുകയാണ്, കൂടാതെ ഏകദേശം മൂന്ന് ലക്ഷം കുടുംബങ്ങൾക്ക് 1,200 കോടി രൂപയുടെ ധനസഹായങ്ങളും വിതരണം ചെയ്തിട്ടുണ്ട്. പാവപ്പെട്ടവർക്ക് വീട് നൽകുന്നതിൽ ഛത്തീസ്ഗഢിലെ ഗവണ്മെന്റ് എത്രമാത്രം ഗൗരവത്തോടെയാണ് പ്രവർത്തിക്കുന്നതെന്ന് ഇത് പ്രതിഫലിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം ഏഴ് ലക്ഷം ഉറപ്പുള്ള വീടുകളാണ് ദുർബല ജനവിഭാഗങ്ങൾക്കായി നിർമ്മിച്ചത്. ഇവ വെറും കണക്കുകളല്ല; ഓരോ വീടും ഒരു കുടുംബത്തിന്റെ സ്വപ്നത്തെയും അളവറ്റ സന്തോഷത്തെയുമാണ് പ്രതിനിധീകരിക്കുന്നതെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. എല്ലാ ഗുണഭോക്തൃ കുടുംബങ്ങൾക്കും അദ്ദേഹം ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിച്ചു.
ഛത്തീസ്ഗഢിലെ ജനങ്ങളുടെ ജീവിതം അനായാസകരമാക്കുന്നതിനും അവരുടെ ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിനും തങ്ങളുടെ ഗവണ്മെന്റ് നിരന്തരം പ്രവർത്തിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി അടിവരയിട്ടു പറഞ്ഞു. സംസ്ഥാനത്തെ എല്ലാ ഗ്രാമങ്ങളിലും ഇപ്പോൾ വൈദ്യുതി എത്തിയിട്ടുണ്ട്, മുൻപ് വൈദ്യുതി ഇല്ലാതിരുന്ന പ്രദേശങ്ങളിൽ പോലും ഇപ്പോൾ ഇന്റർനെറ്റ് ലഭ്യതയുണ്ട്. എൽ.പി.ജി. കണക്ഷൻ സാധാരണ കുടുംബങ്ങൾക്ക് വിദൂര സ്വപ്നമായിരുന്ന ഒരു കാലം ഉണ്ടായിരുന്നെന്ന് ശ്രീ മോദി ഓർമ്മിപ്പിച്ചു. ഇന്ന്, ഛത്തീസ്ഗഢിലുടനീളമുള്ള പാവപ്പെട്ടവരുടെയും ദളിതരുടെയും പിന്നാക്ക വിഭാഗക്കാരുടെയും ആദിവാസി സമൂഹങ്ങളുടെയും ഗ്രാമങ്ങളിലും വീടുകളിലും ഗ്യാസ് കണക്ഷനുകൾ എത്തി. സിലിണ്ടറുകൾക്ക് പുറമെ പൈപ്പ് ലൈനുകളിലൂടെ കുറഞ്ഞ നിരക്കിൽ പാചകവാതകം നൽകാനും ഗവണ്മെന്റ് ഇപ്പോൾ ശ്രമിച്ചുവരുന്നു. നാഗ്പൂർ-ഝാർസുഗുഡ ഗ്യാസ് പൈപ്പ്ലൈൻ ഇന്ന് രാജ്യത്തിന് സമർപ്പിച്ചതായി പഖ്യാപിച്ച പ്രധാനമന്ത്രി ഈ പദ്ധതിയിൽ ഛത്തീസ്ഗഢിലെ ജനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.
