പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഡൽഹിയിലെ യശോഭൂമിയിൽ നടന്ന ഇന്ത്യ മൊബൈൽ കോൺഗ്രസ് 2025-ൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

Posted On: 08 OCT 2025 1:19PM by PIB Thiruvananthpuram

കാബിനറ്റിലെ എന്റെ സഹപ്രവർത്തകൻ ജ്യോതിരാദിത്യ സിന്ധ്യ ജി, സഹമന്ത്രി ചന്ദ്രശേഖർ പെമ്മസാനി ജി, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ, വിദേശങ്ങളിൽ നിന്നുള്ള ഞങ്ങളുടെ അതിഥികൾ, ടെലികോം മേഖലയുമായി ബന്ധപ്പെട്ട എല്ലാ വിശിഷ്ട വ്യക്തികളേ , ഇവിടെ സന്നിഹിതരായ വിവിധ കോളേജുകളിൽ നിന്നുള്ള എന്റെ യുവ സുഹൃത്തുക്കൾ, മഹതികളേ, മാന്യരേ!

ഇന്ത്യ മൊബൈൽ കോൺഗ്രസിന്റെ ഈ പ്രത്യേക പതിപ്പിലേക്ക് നിങ്ങളെ എല്ലാവരെയും ഞാൻ സ്വാഗതം ചെയ്യുന്നു. ഇപ്പോൾ, ഞങ്ങളുടെ നിരവധി സ്റ്റാർട്ടപ്പുകൾ നിരവധി പ്രധാന വിഷയങ്ങളിൽ അവരുടെ അവതരണങ്ങൾ നടത്തിയിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പ് തടയൽ, ക്വാണ്ടം കമ്മ്യൂണിക്കേഷൻ, 6G, ഒപ്റ്റിക്കൽ കമ്മ്യൂണിക്കേഷൻ, സെമികണ്ടക്ടറുകൾ തുടങ്ങിയ പ്രധാന വിഷയങ്ങളെക്കുറിച്ചുള്ള അവതരണങ്ങൾ കാണുന്നത് ഇന്ത്യയുടെ സാങ്കേതിക ഭാവി കഴിവുള്ള കൈകളിലാണെന്ന ആത്മവിശ്വാസം എനിക്ക് നൽകുന്നു. ഈ പരിപാടിക്കും നിങ്ങളുടെ എല്ലാ പുതിയ സംരംഭങ്ങൾക്കും ഞാൻ  എല്ലാവിധ  ആശംസകളും നേരുന്നു.

സുഹൃത്തുക്കളേ,

ഐഎംസിയുടെ ഈ പരിപാടി ഇനി മൊബൈലിലോ ടെലികോമിലോ മാത്രമായി ഒതുങ്ങുന്നില്ല. ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ, ഈ ഐഎംസി പരിപാടി ഏഷ്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ ടെക്നോളജി ഫോറമായി മാറി.

സുഹൃത്തുക്കളേ,

ഐഎംസിയുടെ ഈ വിജയഗാഥ എങ്ങനെയാണ് എഴുതിയത്? ആരാണ് ഇതിന് നേതൃത്വം നൽകിയത്?

