രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യയുടെ വളര്‍ന്നുവരുന്ന തദ്ദേശീയ കരുത്തിന്റെ ഉജ്വല നേര്‍സാക്ഷ്യമാണ് ഓപ്പറേഷൻ സിന്ദൂർ: രാജ്യരക്ഷാ മന്ത്രി

Posted On: 16 OCT 2025 2:47PM by PIB Thiruvananthpuram

രാജ്യത്ത് സ്വയംപര്യാപ്ത പ്രതിരോധ നിർമാണ ആവാസവ്യവസ്ഥ സൃഷ്ടിക്കാന്‍ സർക്കാര്‍ നടത്തുന്ന നിരന്തര ശ്രമങ്ങളുടെ ഫലമായി വളര്‍ന്നുവരുന്ന തദ്ദേശീയ കരുത്തിന്റെ ഉജ്വല നേര്‍സാക്ഷ്യമാണ് ഓപ്പറേഷൻ സിന്ദൂർ എന്ന്  രാജ്യരക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിങ് പറഞ്ഞു.  2025 ഒക്ടോബർ 16-ന് പൂനെയിൽ  സിംബയോസിസ് സ്കിൽസ് ആൻഡ് പ്രൊഫഷണൽ സര്‍വകലാശാല വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങിൽ  വിശ്വാസത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും  ഗുണങ്ങളുടെ  പ്രാധാന്യം വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

 

പ്രതിരോധ രംഗത്ത് ഇന്ത്യയെ സ്വയംപര്യാപ്തമാക്കാൻ സർക്കാർ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചപ്പോള്‍  തുടക്കത്തിൽ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നതായും  പിന്നീട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ആഭ്യന്തര പ്രതിരോധ നിർമാണ മേഖലയുടെ  വിപുലീകരണത്തിന് സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിയതോടെ ഈ നിശ്ചയദാർഢ്യം  മികച്ച  ഫലങ്ങൾ നൽകാൻ തുടങ്ങിയെന്നും ശ്രീ രാജ്നാഥ് സിങ് വിദ്യാര്‍ത്ഥികളോട് പറഞ്ഞു.  

രാജ്യത്തെ പ്രതിരോധ മേഖലയെ പരിവർത്തനം ചെയ്യാൻ നാമൊരു പ്രതിജ്ഞയെടുത്തിട്ടുണ്ടെന്നും സ്വാതന്ത്ര്യലബ്ധി മുതല്‍   ആയുധങ്ങൾക്കായി നാം മറ്റ് രാജ്യങ്ങളെ ഏറെ ആശ്രയിച്ചതാണ് ഇതിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.  ഇന്ത്യയിൽ പ്രതിരോധ സാമഗ്രികളുടെ നിർമാണം പ്രോത്സാഹിപ്പിക്കുന്നതിന്  രാഷ്ട്രീയ ഇച്ഛാശക്തിയോ നിയമങ്ങളോ  ഇല്ലാതിരുന്നതിനാൽ മറ്റ് രാജ്യങ്ങളില്‍നിന്ന് ആയുധങ്ങൾ വാങ്ങാനാണ് നാം ശീലിച്ചത്.  ഇതിനൊരു മാറ്റം അനിവാര്യമായിരുന്നു.  രാജ്യത്തെ സൈനികർക്കുവേണ്ടി  ഇന്ത്യ തദ്ദേശീയമായി ആയുധങ്ങൾ നിർമിക്കുമെന്നതായിരുന്നു നമ്മുടെ നിശ്ചയദാര്‍ഢ്യം.  ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവേളയില്‍ ഇന്ത്യന്‍ സൈനികരുടെ ധീരതയ്ക്ക് ലോകം സാക്ഷ്യം വഹിച്ചു. രാജ്യത്ത് തദ്ദേശീയമായി നിര്‍മിച്ച നിരവധി ഉപകരണങ്ങൾ ഉപയോഗിച്ച് അവർ  ലക്ഷ്യങ്ങൾ കൈവരിച്ചുവെന്നും ശ്രീ രാജ്‌നാഥ് സിങ് പറഞ്ഞു.

കഴിഞ്ഞ 10 വർഷത്തിനിടെ പ്രതിരോധ മേഖലയിലെ ഉല്പാദനം 46,000 കോടി രൂപയിൽ നിന്ന് 1.5 ലക്ഷം കോടി രൂപയായി വർധിച്ചുവെന്നും ഇതിൽ ഏകദേശം 33,000 കോടി രൂപ സ്വകാര്യ മേഖലയുടെ സംഭാവനയാണെന്നും പ്രതിരോധ നിർമാണ രംഗത്തെ യുവതയുടെ  സംഭാവനകളെ അഭിനന്ദിച്ചുകൊണ്ട് രാജ്യരക്ഷാ മന്ത്രി പറഞ്ഞു.  2029-ഓടെ പ്രതിരോധ നിര്‍മാണ മേഖലയില്‍ 3 ലക്ഷം കോടി രൂപയുടെ ഉല്പാദന ലക്ഷ്യവും 50,000 കോടി രൂപയുടെ കയറ്റുമതി ലക്ഷ്യവും കൈവരിക്കാനാവുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