ഇന്ത്യയുടെ പൈതൃകത്തിനും വികസനത്തിനും മഹത്തായ ചരിത്രവും സംഭാവനകളുമുള്ള രാജ്യത്തെ ഏറ്റവും വലിയ ആദിവാസി സമൂഹങ്ങളിലൊന്ന് ഛത്തീസ്ഗഢിലാണെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി. ആദിവാസി സമൂഹങ്ങളുടെ സംഭാവനകൾ രാജ്യം മുഴുവനും ലോകവും തിരിച്ചറിയുന്നുവെന്നും ആഘോഷിക്കപ്പെടുന്നുവെന്നും ഉറപ്പാക്കാൻ ഗവണ്മെന്റ് നിരന്തരം പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. രാജ്യത്തുടനീളം ഗോത്രവർഗ്ഗ സ്വാതന്ത്ര്യസമര സേനാനികൾക്കായി മ്യൂസിയങ്ങൾ സ്ഥാപിച്ചതിലൂടെയും ഭഗവാൻ ബിർസ മുണ്ടയുടെ ജന്മദിനം ജൻജാതീയ ഗൗരവ് ദിവസ് ആയി പ്രഖ്യാപിച്ചതിലൂടെയും ഗോത്രവർഗ്ഗ സമൂഹത്തിന്റെ പൈതൃകത്തെ ആദരിക്കാനും മഹത്വപ്പെടുത്താനുമാണ് ഗവണ്മെന്റ് ശ്രമിക്കുന്നത്.
ഈ ദിശയിൽ ഇന്ന് മറ്റൊരു സുപ്രധാന ചുവടുവെപ്പാണ് ഷഹീദ് വീർ നാരായൺ സിംഗ് ഗോത്രവർഗ്ഗ സ്വാതന്ത്ര്യസമര സേനാനി മ്യൂസിയത്തിന്റെ ഉദ്ഘാടനമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യത്തിന് മുൻപുള്ള 150 വർഷത്തിലധികം വരുന്ന ഗോത്രവർഗ്ഗ ചരിത്രവും സ്വാതന്ത്ര്യസമരത്തിൽ ഗോത്രവർഗ്ഗ പോരാളികൾ നൽകിയ സംഭാവനകളും ഈ മ്യൂസിയം പ്രദർശിപ്പിക്കുന്നു. ഈ മ്യൂസിയം ഭാവി തലമുറകൾക്ക് പ്രചോദനമായി വർത്തിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഗോത്രവർഗ്ഗ പൈതൃകം സംരക്ഷിക്കുന്നതിനൊപ്പം ഗോത്രവർഗ്ഗ വികസനവും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതിനും തങ്ങൾ ഒരുപോലെ പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് ഗോത്രവർഗ്ഗ ഗ്രാമങ്ങളിലേക്ക് വികസനത്തിന്റെ പുതിയ വെളിച്ചം കൊണ്ടുവരുന്ന ധർത്തി ആബ ജൻജാതീയ ഗ്രാം ഉത്കർഷ അഭിയാൻ ഇതിന് ഉദാഹരണമായി അദ്ദേഹം പരാമർശിച്ചു. സ്വതന്ത്ര ഇന്ത്യയിൽ ഗോത്രമേഖലകൾക്കായി 80,000 കോടി രൂപയുടെ ഇത്രയും വലിയ തോതിലുള്ള സംരംഭം ഇതാദ്യമാണ്. ഏറ്റവും ദുർബലരായ ഗോത്രവർഗ്ഗ വിഭാഗങ്ങളുടെ (PVTGs) വികസനത്തിനായി ഒരു ദേശീയ പദ്ധതി രൂപീകരിച്ചതായും അദ്ദേഹം പറഞ്ഞു. പി.എം.-ജൻമൻ (PM-JANMAN) പദ്ധതി പ്രകാരം ഈ സമൂഹങ്ങളുടെ ആയിരക്കണക്കിന് ആവാസ കേന്ദ്രങ്ങളിൽ വികസന പ്രവർത്തനങ്ങൾ നടന്നു വരികയാണ്.
