പ്രധാനമന്ത്രിയുടെ ഓഫീസ്
രാജ്യത്തെ കാർഷിക മേഖലയിൽ 35,440 കോടി രൂപയുടെ നിക്ഷേപം വരുന്ന രണ്ട് പ്രധാന പദ്ധതികൾക്ക് തുടക്കം കുറിച്ച് നടന്ന കൃഷി പരിപാടിയ്ക്കിടെ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കർഷകരുമായി സംവദിച്ചു
രാജ്യമെമ്പാടുമുള്ള കർഷകർക്ക് സുസ്ഥിര കാർഷിക രീതികൾ ഒരു മാതൃകയാകും: പ്രധാനമന്ത്രി
പയർവർഗ്ഗ കൃഷി, കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുക മാത്രമല്ല, രാജ്യത്തിന്റെ പോഷകാഹാര സുരക്ഷയ്ക്കും സംഭാവന നൽകുന്നു: പ്രധാനമന്ത്രി
ജലക്ഷാമം ഉള്ളിടത്ത് തിന ഒരു ജീവനാഡിയാണ്; തിനയുടെ ആഗോള വിപണി അതിവേഗം വളരുകയാണ്: പ്രധാനമന്ത്രി
ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനും ചെലവ് കുറയ്ക്കുന്നതിനും വിപണികളിലേക്ക് മികച്ച പ്രവേശനം നേടുന്നതിനും ഉയർന്ന മൂല്യമുള്ള വിളകൾ തിരഞ്ഞെടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കൂട്ടുകൃഷി എന്ന ആശയത്തെ പ്രധാനമന്ത്രി പ്രോത്സാഹിപ്പിച്ചു
Posted On:
12 OCT 2025 6:30PM by PIB Thiruvananthpuram
ന്യൂഡൽഹിയിലെ ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന കൃഷി പരിപാടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കർഷകരുമായി സംവദിച്ചു. കർഷക ക്ഷേമം, കാർഷിക സ്വാശ്രയത്വം, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തൽ എന്നിവയോടുള്ള പ്രധാനമന്ത്രിയുടെ തുടർച്ചയായ പ്രതിബദ്ധതയാണ് ഈ പരിപാടി അടിവരയിടുന്നത്. 35,440 കോടി രൂപയുടെ കാർഷിക മേഖലയിലെ രണ്ട് പ്രധാന പദ്ധതികൾ ശ്രീ മോദി ഉദ്ഘാടനം ചെയ്തു. പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിന് മുമ്പ് പ്രധാനമന്ത്രി കർഷകരുമായി സംവദിച്ചു. 24,000 കോടി രൂപയുടെ പ്രധാൻ മന്ത്രി ധൻ ധന്യ കൃഷി യോജന അദ്ദേഹം ഉദ്ഘാടനം ചെയ്തു. 11,440 കോടി രൂപയുടെ പയർവർഗ്ഗങ്ങളിൽ ആത്മനിർഭരതാ ദൗത്യത്തിനും അദ്ദേഹം തുടക്കം കുറിച്ചു. കൂടാതെ ഏകദേശം 815 കോടി രൂപയുടെ അധിക പദ്ധതികൾക്ക് തറക്കല്ലിട്ട പ്രധാനമന്ത്രി കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം, ഭക്ഷ്യ സംസ്കരണ മേഖലകളിൽ 5,450 കോടിയിലധികം വിലമതിക്കുന്ന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്തു.
