പ്രധാനമന്ത്രിയുടെ ഓഫീസ്
ഇന്ത്യ-യുകെ സിഇഒ(CEO,Chief Executive Officer)ഫോറത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
Posted On:
09 OCT 2025 4:41PM by PIB Thiruvananthpuram
ബഹുമാനപ്പെട്ട , പ്രധാനമന്ത്രി സ്റ്റാർമർ,
ഇന്ത്യയിലെയും യുകെയിലെയും ബിസിനസ് നേതാക്കളെ ,
നമസ്‌കാരം!
ഇന്ത്യ-യുകെ സിഇഒ ഫോറത്തിന്റെ ഇന്നത്തെ യോഗത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷം തോന്നുന്നു. ഒന്നാമതായി, പ്രധാനമന്ത്രി സ്റ്റാർമറുടെ വിലയേറിയ ചിന്തകൾക്ക് നന്ദി അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
സമീപ വർഷങ്ങളിൽ, ബിസിനസ്സ് നേതാക്കൾ എന്ന നിലയിൽ നിങ്ങൾ ഏവരുടെയും തുടർച്ചയായ ശ്രമങ്ങളിലൂടെ ഇന്ത്യ-യുകെ തന്ത്രപരമായ പങ്കാളിത്തത്തിന്റെ ഒരു പ്രധാന സ്തംഭമായി ഈ ഫോറം ഉയർന്നുവന്നിട്ടുണ്ട്. ഇന്ന് നിങ്ങളുടെ എല്ലാവരുടെയും അഭിപ്രായങ്ങൾ കേട്ടതിനുശേഷം, സ്വാഭാവിക പങ്കാളികൾ എന്ന നിലയിൽ കൂടുതൽ വേഗത്തിൽ നമ്മൾ മുന്നോട്ട് പോകുമെന്ന എന്റെ ആത്മവിശ്വാസം കൂടുതൽ വർദ്ധിച്ചു. ഇതിനായി നിങ്ങളെ എല്ലാവരെയും ഞാൻ പൂർണ്ണഹൃദയത്തോടെ അഭിനന്ദിക്കുന്നു.
സുഹൃത്തുക്കളേ,
നിലവിലെ ആഗോള അസ്ഥിരതയ്ക്കിടയിലും , ഈ വർഷം ശ്രദ്ധേയമായിരുന്നു. ഇത് ഭാരത്-യുകെ ബന്ധങ്ങളുടെ സ്ഥിരതയെ ശക്തിപ്പെടുത്തി. ഈ ജൂലൈയിൽ യുകെ സന്ദർശിച്ചപ്പോൾ ഞങ്ങൾ ഇരുവരും സമഗ്ര സാമ്പത്തിക, വ്യാപാര കരാറിൽ (സിഇടിഎ) ഒപ്പുവച്ചു. ഈ ചരിത്ര നേട്ടത്തിനായുള്ള പ്രതിബദ്ധതയ്ക്കും കാഴ്ചപ്പാടിനും എന്റെ സുഹൃത്ത് പ്രധാനമന്ത്രി സ്റ്റാർമറെ ഞാൻ ആത്മാർത്ഥമായി പ്രശംസിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു. ഇത് വെറുമൊരു വ്യാപാര കരാറല്ല, മറിച്ച് ലോകത്തിലെ രണ്ട് പ്രധാന സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള പങ്കിട്ട പുരോഗതി, പങ്കിട്ട സമൃദ്ധി,എന്നിവയ്ക്കുള്ള മാർഗ്ഗരേഖയോടൊപ്പം ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്കിടയിലെ പങ്കിട്ട ബന്ധത്തെ സംബന്ധിച്ച ദിശാസൂചിക കൂടിയാണ്. വിപണി പ്രവേശനത്തോടൊപ്പം, ഈ കരാർ ഇരു രാജ്യങ്ങളിലെയും എംഎസ്എംഇകളെ ശാക്തീകരിക്കുകയും ദശലക്ഷക്കണക്കിന് യുവാക്കൾക്ക് പുതിയ തൊഴിൽ അവസരങ്ങൾ തുറക്കുകയും ചെയ്യും.
സുഹൃത്തുക്കളേ,
CETA യുടെ പൂർണ്ണ ശേഷി കൈവരിക്കാൻ സഹായിക്കുന്നതിന്, ഈ പങ്കാളിത്തത്തിന്റെ നാല് പുതിയ മാനങ്ങൾ നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ മാനങ്ങൾ ഒരുപക്ഷേ അതിന് കൂടുതൽ വിശാലമായ അടിത്തറ നൽകും:
C എന്നാൽ വാണിജ്യവും സമ്പദ്‌വ്യവസ്ഥയും(Commerce & Economy)
E എന്നാൽ വിദ്യാഭ്യാസവും ജനങ്ങളും തമ്മിലുള്ള ബന്ധങ്ങളും(Education & People-to-People Ties)
T എന്നാൽ സാങ്കേതികവിദ്യയും നവീകരണവും(Technology & Innovation)
A എന്നാൽ അഭിലാഷങ്ങളും(Aspirations)
ഇന്ന്, നമ്മുടെ ഉഭയകക്ഷി വ്യാപാരം ഏകദേശം 56 ബില്യൺ ഡോളറാണ്. 2030 ആകുമ്പോഴേക്കും ഇത് ഇരട്ടിയാക്കുക എന്ന ലക്ഷ്യം നമ്മൾ ഇരു രാജ്യങ്ങളും നിശ്ചയിച്ചിട്ടുണ്ട്, കൂടാതെ ഈ ലക്ഷ്യം മുൻകൂട്ടി കൈവരിക്കാൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്.