ഗോത്രവർഗ്ഗ സമൂഹം തലമുറകളായി വനവിഭവങ്ങൾ ശേഖരിക്കുന്നവരാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വൻ ധൻ കേന്ദ്രങ്ങളിലൂടെ കൂടുതൽ വരുമാനം നേടാനുള്ള അവസരങ്ങൾ സൃഷ്ടിച്ചത് നിലവിലെ ഗവൺമെന്റാണ്. ടെൻഡു ഇലകൾ സംഭരിക്കുന്നതിനുള്ള മെച്ചപ്പെട്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തിയത് ഛത്തീസ്ഗഢിലെ തൊഴിലാളികൾക്ക് ഉയർന്ന വരുമാനം നേടിക്കൊടുത്തുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഛത്തീസ്ഗഢ് ഇപ്പോൾ നക്സലിസത്തിന്റെയും മാവോയിസ്റ്റ് ഭീകരതയുടെയും പിടിയിൽ നിന്ന് മോചനം നേടിക്കൊണ്ടിരിക്കുന്നതിൽ സംതൃപ്തി രേഖപ്പെടുത്തിയ ശ്രീ മോദി, 50-55 വർഷമായി നക്സലിസം കാരണം ജനങ്ങൾ അനുഭവിച്ച വേദനാജനകമായ അനുഭവങ്ങൾ അംഗീകരിച്ചു. ഭരണഘടനയെ ഉയർത്തിപ്പിടിക്കുന്നതായി ഭാവിക്കുകയും സാമൂഹിക നീതിയുടെ പേരിൽ മുതലക്കണ്ണീർ ഒഴുക്കുകയും ചെയ്യുന്നവർ സ്വന്തം രാഷ്ട്രീയ നേട്ടങ്ങൾക്കായി പതിറ്റാണ്ടുകളോളം ജനങ്ങളോട് അനീതി കാണിച്ചുവെന്നും അദ്ദേഹം വിമർശിച്ചു. മാവോയിസ്റ്റ് ഭീകരത കാരണം ഛത്തീസ്ഗഢിലെ ഗോത്രമേഖലകളിൽ റോഡുകൾ ദീർഘകാലത്തേക്ക് നിഷേധിക്കപ്പെട്ടു. കുട്ടികൾക്ക് സ്കൂളുകൾ ലഭിച്ചില്ല, രോഗികൾക്ക് ആശുപത്രികൾ നിഷേധിക്കപ്പെട്ടു. ദശാബ്ദങ്ങളോളം രാജ്യം ഭരിച്ചവർ ജീവിതസൗകര്യങ്ങൾ ആസ്വദിക്കുകയും ജനങ്ങളെ അവരുടെ ദുർവിധിക്ക് വിട്ടുകൊടുക്കുകയും ചെയ്തു.
തന്റെ ഗോത്രവർഗ്ഗ സഹോദരീസഹോദരന്മാർ അക്രമത്തിന്റെ ദൂഷിതവലയത്താൽ നശിപ്പിക്കപ്പെടുന്നത് അനുവദിക്കില്ലെന്നും, അസംഖ്യം അമ്മമാർ തങ്ങളുടെ മക്കൾക്കായി കരയുന്നത് കാണാൻ തനിക്ക് കഴിയില്ലെന്നും ശ്രീ മോദി പറഞ്ഞു. 2014-ൽ രാജ്യത്തെ സേവിക്കാൻ അവസരം ലഭിച്ചപ്പോൾ, ഇന്ത്യയെ മാവോയിസ്റ്റ് ഭീകരതയിൽ നിന്ന് മുക്തമാക്കാൻ തന്റെ ഗവണ്മെന്റ് ദൃഢനിശ്ചയം ചെയ്തു. ഈ നിശ്ചയദാർഢ്യത്തിന്റെ ഗുണഫലങ്ങൾ ഇന്ന് രാജ്യം മുഴുവൻ കാണുന്നുണ്ടെന്ന് പ്രധാനമന്ത്രി ഉറപ്പിച്ചു പറഞ്ഞു. പതിനൊന്ന് വർഷം മുൻപ് 125-ൽ അധികം ജില്ലകളെ മാവോയിസ്റ്റ് ഭീകരത ബാധിച്ചിരുന്നു; ഇന്ന് മാവോയിസ്റ്റ് പ്രവർത്തനത്തിന്റെ നേരിയ അംശങ്ങൾ അവശേഷിക്കുന്നത് മൂന്ന് ജില്ലകളിൽ മാത്രമാണ്. "ഛത്തീസ്ഗഢും രാജ്യം മുഴുവനും മാവോയിസ്റ്റ് ഭീകരതയിൽ നിന്ന് പൂർണ്ണമായും മുക്തമാകുന്ന ദിനം വിദൂരമല്ല," പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