കാബൂളി കടല കൃഷിയിലൂടെ കാർഷിക യാത്ര ആരംഭിച്ച ഹരിയാനയിലെ ഹിസാർ ജില്ലയിൽ നിന്നുള്ള കർഷകരിൽ ഒരാൾ പ്രധാനമന്ത്രിയുമായി തന്റെ അനുഭവങ്ങളും ഉൾക്കാഴ്ചകളും പങ്കുവെച്ചു. നാല് വർഷം മുമ്പാണ് താൻ കാബൂളി കടല കൃഷി ആരംഭിച്ചതെന്നും നിലവിൽ ഏക്കറിന് ഏകദേശം 10 ക്വിന്റൽ വിളവ് ലഭിക്കുന്നുണ്ടെന്നും കർഷകൻ പറഞ്ഞു. മണ്ണിന്റെ ഫലഭൂയിഷ്ഠത വർദ്ധിപ്പിക്കുന്നതിനും അധിക വരുമാനം ഉണ്ടാക്കുന്നതിനും പയർവർഗ്ഗ വിളകൾ കൃഷിരീതിയിൽ സംയോജിപ്പിക്കുന്ന ഇടവിള കൃഷി രീതികളെക്കുറിച്ചും പ്രധാനമന്ത്രി അന്വേഷിച്ചു.
മറുപടിയായി, അത്തരം വിളകൾ ഉൾപ്പെടുത്തുന്നത് പ്രയോജനകരമാണെന്ന് കർഷകൻ സ്ഥിരീകരിച്ചു. ചേന പോലുള്ള പയർവർഗ്ഗങ്ങൾ വളർത്തുന്നത് വിശ്വസനീയമായ വിളവ് നൽകുക മാത്രമല്ല, മണ്ണിനെ നൈട്രജൻ കൊണ്ട് സമ്പുഷ്ടമാക്കുകയും അതുവഴി തുടർന്നുള്ള വിളകളുടെ വിളവ് മെച്ചപ്പെടുത്തുകയും ചെയ്യുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. മണ്ണിന്റെ ആരോഗ്യം പുനരുജ്ജീവിപ്പിക്കുന്നതിനും നിലനിർത്തുന്നതിനുമുള്ള ഒരു മാർഗമായി സഹ കർഷകർക്കിടയിൽ ഈ സുസ്ഥിര രീതി എങ്ങനെ പ്രോത്സാഹിപ്പിക്കപ്പെടുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
ഈ ശ്രമങ്ങളെയും പൊതുവായ കാഴ്ചപ്പാടിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു, ഈ രീതികൾ രാജ്യത്തുടനീളമുള്ള മറ്റ് കർഷകർക്ക് ഒരു മാതൃകയാകുമെന്ന് അദ്ദേഹം പറഞ്ഞു. നന്ദി പ്രകടിപ്പിച്ചുകൊണ്ട് കർഷകൻ ഇപ്രകാരം പറഞ്ഞു, "എന്റെ ജീവിതത്തിൽ ഇതാദ്യമായാണ് പ്രധാനമന്ത്രിയെ കാണാൻ എനിക്ക് അവസരം ലഭിച്ചത്. കർഷകരുമായും സാധാരണ പൗരന്മാരുമായും ഒരുപോലെ ബന്ധപ്പെടുന്ന ഒരു നല്ല നേതാവാണ് അദ്ദേഹം."