സുഹൃത്തുക്കളേ,
ഇന്ന് ഭാരതം നയപരമായ സ്ഥിരത, പ്രവചനാതീതമായ നിയന്ത്രണം, വലിയ തോതിലുള്ള ആവശ്യകത എന്നിവ വാഗ്ദാനം ചെയ്യുന്നു. ഈ പരിതസ്ഥിതിയിൽ, അടിസ്ഥാന സൗകര്യങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, ഊർജ്ജം, ധനകാര്യം എന്നിവയുൾപ്പെടെ എല്ലാ മേഖലകളിലും അഭൂതപൂർവമായ അവസരങ്ങളുണ്ട്. ഒമ്പത് യുകെ സർവകലാശാലകൾ ഉടൻ തന്നെ ഇന്ത്യയിൽ കാമ്പസുകൾ തുറക്കാൻ പോകുന്നു എന്നതും സന്തോഷകരമാണ്. സമീപഭാവിയിൽ, നമ്മുടെ നവീകരണ സമ്പദ്‌വ്യവസ്ഥയുടെ ഏറ്റവും വലിയ പ്രേരകശക്തിയായി അക്കാദമിക്-വ്യവസായ പങ്കാളിത്തം മാറും.
സുഹൃത്തുക്കളേ,
ഇന്ന്, ടെലികോം, എഐ, ബയോടെക്, ക്വാണ്ടം ടെക്നോളജി, സെമികണ്ടക്ടറുകൾ, സൈബർ, സ്പേസ് തുടങ്ങിയ മേഖലകളിൽ സഹകരണത്തിനുള്ള എണ്ണമറ്റ പുതിയ സാധ്യതകൾ നമുക്കിടയിൽ ഉയർന്നുവരുന്നു. പ്രതിരോധ മേഖലയിലും, സഹ-രൂപകൽപ്പനയിലേക്കും സഹ-ഉൽപ്പാദനത്തിലേക്കും നമ്മൾ നീങ്ങുകയാണ്. വേഗതയും ദൃഢനിശ്ചയവുമുള്ള ഈ സാധ്യതകളെല്ലാം മൂർത്തമായ സഹകരണങ്ങളാക്കി മാറ്റേണ്ട സമയമാണിത്. നിർണായക ധാതുക്കൾ, അപൂർവ ഭൂമി മൂലകങ്ങൾ(rare earths),എപിഐകൾ(*APIs=Application Programming Interfaces) തുടങ്ങിയ തന്ത്രപരമായ മേഖലകളിൽ നാം ഘടനാപരവും ഏകോപിതവുമായ രീതിയിൽ മുന്നോട്ട് പോകണം. ഇത് നമ്മുടെ പങ്കാളിത്തത്തിന് ഒരു ഭാവി ദിശ നൽകും.
(*APIs=Application Programming Interfaces=വ്യത്യസ്ത സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനുകൾ പരസ്പരം ആശയവിനിമയം നടത്താൻ അനുവദിക്കുന്ന പ്രോഗ്രാമുകളുടെ ഒരു കൂട്ടമാണ് API. ഒരു ക്ലയന്റ്, സെർവർ എന്നിങ്ങനെ രണ്ട് സിസ്റ്റങ്ങളെ ബന്ധിപ്പിക്കുന്നതും അവ സുഗമമായി ഒരുമിച്ച് പ്രവർത്തിക്കാൻ പ്രാപ്തമാക്കുന്നതുമായ ഒരു പാലമായി ഇത് പ്രവർത്തിക്കുന്നു)
സുഹൃത്തുക്കളേ,
ഫിൻടെക് മേഖലയിൽ ഭാരതത്തിന്റെ ശക്തി നിങ്ങൾ എല്ലാവരും കണ്ടിട്ടുണ്ട്. ഇന്ന്, ലോകത്തിലെ തത്സമയ ഡിജിറ്റൽ ഇടപാടുകളുടെ ഏകദേശം 50% ഭാരതത്തിലാണ് നടക്കുന്നത്. സാമ്പത്തിക സേവനങ്ങളിലെ യുകെയുടെ വൈദഗ്ധ്യവും ഭാരതത്തിന്റെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറും (ഡിപിഐ) സംയോജിപ്പിച്ചുകൊണ്ട്, മനുഷ്യരാശിക്കാകെ നമുക്ക് വലിയ നേട്ടങ്ങൾ നേടിക്കൊടുക്കാൻ കഴിയും.
