പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ഒക്ടോബർ 29-നു മുംബൈ സന്ദർശിക്കും

ഇന്ത്യ സമുദ്രവാരം 2025’-ൽ സമുദ്രമേഖലയുമായി ബന്ധപ്പെട്ട നേതൃഉച്ചകോടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും; ആഗോള മാരിടൈം CEO ചർച്ചാവേദിയിൽ അധ്യക്ഷത വഹിക്കും

ആഗോള സമുദ്രകേന്ദ്രമായും നീലസമ്പദ്‌വ്യവസ്ഥയിലെ മുൻനിരക്കാരായും ഉയർന്നുവരാനുള്ള ഇന്ത്യയുടെ തന്ത്രപ്രധാന കാഴ്ചപ്പാട് ‘ഇന്ത്യ സമുദ്രവാരം 2025’ ‌ഉയർത്തിക്കാട്ടുന്നു

‘ഇന്ത്യ സമുദ്രവാരം 2025’-ന്റെ ഭാഗമാകുന്നത് 85-ത്തിലധികം രാജ്യങ്ങളും ഒരുലക്ഷത്തിലധികം പ്രതിനിധികളും 350-ലധികം അന്താരാഷ്ട്ര പ്രഭാഷകരും

Posted On: 27 OCT 2025 10:01PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2025 ഒക്ടോബർ 29-നു മുംബൈ സന്ദർശിക്കും. മുംബൈയിലെ നെസ്കോ പ്രദർശനകേന്ദ്രത്തിൽ നടക്കുന്ന ‘ഇന്ത്യ സമുദ്രവാരം 2025’-ലെ (India Maritime Week 2025) ആഗോള മാരിടൈം CEO ചർച്ചാവേദിക്ക് അധ്യക്ഷത വഹിക്കുന്ന അദ്ദേഹം, വൈകിട്ടു നാലിന്, സമുദ്രമേഖലയുമായി ബന്ധപ്പെട്ട നേതൃഉച്ചകോടിയെ അഭിസംബോധന ചെയ്യും.

‘ഇന്ത്യ സമുദ്രവാരം 2025’-ന്റെ പ്രധാന പരിപാടിയായ ആഗോള മാരിടൈം CEO ചർച്ചാവേദി ആഗോളതലത്തിലെ സമുദ്രമേഖലാകമ്പനികളുടെ CEO-മാരെയും പ്രധാന നിക്ഷേപകരെയും നയരൂപകർത്താക്കളെയും നൂതനാശയ ഉപജ്ഞാതാക്കളെയും അന്താരാഷ്ട്ര പങ്കാളികളെയും ഒരു വേദിയിൽ കൊണ്ടുവരും. ആഗോള സമുദ്ര ആവാസവ്യവസ്ഥയുടെ ഭാവിയെക്കുറിച്ചും ഈ വേദി ചർച്ചചെയ്യും. സുസ്ഥിര സമുദ്രവളർച്ച, അതിജീവനശേഷിയുള്ള വിതരണശൃംഖലകൾ, ഹരിതരീതികൾ പിന്തുടരുന്ന കപ്പൽവ്യാപാരം, ഏവരെയും ഉൾക്കൊള്ളുന്ന നീല സമ്പദ്‌വ്യവസ്ഥാതന്ത്രങ്ങൾ എന്നിവ സംബന്ധിച്ച സംഭാഷണത്തിനുള്ള പ്രധാന വേദിയായി ഈ സംവിധാനം പ്രവർത്തിക്കും.

‘സമുദ്രമേഖല അമൃതകാല കാഴ്ചപ്പാട് 2047’-മായി കൂട്ടിയിണക്കി, അഭിലഷണീയവും ഭാവി ലക്ഷ്യമാക്കിയുള്ളതുമായ സമുദ്രമേഖലാപരിവർത്തനത്തോടുള്ള ആഴമായ പ്രതിജ്ഞാബദ്ധതയാണു പ്രധാനമന്ത്രിയുടെ പങ്കാളിത്തം പ്രതിഫലിപ്പിക്കുന്നത്. തുറമുഖങ്ങൾ കേന്ദ്രീകരിച്ചുള്ള വികസനം, കപ്പൽവ്യാപാരവും നിർമാണവും, തടസ്സരഹ‌ിത ലോജിസ്റ്റിക്സ്, സമുദ്രമേഖല നൈപുണ്യവികസനം എന്നീ നാലു തന്ത്രപ്രധാന സ്തംഭങ്ങളിൽ അധിഷ്ഠിതമായ ഈ ദീർഘകാല കാഴ്ചപ്പാട്, ഇന്ത്യയെ ലോകത്തിലെ മുൻനിര സമുദ്രശക്തികളിലൊന്നാക്കി മാറ്റാൻ ലക്ഷ്യമിടുന്നു. കപ്പൽവ്യാപാരം, തുറമുഖങ്ങൾ, കപ്പൽ നിർമാണം, ക്രൂയിസ് വിനോദസഞ്ചാരം, നീല സമ്പദ്‌വ്യവസ്ഥാധനകാര്യം എന്നിവയിലെ പ്രമുഖ പങ്കാളികളെ ഒരുമിപ്പിച്ച്, ഈ കാഴ്ചപ്പാടു പ്രവർത്തനക്ഷമമാക്കുന്നതിനുള്ള ഇന്ത്യാഗവണ്മെന്റിന്റെ പ്രധാന ആഗോളവേദിയായി ‘ഇന്ത്യ സമുദ്രവാരം 2025’ നിലകൊള്ളുന്നു.

“സമുദ്രങ്ങളെ ഏകീകരിക്കൽ, ഏക സമുദ്രദർശനം” എന്ന പ്രമേയത്തിൽ 2025 ഒക്ടോബർ 27 മുതൽ 31 വരെ സംഘടിപ്പിക്കുന്ന IMW 2025, ആഗോള സമുദ്രമേഖല കേന്ദ്രമാവാനും നീല സമ്പദ്‌വ്യവസ്ഥയുടെ നേതൃനിരയിലേക്ക് ഉയരാനുമുള്ള ഇന്ത്യയുടെ തന്ത്രപ്രധാന മാർഗരേഖ അവതരി‌പ്പിക്കും. 85-ലധികം രാജ്യങ്ങളിൽ നിന്നുള്ള പങ്കാളിത്തത്തിനു സാക്ഷ്യം വഹിക്കുന്ന IMW 2025-ൽ ഒരുലക്ഷത്തിലധികം പ്രതിനിധികളും 500-ലധികം പ്രദർശകരും 350-ലധികം അന്താരാഷ്ട്ര പ്രഭാഷകരും പങ്കെടുക്കുന്നുണ്ട്.

NK

***

 


(Release ID: 2183174) Visitor Counter : 9