സുഹൃത്തുക്കളേ,

ഈ വിജയഗാഥ എഴുതിയത് ഇന്ത്യയുടെ ടെക് സാവി മൈൻഡ്‌സെറ്റാണ്, നമ്മുടെ യുവാക്കളും ഇന്ത്യയുടെ പ്രതിഭകളുമാണ് ഇതിന് നേതൃത്വം നൽകിയത്, നമ്മുടെ ഇന്നൊവേറ്റർമാരും നമ്മുടെ സ്റ്റാർട്ടപ്പുകളും ഇതിന് ആക്കം കൂട്ടി. രാജ്യത്തിന്റെ കഴിവുകളെയും പ്രാവീണ്യത്തേയും  ഗവൺമെൻറ് ശക്തമായി പിന്തുണയ്ക്കുന്നതിനാലാണ് ഇത് സാധ്യമായത്. ടെലികോം ടെക്നോളജി ഡെവലപ്‌മെന്റ് ഫണ്ട്, ഡിജിറ്റൽ കമ്മ്യൂണിക്കേഷൻസ് ഇന്നൊവേഷൻസ് സ്‌ക്വയർ പോലുള്ള പദ്ധതികളിലൂടെ, ഞങ്ങൾ സ്റ്റാർട്ടപ്പുകൾക്ക് ധനസഹായം നൽകുന്നു. 5G, 6G, അഡ്വാൻസ്ഡ് ഒപ്റ്റിക്കൽ കമ്മ്യൂണിക്കേഷൻസ്, ടെറ-ഹെർട്‌സ് തുടങ്ങിയ സാങ്കേതികവിദ്യകൾക്കായി ഗവൺമെൻറ്  ടെസ്റ്റ് ബെഡുകൾക്ക്(പരീക്ഷണോപാധികൾക്ക്)ധനസഹായം നൽകുന്നു, അതുവഴി നമ്മുടെ സ്റ്റാർട്ടപ്പുകൾക്ക് അവരുടെ ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ കഴിയും. സ്റ്റാർട്ടപ്പുകളും രാജ്യത്തെ പ്രമുഖ ഗവേഷണ സ്ഥാപനങ്ങളും തമ്മിലുള്ള പങ്കാളിത്തം ഞങ്ങൾ സുഗമമാക്കുന്നു. ഇന്ന്, ഗവൺമെൻറ് പിന്തുണയോടെ, ഇന്ത്യൻ വ്യവസായം, സ്റ്റാർട്ടപ്പുകൾ, അക്കാദമിക് രംഗം  എന്നിവ പല മേഖലകളിലും ഒരുമിച്ച് പ്രവർത്തിക്കുന്നു. തദ്ദേശീയ സാങ്കേതികവിദ്യകൾ വികസിപ്പിക്കുകയും പരിപോഷിപ്പിക്കുകയും  ചെയ്യുക, ഗവേഷണ വികസനത്തിലൂടെ ബൗദ്ധിക സ്വത്തവകാശം സൃഷ്ടിക്കുക, അല്ലെങ്കിൽ ആഗോള മാനദണ്ഡങ്ങളുടെ വികസനത്തിന് സംഭാവന നൽകുക എന്നിവയിലെല്ലാം ഇന്ത്യ എല്ലാ തലങ്ങളിലും പുരോഗമിക്കുന്നു. ഈ ശ്രമങ്ങളുടെ ഫലമായാണ് ഇന്ന് ഇന്ത്യ ഒരു ഫലപ്രദമായ വേദിയായി ഉയർന്നുവന്നിരിക്കുന്നത്.