"കിസാൻ പദക് സൻസ്ഥാനുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും പ്രാക്ടീസ് ചെയ്യുന്ന ഒരു ചാർട്ടേഡ് അക്കൗണ്ടന്റും സജീവ കർഷകനുമാണെന്നുമുള്ള വിവരം കർഷകൻ പങ്കുവെച്ചു. 16 ബിഗാ കുടുംബ ഭൂമിയുള്ള അദ്ദേഹം പയർവർഗ്ഗങ്ങൾ കൃഷി ചെയ്യുന്നത് തുടരുന്നു, കൂടാതെ തന്റെ ഗ്രാമത്തിൽ 20 സ്ത്രീകളുടെ സ്വയം സഹായ ഗ്രൂപ്പുകൾ സംഘടിപ്പിച്ചുകൊണ്ട് കൂടുതൽ ഇടപെടലുകൾ നടത്തുന്നു. ഈ ഗ്രൂപ്പുകൾ കടല അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്നങ്ങൾ, വെളുത്തുള്ളി, പരമ്പരാഗത പപ്പടം എന്നിവ ഉത്പാദിപ്പിക്കുന്നത് പോലുള്ള മൂല്യവർദ്ധിത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു, അതുവഴി സ്ത്രീ ശാക്തീകരണത്തിനും ഗ്രാമീണ സംരംഭകത്വത്തിനും സംഭാവന നൽകുന്നു." സർ, ഞങ്ങളുടെ ഗ്രാമത്തിന്റെ പേരിലാണ് ഞങ്ങൾ ഞങ്ങളുടെ ബ്രാൻഡിന് 'ദുഗരി വാലെ' എന്ന് പേരിട്ടത്. ഞങ്ങൾ ദുഗരി വാലെ ചന, വെളുത്തുള്ളി, പപ്പടം എന്നിവ വിൽക്കുന്നു. ഞങ്ങൾ ജിഇഎം പോർട്ടലിൽ പോലും രജിസ്റ്റർ ചെയ്തിട്ടുണ്ട്. സൈനിക ഉദ്യോഗസ്ഥർ ഞങ്ങളുടെ ഉൽപ്പന്നങ്ങൾ അവിടെ നിന്നാണ് വാങ്ങുന്നത്," കർഷകൻ വിശദീകരിച്ചു.തങ്ങളുടെ ഉൽപ്പന്നങ്ങൾ രാജസ്ഥാനിൽ മാത്രമല്ല, ഇന്ത്യയിലുടനീളം പ്രചാരം നേടുന്നുണ്ടെന്നും വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ആവശ്യകത വർദ്ധിച്ചുവരുന്നതായും അദ്ദേഹം പ്രധാനമന്ത്രിയെ അറിയിച്ചു.
ഹരിയാനയിലെ ഹിസാർ ജില്ലയിൽ നിന്നുള്ള മറ്റൊരു കർഷകൻ 2013-14 മുതൽ കാബൂളി കടല കൃഷി ചെയ്തതിലൂടെ ഉണ്ടായ അനുഭവം പങ്കുവെച്ചു. ഒരു ഏക്കറിൽ നിന്ന് ആരംഭിച്ച അദ്ദേഹം വർഷങ്ങളായി 13-14 ഏക്കറിലേക്ക് കൃഷി വ്യാപിപ്പിച്ചു, ഗുണനിലവാരമുള്ള വിത്തുകൾ തിരഞ്ഞെടുക്കുന്നതും സ്ഥിരമായ വിളവ് മെച്ചപ്പെടുത്തലുകളും തന്റെ വിജയത്തിന് കാരണമായതായി അദ്ദേഹം പറഞ്ഞു. “വരുമാനത്തിൽ ഗണ്യമായ വർധനവുണ്ടായിട്ടുണ്ട്. ഓരോ വർഷവും ഞങ്ങൾ മികച്ച ഗുണനിലവാരമുള്ള വിത്തുകൾ തിരഞ്ഞെടുത്തു, ഉൽപ്പാദനക്ഷമത വർദ്ധിച്ചുകൊണ്ടിരുന്നു,” കർഷകൻ പറഞ്ഞു.
പയർവർഗ്ഗങ്ങളുടെ പോഷകമൂല്യം, പ്രത്യേകിച്ച് സസ്യാഹാരികൾക്ക്, ഗുണകരമാകുന്ന കാര്യം പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. പയർവർഗ്ഗ കൃഷി, കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുക മാത്രമല്ല, രാജ്യത്തിന്റെ പോഷകാഹാര സുരക്ഷയ്ക്കും എങ്ങനെ സംഭാവന നൽകുന്നുവെന്ന് അദ്ദേഹം അംഗീകരിച്ചു. ചെറുകിട, നാമമാത്ര കർഷകർക്ക് ഒത്തുചേരാനും, അവരുടെ ഭൂമി സംയോജിപ്പിക്കാനും, ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനും, ചെലവ് കുറയ്ക്കുന്നതിനും, വിപണികളിലേക്ക് മികച്ച പ്രവേശനം നേടുന്നതിനും ഉയർന്ന മൂല്യമുള്ള വിളകൾ തിരഞ്ഞെടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും കഴിയുന്ന കൂട്ടുകൃഷി എന്ന ആശയത്തെ ശ്രീ മോദി പ്രോത്സാഹിപ്പിച്ചു.
