പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ഒക്ടോബർ 16-ന് ആന്ധ്രാപ്രദേശ് സന്ദർശിക്കും
കുർണൂലിൽ പ്രധാനമന്ത്രി 13,430 കോടിയോളം രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്യും.
വ്യവസായം, വൈദ്യുതി, റോഡുകൾ, റെയിൽവേ, പ്രതിരോധ നിർമ്മാണം, പെട്രോളിയം, പ്രകൃതിവാതകം തുടങ്ങി വിവിധ മേഖലകളിലെ പദ്ധതികൾ ഇതിൽ ഉൾപ്പെടുന്നു.
ശ്രീശൈലത്തിലെ ശ്രീ ഭ്രമരാംബ മല്ലികാർജ്ജുന സ്വാമി വാർല ദേവസ്ഥാനത്ത് പ്രധാനമന്ത്രി ദർശനവും പൂജയും നടത്തും.
ഛത്രപതി ശിവാജി മഹാരാജിൻ്റെ പാരമ്പര്യം അനുസ്മരിച്ച് ശ്രീശൈലത്തിലെ ശ്രീ ശിവാജി സ്പൂർത്തി കേന്ദ്രവും പ്രധാനമന്ത്രി സന്ദർശിക്കും.
Posted On:
14 OCT 2025 5:48PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒക്ടോബർ 16-ന് ആന്ധ്രാപ്രദേശ് സന്ദർശിക്കും. രാവിലെ 11:15- ഓടെ അദ്ദേഹം നന്ദ്യാൽ ജില്ലയിലെ ശ്രീശൈലത്തുള്ള ശ്രീ ഭ്രമരാംബ മല്ലികാർജ്ജുന സ്വാമി വാർല ദേവസ്ഥാനത്ത് ദർശനവും പൂജയും നടത്തും. അതിനുശേഷം 12:15-ഓടെ അദ്ദേഹം ശ്രീശൈലത്തിലെ ശ്രീ ശിവാജി സ്പൂർത്തി കേന്ദ്രം സന്ദർശിക്കും.
തുടർന്ന് പ്രധാനമന്ത്രി കുർണൂലിലേക്ക് യാത്ര തിരിക്കും. കുർണൂലിൽ ഉദ്ദേശം 2:30-ന് 13,430 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും, രാജ്യത്തിന് സമർപ്പിക്കുകയും ചെയ്യുന്ന അദ്ദേഹം പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും.
ശ്രീശൈലത്തിൽ പ്രധാനമന്ത്രി
12 ജ്യോതിർലിംഗങ്ങളിൽ ഒന്നും 52 ശക്തി പീഠങ്ങളിൽ ഒന്നുമായ ശ്രീ ഭ്രമരാംബ മല്ലികാർജ്ജുന സ്വാമി വാർല ദേവസ്ഥാനത്ത് പ്രധാനമന്ത്രി പൂജയും ദർശനവും നടത്തും. ഒരേ ക്ഷേത്ര സമുച്ചയത്തിൽ ജ്യോതിർലിംഗവും ശക്തി പീഠവും ഒരുമിച്ച് സ്ഥിതിചെയ്യുന്നു എന്നതാണ് ഈ ക്ഷേത്രത്തിൻ്റെ സവിശേഷത. ഇത്തരത്തിൽ രാജ്യത്ത് സ്ഥിതിചെയ്യുന്ന ഒരേയൊരു ക്ഷേത്രമാണിത്.
ശ്രീ ശിവാജി സ്പൂർത്തി കേന്ദ്രവും പ്രധാനമന്ത്രി സന്ദർശിക്കും. ഇത് ഛത്രപതി ശിവാജി മഹാരാജിന്റെ സ്മരണയ്ക്കായുള്ള ഒരു സ്മാരക സമുച്ചയമാണ്. ഇതിൽ ഒരു ധ്യാന മന്ദിരവും (മെഡിറ്റേഷൻ ഹാൾ) ഉൾപ്പെടുന്നു. സ്മാരകത്തിന്റെ നാല് കോണുകളിലായി പ്രതാപ്ഗഡ്, രാജ്ഗഡ്, റായ്ഗഡ്, ശിവ്നേരി എന്നീ നാല് ചരിത്രപ്രധാനമായ കോട്ടകളുടെ മാതൃകകൾ സ്ഥാപിച്ചിരിക്കുന്നു. ഇതിന്റെ മധ്യത്തിലായി ധ്യാനത്തിൽ മുഴുകിയിരിക്കുന്ന ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമയുമുണ്ട്.
1677-ൽ ഛത്രപതി ശിവാജി മഹാരാജ് ഈ പുണ്യക്ഷേത്രം സന്ദർശിച്ചതിന്റെ ഓർമ്മയ്ക്കായി ശ്രീശൈലത്ത് സ്ഥാപിച്ച ഈ കേന്ദ്രം ശിവാജി മെമ്മോറിയൽ കമ്മിറ്റിയാണ് നടത്തിവരുന്നത്.
കുർണൂലിൽ പ്രധാനമന്ത്രി
കുർണൂലിൽ13,430 കോടിയോളം രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്യും. വ്യവസായം, വൈദ്യുതി പ്രസരണം, റോഡുകൾ, റെയിൽവേ, പ്രതിരോധ നിർമ്മാണം, പെട്രോളിയം, പ്രകൃതിവാതകം തുടങ്ങിയ പ്രധാന മേഖലകളിൽ ഉൾപ്പെടുന്ന ഈ പദ്ധതികൾ, പ്രാദേശിക അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വ്യവസായവൽക്കരണം വേഗത്തിലാക്കുന്നതിനും സംസ്ഥാനത്ത് സമഗ്രമായ സാമൂഹിക-സാമ്പത്തിക വളർച്ചയ്ക്ക് ആക്കം കൂട്ടുന്നതിനും വേണ്ടിയുള്ള ഗവണ്മെന്റിന്റെ പ്രതിബദ്ധതയെയാണ് പ്രതിഫലിപ്പിക്കുന്നത്.
2,880 കോടിയിലധികം രൂപ മുതൽമുടക്കിൽ കുർണൂൽ-III പൂളിംഗ് സ്റ്റേഷന്റെ വൈദ്യുത പ്രസരണ സംവിധാനം ശക്തിപ്പെടുത്തുന്നതിന് പ്രധാനമന്ത്രി തറക്കല്ലിടും. 765 കെ.വി. ഡബിൾ സർക്യൂട്ട് കുർണൂൽ-III പൂളിംഗ് സ്റ്റേഷൻ–ചിലകല്ലൂരിപേട്ട ട്രാൻസ്മിഷൻ ലൈനിന്റെ നിർമ്മാണവും ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. ഇത് പ്രസരണ ശേഷി 6,000 എം.വി.എ. വർദ്ധിപ്പിക്കുകയും രാജ്യത്തിന്റെ വളർച്ചയെ പിന്തുണയ്ക്കുന്നതിനായി വലിയ തോതിലുള്ള പുനരുപയോഗ ഉഉർജ്ജം സാധ്യമാക്കുകയും ചെയ്യും.
4,920 കോടിയിലധികം രൂപയുടെ നിക്ഷേപത്തോടെയുള്ള കുർണൂലിലെ ഓർവക്കൽ, കടപ്പയിലെ കൊപ്പർത്തി വ്യവസായ മേഖലകൾക്ക് പ്രധാനമന്ത്രിതറക്കല്ലിടും. നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്‌മെന്റ് ആൻഡ് ഇംപ്ലിമെന്റേഷൻ ട്രസ്റ്റ് (NICDIT)-ഉം ആന്ധ്രാപ്രദേശ് ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ കോർപ്പറേഷൻ ലിമിറ്റഡ് (APIIC)-ഉം സംയുക്തമായി വികസിപ്പിക്കുന്ന ഈ ആധുനിക, മൾട്ടി-സെക്ടറൽ ഇൻഡസ്ട്രിയൽ ഹബുകളിൽ 'പ്ലഗ് ആൻഡ് പ്ലേ' അടിസ്ഥാന സൗകര്യങ്ങളും വാക്ക്-ടു-വർക്ക് സൗകര്യവുമുണ്ട്. ഈ കേന്ദ്രങ്ങൾ 21,000 കോടി രൂപയുടെ നിക്ഷേപം ആകർഷിക്കുകയും ഒരു ലക്ഷത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ആന്ധ്രാപ്രദേശിലെ രായലസീമ മേഖലയിലെ വ്യാവസായിക വികസനത്തിനും ആഗോള മത്സരശേഷിക്കും വലിയ ഉത്തേജനം നൽകുമെന്നുമാണ് പ്രതീക്ഷ.
റോഡ് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, വിശാഖപട്ടണത്തെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനും വ്യാപാരവും തൊഴിലും സുഗമമാക്കുന്നതിനുമായി 960 കോടിയിലധികം രൂപ ചെലവിൽ സബ്ബാവരം മുതൽ ഷീലാനഗർ വരെയുള്ള ആറുവരി ഗ്രീൻഫീൽഡ് ഹൈവേയ്ക്ക് പ്രധാനമന്ത്രി തറക്കല്ലിടും. കൂടാതെ, 1,140 കോടി രൂപയോളം വരുന്ന ആറ് റോഡ് പദ്ധതികളും അദ്ദേഹം ഉദ്ഘാടനം ചെയ്യും. പിലരു–കാലൂർ ഭാഗം നാലുവരിപ്പാതയാക്കൽ, കടപ്പ/നെല്ലൂർ അതിർത്തി മുതൽ സി.എസ്. പുരം വരെയുള്ള ഭാഗത്തിന്റെ വീതി കൂട്ടൽ, ദേശീയപാത 165-ലെ ഗുഡിവാഡ, നുജെല്ല റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള നാലുവരി റെയിൽ മേൽപ്പാലം (ഓവർ ബ്രിഡ്ജ് - ROB), ദേശീയപാത 716-ലെ പാപഗ്നി നദിക്ക് കുറുകെയുള്ള പ്രധാനപാലം, ദേശീയപാത 565-ലെ കനിഗിരി ബൈപാസ്, ദേശീയപാത 544DD-യിലെ എൻ. ഗുണ്ടലപ്പള്ളി ടൗണിൽ ഒഴിവാക്കിയ ഭാഗം മെച്ചപ്പെടുത്തൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ പദ്ധതികൾ സുരക്ഷ വർദ്ധിപ്പിക്കുകയും യാത്രാ സമയം കുറയ്ക്കുകയും ആന്ധ്രാപ്രദേശിലുടനീളമുള്ള പ്രാദേശിക ഗതാഗത ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യും.
1,200 കോടിയിലധികം രൂപയുടെ നിരവധി സുപ്രധാന റെയിൽവേ പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്യും. കൊട്ടവലസ-വിജയനഗരം നാലാം റെയിൽവേ ലൈനിനും, പെൻഡുർത്തിക്കും സിംഹാചലം നോർത്തിനും ഇടയിലുള്ള റെയിൽ ഫ്ലൈഓവറിനും തറക്കല്ലിടൽ, ഇരട്ടിപ്പിച്ച കൊട്ടവലസ-ബോഡവാര സെക്ഷൻ, ഷിമിലിഗുഡ-ഗോരാപൂർ സെക്ഷൻ എന്നിവ രാഷ്ട്രത്തിന് സമർപ്പിക്കൽ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ഈ പദ്ധതികൾ ഗതാഗതക്കുരുക്ക് കുറയ്ക്കുകയും വേഗമേറിയതും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കുകയും സുഗമമായ യാത്രാ- ചരക്കുനീക്കം സാധ്യമാക്കുകയും പ്രദേശത്തുടനീളം വ്യവസായം, വ്യാപാരം, ടൂറിസം വളർച്ച എന്നിവ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. പ്രാദേശിക സമൂഹങ്ങൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഇത് സഹായകമാകും.
ഊർജ്ജ മേഖലയിൽ, ഗെയിൽ ഇന്ത്യ ലിമിറ്റഡിന്റെ ശ്രീകാകുളം–അങ്കുൽ പ്രകൃതിവാതക പൈപ്പ് ലൈൻ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കും. 1,730 കോടി യോളം രൂപ ചെലവിൽ നിർമ്മിച്ച ഈ പൈപ്പ് ലൈൻ ആന്ധ്രാപ്രദേശിൽ ഏകദേശം 124 കിലോമീറ്ററും ഒഡീഷയിൽ 298 കിലോമീറ്ററും ദൈർഘ്യമേറിയതാണ്. ഇതുകൂടാതെ, ഇന്ത്യൻ ഓയിലിന്റെ 60 TMTPA (ആയിരം മെട്രിക് ടൺ പ്രതിവർഷം) ശേഷിയുള്ള എൽ.പി.ജി. ബോട്ടിലിംഗ് പ്ലാന്റ് ചിറ്റൂരിൽ അദ്ദേഹം ഉദ്ഘാടനം ചെയ്യും. 200 കോടിയോളം രൂപ നിക്ഷേപത്തിലാണ് ഇത് സ്ഥാപിച്ചിട്ടുള്ളത്. ആന്ധ്രാപ്രദേശിലെ നാല് ജില്ലകളിലും തമിഴ്‌നാട്ടിലെ രണ്ട് ജില്ലകളിലും കർണാടകയിലെ ഒരു ജില്ലയിലുമായി 80 വിതരണക്കാർ വഴി 7.2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഈ പ്ലാന്റ് സേവനം ലഭ്യമാക്കും. ഈ മേഖലയിലെ വീടുകൾക്കും ബിസിനസ്സുകൾക്കും വിശ്വസനീയമായ എൽ.പി.ജി. വിതരണം ഉറപ്പാക്കുന്നതിൽ ഇത് നിർണായക പങ്ക് വഹിക്കും.
പ്രതിരോധ നിർമ്മാണം ശക്തിപ്പെടുത്തുന്നതിനായി, ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് 360 കോടിയോളം രൂപ നിക്ഷേപത്തിൽ സ്ഥാപിച്ച അഡ്വാൻസ്ഡ് നൈറ്റ് വിഷൻ പ്രൊഡക്ട്സ് ഫാക്ടറി കൃഷ്ണ ജില്ലയിലെ നിമ്മലൂരിൽ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കും. ഇന്ത്യൻ പ്രതിരോധ സേനകൾക്കായുള്ള നൂതന ഇലക്‌ട്രോ-ഒപ്റ്റിക്കൽ സംവിധാനങ്ങൾ നിർമ്മിക്കുന്ന ഈ സൗകര്യം, പ്രതിരോധ ഉൽപ്പാദനത്തിൽ സ്വാശ്രയത്വം ശക്തിപ്പെടുത്തുകയും മേഖലയിൽ വിദഗ്ദ്ധ തൊഴിൽ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
-NK-
(Release ID: 2179096)
Visitor Counter : 12