ഹിംസയുടെ പാത സ്വീകരിച്ചിരുന്ന നിരവധി ആളുകൾ ഛത്തീസ്ഗഢിൽ ഇപ്പോൾ അതിവേഗം കീഴടങ്ങുന്നുണ്ടെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഏതാനും ദിവസങ്ങൾക്ക് മുൻപ് കാങ്കറിൽ ഇരുപതിലധികം നക്സലൈറ്റുകൾ മുഖ്യധാരയിലേക്ക് തിരിച്ചെത്തി, നേരത്തെ ഒക്ടോബർ 17-ന് ബസ്തറിൽ 200-ൽ അധികം നക്സലൈറ്റുകൾ കീഴടങ്ങി. സമീപ മാസങ്ങളിൽ രാജ്യത്തുടനീളം മാവോയിസ്റ്റ് ഭീകരതയുമായി ബന്ധപ്പെട്ട ഡസൻ കണക്കിന് ആളുകൾ ആയുധം വെച്ച് കീഴടങ്ങിയിട്ടുണ്ട്. ഇവരിൽ പലരെയും പിടികൂടുന്നതിനായി ലക്ഷക്കണക്കിന്, കോടിക്കണക്കിന് രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ചിരുന്നതാണ്. ഈ വ്യക്തികൾ ഇപ്പോൾ ഇന്ത്യൻ ഭരണഘടനയെ അംഗീകരിച്ചിരിക്കുന്നു.
മാവോയിസ്റ്റ് ഭീകരതയുടെ ഉന്മൂലനം അസാധ്യമായതിനെ സാധ്യമാക്കി എന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ഒരു കാലത്ത് ബോംബുകളുടെയും തോക്കുകളുടെയും ഭയം നിറഞ്ഞിരുന്ന പ്രദേശങ്ങൾ ഇപ്പോൾ പരിവർത്തനം ചെയ്യപ്പെട്ടു. ബിജാപൂരിലെ ചിൽകപ്പള്ളി ഗ്രാമത്തിൽ ഏഴ് പതിറ്റാണ്ടിനിടെ ആദ്യമായി വൈദ്യുതി എത്തി. അബൂജ്മാദിലെ രേഖവായ ഗ്രാമത്തിൽ സ്വാതന്ത്ര്യം കിട്ടിയ ശേഷം ആദ്യമായി സ്കൂൾ നിർമ്മാണം ആരംഭിച്ചു. ഒരു കാലത്ത് ഭീകരരുടെ ശക്തികേന്ദ്രമായി കണക്കാക്കിയിരുന്ന പുവർത്തി ഗ്രാമത്തിൽ ഇപ്പോൾ വികസന തരംഗം ദൃശ്യമാണ്. ചെങ്കൊടിക്ക് പകരം ദേശീയ പതാക അവിടെ ഉയർന്നു. ബസ്തർ പാണ്ഡും, ബസ്തർ ഒളിമ്പിക്സ് പോലുള്ള പരിപാടികൾ നടത്തുന്നതിലൂടെ ബസ്തർ പോലുള്ള പ്രദേശങ്ങൾ ഇപ്പോൾ ആഘോഷങ്ങളാൽ നിറഞ്ഞിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നക്സലിസത്തിന്റെ വെല്ലുവിളികൾക്കിടയിലും കഴിഞ്ഞ 25 വർഷത്തിനിടെ ഛത്തീസ്ഗഢ് എത്രത്തോളം പുരോഗമിച്ചുവെന്നും, ഈ വെല്ലുവിളിയെ പൂർണ്ണമായി മറികടന്നാൽ പുരോഗതിയുടെ വേഗത എത്ര മടങ്ങ് വർദ്ധിക്കുമെന്നും സങ്കൽപ്പിക്കാൻ അദ്ദേഹം എല്ലാവരോടും അഭ്യർത്ഥിച്ചു. വരും വർഷങ്ങൾ ഛത്തീസ്ഗഢിന് വളരെ നിർണ്ണായകമാണ്. വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിന്, ഛത്തീസ്ഗഢ് വികസിതമാകേണ്ടത് അത്യാവശ്യമാണ്.