സുഹൃത്തുക്കളേ,
ഇരു രാജ്യങ്ങൾക്കുമിടയിലെ ബന്ധത്തിൽ പുതിയ ഊർജ്ജം നിറയ്ക്കുന്നതിനായി പ്രധാനമന്ത്രി സ്റ്റാർമറും ഞാനും വിഷൻ 2035 പ്രഖ്യാപിച്ചു. ഇത് ഞങ്ങളുടെ പങ്കിട്ട അഭിലാഷങ്ങളുടെ ഒരു ബ്ലൂപ്രിന്റാണ്(രൂപരേഖയാണ്).ഭാരതവും യുകെ യും പോലുള്ള തുറന്നതും ജനാധിപത്യപരവുമായ സമൂഹങ്ങൾക്കിടയിൽ, സഹകരണം വളരാൻ കഴിയാത്തതായ ഒരു മേഖലയുമില്ല. ഭാരതത്തിന്റെ കഴിവും ഉയരവും , യുകെയുടെ ഗവേഷണ വികസനവും വൈദഗ്ധ്യവുമായി സംയോജിപ്പിച്ച്, പരിവർത്തനാത്മക ഫലങ്ങൾ നൽകാൻ കഴിവുള്ള ഒരു പങ്കാളിത്തം രൂപപ്പെടുത്തുന്നു. ഈ അഭിലാഷങ്ങളും അഭ്യൂദയേച്ഛയും ലക്ഷ്യബോധത്തോടെയും സമയബന്ധിതമായും സാക്ഷാത്കരിക്കുന്നതിൽ നിങ്ങളുടെ പിന്തുണയും സഹകരണവും നിർണായകമാണ്.
സുഹൃത്തുക്കളേ,
നിങ്ങളുടെ കമ്പനികളിൽ പലതും ഇതിനകം തന്നെ ഭാരതത്തിൽ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഇന്ന് ഭാരതത്തിന്റെ സമ്പദ്‌വ്യവസ്ഥ വിപുലമായ പരിഷ്കാരങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്, അനാവശ്യമായ നിയമാവലികൾ കുറച്ചുകൊണ്ട് ബിസിനസ്സ് എളുപ്പമാക്കുന്നതിൽ ശക്തമായ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അടുത്തിടെ, ഞങ്ങൾ ജിഎസ്ടി പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു, ഇത് നമ്മുടെ മധ്യവർഗത്തിന്റെയും എംഎസ്എംഇകളുടെയും വളർച്ചയെ കൂടുതൽ ശക്തിപ്പെടുത്തുകയും നിങ്ങൾക്കെല്ലാവർക്കും പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.
സുഹൃത്തുക്കളേ,
അടിസ്ഥാന സൗകര്യ വികസനം ഞങ്ങളുടെ മുൻഗണനയായി തുടരുന്നു. അടുത്ത തലമുറയിലെ ഭൗതിക അടിസ്ഥാന സൗകര്യങ്ങളിൽ ഞങ്ങൾ നിക്ഷേപം നടത്തുകയും 2030 ഓടെ 500 ജിഗാവാട്ട് പുനരുപയോഗ ഊർജ്ജ ശേഷി എന്ന ലക്ഷ്യം കൈവരിക്കുന്നതിലേക്ക് അതിവേഗം നീങ്ങുകയും ചെയ്യുന്നു. ആണവോർജ്ജ മേഖല സ്വകാര്യ പങ്കാളിത്തത്തിനായി ഞങ്ങൾ തുറന്നുകൊടുക്കുന്നുണ്ടെന്ന കാര്യം നിങ്ങളുമായി പങ്കിടുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഈ വികസനങ്ങളെല്ലാം ഇന്ത്യ -യുകെ സഹകരണം കൂടുതൽ ഉയരങ്ങളിലെത്തുന്നതിനുള്ള പുതിയ വഴികൾ സൃഷ്ടിക്കുന്നു. ഭാരതത്തിന്റെ വികസന യാത്രയിൽ പങ്കുചേരാൻ ഞാൻ നിങ്ങളെ ക്ഷണിക്കുന്നു. ഫിൻടെക്, ഗ്രീൻ ഹൈഡ്രജൻ, സെമികണ്ടക്ടറുകൾ, സ്റ്റാർട്ടപ്പുകൾ എന്നിങ്ങനെ ഇരു രാജ്യങ്ങൾക്കും ആഗോള നേതാക്കളാകാൻ കഴിയുന്ന മേഖലകൾ ഇന്ത്യയിലെയും , യുകെ യിലേയും ബിസിനസ്സ് നേതാക്കൾക്ക് ഒരുമിച്ച് തിരിച്ചറിയാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. അത്തരം നിരവധി മേഖലകൾ ഇനിയും ഉണ്ടാകാം. ഇന്ത്യയും യുകെയും ഒരുമിച്ച് ആഗോള മാനദണ്ഡങ്ങൾ സ്ഥാപിക്കട്ടെ!
ഇന്ന് ഇവിടെ സന്നിഹിതരാകാൻ സമയം കണ്ടെത്തിയതിന് എല്ലാവർക്കും വീണ്ടും വളരെ നന്ദി.
***
(Release ID: 2178005)
Visitor Counter : 13
Read this release in:
Odia
,
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada