പഞ്ചായത്തീരാജ് മന്ത്രാലയം
azadi ka amrit mahotsav

"സബ്കി യോജന, സബ്ക വികാസ്" പദ്ധതിയുടെ പൊതുജന ബോധവൽക്കരണ ചിത്രത്തിൻ്റെ രാജ്യവ്യാപക പ്രദർശനം ഇന്ന് ആരംഭിക്കുന്നു

प्रविष्टि तिथि: 24 OCT 2025 10:12AM by PIB Thiruvananthpuram
സബ്കി യോജന, സബ്ക വികാസ്- ജനകീയാസൂത്രണ പദ്ധതിയെക്കുറിച്ച് രണ്ട് മിനിറ്റ് ദൈർഘ്യമുള്ള പൊതുജന സേവന അവബോധ ചിത്രം ഇന്ന്, ഒക്ടോബർ 24 മുതൽ 2025 നവംബർ 6 വരെ രാജ്യത്തെ സിനിമാ തിയേറ്ററുകളിൽ പ്രദർശിപ്പിക്കും. ജനപങ്കാളിത്തം എന്ന പ്രധാനമന്ത്രിയുടെ ദർശനത്തിനും ഗവൺമെൻ്റ് പദ്ധതികളുടെ സമ്പൂർണ്ണ സേവന വിതരണമെന്ന ലക്ഷ്യത്തിനും  അനുസൃതമായി, 2026–27 സാമ്പത്തിക വർഷത്തേക്കുള്ള പഞ്ചായത്ത് വികസന പദ്ധതികൾ തയ്യാറാക്കുന്നതിൽ പൊതുജന അവബോധവും ജനങ്ങളുടെ പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ കാമ്പെയ്‌നിൻ്റെ ലക്ഷ്യം. അടിസ്ഥാന തലത്തിൽ വികസന അജണ്ട രൂപപ്പെടുത്തുന്നതിൽ ഓരോ പൗരനും നിർണായക പങ്കുണ്ടെന്ന സന്ദേശം ഇത് പകർന്നുനൽകുന്നു. പൊതുജന സേവന അവബോധ സിനിമകളുടെ പ്രദർശനത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഈ ഹ്രസ്വചിത്രം രാജ്യവ്യാപകമായി (നിലവിൽ മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ ഉള്ള സംസ്ഥാനങ്ങൾ ഒഴികെ) സിനിമാ ഹാളുകളിൽ പ്രദർശിപ്പിക്കും. സിനിമ ആരംഭിക്കുന്നതിന് മുമ്പും ഇടവേളയുടെ അവസാന അഞ്ച് മിനിറ്റിലും ഹ്രസ്വചിത്രം പ്രദർശിപ്പിക്കും.

 2025–26 വർഷത്തെ ജനകീയ ആസൂത്രണ പരിപാടി (പിപിസി) 2025 ഒക്ടോബർ 2-ന് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ആരംഭിച്ചു. പ്രത്യേക ഗ്രാമസഭാ യോഗങ്ങളിലൂടെ ദേശീയ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്നതും, പ്രാദേശിക ആവശ്യങ്ങൾക്ക് മുൻഗണന നൽകുന്നതുമായ ഫലപ്രദവും സമഗ്രവുമായ പഞ്ചായത്ത് വികസന പദ്ധതികൾ തയ്യാറാക്കാൻ ഇത് പഞ്ചായത്തുകളെ പ്രാപ്തമാക്കുന്നു. 2018-ൽ ആരംഭിച്ചതിനുശേഷം, ജനകീയ ആസൂത്രണ പരിപാടി- സബ്കി യോജന, സബ്ക വികാസ്, ഗ്രാമീണ ഇന്ത്യയിലുടനീളം അടിസ്ഥാനതലത്തിൽ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിലും പങ്കാളിത്ത ആസൂത്രണം സ്ഥാപനവൽക്കരിക്കുന്നതിലും സ്വയംഭരണത്തിൻ്റെ അടിത്തറ കരുത്തുറ്റതാക്കുന്നതിലും നിർണായക പങ്ക് വഹിച്ച ഒരു മുൻനിര സംരംഭമായി മാറി. ഇ-ഗ്രാം സ്വരാജ് പോർട്ടൽ അനുസരിച്ച്, ഗ്രാമപഞ്ചായത്ത് വികസന പദ്ധതികൾ (ജിപിഡിപി), ബ്ലോക്ക് പഞ്ചായത്ത് വികസന പദ്ധതികൾ (ബിപിഡിപി), ജില്ലാ പഞ്ചായത്ത് വികസന പദ്ധതികൾ (ഡിപിഡിപി) എന്നിവ ഉൾപ്പെടുന്ന 18.13 ലക്ഷത്തിലധികം പഞ്ചായത്ത് വികസന പദ്ധതികൾ 2019–20 മുതൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഇതിൽ 2025–26 ലെ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന 2.52 ലക്ഷം പദ്ധതികളും ഉൾപ്പെടുന്നു.

 ജനകീയ ആസൂത്രണ കാമ്പെയ്‌നിനെക്കുറിച്ചുള്ള പൊതുജന സേവന അവബോധ സിനിമയുടെ ഈ രാജ്യവ്യാപക പ്രദർശനത്തിലൂടെ, പഞ്ചായത്തീരാജ് സ്ഥാപനങ്ങളുമായുള്ള പൗരന്മാരുടെ ഇടപെടൽ കൂടുതൽ ആഴത്തിലാക്കാനും തദ്ദേശ ഭരണത്തിലും ഗ്രാമവികസനത്തിലും സജീവമായി പങ്കെടുക്കാൻ അവരെ പ്രചോദിപ്പിക്കാനും മന്ത്രാലയം ലക്ഷ്യമിടുന്നു. ഹ്രസ്വ ചിത്രം കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക: 
https://drive.google.com/file/d/1udnbqnCI6C9nc03QuRfLfsaaBdR0S4Lt/view?usp=sharing
 
*****

(रिलीज़ आईडी: 2182029) आगंतुक पटल : 21
इस विज्ञप्ति को इन भाषाओं में पढ़ें: Bengali-TR , Gujarati , Tamil , Kannada , हिन्दी , English , Urdu , Marathi , Bengali , Telugu