പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യയുടെ വളർച്ച ഊർജ്ജവുമായും സമുദ്രശക്തിയുമായും ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ശ്രീ ഹർദീപ് സിംഗ് പുരി

Posted On: 29 OCT 2025 2:06PM by PIB Thiruvananthpuram

2025 ലെ ഇന്ത്യൻ മാരിടൈം  വാരത്തിന്റെ ഭാഗമായി മുംബൈയിൽ നടന്ന 'ഇന്ത്യയുടെ സമുദ്രസംബന്ധ ഉത്പാദന പുനരുജ്ജീവിപ്പിക്കൽ കോൺഫറൻസ്'നെ (‘Revitalizing India’s Maritime Manufacturing Conference)  പെട്രോളിയം, പ്രകൃതി വാതക മന്ത്രി ശ്രീ. ഹർദീപ് സിംഗ് പുരി അഭിസംബോധന ചെയ്തു. ഇന്ത്യയുടെ ദ്രുതഗതിയിലുള്ള സാമ്പത്തിക വളർച്ച അതിന്റെ ഊർജ്ജ, കപ്പൽഗതാഗത  മേഖലകളുടെ പുരോഗതിയുമായി അടുത്ത ബന്ധം പുലർത്തുന്നുവെന്നും ദേശീയ വികസനത്തിന്റെ ശക്തമായ സ്തംഭങ്ങളായി ഇവ രണ്ടും സംയുക്തമായി വർത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ അതിവേഗം വളരുകയാണെന്നും ഇപ്പോൾ ആഭ്യന്തര മൊത്ത ഉത്പാദനം (ജിഡിപി) ഏകദേശം 4.3 ട്രില്യൺ ഡോളറാണെന്നും മന്ത്രി പറഞ്ഞു. ഇതിൽ പകുതിയോളം കയറ്റുമതി, ഇറക്കുമതി, പണമയയ്ക്കൽ എന്നിവ ഉൾപ്പെടുന്ന ബാഹ്യ മേഖലയിൽ നിന്നാണ്. ഇന്ത്യയുടെ സാമ്പത്തിക പുരോഗതിക്ക് വ്യാപാരവും - അതിനാൽ കപ്പൽഗതാഗതവും- എത്രത്തോളം പ്രധാനമാണെന്ന് ഇത് കാണിക്കുന്നു.

ഊർജ്ജ മേഖലയെക്കുറിച്ച് സംസാരിക്കവെ, ഇന്ത്യ നിലവിൽ പ്രതിദിനം 5.6 ദശലക്ഷം ബാരൽ അസംസ്‌കൃത എണ്ണ ഉപയോഗിക്കുന്നുവെന്നും നാലര വർഷം മുമ്പ് ഇത് 5 ദശലക്ഷം ബാരലായിരുന്നുവെന്നും ശ്രീ പുരി പറഞ്ഞു. ഇപ്പോഴത്തെ വളർച്ചാ നിരക്കനുസരിച്ച് രാജ്യം ഉടൻ തന്നെ പ്രതിദിനം 6 ദശലക്ഷം ബാരലിലെത്തും. അന്താരാഷ്ട്ര ഊർജ്ജ ഏജൻസിയുടെ കണക്കനുസരിച്ച്, അടുത്ത രണ്ട് ദശകങ്ങളിൽ ആഗോളതലത്തിൽ ഊർജ്ജ ആവശ്യകതയിലെ വർദ്ധനവിന്റെ ഏകദേശം 30 ശതമാനം ഇന്ത്യ സംഭാവന ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും ഇത് നേരത്തെ കണക്കാക്കിയിരുന്ന 25 ശതമാനത്തിൽ നിന്ന് കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. ഈ വർദ്ധിച്ചുവരുന്ന ഊർജ്ജ ആവശ്യകത, എണ്ണ, വാതകം, മറ്റ് ഊർജ്ജ ഉൽപ്പന്നങ്ങൾ എന്നിവ ലോകമെമ്പാടും എത്തിക്കുന്നതിന് ഇന്ത്യയുടെ കപ്പലുകൾക്കായുള്ള ആവശ്യകത സ്വാഭാവികമായും വർദ്ധിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

2024-25 കാലയളവിൽ ഇന്ത്യ ഏകദേശം 300 ദശലക്ഷം മെട്രിക് ടൺ അസംസ്‌കൃത എണ്ണയും പെട്രോളിയം ഉത്പന്നങ്ങളും ഇറക്കുമതി ചെയ്യുകയും ഏകദേശം 65 ദശലക്ഷം മെട്രിക് ടൺ കയറ്റുമതി നടത്തുകയും ചെയ്തതായി മന്ത്രി അറിയിച്ചു. ഇന്ത്യയുടെ മൊത്തം വ്യാപാരത്തിന്റെ ഏകദേശം 28 ശതമാനവും എണ്ണ, വാതക മേഖല മാത്രമാണെന്നത് തുറമുഖങ്ങൾ കൈകാര്യം ചെയ്യുന്ന ഏറ്റവും വലിയ ഒറ്റ ഉത്പമായി അതിനെ മാറ്റുന്നു. ഇന്ത്യ നിലവിൽ അതിന്റെ അസംസ്‌കൃത എണ്ണയുടെ 88 ശതമാനവും വാതക ആവശ്യങ്ങളുടെ 51 ശതമാനവും ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നതെന്ന് അദ്ദേഹം പറഞ്ഞു, ഇത് രാജ്യത്തിന്റെ ഊർജ്ജ സുരക്ഷയ്ക്ക് കപ്പൽഗതാഗത വ്യവസായം എത്രത്തോളം പ്രധാനമാണെന്നത് കാണിക്കുന്നു.

മൊത്തം ഇറക്കുമതി ബില്ലിന്റെ ഒരു പ്രധാന ഭാഗം ചരക്ക് ചെലവാണെന്ന് അദ്ദേഹം വിശദീകരിച്ചു. അമേരിക്കയിൽ നിന്ന് ക്രൂഡ് ഓയിൽ കൊണ്ടുപോകുന്നതിന് എണ്ണ മാർക്കറ്റിങ് കമ്പനികൾ ബാരലിന് ഏകദേശം 5 ഡോളറും പശ്ചിമേഷ്യയിൽ നിന്ന് ഏകദേശം 1.2 ഡോളറും നൽകുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ, ഐഒസിഎൽ, ബിപിസിഎൽ, എച്ച്പിസിഎൽ തുടങ്ങിയ ഇന്ത്യൻ പൊതുമേഖലാ സ്ഥാപനങ്ങൾ കപ്പലുകൾ ചാർട്ടർ ചെയ്യുന്നതിനായി ഏകദേശം 8 ബില്യൺ ഡോളർ ചെലവഴിച്ചു. ഈ തുക ഇന്ത്യൻ ഉടമസ്ഥതയിലുള്ള പുതിയ ടാങ്കർ കപ്പൽവ്യൂഹം രൂപീകരിക്കാൻ പര്യാപ്തമാവുന്നതായിരുന്നു.


ഇന്ത്യയുടെ വ്യാപാര ചരക്കിന്റെ ഏകദേശം 20 ശതമാനം മാത്രമേ ദേശീയപതാകയുള്ളതോ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ളതോ ആയ കപ്പലുകളിലൂടെ കൊണ്ടുപോകുന്നുള്ളൂവെന്ന് ശ്രീ പുരി ചൂണ്ടിക്കാട്ടി. ഇന്ത്യയ്ക്ക് കപ്പൽ ഉടമസ്ഥതയും ഉത്പാദന ശേഷിയും വർദ്ധിപ്പിക്കുന്നതിനുള്ള ഒരു വെല്ലുവിളിയും അവസരവുമാണിതെന്ന് അദ്ദേഹം പറഞ്ഞു.
പൊതുമേഖലാ സ്ഥാപനങ്ങളുടെ ചരക്ക് ആവശ്യകത ഏകീകരിച്ച് ഇന്ത്യൻ കപ്പൽ ഉടമകൾക്ക് ദീർഘകാല ചാർട്ടറുകൾ നൽകുക, കപ്പൽ ഉടമസ്ഥത-വാടക മാതൃക മുന്നോട്ടുകൊണ്ടുപോകുക, കപ്പൽ നിർമ്മാണത്തിനും വാങ്ങലിനുമായി ആനുകൂല്യങ്ങളുള്ള ധനസഹായം നൽകുന്ന നാവിക മേഖലാ വികസന ഫണ്ട് രൂപീകരിക്കുക, എൽഎൻജി, ഈഥേൻ, പ്രോഡക്റ്റ് ടാങ്കറുകൾക്കായി കൂടുതൽ പിന്തുണയുള്ള കപ്പൽ നിർമ്മാണ ധനസഹായ നയം 2.0 നടപ്പിലാക്കുക തുടങ്ങിയ നടപടികൾക്ക് സർക്കാർ രൂപം നൽകുകയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കഴിഞ്ഞ പതിനൊന്ന് വർഷത്തിനിടെ ഇന്ത്യയുടെ സമുദ്രമേഖലയിൽ വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. 2014-ൽ പ്രതിവർഷം 872 ദശലക്ഷം മെട്രിക് ടണ്ണായിരുന്ന തുറമുഖ ശേഷി ഇന്ന് 1,681 ദശലക്ഷം മെട്രിക് ടണ്ണായി വർദ്ധിക്കുകയും അതേസമയം ചരക്ക് അളവ് 581 ദശലക്ഷം ടണ്ണിൽ നിന്ന് ഏകദേശം 855 ദശലക്ഷം ടണ്ണായി ഉയരുകയും ചെയ്തു. യാത്ര ചെയ്ത് മടങ്ങിയെത്താനുള്ള സമയം 48 ശതമാനം കുറയ്ക്കുകയും നിഷ്‌ക്രിയ സമയം 29 ശതമാനം കുറയ്ക്കുകയും ചെയ്തതോടെ കാര്യക്ഷമതയും മെച്ചപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. തുറമുഖങ്ങൾ നവീകരിക്കുന്നതിനും തീരദേശ മേഖലകളെ ബന്ധിപ്പിക്കുന്നതിനുമായി സാഗർമാല പരിപാടി ഇതിനകം 5.5 ലക്ഷം കോടി രൂപയുടെ പദ്ധതികൾ സമാഹരിച്ചു.

 

ഇന്ത്യയിലെ കൊച്ചിയിലെ കപ്പൽ നിർമ്മാണ ശാല, മസഗോൺ ഡോക്ക്, ജി.ആർ.എസ്.ഇ കൊൽക്കത്ത, എച്ച്.എസ് .എൽ  വിശാഖപട്ടണം തുടങ്ങിയ കപ്പൽശാലകളും ഗോവയിലെയും ഗുജറാത്തിലെയും സ്വകാര്യ ശാലകളും ഇപ്പോൾ ലോകോത്തര കപ്പലുകൾ നിർമ്മിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എൽഎൻജി, ഈഥെയ്ൻ വാഹകർക്ക് വേണ്ടി കൊച്ചിൻ കപ്പൽ നിർമ്മാണ കേന്ദ്രത്തിന്റെ എൽ ആൻഡ് ടി, ദേവൂ എന്നിവയുമായുള്ള  പങ്കാളിത്തങ്ങളും മിത്സുയിഒഎസ്‌കെ ലൈനുകളുമായുള്ള സഹകരണവും ഇന്ത്യൻ കപ്പൽശാലകളിലേക്ക് ആഗോള സാങ്കേതികവിദ്യ കൊണ്ടുവരാൻ സഹായിക്കുന്നു.
 
SKY
 
****

(Release ID: 2183827) Visitor Counter : 12