ഈ മാതൃകയുടെ വിജയകരമായ ഒരു ഉദാഹരണം ഒരു കർഷകൻ പങ്കുവെച്ചു, ഏകദേശം 1200 ഏക്കറിൽ ഇപ്പോൾ സമ്പുഷ്ടമായ കാബൂളി കടല കൃഷി നടക്കുന്നുണ്ടെന്നും ഇത് മുഴുവൻ ഗ്രൂപ്പിനും മികച്ച വിപണി പ്രവേശനത്തിനും വരുമാനം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നതായി അദ്ദേഹം പറഞ്ഞു.
പ്രത്യേകിച്ച് ജലക്ഷാമമുള്ള പ്രദേശങ്ങളിൽ, ബജ്ര (പേൾ മില്ലറ്റ്), ജോവർ (സോർഗം) തുടങ്ങിയ തിനകളുടെ (ശ്രീ അന്ന) കൃഷിക്ക് ഗവൺമെൻറ് നൽകിവരുന്ന പ്രോത്സാഹനത്തെക്കുറിച്ചും പ്രധാനമന്ത്രി ചർച്ച ചെയ്തു. വിപണി ആവശ്യകതയും ആരോഗ്യ അവബോധവും വർദ്ധിച്ചതിനാൽ തിന കൃഷി തുടരുക മാത്രമല്ല, ജനപ്രീതി നേടുകയും ചെയ്യുന്നുവെന്ന് ഒരു കർഷകൻ സ്ഥിരീകരിച്ചു. “വെള്ളം കുറവുള്ളിടത്ത് തിന ഒരു ജീവനാഡിയാണ്. തിനയുടെ ആഗോള വിപണി അതിവേഗം വളരുകയാണ്,” ശ്രീ മോദി പറഞ്ഞു.
സംഭാഷണത്തിൽ പ്രകൃതിദത്തവും രാസവസ്തു രഹിതവുമായ കൃഷിയെക്കുറിച്ചും പരാമർശമുണ്ടായി. പ്രത്യേകിച്ച്, ചെറുകിട കർഷകർ, കാല ക്രമേണയും പ്രായോഗികമായും ഇത്തരം രീതികൾ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഭൂമിയുടെ ഒരു ഭാഗത്ത് പ്രകൃതിദത്ത കൃഷി പരീക്ഷിക്കുകയും ബാക്കിയുള്ള ഭാഗങ്ങളിൽ പരമ്പരാഗത രീതികൾ തുടരുകയും ചെയ്യുക, അങ്ങനെ കാലക്രമേണ ആത്മവിശ്വാസം വളർത്തുക എന്ന ഘട്ടം ഘട്ടമായുള്ള സമീപനമാണ് അദ്ദേഹം നിർദ്ദേശിച്ചത്.
സ്വയം സഹായ സംഘത്തിൽപ്പെട്ട ഒരു വനിതാ കർഷക 2023-ൽ സംഘത്തിൽ ചേർന്ന് തന്റെ 5 ബിഗ ഭൂമിയിൽ ചെറുപയർ കൃഷി ആരംഭിച്ച അനുഭവം പങ്കുവെച്ചു. വിത്ത് വാങ്ങലും നിലമൊരുക്കലും കൈകാര്യം ചെയ്യാൻ അനുവദിച്ച പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയെ അവർ ഒരു പ്രധാന പിന്തുണയായി വിശേഷിപ്പിച്ചു. “₹6000 വാർഷിക സഹായം ഒരു അനുഗ്രഹമാണ്. വിത്തുകൾ വാങ്ങാനും സമയബന്ധിതമായി വിതയ്ക്കാനും ഇത് ഞങ്ങളെ സഹായിക്കുന്നു,” അവർ പറഞ്ഞു. കടല, മസൂർ (പയർ), ഗ്വാർ തുടങ്ങിയ പയർവർഗ്ഗങ്ങൾ കൃഷി ചെയ്യുന്ന മറ്റൊരു കർഷകൻ, വെറും രണ്ട് ഏക്കർ സ്ഥലത്തുപോലും വൈവിധ്യവത്കരണവും സ്ഥിരമായ സമ്പാദ്യവും സാധ്യമാകുന്നതായും,ഇതിലൂടെ സ്മാർട്ട്, ചെറുകിട കൃഷിയുടെ ശക്തി പ്രകടമാണെന്നും പറഞ്ഞു.
2010-ൽ ഒരു ഹോട്ടലിൽ റൂം ബോയ് ആയി ജോലി ചെയ്തതിൽ നിന്ന് തുടങ്ങി 250-ലധികം ഗിർ പശുക്കളുള്ള ഒരു ഗോശാലയുടെ ഉടമയാകുന്നത് വരെയുള്ള തന്റെ ശ്രദ്ധേയമായ യാത്ര ഒരു കർഷകൻ പങ്കുവെച്ചു. 50% സബ്‌സിഡി നൽകിയതിന് മൃഗസംരക്ഷണ മന്ത്രാലയത്തെ അദ്ദേഹം പ്രശംസിച്ചു, ഇത് തന്റെ വളർച്ചയിൽ പ്രധാന പങ്കുവഹിച്ചു.
പ്രധാനമന്ത്രി ഈ സംരംഭത്തെ പ്രശംസിക്കുകയും വാരാണസിയിൽ നിന്നുള്ള സമാനമായ ഒരു പരീക്ഷണം വിവരിക്കുകയും ചെയ്തു. അവിടെ കുടുംബങ്ങൾക്ക് ആദ്യത്തെ കിടാവിനെ തിരികെ നൽകണമെന്ന വ്യവസ്ഥയോടെ ഗിർ പശുക്കളെ നൽകുന്നു, തുടർന്ന് അത് മറ്റ് കുടുംബങ്ങളിലേക്ക് കൈമാറുകയും സുസ്ഥിരമായ ഒരു സമൂഹ ശൃംഖല സൃഷ്ടിക്കുകയും ചെയ്യുന്നു.
പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജന (PMMSY) ജീവിതത്തെ മാറ്റിമറിച്ച അനുഭവം നിരവധി പേർ പങ്കിട്ടു. ഉത്തർപ്രദേശിൽ പിഎച്ച്ഡിക്കാരനിൽ നിന്ന് അക്വാകൾച്ചർ സംരംഭകനായ ഒരു വ്യക്തി തൊഴിൽ അന്വേഷകനിൽ നിന്ന് തൊഴിൽ ദാതാവായി മാറി, ഉത്തരാഖണ്ഡിലെ ചെറിയ ഗ്രാമങ്ങളിൽ നിന്നുള്ള ഏകദേശം 25 യുവാക്കൾക്ക് തൊഴിൽ നൽകി. ഒരു സർക്കാർ പരിപാടിയിൽ PMMSY-യെക്കുറിച്ച് പഠിച്ചതിന് ശേഷം ഒരു കശ്മീരി യുവാവ് അക്വാകൾച്ചർ ആരംഭിച്ചു. ഇപ്പോൾ അദ്ദേഹം 14 പേർക്ക് ജോലി നൽകുന്നു, പ്രതിവർഷം ₹15 ലക്ഷം ലാഭം നേടുന്നു. 100 പേർക്ക് ജോലി നൽകുന്ന തീരദേശ ഇന്ത്യയിൽ നിന്നുള്ള ഒരു വനിതാ കർഷക PMMSY-യുടെ കീഴിൽ കോൾഡ് സ്റ്റോറേജും ഐസ് സൗകര്യങ്ങളും തന്റെ മത്സ്യബന്ധന ബിസിനസ്സ് എങ്ങനെ വളർത്താൻ സഹായിച്ചുവെന്ന കാര്യം പങ്കുവെച്ചു. അലങ്കാര മത്സ്യകൃഷിയിൽ പ്രവർത്തിക്കുന്ന മറ്റൊരു സംരംഭകൻ പറഞ്ഞത് , PMMSY, രാജ്യത്തുടനീളമുള്ള യുവ കാർഷിക സ്റ്റാർട്ടപ്പുകൾക്ക് പ്രതീക്ഷയുടെ കിരണം നൽകിയെന്നാണ്. അക്വാകൾച്ചറിലെ വിശാലമായ സാധ്യതകൾ പ്രധാനമന്ത്രി ഊന്നിപ്പറയുകയും ഈ അവസരം ഉപയോഗപ്പെടുത്താൻ കൂടുതൽ യുവാക്കളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
സഖി സംഘടനയിൽപ്പെട്ട ഒരു പ്രതിനിധി, വെറും 20 സ്ത്രീകളുമായി ആരംഭിച്ച ഒരു പ്രസ്ഥാനം ഇപ്പോൾ ക്ഷീര മേഖലയിൽ ഏർപ്പെട്ടിരിക്കുന്ന 90,000 സ്ത്രീകളായി വളർന്നതെങ്ങനെയെന്ന കാര്യം പങ്കുവെച്ചു. “കൂട്ടായ പരിശ്രമത്തിലൂടെ 14,000-ത്തിലധികം സ്ത്രീകൾ 'ലഖ്പതി ദീദികൾ' ആയി മാറിയെന്ന് പ്രതിനിധി പറഞ്ഞു. “ഇതൊരു യഥാർത്ഥ അത്ഭുതമാണ്,” സ്വയം സഹായ സംഘ മാതൃകയെ പ്രശംസിച്ചുകൊണ്ട് പ്രധാനമന്ത്രി മറുപടി പറഞ്ഞു.
ഝാർഖണ്ഡിലെ സരൈകേല ജില്ലയിൽ നിന്നുള്ള ഒരു സംരംഭകൻ 125 പിന്നാക്കം നിൽക്കുന്ന ആദിവാസി കുടുംബങ്ങളെ ദത്തെടുത്ത് മേഖലയിൽ സംയോജിത ജൈവകൃഷി ആരംഭിച്ചു. "തൊഴിൽ അന്വേഷകരല്ല, തൊഴിൽ ദാതാക്കളാകുക" എന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം തന്റെ ദൗത്യത്തിന് പ്രചോദനമായതെങ്ങനെയെന്ന് അദ്ദേഹം പങ്കുവെച്ചു.
പങ്കെടുത്ത നിരവധി പേർ ആഴത്തിലുള്ളതും വൈകാരികവുമായ നന്ദി പ്രകടിപ്പിച്ചു. ഒരു കർഷകൻ പറഞ്ഞത് ശ്രദ്ധിക്കാം , "പ്രധാനമന്ത്രിയെ കാണുന്നത് ഒരു പ്രകൃതിചികിത്സ പോലെ തോന്നി. ഒരു നേതാവിനോടല്ല, എന്റെ സ്വന്തം വീട്ടിൽ നിന്നുള്ള ഒരാളോട് ഞാൻ സംസാരിക്കുന്നതായിട്ടാണ് എനിക്ക് തോന്നിയത് ."
ജമ്മു കശ്മീരിലെ നിലവിലെ നേതൃത്വത്തിന് കീഴിലുള്ള വികസന മാറ്റങ്ങളെ മറ്റൊരു കശ്മീരി യുവാവ് അംഗീകരിച്ചു. “താങ്കളുടെ സർക്കാർ ഇല്ലായിരുന്നെങ്കിൽ ഇതൊന്നും സാധ്യമാകുമായിരുന്നില്ലെന്ന് ഞാൻ കരുതുന്നു,” അദ്ദേഹം പറഞ്ഞു.
2014-ൽ അമേരിക്കയിലെ ലാഭകരമായ ഒരു കരിയർ ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങി ഗ്രാമീണ സമൂഹങ്ങളെ ശാക്തീകരിക്കാനുള്ള തന്റെ യാത്ര ഒരു കർഷകൻ പങ്കുവെച്ചു. വെറും 10 ഏക്കർ ഭൂമിയിൽ തുടങ്ങി, ഇപ്പോൾ 300 ഏക്കറിലധികം കൃഷി, ഹാച്ചറികൾ എന്നിവ അദ്ദേഹം കൈകാര്യം ചെയ്യുന്നു, 10,000+ ഏക്കറിലേക്ക് വിത്ത് ഉത്പാദിപ്പിക്കുന്നു. ഫിഷറീസ് ആൻഡ് അക്വാകൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് ഫണ്ടിന്റെ (FIDF) പിന്തുണയോടെ, വെറും 7% പലിശയ്ക്ക് ധനസഹായം നേടാൻ അദ്ദേഹത്തിന് കഴിഞ്ഞു, ഇത് 200-ലധികം ആളുകൾക്ക് തൊഴിൽ നൽകുന്നതിനായി തന്റെ പ്രവർത്തനങ്ങൾ വളർത്താൻ അദ്ദേഹത്തെ അനുവദിച്ചു. “പ്രധാനമന്ത്രി മോദി ഞങ്ങളുടെ അടുത്തേക്ക് നടക്കുന്നത് കാണുന്നത് ഒരു 'അസുലഭ' നിമിഷമായിരുന്നു,” കർഷകൻ പറഞ്ഞു.
ഗുജറാത്തിലെ അമ്രേലി ജില്ലയിലെ ധാരിയിൽ നിന്നുള്ള ഒരു എഫ്‌പിഒയുടെ പ്രതിനിധി, കഴിഞ്ഞ നാല് വർഷമായി 1,500 ഏക്കർ കൃഷി ചെയ്യുന്നുണ്ടെന്നും 20% വാർഷിക ലാഭവിഹിതം നൽകുന്നുണ്ടെന്നും അഭിമാനത്തോടെ പറഞ്ഞു . എഫ്‌പിഒയ്ക്ക് 2 കോടി രൂപയുടെ കൊളാറ്ററൽ രഹിത സർക്കാർ വായ്പയിൽ നിന്ന് പ്രയോജനം ലഭിച്ചു, ഇത് പ്രവർത്തനങ്ങൾ ഗണ്യമായി വർദ്ധിപ്പിക്കാൻ സഹായിച്ചു. "ഞങ്ങൾക്ക് ഒന്നുമില്ലാതിരുന്നപ്പോൾ ഇന്ത്യാ ഗവൺമെന്റിന്റെ ക്രെഡിറ്റ് ഗ്യാരണ്ടി പദ്ധതി ഞങ്ങളെ ശാക്തീകരിച്ചു," അവർ പറഞ്ഞു.
രാജസ്ഥാനിലെ ജയ്സാൽമീറിൽ നിന്നുള്ള 1,000-ത്തിലധികം കർഷകരുള്ള ഒരു എഫ്‌പിഒ, ഇന്റഗ്രേറ്റഡ് കീട നിയന്ത്രണ (ഐപിഎം) സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ജൈവ ജീരകം, ഇസബ്ഗോൾ (സൈലിയം തൊണ്ട്) എന്നിവ ഉത്പാദിപ്പിക്കുന്നു. ഗുജറാത്ത് ആസ്ഥാനമായുള്ള കയറ്റുമതിക്കാർ വഴിയാണ് ഈ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നത്. ഇസബ്ഗോൾ അധിഷ്ഠിത ഐസ്ക്രീം പര്യവേക്ഷണം ചെയ്യാൻ പ്രധാനമന്ത്രി നിർദ്ദേശിച്ചപ്പോൾ, ഉൽപ്പന്ന നവീകരണത്തിനായി കർഷകരിൽ അത് ഉടനടി താൽപ്പര്യം ജനിപ്പിച്ചു.
വാരാണസിക്കടുത്തുള്ള മിർസാപൂരിൽ നിന്നുള്ള ഒരു കർഷകൻ, സംസ്കരണം, പാക്കേജിംഗ്, ബ്രാൻഡിംഗ് എന്നിവയുൾപ്പെടെയുള്ള ചെറുധാന്യങ്ങളെക്കുറിച്ചുള്ള തന്റെ പ്രവർത്തനങ്ങൾ പങ്കുവെച്ചു. പോഷകമൂല്യവും സാമ്പത്തിക നിലനിൽപ്പും ഉറപ്പാക്കുന്ന ഒരു ഔപചാരിക ധാരണാപത്രത്തിന് കീഴിൽ പ്രതിരോധ, എൻഡിആർഎഫ് ഉദ്യോഗസ്ഥർക്ക് തന്റെ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നു.
റെയിൽ കണക്റ്റിവിറ്റി ആപ്പിൾ ഗതാഗതത്തെ എങ്ങനെ മാറ്റിമറിച്ചുവെന്ന് കശ്മീരിൽ നിന്നുള്ള ഒരു ആപ്പിൾ കർഷകൻ പങ്കുവെച്ചു. പരമ്പരാഗത റോഡുകളുമായി താരതമ്യപ്പെടുത്തുമ്പോൾ സമയവും ചെലവും കുറച്ചുകൊണ്ട് 60,000 ടണ്ണിലധികം പഴങ്ങളും പച്ചക്കറികളും നേരിട്ട് ഡൽഹിയിലേക്കും അതിനപ്പുറത്തേക്കും കൊണ്ടുപോയി.
മധ്യപ്രദേശിലെ ജബൽപൂരിൽ നിന്നുള്ള ഒരു യുവ സംരംഭകൻ തന്റെ എയറോപോണിക് അധിഷ്ഠിത ഉരുളക്കിഴങ്ങ് വിത്ത് കൃഷി അവതരിപ്പിച്ചു, അവിടെ ഉരുളക്കിഴങ്ങ് മണ്ണില്ലാതെ ലംബ ഘടനകളിൽ വളർത്തുന്നു. പ്രധാനമന്ത്രി ഇതിനെ "ജൈന ഉരുളക്കിഴങ്ങ്" എന്ന് നർമ്മത്തിൽ വിളിച്ചു, കാരണം അത്തരം ഉൽപ്പന്നങ്ങൾ വേരുള്ള പച്ചക്കറികൾ ഒഴിവാക്കുന്ന ജൈനമതക്കാരുടെ മതപരമായ ഭക്ഷണ നിയന്ത്രണങ്ങളുമായി പൊരുത്തപ്പെടാം.
രാജസ്ഥാനിലെ ബാരൻ ജില്ലയിൽ നിന്നുള്ള ഒരു കർഷകൻ, പൊടിയായും കുഴമ്പു രൂപത്തിലുമുള്ള വെളുത്തുള്ളി മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഉത്പാദിപ്പി ച്ച് തന്റെ ടീം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് പങ്കുവെച്ചു, ഇപ്പോൾ കയറ്റുമതി ലൈസൻസിനായി അപേക്ഷിക്കുന്നു.
രാജ്യമെമ്പാടുമുള്ള കർഷകരെ അംഗീകരിച്ചുകൊണ്ട് പ്രധാനമന്ത്രി സംവാദം അവസാനിപ്പിച്ചു.
***
SK
(Release ID: 2178456)
Visitor Counter : 10