അക്കാദമികരംഗത്തെ  നേട്ടങ്ങൾക്കപ്പുറം മികച്ച സ്രഷ്ടാക്കളാകാനും നൂതനാശയങ്ങൾ കൊണ്ടുവരാനും ദേശീയ വികസനത്തിൽ പങ്കാളികളാകാനും ശ്രീ രാജ്‌നാഥ് സിങ് വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തു. ബിരുദങ്ങളിലൂടെയല്ല, സമൂഹ നന്മയ്ക്കായി അറിവ് പ്രയോഗിക്കുന്നതിലൂടെയാണ് യഥാർത്ഥ വിജയം കൈവരിക്കാനാവുകയെന്നും  അദ്ദേഹം വ്യക്തമാക്കി.  

"നിങ്ങൾക്കെന്തറിയാം?' എന്ന ചോദ്യം അപ്രസക്തമാകുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും  'നിങ്ങൾക്ക് എന്തുചെയ്യാനാവും?' എന്നാണ് ലോകം  ചോദിക്കുന്നതെന്നും രാഷ്ട്രഭാവി രൂപപ്പെടുത്തുന്നതിൽ നൈപുണ്യ വികസനത്തിന്റെ പ്രാധാന്യം എടുത്തുപറയവെ രാജ്യരക്ഷാ മന്ത്രി പറഞ്ഞു. പ്രയോഗിക്കാനാവാത്ത അറിവ് അപൂർണമാണെന്നും  പഠനവും പ്രവൃത്തിയും തമ്മിലെ പാലമാണ് നൈപുണ്യമെന്നും അദ്ദേഹം വ്യക്തമാക്കി.  

തൊഴില്‍നഷ്ടത്തെക്കുറിച്ചും മനുഷ്യര്‍ അപ്രസക്തരാകുന്നതിനെക്കുറിച്ചും പ്രചരിക്കുന്ന  ആശങ്ക അടിസ്ഥാനരഹിതമാണെന്നും  എഐ ഒരിക്കലും മനുഷ്യന് പകരമാകില്ലെന്നും മറിച്ച് എഐ ഉപയോഗിക്കുന്നവർ അത് ഉപയോഗിക്കാത്തവർക്ക് പകരമാകുമെന്നും നിര്‍മിതബുദ്ധി ഉള്‍പ്പെടെ സാങ്കേതികവിദ്യയുടെ സ്വാധീനത്തെക്കുറിച്ച് സംസാരിക്കവെ  ശ്രീ രാജ്നാഥ് സിങ്  പറഞ്ഞു. സാങ്കേതികവിദ്യ മനുഷ്യൻ്റെ സംവേദനക്ഷമതയ്ക്കും മൂല്യങ്ങൾക്കും ധാർമികതയ്ക്കും പകരമാകാതെ കേവലമൊരു ഉപകരണമായി നിലനിൽക്കേണ്ടതുണ്ട്. സമൂഹമാധ്യമങ്ങളും ബാഹ്യ സമ്മർദങ്ങളുമുയർത്തുന്ന വെല്ലുവിളികളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. താരതമ്യങ്ങളിൽ കുടുങ്ങാതെ സ്വന്തം സ്വപ്നങ്ങളെ പിന്തുടരാൻ യുവതയോട് അദ്ദേഹം ആഹ്വാനം ചെയ്തു.  

2047-ഓടെ  വികസിത രാഷ്ട്രമായി മാറാൻ ലക്ഷ്യമിടുന്ന ഇന്ത്യ അമൃത കാലത്തിലേക്ക് കടക്കുമ്പോൾ വിദ്യാർത്ഥികളും അവരുടെ ജീവിതത്തിലെ ഏറ്റവും നിർണായക ഘട്ടത്തിലേക്കാണ് പ്രവേശിക്കുന്നതെന്ന് രാജ്യരക്ഷാ മന്ത്രി പറഞ്ഞു.  അടുത്ത 20 മുതല്‍ 25 വരെ  വർഷങ്ങള്‍ യുവതയുടെ തൊഴില്‍ മാത്രമല്ല,  രാഷ്ട്രഭാവിയും രൂപപ്പെടുത്തും.  യുവതയുടെ ലക്ഷ്യം രാജ്യത്തിന്റെ പരിവർത്തനത്തിന് ഇന്ധനമാകട്ടെയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.  

 

പരിപാടിയുടെ ഭാഗമായി സ്കൂൾ ഓഫ് ഡിഫൻസ് ആൻഡ് എയ്‌റോസ്‌പേസ് ടെക്‌നോളജിയുടെ ഉദ്ഘാടനം രാജ്യരക്ഷാ മന്ത്രിയും മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ ദേവേന്ദ്ര ഫഡ്‌നാവിസും ചേർന്ന് നിര്‍വഹിച്ചു. സംസ്ഥാന സർക്കാരിലെ മറ്റ് മന്ത്രിമാരും സര്‍വകലാശാല വൈസ് ചാൻസലറും ചടങ്ങിൽ പങ്കെടുത്തു.

 

GG

 

***********


(Release ID: 2180000) Visitor Counter : 13