സുഹൃത്തുക്കളേ,

ഇന്ത്യ മൊബൈൽ കോൺഗ്രസും ടെലികോം മേഖലയിലെ ഇന്ത്യയുടെ വിജയവും ആത്മനിർഭർ ഭാരത് എന്ന ദർശനത്തിന്റെ ശക്തിയെ പ്രതിഫലിപ്പിക്കുന്നു. ഞാൻ മെയ്ക്ക് ഇൻ ഇന്ത്യയെക്കുറിച്ച് സംസാരിച്ചപ്പോൾ, ചിലർ അതിനെ എങ്ങനെ കളിയാക്കിയിരുന്നുവെന്ന് നിങ്ങൾ ഓർക്കുന്നുണ്ടോ? സംശയത്തിൽ ജീവിക്കുന്ന ആളുകൾ പറയാറുണ്ടായിരുന്നു, സാങ്കേതികമായി മികച്ച വസ്തുക്കൾ  ഇന്ത്യ എങ്ങനെ നിർമ്മിക്കുമെന്ന് ? കാരണം, അവരുടെ കാലത്ത്, പുതിയ സാങ്കേതികവിദ്യ ഇന്ത്യയിലെത്താൻ നിരവധി പതിറ്റാണ്ടുകൾ എടുത്തു. രാജ്യം ഉചിതമായ മറുപടി നൽകി. ഒരുകാലത്ത് 2G യുമായി പൊരുതി നിന്ന രാജ്യം, ഇന്ന് 5G അതേ രാജ്യത്തെ മിക്കവാറും എല്ലാ ജില്ലകളിലും എത്തിയിരിക്കുന്നു. 2014 നെ അപേക്ഷിച്ച് നമ്മുടെ ഇലക്ട്രോണിക്സ് ഉൽപ്പാദനം ആറ് മടങ്ങ് വർദ്ധിച്ചു. മൊബൈൽ ഫോൺ നിർമ്മാണം ഇരുപത്തിയെട്ട് മടങ്ങും കയറ്റുമതി നൂറ്റി ഇരുപത്തിയേഴ് മടങ്ങും വളർന്നു. കഴിഞ്ഞ ദശകത്തിൽ, മൊബൈൽ ഫോൺ നിർമ്മാണ മേഖല ദശലക്ഷക്കണക്കിന് നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. അടുത്തിടെ, ഒരു വലിയ സ്മാർട്ട്‌ഫോൺ കമ്പനിയുടെ ഡാറ്റ പുറത്തുവന്നു. ഇന്ന്, 45 ഇന്ത്യൻ കമ്പനികൾ ആ ഒരു വലിയ കമ്പനിയുടെ വിതരണ ശൃംഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതുമൂലം, രാജ്യത്ത് ഏകദേശം മൂന്നര ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. ഇത് ഒരു കമ്പനിയുടെ മാത്രം കണക്കല്ല. ഇന്ന് രാജ്യത്തെ പല കമ്പനികളും വലിയ തോതിൽ ഉൽപ്പാദനം നടത്തുന്നു. ഇതിലേക്ക് പരോക്ഷ അവസരങ്ങൾ കൂടി ചേർത്താൽ, ഈ തൊഴിലവസരങ്ങളുടെ എണ്ണം എത്രത്തോളം വലുതാകുമെന്ന് നമുക്ക് ഊഹിക്കാവുന്നതാണ്.

സുഹൃത്തുക്കളേ,

ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇന്ത്യ തങ്ങളുടെ മെയ്ഡ് ഇൻ ഇന്ത്യ 4G സ്റ്റാക്ക് പുറത്തിറക്കി. ഇത് രാജ്യത്തിന് ഒരു പ്രധാന സ്വദേശി നേട്ടമാണ്. ഇപ്പോൾ ഇന്ത്യ ഈ ശേഷിയുള്ള ലോകത്തിലെ അഞ്ച് രാജ്യങ്ങളുടെ പട്ടികയിൽ ചേർന്നു. ഡിജിറ്റൽ സ്വാശ്രയത്വത്തിലേക്കും സാങ്കേതിക സ്വാതന്ത്ര്യത്തിലേക്കുമുള്ള  രാജ്യത്തിൻ്റെ  ഒരു വലിയ ചുവടുവയ്പ്പാണിത്. തദ്ദേശീയ 4G, 5G സ്റ്റാക്കിലൂടെ, തടസ്സമില്ലാത്ത കണക്റ്റിവിറ്റി ഉറപ്പാക്കാൻ മാത്രമല്ല, നാട്ടുകാർക്ക് വേഗതയേറിയ ഇന്റർനെറ്റും വിശ്വസനീയമായ സേവനങ്ങളും നൽകാൻ  നമുക്ക്  കഴിയും. ഇതിനായി, ഞങ്ങളുടെ മെയ്ഡ് ഇൻ ഇന്ത്യ 4G സ്റ്റാക്ക് ആരംഭിച്ച ദിവസം, രാജ്യത്തുടനീളം ഏകദേശം 1 ലക്ഷം 4G ടവറുകൾ ഒരേസമയം സജീവമാക്കി. 1 ലക്ഷം ടവറുകളെക്കുറിച്ച് പറയുമ്പോൾ ലോകത്തിലെ ചില രാജ്യങ്ങൾ  അത്ഭുതം കൂറുകയാണ് ; ഈ കണക്കുകൾ ആളുകൾക്ക് വളരെ വലുതായി തോന്നുന്നു. ഇതുമൂലം, 2 കോടിയിലധികം ആളുകൾ ഒരേസമയം രാജ്യത്തിന്റെ ഡിജിറ്റൽ പ്രസ്ഥാനത്തിന്റെ ഭാഗമായി. ഡിജിറ്റൽ കണക്റ്റിവിറ്റിയിൽ പിന്നിലായിരുന്ന നിരവധി വിദൂര പ്രദേശങ്ങളുണ്ടായിരുന്നു. ഇപ്പോൾ ഇന്റർനെറ്റ് കണക്റ്റിവിറ്റി അത്തരം എല്ലാ മേഖലകളിലും എത്തിയിരിക്കുന്നു.

സുഹൃത്തുക്കളേ,

ഇന്ത്യയിലെ മെയ്ഡ് ഇൻ ഇന്ത്യ 4G സ്റ്റാക്കിന് മറ്റൊരു സവിശേഷത കൂടിയുണ്ട്.നമ്മുടെ  4G സ്റ്റാക്കും കയറ്റുമതിക്ക് തയ്യാറാണ്. അതായത് ഇന്ത്യയുടെ ബിസിനസ്സ് വ്യാപനത്തിനുള്ള ഒരു മാധ്യമമായും ഇത് പ്രവർത്തിക്കും. ഇന്ത്യ 2030, അതായത് 'ഇന്ത്യ 6G വിഷൻ' കൈവരിക്കുന്നതിനും ഇത് സഹായിക്കും.

സുഹൃത്തുക്കളേ,

കഴിഞ്ഞ 10 വർഷമായി ഇന്ത്യയുടെ സാങ്കേതിക വിപ്ലവം അതിവേഗം പുരോഗമിച്ചു. ഈ വേഗതയും അളവും പൊരുത്തപ്പെടുത്തുന്നതിന്, ശക്തമായതും  നിയമപരവും ആധുനികവുമായ നയ അടിത്തറയുടെ ആവശ്യകത വളരെക്കാലമായി അനുഭവപ്പെട്ടിട്ടുണ്ട്. ഇത് നേടുന്നതിനായി ഞങ്ങൾ ടെലികമ്മ്യൂണിക്കേഷൻസ് നിയമം നടപ്പിലാക്കി. ഈ ഒരൊറ്റ നിയമം ഇന്ത്യൻ ടെലിഗ്രാഫ് നിയമത്തെയും ഇന്ത്യൻ വയർലെസ് ടെലിഗ്രാഫ് നിയമത്തെയും മാറ്റിസ്ഥാപിച്ചു. നിങ്ങളെയും എന്നെയും പോലെ  ഇവിടെ ഇരിക്കുന്ന ആളുകൾ ഒരുപക്ഷെ ജനിച്ചിട്ടുപോലുമില്ലാത്ത സമയത്താണ് ഈ നിയമങ്ങൾ നിർമ്മിച്ചത്. അതിനാൽ, നയ തലത്തിൽ, 21-ാം നൂറ്റാണ്ടിലെ സമീപനത്തിന് അനുസൃതമായി ഒരു പുതിയ സംവിധാനം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകത ഉണ്ടായിരുന്നു, അതാണ് ഞങ്ങൾ ചെയ്തതും. ഈ പുതിയ നിയമം ഒരു റെഗുലേറ്ററായിട്ടല്ല, ഒരു ഫെസിലിറ്റേറ്ററായി പ്രവർത്തിക്കുന്നു. അംഗീകാരങ്ങൾ എളുപ്പമായി, അനുമതികൾ കൂടുതൽ വേഗത്തിൽ നൽകപ്പെടുന്നു. അതിന്റെ ഫലങ്ങളും ദൃശ്യമാണ്. ഫൈബർ, ടവർ ശൃംഖലകൾ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നു. ഇത് ബിസിനസ്സ് ചെയ്യുന്നതിനുള്ള എളുപ്പം വർദ്ധിപ്പിച്ചു, നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടുന്നു, ദീർഘകാല ആസൂത്രണത്തിൽ വ്യവസായങ്ങൾക്കും  സൗകര്യമൊരുക്കി.

സുഹൃത്തുക്കളേ,

ഇന്ന് രാജ്യത്ത് സൈബർ സുരക്ഷയ്ക്ക് നമ്മൾ തുല്യ മുൻഗണന നൽകുന്നു. സൈബർ തട്ടിപ്പുകൾക്കെതിരായ നിയമങ്ങൾ കർശനമാക്കിയിട്ടുണ്ട്, ഉത്തരവാദിത്തവും വർദ്ധിപ്പിച്ചിട്ടുണ്ട്. പരാതി പരിഹാര സംവിധാനവും മെച്ചപ്പെടുത്തിയിട്ടുണ്ട്. വ്യവസായത്തിനും ഉപഭോക്താക്കൾക്കും ഇതിൽ നിന്ന് വലിയ നേട്ടങ്ങൾ ലഭിക്കുന്നു.

സുഹൃത്തുക്കളേ,

ഇന്ന്, ലോകം മുഴുവൻ ഇന്ത്യയുടെ സാധ്യതകളെ തിരിച്ചറിയുന്നു. ലോകത്തിലെ രണ്ടാമത്തെ വലിയ ടെലികോം വിപണി നമുക്കുണ്ട്. രണ്ടാമത്തെ വലിയ 5G വിപണിയും  ഇവിടെയാണ്. വിപണിയോടൊപ്പം, നമുക്ക് മനുഷ്യശക്തി, ചലനശേഷി, മാനസികാവസ്ഥ എന്നിവയും ഉണ്ട്. മനുഷ്യശക്തിയുടെ കാര്യത്തിൽ, ഇന്ത്യയ്ക്ക് അളവും  നൈപുണ്യവും ഒരുമിച്ച് ഉണ്ട്. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ യുവജനസംഖ്യ ഇന്ത്യയിലാണ്, ഈ തലമുറ വളരെ വലിയ തോതിൽ വൈദഗ്ധ്യം നേടിക്കൊണ്ടിരിക്കുന്നു. ഇന്ന് ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുകയും വികസിക്കുകയും ചെയ്യുന്ന ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ.

സുഹൃത്തുക്കളേ,

ഇന്ന് ഇന്ത്യയിൽ, ഒരു ജിബി വയർലെസ് ഡാറ്റയുടെ വില ഒരു കപ്പ് ചായയുടെ വിലയേക്കാൾ കുറവാണ്, എനിക്ക് ചായയുടെ ഉദാഹരണം നൽകുന്ന ഒരു ശീലമുണ്ട്. ഓരോ ഉപയോക്തൃ ഡാറ്റ ഉപഭോഗത്തിലും, ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് നമ്മൾ. ഇതിനർത്ഥം ഇന്ത്യയിൽ ഡിജിറ്റൽ കണക്റ്റിവിറ്റി ഇനി ഒരു പദവിയോ ആഡംബരമോ അല്ല എന്നാണ്. ഇത് ഇന്ത്യക്കാരുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ്.

സുഹൃത്തുക്കളേ,

വ്യവസായത്തെയും നിക്ഷേപത്തെയും വളർത്തുന്നതിനുള്ള മനോഭാവത്തിൽ ഇന്ത്യ മുൻപന്തിയിലാണെന്നതാണ് വസ്തുത . ഇന്ത്യയുടെ ജനാധിപത്യ സജ്ജീകരണം, ഗവൺമെൻ്റിൻ്റെ  സ്വാഗതമരുളുന്ന സമീപനം, ബിസിനസ്സ് ചെയ്യുന്നതിനുള്ള എളുപ്പ നയങ്ങൾ എന്നിവ ഇന്ത്യയെ നിക്ഷേപക സൗഹൃദ ലക്ഷ്യസ്ഥാനമായി അറിയപ്പെടുന്നു. ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങളിലെ നമ്മുടെ വിജയം സർക്കാർ ഡിജിറ്റൽ-ആദ്യം എന്ന മനോഭാവത്തിന് എങ്ങനെ പ്രതിജ്ഞാബദ്ധമാണെന്നതിന്റെ തെളിവാണ്. അതുകൊണ്ടാണ് ഞാൻ പൂർണ്ണ ആത്മവിശ്വാസത്തോടെ പറയുന്നത് - ഇന്ത്യയിൽ നിക്ഷേപിക്കാനും നവീകരിക്കാനും നിർമ്മിക്കാനും ഏറ്റവും നല്ല സമയമാണിത്! നിർമ്മാണം മുതൽ സെമികണ്ടക്ടറുകൾ വരെ, മൊബൈലുകൾ മുതൽ  ഇലക്ട്രോണിക്സ്, സ്റ്റാർട്ടപ്പുകൾ വരെ, എല്ലാ മേഖലകളിലും, ഇന്ത്യയ്ക്ക് ധാരാളം സാധ്യതകളും ധാരാളം ഊർജ്ജവുമുണ്ട്.

സുഹൃത്തുക്കളേ,

ഏതാനും ആഴ്ചകൾക്ക് മുമ്പ്, ഓഗസ്റ്റ് 15 ന്, ഈ വർഷം വലിയ മാറ്റങ്ങളുടെയും വലിയ പരിഷ്കാരങ്ങളുടെയും വർഷമാണെന്ന് ഞാൻ ചെങ്കോട്ടയിൽ നിന്ന് പ്രഖ്യാപിച്ചു. പരിഷ്കാരങ്ങളുടെ വേഗത നാം ത്വരിതപ്പെടുത്തുകയാണ്, അതിനാൽ, നമ്മുടെ  വ്യവസായത്തിന്റെയും നമ്മുടെ  നവീനാശയക്കാരുടെയും ഉത്തരവാദിത്തവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.നമ്മുടെ  സ്റ്റാർട്ടപ്പുകൾക്കും നമ്മുടെ യുവ നവീനാശയക്കാർക്കും ഇതിൽ വലിയ പങ്കുണ്ട്. അവരുടെ വേഗതയും അപകടസാധ്യത ഏറ്റെടുക്കാനുള്ള കഴിവും ഉപയോഗിച്ച്, സ്റ്റാർട്ടപ്പുകൾ പുതിയ പാതകളും പുതിയ അവസരങ്ങളും സൃഷ്ടിക്കുന്നു. അതുകൊണ്ടാണ് ഐ‌എം‌സി ഈ വർഷം 500-ലധികം സ്റ്റാർട്ടപ്പുകളെ ക്ഷണിച്ച്  കാണുന്നതിൽ എനിക്ക് സന്തോഷമുള്ളത്, ഇത് അവർക്ക് നിക്ഷേപകരുമായും ആഗോള ഉപദേഷ്ടാക്കളുമായും ബന്ധപ്പെടാനുള്ള അവസരം നൽകുന്നു.

സുഹൃത്തുക്കളേ,

ഈ മേഖലയുടെ വളർച്ചയിൽ നമ്മുടെ  സ്ഥാപിത പ്രവർത്തകരുടെ  പങ്ക് നിരന്തരം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകുന്നതിന് ഈ പ്രവർത്തകർ സ്ഥിരത, അളവ് , ദിശ എന്നിവ നൽകുന്നു. അവർക്ക് ഗവേഷണ വികസന ശേഷികളുണ്ട്. അതുകൊണ്ടാണ്, സ്റ്റാർട്ടപ്പുകളുടെ വേഗതയും സ്ഥാപിത പ്രവർത്തകരുടെ അളവും നമുക്ക് ശക്തി പകരുന്നത്.

സുഹൃത്തുക്കളേ,

നമ്മുടെ വ്യവസായവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾക്ക് യുവ സ്റ്റാർട്ടപ്പുകൾ, നമ്മുടെ അക്കാദമിക്, ഗവേഷണ സ്ഥാപനങ്ങൾ, ഗവേഷണ സമൂഹം, നയരൂപകർത്താക്കൾ എന്നിവരുടെ സഹകരണം ആവശ്യമാണ്. അത്തരം സംഭാഷണങ്ങൾ ആരംഭിക്കുന്നതിന് IMC പോലുള്ള ഒരു പ്ലാറ്റ്‌ഫോം ഉപയോഗപ്രദമാണെങ്കിൽ, ഒരുപക്ഷേ നമ്മുടെ നേട്ടങ്ങൾ പലമടങ്ങ് വർദ്ധിക്കും.

സുഹൃത്തുക്കളേ,

ആഗോള വിതരണ ശൃംഖലയിൽ എവിടെയാണ് തടസ്സങ്ങൾ സംഭവിക്കുന്നതെന്ന് നാം കാണേണ്ടതുണ്ട്. മൊബൈൽ, ടെലികോം, ഇലക്ട്രോണിക്സ്,  സാങ്കേതിക ആവാസവ്യവസ്ഥ എന്നിവയിൽ ആഗോള തടസ്സങ്ങൾ ഉള്ളിടത്തെല്ലാം, ലോകത്തിന് പരിഹാരങ്ങൾ നൽകാൻ ഇന്ത്യയ്ക്ക് അവസരമുണ്ട്. ഉദാഹരണത്തിന്, സെമികണ്ടക്ടർ നിർമ്മാണ ശേഷി ഏതാനും രാജ്യങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും ലോകം മുഴുവൻ വൈവിധ്യവൽക്കരണം തേടുകയാണെന്നും നാം  തിരിച്ചറിഞ്ഞു. ഇന്ന്, ഇന്ത്യ ഈ ദിശയിൽ കാര്യമായ നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. ഇന്ത്യയിൽ 10 സെമികണ്ടക്ടർ നിർമ്മാണ യൂണിറ്റുകളുടെ പ്രവർത്തനങ്ങൾ നടന്നുവരികയാണ്.

സുഹൃത്തുക്കളേ,

ഇലക്ട്രോണിക്സ് നിർമ്മാണത്തിൽ, ആഗോള കമ്പനികൾ അളവും  വിശ്വാസ്യതയും നൽകുന്ന വിശ്വസനീയ പങ്കാളികളെ തിരയുന്നു. ടെലികോം നെറ്റ്‌വർക്ക് ഉപകരണങ്ങളുടെ രൂപകൽപ്പനയ്ക്കും നിർമ്മാണത്തിനും ലോകം വിശ്വസനീയ പങ്കാളികളെ ആഗ്രഹിക്കുന്നു. ഇന്ത്യൻ കമ്പനികൾക്ക് വിശ്വസനീയമായ ആഗോള വിതരണക്കാരും ഡിസൈൻ പങ്കാളികളുമാകാൻ കഴിയില്ലേ?

സുഹൃത്തുക്കളേ,

ചിപ്‌സെറ്റുകളും ബാറ്ററികളും മുതൽ ഡിസ്‌പ്ലേകളും സെൻസറുകളും വരെയുള്ള മൊബൈൽ നിർമ്മാണത്തിന് രാജ്യത്തിനുള്ളിൽ കൂടുതൽ ജോലികൾ ചെയ്യേണ്ടതുണ്ട്. ലോകം മുമ്പെന്നത്തേക്കാളും കൂടുതൽ ഡാറ്റ സൃഷ്ടിക്കുന്നു. അതിനാൽ, സംഭരണം, സുരക്ഷ, പരമാധികാരം തുടങ്ങിയ പ്രശ്നങ്ങൾ കൂടുതൽ പ്രാധാന്യമർഹിക്കുന്നു . ഡാറ്റാ സെന്ററുകളിലും ക്ലൗഡ് ഇൻഫ്രാസ്ട്രക്ചറിലും പ്രവർത്തിക്കുന്നതിലൂടെ, ഇന്ത്യയ്ക്ക് ഒരു ആഗോള ഡാറ്റാ ഹബ്ബായി മാറാൻ കഴിയും.

സുഹൃത്തുക്കളേ,

വരും സെഷനുകളിൽ, ഈ സമീപനവും ഈ ലക്ഷ്യവുമായി നമ്മൾ മുന്നോട്ട് പോകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഒരിക്കൽ കൂടി, ഈ മുഴുവൻ IMC പ്രോഗ്രാമിനും നിങ്ങൾക്കെല്ലാവർക്കും ഞാൻ എന്റെ ആശംസകൾ നേരുന്നു. നിങ്ങൾക്കെല്ലാവർക്കും വളരെ നന്ദി.

നന്ദി.

***

NK


(Release ID: 2177174) Visitor Counter : 18