വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യയുടെ മഹത്തായ സംഗീത യാത്ര വീണ്ടും:67-മത് ആകാശവാണി സംഗീത സമ്മേളനം 2025 നവംബർ 2 മുതൽ 29 വരെ 24 നഗരങ്ങളിൽ പ്രതിധ്വനിക്കും

Posted On: 30 OCT 2025 6:56PM by PIB Thiruvananthpuram
1954 മുതൽ അഖിലേന്ത്യാതലത്തിൽ ഇന്ത്യയുടെ സമ്പന്നമായ സംഗീത വൈഭവം ആഘോഷിക്കുന്ന ആകാശവാണി സംഗീത സമ്മേളനത്തിൽ ഹിന്ദുസ്ഥാനി, കർണാടിക്, നാടോടി സംഗീത പാരമ്പര്യങ്ങളിലെ പ്രമുഖ കലാകാരന്മാർ ഒത്തുചേരുന്നു.
 
 ആകാശവാണി, ഡിഡി ഭാരതി, വേവ്സ് ഒടിടി, മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ എന്നിവയിലൂടെ 2025 ഡിസംബർ 26 മുതൽ 2026 ജനുവരി 23 വരെ രാജ്യവ്യാപകമായി കലാപ്രകടനങ്ങൾ പ്രതിധ്വനി സൃഷ്ടിക്കും.
 
 
 കേന്ദ്രസാംസ്കാരിക മന്ത്രാലയവുമായി സഹകരിച്ച്, പ്രസാർ ഭാരതി, 2025 നവംബർ 2 മുതൽ നവംബർ 29 വരെ രാജ്യവ്യാപകമായി 24 കേന്ദ്രങ്ങളിൽ അഭിമാനകരമായ വാർഷിക സംഗീതോത്സവം- ആകാശവാണി സംഗീത സമ്മേളനം 2025  സംഘടിപ്പിക്കുമെന്ന്  പ്രഖ്യാപിച്ചു. പരിപാടിയുടെ 67-ാമത് പതിപ്പാണിത്
 
 1954-ൽ ആരംഭിച്ചതുമുതൽ, ആകാശവാണി സംഗീത സമ്മേളനം ഇന്ത്യയിലെ ഏറ്റവും സ്ഥിരവും അഭിമാനാർഹവുമായ സാംസ്കാരിക പാരമ്പര്യങ്ങളിൽ ഒന്നായി നിലകൊള്ളുന്നു. ഹിന്ദുസ്ഥാനി, കർണാടിക്, ലളിത സംഗീതം, നാടോടി സംഗീതം തുടങ്ങിയ വ്യത്യസ്തമായ സംഗീത ധാരകൾ രാജ്യത്തുടനീളമുള്ള പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിനായി ഈ സമ്മേളനം വിഭാവനം ചെയ്തിരിക്കുന്നു. ഇന്ത്യയുടെ സമ്പന്നമായ സംഗീത പൈതൃകം സംരക്ഷിക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും ജനപ്രിയമാക്കുന്നതിലും ഈ പരിപാടി നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. കലാകാരന്മാരും ശ്രോതാക്കളും എല്ലാ വർഷവും ആകാംക്ഷയോടെയും താല്പര്യത്തോടെയും കാത്തിരിക്കുന്ന പരിപാടികളിൽ ഒന്നാണിത്. പ്രശസ്തരും വളർന്നുവരുന്നതുമായ സംഗീതജ്ഞർക്ക് ദേശീയ അംഗീകാരവും ആദരവും വാഗ്ദാനം ചെയ്യുന്ന ഒരുമഹത്തായ വേദിയായി സംഗീത സമ്മേളനം തുടരുന്നു.
 
 കോവിഡ്-19 മഹാമാരി മൂലമുണ്ടായ ചെറിയ ഇടവേളകൾക്ക് ശേഷം, ഈ വർഷം ഈ മഹത്തായ ആഘോഷ പരിപാടി നവ ഊർജ്ജത്തോടെ തിരികെയെത്തുന്നതായി സമ്മേളനത്തിൻ്റെ വിശദാംശങ്ങൾ നൽകിക്കൊണ്ട്, പ്രസാർ ഭാരതിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഗൗരവ് ദ്വിവേദി പറഞ്ഞു. 2025 ലെ പതിപ്പിൽ ഓരോ വേദിയിലും ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിനും (വോക്കൽ/ഇൻസ്ട്രുമെന്റൽ), ലളിത/നാടോടി സംഗീതത്തിനും വേണ്ടി രണ്ട് കച്ചേരികൾ ഉണ്ടായിരിക്കും. ഇന്ത്യയുടെ പ്രാദേശിക സംഗീത വൈവിധ്യത്തെ പ്രതിഫലിപ്പിച്ചുകൊണ്ട് പ്രത്യേകിച്ച്, പനജി, ഷില്ലോങ് എന്നിവിടങ്ങളിൽ പാശ്ചാത്യ ക്ലാസിക്കൽ അവതരണങ്ങൾ സംഘടിപ്പിക്കും.
 
ഉദ്ഘാടന ദിനത്തിൽ 2025 നവംബർ 2 ന് ഡൽഹി, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലെ ക്ഷണിക്കപ്പെട്ട പ്രേക്ഷകർക്ക് മുമ്പാകെ സംഗീത കച്ചേരികൾ നടക്കും.  നവംബർ 8 ന് ഉദയ്പൂർ, തിരുവനന്തപുരം, കട്ടക്ക് എന്നിവിടങ്ങളിൽ  പരിപാടി നടക്കും, നവംബർ 29 ന് സമാപന ദിനത്തിൽ  ധാർവാഡ്, ഹൈദരാബാദ്, ജലന്ധർ എന്നിവിടങ്ങളിൽ സംഗീത പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.
 
 പ്രവേശന ഫീസ് ഇല്ലാതെ എല്ലാ കച്ചേരികളും പൊതുജനങ്ങൾക്ക് ആസ്വദിക്കാനാവും . ആദ്യം വരുന്നവർക്ക് ആദ്യം എന്ന രീതിയിൽ അതത് ആകാശവാണി സ്റ്റേഷനുകളിൽ നിന്ന് ക്ഷണക്കത്ത് സമാഹരിക്കാം.
 
 സമ്മേളനത്തിൻ്റെ പ്രധാന ആകർഷണീയ സവിശേഷതകൾ :
•കാലാതീതമായ ഒരു പാരമ്പര്യത്തിൻ്റെ 67-ാം വാർഷികം - 1954 മുതൽ സംഗീത മികവിൻ്റ പാരമ്പര്യം ഉയർത്തിപ്പിടിക്കുന്നു
 
•ഇരട്ട കച്ചേരി മാതൃക - എല്ലാ കേന്ദ്രങ്ങളിലും ശാസ്ത്രീയ, ലളിത സംഗീതം /നാടോടി സംഗീത പ്രകടനങ്ങൾ
 
•പ്രശസ്ത കലാകാരന്മാരുടെ പങ്കാളിത്തം
 
•കച്ചേരികൾക്ക് ശേഷം, 2025 ഡിസംബർ 26 മുതൽ 2026 ജനുവരി 23 വരെ, ദിവസവും രാത്രി 10:00 മുതൽ രാത്രി 11:00 വരെ ആകാശവാണി ശൃംഖലകളിലുടനീളം   ഈ സംഗീത കച്ചേരികൾ പ്രക്ഷേപണംചെയ്യും.
 
 
രാഗം ചാനൽ (DTH),ഡിഡി ഭാരതി,
രാഗം യൂട്യൂബ് ചാനൽ,
വേവ്സ് ഓ ടി ടി പ്ലാറ്റ്‌ഫോം,
ന്യൂസ് ഓൺ എയർ ആപ്പ് എന്നിവയിലും പരിപാടികൾ ലഭ്യമാകും
 
ആകാശവാണി സംഗീത സമ്മേളനം 2025, പങ്കെടുക്കുന്ന കലാകാരന്മാർ, തീയതി തിരിച്ചുള്ള സമയക്രമം എന്നി അറിയുന്നതിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.pib.gov.in/PressReleasePage.aspx?PRID=2184309
*****

(Release ID: 2184393) Visitor Counter : 5
Read this release in: English , Urdu , Assamese