സംസ്ഥാനത്തെ യുവാക്കളെ അഭിസംബോധന ചെയ്തുകൊണ്ട്, ഇത് നിങ്ങളുടെ സമയമാണെന്നും നിങ്ങൾക്ക് നേടാൻ കഴിയാത്തതായി ഒന്നുമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. യുവാക്കളുടെ എല്ലാ ചുവടുകളിലും എല്ലാ നിശ്ചയദാർഢ്യങ്ങളിലും തങ്ങളുടെ ഗവണ്മെന്റ് ഒപ്പം ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. കൂട്ടായി, നമ്മൾ ഛത്തീസ്ഗഢിനെയും രാജ്യത്തേയും മുന്നോട്ട് നയിക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഛത്തീസ്ഗഢിലെ എല്ലാ സഹോദരീ സഹോദരന്മാർക്കും അദ്ദേഹം ഹൃദയം നിറഞ്ഞ ആശംസകൾ നേർന്നു കൊണ്ടാണ് പ്രസംഗം ഉപസംഹരിച്ചത്.
ചടങ്ങിൽ ഛത്തീസ്ഗഢ് ഗവർണർ ശ്രീ രമൺ ധേക, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ശ്രീ വിഷ്ണു ദിയോ സായ് കേന്ദ്രമന്ത്രിമാരായ ശ്രീ ജുവൽ ഓറാം, ശ്രീ ദുർഗാ ദാസ് ഉയികെ, ശ്രീ ടോകൻ സാഹു എന്നിവരും മറ്റ് വിശിഷ്ട വ്യക്തികളും സന്നിഹിതരായിരുന്നു.
പശ്ചാത്തലം
ഛത്തീസ്ഗഢ് സംസ്ഥാന രൂപീകരണത്തിന്റെ 25-ാം വാർഷികം ആഘോഷിക്കുന്ന ഛത്തീസ്ഗഢ് രജത് മഹോത്സവത്തിൽ പ്രധാനമന്ത്രി പങ്കെടുത്തു. റോഡുകൾ, വ്യവസായം, ആരോഗ്യം, ഊർജ്ജം തുടങ്ങിയ പ്രധാന മേഖലകളിൽ ഉൾപ്പെടുന്ന 14,260 കോടിയിലധികം രൂപയുടെ വികസനപരവും, പരിവർത്തനപരവുമായ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവഹിച്ചു.
ഗ്രാമീണ ഉപജീവനമാർഗ്ഗം ശക്തിപ്പെടുത്തുന്നതിനായി, ഛത്തീസ്ഗഢിലെ ഒമ്പത് ജില്ലകളിലായി 12 പുതിയ സ്റ്റാർട്ട്-അപ്പ് വില്ലേജ് ഓൺട്രപ്രണർഷിപ്പ് പ്രോഗ്രാം (SVEP) ബ്ലോക്കുകൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീൺ) പ്രകാരം പൂർത്തിയാക്കിയ 3.51 ലക്ഷം വീടുകളുടെ ഗൃഹപ്രവേശത്തിൽ പ്രധാനമന്ത്രി ഭാഗഭാക്കായി. കൂടാതെ, സംസ്ഥാനത്തുടനീളമുള്ള ഗ്രാമീണ കുടുംബങ്ങൾക്ക് മാന്യമായ ഭവനവും സുരക്ഷയും ഉറപ്പാക്കിക്കൊണ്ട് 3 ലക്ഷം ഗുണഭോക്താക്കൾക്ക് 1200 കോടി രൂപയുടെ ധനസഹായ ഗഡു വിതരണവും അദ്ദേഹം നിർവഹിച്ചു.
ദേശീയ പാത അതോറിറ്റി ഭാരത്മാല പരിയോജനയ്ക്ക് കീഴിൽ ഏകദേശം 3,150 കോടി രൂപ ചെലവിൽ വികസിപ്പിക്കുന്ന, പഥൽഗാവ്–കുൻകുരി മുതൽ ഛത്തീസ്ഗഢ്–ഝാർഖണ്ഡ് അതിർത്തി വരെയുള്ള നാലുവരി ഗ്രീൻഫീൽഡ് ഹൈവേയ്ക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു. ഈ തന്ത്രപരമായ ഇടനാഴി കോർബ, റായ്ഗഢ്, ജഷ്പൂർ, റാഞ്ചി, ജംഷഡ്പൂർ എന്നിവിടങ്ങളിലെ പ്രധാന കൽക്കരി ഖനികൾ, വ്യാവസായിക മേഖലകൾ, സ്റ്റീൽ പ്ലാന്റുകൾ എന്നിവയെ ബന്ധിപ്പിക്കും. ഇത് ഒരു പ്രധാന സാമ്പത്തിക ധമനിയായി വർത്തിക്കുകയും പ്രാദേശിക വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും മധ്യ ഇന്ത്യയെ കിഴക്കൻ മേഖലയുമായി സംയോജിപ്പിക്കുകയും ചെയ്യും.
കൂടാതെ, ബസ്തർ, നാരായൺപൂർ ജില്ലകളിലെ വിവിധ ഭാഗങ്ങളിലായി നിർമ്മിക്കുന്ന എൻ.എച്ച്.-130D (നാരായൺപൂർ–കസ്തൂർമേട്ട–കുതുൽ–നിലാംഗൂർ–മഹാരാഷ്ട്ര അതിർത്തി) യുടെ നിർമ്മാണത്തിനും നവീകരണത്തിനും പ്രധാനമന്ത്രി തറക്കല്ലിട്ടു. എൻ.എച്ച്.-130C (മദങ്മുഡ-ദിയോഭോഗ്-ഒഡീഷ അതിർത്തി) പേവ്ഡ് ഷോൾഡറുകളോട് കൂടിയുള്ള രണ്ടുവരിപ്പാതയായി നവീകരിക്കുന്നതിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു. ഈ പദ്ധതികൾ ആദിവാസി, ഉൾപ്രദേശങ്ങളിലെ റോഡ് കണക്റ്റിവിറ്റി ഗണ്യമായി മെച്ചപ്പെടുത്തുകയും ആരോഗ്യം, വിദ്യാഭ്യാസം, വിപണികൾ എന്നിവയിലേക്കുള്ള പ്രവേശനം സുഗമമാക്കുകയും വിദൂര പ്രദേശങ്ങളിലെ സാമൂഹിക-സാമ്പത്തിക വികസനം വർദ്ധിപ്പിക്കുകയും ചെയ്യും.
വൈദ്യുതി മേഖലയിൽ, കിഴക്കൻ, പടിഞ്ഞാറൻ ഗ്രിഡുകൾ തമ്മിലുള്ള അന്തർ-പ്രാദേശിക വൈദ്യുതി കൈമാറ്റ ശേഷി 1,600 മെഗാവാട്ട് വർദ്ധിപ്പിക്കുന്നതിനും ഗ്രിഡ് വിശ്വാസ്യത മെച്ചപ്പെടുത്തുന്നതിനും മേഖലയിലുടനീളം സ്ഥിരമായ വൈദ്യുതി വിതരണം ഉറപ്പാക്കുന്നതിനും സഹായിക്കുന്ന ഇന്റർ-റീജിയണൽ ഇആർ–ഡബ്ല്യുആർ ഇന്റർകണക്ഷൻ പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
ഇതുകൂടാതെ, ഛത്തീസ്ഗഢിന്റെ ഊർജ്ജ അടിസ്ഥാനസൗകര്യം ശക്തിപ്പെടുത്തുന്നതിനും വിതരണ വിശ്വാസ്യത മെച്ചപ്പെടുത്തുന്നതിനും പ്രസരണ ശേഷി വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള 3,750 കോടിയിലധികം രൂപയുടെ വിവിധ ഊർജ്ജ മേഖല പദ്ധതികളുടെ ഉദ്ഘാടനവും സമർപ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു.
നവീകരിച്ച വിതരണ മേഖല പദ്ധതി (ആർഡിഎസ്എസ്) പ്രകാരം, പുതിയ വൈദ്യുതി ലൈനുകളുടെ നിർമ്മാണം, ഫീഡർ വിഭജനം, ട്രാൻസ്ഫോർമറുകൾ സ്ഥാപിക്കൽ, കണ്ടക്ടറുകളുടെ പരിവർത്തനം, ഗ്രാമീണ, കാർഷിക വൈദ്യുതി വിതരണം മെച്ചപ്പെടുത്തുന്നതിനായി ലോ-ടെൻഷൻ നെറ്റ്‌വർക്കുകൾ ശക്തിപ്പെടുത്തൽ എന്നിവ ഉൾപ്പെടെ ഏകദേശം 1,860 കോടി രൂപയുടെ പ്രവൃത്തികൾ പ്രധാനമന്ത്രി രാഷ്ട്രത്തിനു സമർപ്പിച്ചു. റായ്പൂർ, ബിലാസ്പൂർ, ദുർഗ്, ബെമെതാര, ഗരിയബന്ദ്, ബസ്തർ തുടങ്ങിയ ജില്ലകളിലായി ഏകദേശം ₹480 കോടി ചെലവിൽ നിർമ്മിച്ച ഒമ്പത് പുതിയ വൈദ്യുതി സബ്സ്റ്റേഷനുകളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. സ്ഥിരമായ വോൾട്ടേജ് ഉറപ്പാക്കുക, വൈദ്യുതി തടസ്സങ്ങൾ കുറയ്ക്കുക, വിദൂര, ആദിവാസി മേഖലകളിൽ പോലും വിശ്വസനീയമായ വൈദ്യുതി നൽകുക എന്നിവയിലൂടെ 15 ലക്ഷത്തിലധികം ആളുകൾക്ക് പ്രയോജനം ലഭിക്കും. കൂടാതെ, കാങ്കർ, ബലോദബസാർ-ഭട്ടപ്പാറ എന്നിവിടങ്ങളിലെ പ്രധാന സൗകര്യങ്ങൾ ഉൾപ്പെടെ ₹1,415 കോടിയിലധികം ചെലവുവരുന്ന പുതിയ സബ്‌സ്റ്റേഷനുകൾക്കും ട്രാൻസ്മിഷൻ പദ്ധതികൾക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു. ഇത് സംസ്ഥാനത്തെ വൈദ്യുതിയുടെ വ്യാപ്തിയും ഗുണനിലവാരവും കൂടുതൽ വർദ്ധിപ്പിക്കും.
പെട്രോൾ, പ്രകൃതി വാതക മേഖലയിൽ, എച്ച്.പി.സി.എൽ.-ന്റെ അത്യാധുനിക പെട്രോളിയം ഓയിൽ ഡിപ്പോ റായ്പൂരിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചയ്തു. 460 കോടിയിലധികം രൂപ ചെലവിൽ നിർമ്മിച്ച ഈ കേന്ദ്രത്തിന് പെട്രോൾ, ഡീസൽ, എത്തനോൾ എന്നിവയ്ക്കായി 54,000 കിലോ ലിറ്റർ സംഭരണ ശേഷിയുണ്ട്. ഇത് ഒരു പ്രധാന ഇന്ധന കേന്ദ്രമായി പ്രവർത്തിക്കുകയും ഛത്തീസ്ഗഢിലും അയൽ സംസ്ഥാനങ്ങളിലും തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കുകയും ചെയ്യും. 10,000 കെ.എൽ. എത്തനോൾ സംഭരണശേഷിയുള്ള ഈ ഡിപ്പോ എത്തനോൾ ബ്ലെൻഡിംഗ് പ്രോഗ്രാമിനെ പിന്തുണയ്ക്കുകയും ഫോസിൽ ഇന്ധന ആശ്രിതത്വം കുറയ്ക്കുകയും ശുദ്ധമായ ഊർജ്ജ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
ഏകദേശം 1,950 കോടി രൂപ ചെലവിൽ നിർമ്മിച്ച 489 കിലോമീറ്റർ നീളമുള്ള നാഗ്പൂർ–ഝാർസുഗുഡ പ്രകൃതി വാതക പൈപ്പ്ലൈൻ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. ഇന്ത്യയുടെ ഊർജ്ജ മിശ്രിതത്തിൽ പ്രകൃതിവാതകത്തിന്റെ പങ്ക് 15% ആയി വർദ്ധിപ്പിക്കുന്നതിനും "ഒരു രാഷ്ട്രം, ഒരു ഗ്യാസ് ഗ്രിഡ്" എന്ന ലക്ഷ്യം കൈവരിക്കുന്നതിനും ഈ പദ്ധതി ഒരു പ്രധാന ചുവടുവയ്പ്പാണ്. ഈ പൈപ്പ്ലൈൻ ഛത്തീസ്ഗഢിലെ 11 ജില്ലകളെ ദേശീയ ഗ്യാസ് ഗ്രിഡുമായി ബന്ധിപ്പിക്കുകയും വ്യാവസായിക വികസനം വർദ്ധിപ്പിക്കുകയും മേഖലയ്ക്ക് ശുദ്ധവും താങ്ങാനാവുന്നതുമായ ഇന്ധനം നൽകുകയും ചെയ്യും.
വ്യാവസായിക വളർച്ചയും തൊഴിലും പ്രോത്സാഹിപ്പിക്കുന്നതിനായി, ജഞ്ച്ഗിർ–ചമ്പ ജില്ലയിലെ സിലാദെഹി–ഗട്വ–ബിറയിലും രാജ്നന്ദഗാവ് ജില്ലയിലെ ബിജ്‌ലെതലയിലും രണ്ട് സ്മാർട്ട് ഇൻഡസ്ട്രിയൽ ഏരിയകൾക്ക് പ്രധാനമന്ത്രിതറക്കല്ലിട്ടു. കൂടാതെ, നവ റായ്പൂർ അടൽ നഗറിലെ സെക്ടർ–22-ൽ ഒരു ഫാർമസ്യൂട്ടിക്കൽ പാർക്കിനും പ്രധാനമന്ത്രി ശിലാസ്ഥാപനം നടത്തി. ഈ പാർക്ക് ഔഷധ, ആരോഗ്യ സംരക്ഷണ നിർമ്മാണത്തിനുള്ള ഒരു പ്രത്യേക മേഖലയായി പ്രവർത്തിക്കും,
ആരോഗ്യ സംരക്ഷണ മേഖലയെ ഉത്തേജിപ്പിക്കുന്നതിനായി, മനേന്ദ്രഗഡ്, കബീർധാം, ജാംഗ്ഗിർ–ചമ്പ, ഗീദം (ദന്തേവാഡ) എന്നിവിടങ്ങളിൽ അഞ്ച് പുതിയ ഗവണ്മെന്റ് മെഡിക്കൽ കോളേജുകൾക്കും ബിലാസ്പൂരിലെ ഗവൺമെന്റ് ആയുർവേദ കോളേജിനും ആശുപത്രിക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു. ഈ പദ്ധതികൾ ഛത്തീസ്ഗഢിലുടനീളം മെഡിക്കൽ വിദ്യാഭ്യാസം ശക്തിപ്പെടുത്തുകയും ആരോഗ്യ സംരക്ഷണം വിപുലീകരിക്കുകയും പരമ്പരാഗത വൈദ്യശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
डबल इंजन सरकार में छत्तीसगढ़ विकास की नित-नई ऊंचाइयों को छू रहा है। नवा रायपुर अटल नगर में छत्तीसगढ़ रजत महोत्सव में शामिल होकर अत्यंत प्रसन्नता हो रही है। जय जोहार! https://t.co/qWkIhZ0joo
— Narendra Modi (@narendramodi) November 1, 2025
छत्तीसगढ़ आज विकास के पथ पर तेज़ गति से आगे बढ़ रहा है: PM @narendramodi pic.twitter.com/yIaUEkgWBs
— PMO India (@PMOIndia) November 1, 2025
हमारी कोशिश यही है कि आदिवासी समाज के योगदान का हमेशा गौरवगान होता रहे: PM @narendramodi pic.twitter.com/fheLrSoqEs
— PMO India (@PMOIndia) November 1, 2025
वो दिन दूर नहीं...जब हमारा छत्तीसगढ़...हमारा देश...माओवादी आतंक से पूरी तरह मुक्त हो जाएगा: PM @narendramodi pic.twitter.com/AyaAfyEFZL
— PMO India (@PMOIndia) November 1, 2025
***
SK
(Release ID: 2185360)
Visitor Counter : 5
Read this release in:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada