സഹകരണ മന്ത്രാലയം
azadi ka amrit mahotsav

ശ്രീ അമിത് ഷാ മുംബൈയിൽ പ്രധാനമന്ത്രി മത്സ്യ സമ്പദ യോജനയ്ക്ക് കീഴിലുള്ള 'ആഴക്കടൽ മത്സ്യബന്ധന യാനങ്ങൾ' ഉദ്ഘാടനം ചെയ്തു

Posted On: 27 OCT 2025 7:00PM by PIB Thiruvananthpuram
കേന്ദ്ര ആഭ്യന്തര, സഹകരണ വകുപ്പ് മന്ത്രി ശ്രീ അമിത് ഷാ ഇന്ന് മുംബൈയിലെ മസഗാവ് ഡോക്കിൽ പ്രധാനമന്ത്രി മത്സ്യ സമ്പദ യോജനയ്ക്ക് കീഴിലുള്ള 'ആഴക്കടൽ മത്സ്യബന്ധന യാനങ്ങൾ '  ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, ഇന്ത്യയുടെ സമുദ്ര മത്സ്യബന്ധന മേഖലയെ ആധുനികവൽക്കരിക്കുന്നതിനും തീരദേശ മേഖലകളിൽ സഹകരണാധിഷ്ഠിത വികസനം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണിതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു. സഹകരണ മേഖലയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി 'ആത്മനിർഭർ ഭാരത്' എന്ന ദർശനം സാക്ഷാത്കരിക്കുന്നതിനും നീല സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും മോദി ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ന് ഉദ്ഘാടനം ചെയ്ത രണ്ട് ട്രോളറുകൾ, സമീപ ഭാവിയിൽ ഇന്ത്യയുടെ മത്സ്യ സമ്പത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താനുള്ള ശേഷി വർദ്ധിപ്പിക്കുക മാത്രമല്ല, സഹകരണ സ്ഥാപനങ്ങളിലൂടെ മത്സ്യബന്ധന വ്യവസായത്തിന്റെ ലാഭം നമ്മുടെ കഠിനാധ്വാനികളായ പാവപ്പെട്ട മത്സ്യത്തൊഴിലാളികുടുംബങ്ങൾക്ക് ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുമെന്ന് ശ്രീ അമിത് ഷാ പറഞ്ഞു.

 നിലവിൽ മത്സ്യബന്ധനത്തിനായി ട്രോളറുകളിൽ ജോലി ചെയ്യുന്നവരെ ശമ്പള അടിസ്ഥാനത്തിലാണ് നിയമിക്കുന്നതെങ്കിൽ, സഹകരണാടിസ്ഥാനത്തിലുള്ള മത്സ്യബന്ധനം ആരംഭിക്കുന്നതോടെ, ട്രോളറുകളിൽ നിന്നുള്ള മുഴുവൻ ലാഭവും അതിൽ പങ്കാളിയാകുന്ന ഓരോ മത്സ്യത്തൊഴിലാളിയുടെയും കുടുംബങ്ങളിൽ എത്തുമെന്ന് കേന്ദ്ര സഹകരണ മന്ത്രി പറഞ്ഞു. തുടക്കത്തിൽ ഇത്തരത്തിലുള്ള 14 ട്രോളറുകളാണ് നൽകുക. എന്നാൽ വരും ദിവസങ്ങളിൽ സഹകരണ അടിസ്ഥാനത്തിൽ മത്സ്യത്തൊഴിലാളികൾക്ക് കൂടുതൽ ട്രോളറുകൾ നൽകാൻ കേന്ദ്ര ഗവണ്മെന്റും സഹകരണ മന്ത്രാലയവും ഫിഷറീസ് വകുപ്പും പദ്ധതി ആസൂത്രണം ചെയ്യുന്നതായി ശ്രീ ഷാ പറഞ്ഞു. ഈ ട്രോളറുകൾക്ക് 25 ദിവസം വരെ ആഴക്കടലിൽ തങ്ങാനും 20 ടൺ വരെ മത്സ്യം വഹിക്കാനും ശേഷിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും കടലിൽ നിന്ന് കരയിലേക്ക് മത്സ്യം എത്തിക്കുന്നതിനും വലിയ കപ്പലുകൾ സജ്ജമായിരിക്കും. താമസിക്കുന്നതിനും ഭക്ഷണമുണ്ടാക്കുന്നതിനും ആവശ്യമായ സൗകര്യങ്ങൾ ട്രോളറുകളിൽ സജ്ജീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏകദേശം 11,000 കിലോമീറ്റർ ദൈർഘ്യമുള്ള നമ്മുടെ തീരപ്രദേശത്ത് മത്സ്യബന്ധനം നടത്തി ഉപജീവനമാർഗം കണ്ടെത്തുന്ന സഹോദരീസഹോദരന്മാർക്കായി വരും ദിവസങ്ങളിൽ ഒരു പ്രധാന പദ്ധതി ആസൂത്രണം ചെയ്യുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രിപറഞ്ഞു. പാൽ ഉൽപാദനം, കാർഷിക വിപണി, മത്സ്യബന്ധനം അങ്ങനെ ഏത് മേഖലയിൽ ആയാലും ലാഭം കഠിനാധ്വാനികളായ വ്യക്തികൾക്കുള്ളതാണെന്നതാണ് സഹകരണമെന്നതിന്റെ ആശയംകൊണ്ട് അർഥമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഗ്രാമപ്രദേശങ്ങളിലെ ഓരോ ദരിദ്ര വ്യക്തിയും സാമ്പത്തികമായി ശാക്തീകരിക്കപ്പെടുമ്പോഴാണ് രാജ്യം യഥാർത്ഥത്തിൽ അഭിവൃദ്ധി പ്രാപിക്കുന്നത്. രാജ്യത്തിന്റെ പുരോഗതിയെ ജിഡിപിയുടെ കണ്ണിലൂടെ മാത്രം കാണുന്നവർക്ക് ഇത്രയധികം വിശാലമായ ഒരു രാജ്യത്തിന്റെ സാമൂഹിക ഘടനകൾ മനസ്സിലാകുന്നില്ലെന്ന് ശ്രീ ഷാ അഭിപ്രായപ്പെട്ടു. 130 കോടിയിൽ കൂടുതൽ ജനസംഖ്യയുള്ള ഒരു രാജ്യത്ത്, ജിഡിപി വളർച്ച കൊണ്ട് മാത്രം രാജ്യം പൂർണ്ണമായി വികസിതമാകുന്നില്ല; അതിന് മനുഷ്യ കേന്ദ്രീകൃതമായ കാഴ്ചപ്പാടും ഉൾപ്പെടുത്തണം. ഓരോ വ്യക്തിയ്ക്കും ഓരോ കുടുംബത്തിനും  പുരോഗതിയുണ്ടാവുക എന്ന ലക്ഷ്യമില്ലാതെ, രാഷ്ട്രത്തിന് യഥാർത്ഥത്തിൽ അഭിവൃദ്ധി പ്രാപിക്കാൻ കഴിയില്ല എന്നും അദ്ദേഹം പറഞ്ഞു.

 സഹകരണ പ്രസ്‌ഥാനം മത്സ്യബന്ധന മേഖലയിലെ നമ്മുടെ എല്ലാ സഹോദരീസഹോദരന്മാരുടെയും ജീവിതത്തിന്റെ അടിത്തറയായി മാറുകയാണെന്നും, ഈ ദിശയിലാണ് നാം മുന്നോട്ട് പോകുന്നതെന്നും ശ്രീ ഷാ പറഞ്ഞു. ഭാവിയിൽ സംസ്കരണം, കയറ്റുമതി,വലിയ സംഭരണ കപ്പലുകളുടെ വിന്യാസം എന്നിവയ്ക്കുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നതായി  അദ്ദേഹം പരാമർശിച്ചു. സംസ്കരണം മത്സ്യ തൊഴിലാളികൾ തന്നെ നടത്തുമെന്നും, ശീതീകരണ കേന്ദ്രങ്ങൾ അവരുടേതായിരിക്കുമെന്നും, കയറ്റുമതി വിവിധ- സംസ്ഥാന കയറ്റുമതി സഹകരണ സംവിധാനത്തിലൂടെ ഗവണ്മെന്റ് സാധ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മത്സ്യബന്ധന മേഖലയ്ക്കായി നിരവധി പദ്ധതികൾ ആരംഭിച്ചിട്ടുണ്ടെന്നും അത് മികച്ച ഫലങ്ങൾ നൽകിയിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. 2014-15 ൽ ഇന്ത്യയുടെ മൊത്തം മത്സ്യബന്ധന ഉൽപ്പാദനം 102 ലക്ഷം ടൺ ആയിരുന്നത് ഇപ്പോൾ 195 ലക്ഷം ടണ്ണായി വർദ്ധിച്ചു. ആഭ്യന്തര ഉൽപ്പാദനം 67 ലക്ഷം ടണ്ണായിരുന്നത് 147 ലക്ഷം ടണ്ണായി ഉയർന്നു. സമുദ്ര ഉൽപ്പാദനം 35 ലക്ഷം ടണ്ണിൽ നിന്ന് 48 ലക്ഷം ടണ്ണായി വളർന്നു. ശുദ്ധജല മത്സ്യബന്ധനത്തിൽ 119 ശതമാനം വർധന ഉണ്ടായി 67 ലക്ഷം ടണ്ണിൽ നിന്ന് 147 ലക്ഷം ടണ്ണായും സമുദ്ര ഉൽപ്പാദനം 35 ലക്ഷം ടണ്ണിൽ നിന്ന് 48 ലക്ഷം ടണ്ണായും വർദ്ധിച്ചു. ഏകദേശം 11,000 കിലോമീറ്റർ നീളമുള്ള നമ്മുടെ തീരപ്രദേശത്തിന് സമുദ്രവിഭവ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള ഗണ്യമായ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സഹകരണ മന്ത്രാലയം ഈ സാധ്യതകൾ പ്രയോജനപ്പെടുത്തുകയും സഹകണാധിഷ്ഠിത സമീപനത്തിലൂടെ നമ്മുടെ മത്സ്യത്തൊഴിലാളി സഹോദരീസഹോദരന്മാരിലേക്ക് ലാഭം എത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുക എന്നത് ലക്ഷ്യമാക്കി പ്രവർത്തിക്കുന്നതായി അദ്ദേഹം പറഞ്ഞു.

കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസവും സമീകൃതാഹാരവും നൽകാനും, പ്രായമായവരുടെയും കുട്ടികളുടെയും ആരോഗ്യം പരിപാലിക്കാനും, സ്വയംപര്യാപ്തരാകാനും ഓരോ കുടുംബത്തിനും കഴിയുമ്പോഴാണ് ഒരു രാജ്യം യഥാർത്ഥത്തിൽ വികസിക്കുന്നതെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. അപ്പോൾ മാത്രമേ രാഷ്ട്രത്തെ അഭിവൃദ്ധി പ്രാപിച്ചതായി കണക്കാക്കാൻ കഴിയൂ. മനുഷ്യ കേന്ദ്രീകൃത സമീപനത്തിലൂടെ ജിഡിപി കൈവരിക്കുന്നതിന് സഹകരണ സ്ഥാപനങ്ങളേക്കാൾ മികച്ച സംവിധാനം മറ്റൊന്നില്ല. മഹാരാഷ്ട്രയിലെ പഞ്ചസാര മില്ലുകൾ അവിടത്തെ ഗ്രാമങ്ങളെ സമ്പന്നമാക്കുന്നതിൽ ഏറ്റവും വലിയ സംഭാവന നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചസാര മില്ലുകളിൽ നിന്നുള്ള മുഴുവൻ ലാഭവും നേരിട്ട് കർഷകന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് എത്തുന്നത്. അതുപോലെ ഗുജറാത്തിൽ, ഇന്ന് ദശലക്ഷക്കണക്കിന് സ്ത്രീകൾ അമുൽ വഴി 80,000 കോടി രൂപ മൂല്യമുള്ള ബിസിനസ്സ് നടത്തുന്നു. ഈ 80,000 കോടിയുടെ മുഴുവൻ ലാഭവും കാലിവളർത്തലിൽ ഏർപ്പെട്ടിരിക്കുന്ന നിരക്ഷരരായ സ്ത്രീകളുടെ കുടുംബങ്ങളിലേക്ക് ആണ് എത്തുന്നത്. ഇപ്പോൾ ബിരുദധാരികളും ഉന്നത വിദ്യാഭ്യാസം നേടിയവരുമായ സ്ത്രീകൾ പോലും പ്രൊഫഷണലായി മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട ബിസിനസിലേക്ക് എത്തുന്നു. ഇതായിരുന്നു നമ്മുടെ പൂർവ്വികരുടെ ദർശനമെന്നും ഇതാണ് ഇന്ത്യയുടെ തത്ത്വചിന്തയുടെ കാതലായ കാഴ്ചപ്പാടെന്നും അദ്ദേഹം പറഞ്ഞു.
 
****

(Release ID: 2183298) Visitor Counter : 3