ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
ഗവണ്‍മെന്‍റിന്‍റെ ഇലക്ട്രോണിക്സ് ഘടക നിർമാണ പദ്ധതിക്ക് ആഭ്യന്തര-അന്താരാഷ്ട്ര വ്യവസായ മേഖലകളില്‍നിന്ന് അഭൂതപൂർവമായ പ്രതികരണം; ലഭിച്ചത് 1,15,351 കോടി രൂപയുടെ നിക്ഷേപ അപേക്ഷകള്‍
സംസ്ഥാനങ്ങൾ ഈ അവസരമുപയോഗിച്ച് ഇലക്ട്രോണിക്സ് നിർമാണ വ്യവസായം വികസിപ്പിക്കണമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്; യുവജനങ്ങൾക്ക് വന്‍തോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും
Posted On:
02 OCT 2025 4:57PM by PIB Thiruvananthpuram
ഇലക്ട്രോണിക്സ് ഘടക നിർമാണ പദ്ധതിക്ക് (ഇസിഎംഎസ്) ആഭ്യന്തര - അന്താരാഷ്ട്ര വ്യവസായ പ്രമുഖരിൽ നിന്ന് ലഭിച്ചത് മികച്ച പ്രതികരണം. ആഗോളതലത്തിൽ ഇന്ത്യയുടെ വളർന്നുവരുന്ന സ്ഥാനത്തിന്റെയും ഇലക്ട്രോണിക്സ് നിർമാണരംഗത്ത് രാജ്യത്തെ സ്വയംപര്യാപ്തമാക്കാൻ ശക്തമായ താല്പര്യം പ്രകടിപ്പിക്കുന്ന എംഎസ്എംഇകൾ ഉൾപ്പെടെ ആഭ്യന്തര വ്യവസായത്തിന്റെ വർധിച്ചുവരുന്ന ആത്മവിശ്വാസത്തിന്റെയും പ്രതിഫലനമാണ് ഈ നേട്ടം.
ലക്ഷ്യമിടുന്ന 91,600 തൊഴിലവസരങ്ങള്‍ക്കപ്പുറം 1,42,000 പ്രത്യക്ഷ തൊഴിലവസരങ്ങളും അതിലേറെ പരോക്ഷ തൊഴിലവസരങ്ങളും സൃഷ്ടിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതി തൊഴിൽ വളർച്ചയെ വന്‍തോതില്‍ മുന്നോട്ടുനയിക്കാനുള്ള സാധ്യതയെ അടയാളപ്പെടുത്തുന്നു.
മികച്ച പ്രതികരണത്തിൽ സന്തുഷ്ടി പ്രകടിപ്പിച്ച കേന്ദ്രമന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് ഈ സുവർണാവസരം ഉപയോഗിച്ച് പ്രാദേശിക ഇലക്ട്രോണിക്സ് നിർമാണത്തിന് അനുകൂല സാഹചര്യമൊരുക്കാന്‍ സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചു. ഇലക്ട്രോണിക്സ് നിർമാണ വ്യവസായം യുവജനങ്ങൾക്ക് നേരിട്ടും അല്ലാതെയും വന്‍തോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതായി ന്യൂഡല്‍ഹിയിലെ ഇലക്ട്രോണിക്സ് നികേതനില്‍ ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം എടുത്തുപറഞ്ഞു.
22,919 കോടി രൂപ സാമ്പത്തിക ചെലവിൽ 2025 മെയ് 1-ന് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച പദ്ധതിക്ക് 1,15,351 കോടി രൂപയുടെ പ്രതീക്ഷിത നിക്ഷേപ പ്രതിബദ്ധതയോടെ 249 അപേക്ഷകളാണ് ലഭിച്ചത്. പദ്ധതി ലക്ഷ്യമായ 59,350 കോടി രൂപയുടെ ഇരട്ടിയോളമാണിത്. അടുത്ത ആറ് വർഷത്തിനകം പദ്ധതിയ്ക്ക് കീഴിൽ ഏകദേശം 10,34,700 കോടി രൂപയുടെ ഇലക്ട്രോണിക്സ് ഘടകങ്ങള്‍ ഉല്പാദിപ്പിക്കും. പദ്ധതി ലക്ഷ്യമിടുന്ന 4,56,000 കോടി രൂപയുടെ ഉല്പാദനത്തിന്റെ 2.2 മടങ്ങാണിത്.
വന്‍തോതില്‍ ലഭിച്ച പ്രതികരണം രാജ്യത്തെ ജനങ്ങൾക്ക് പ്രത്യക്ഷവും പരോക്ഷവുമായി കൂടുതല്‍ തൊഴിലവസരങ്ങളിലേക്ക് വഴി തുറക്കും. അപേക്ഷ നൽകാന്‍ 2025 മെയ് 1 മുതൽ 3 മാസത്തേക്ക് അനുവദിച്ച സമയം പിന്നീട് 2025 സെപ്റ്റംബർ 30 വരെ നീട്ടിയിരുന്നു.
2030–31 ഓടെ 500 ബില്യൺ ഡോളർ മൂല്യമുള്ള ആഭ്യന്തര ഇലക്ട്രോണിക്സ് നിർമാണ മേഖല സ്ഥാപിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി മുന്നോട്ടുവെയ്ക്കുന്ന കാഴ്ചപ്പാട് യാഥാർത്ഥ്യമാക്കാൻ ഇസിഎംഎസ് പദ്ധതിയുടെ വിജയകരമായ തുടക്കം രാജ്യത്തെ സഹായിക്കുമെന്ന് ശ്രീ അശ്വിനി വൈഷ്ണവ് എടുത്തുപറഞ്ഞു. ഇഎംസി, സ്പെക്സ്, മൊബൈൽ ഫോണുകൾക്കും ഐടി ഹാർഡ്‌വെയറിനും ഉല്പാദന അനുബന്ധ പ്രോത്സാഹന പദ്ധതി (പിഎല്‍ഐ) എന്നിവയടക്കം മുൻ പദ്ധതികളുടെ പ്രചോദനത്തിലൂന്നി സർക്കാര്‍ കൈക്കൊള്ളുന്ന തന്ത്രപരമായ ലക്ഷ്യത്തിന്റെ സ്വാഭാവികമായ തുടർച്ചയാണ് ഇസിഎംഎസ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.
ഓരോ പദ്ധതിയും ഇന്ത്യയുടെ ഇലക്ട്രോണിക്സ് നിർമാണ മേഖലയെ ശക്തിപ്പെടുത്തിയെന്നും ഇലക്ട്രോണിക്സ് ഘടക നിർമാണ പദ്ധതി മൂല്യശൃംഖല സംയോജനം പൂർത്തീകരിക്കാന്‍ ഒരുങ്ങുകയാണെന്നും ഇത് ഇന്ത്യയെ സമഗ്ര ആഗോള നിർമാണ കേന്ദ്രമായി ഉയർത്തുമെന്നും ശ്രീ അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
***************************
(Release ID: 2174268)
Visitor Counter : 16