ഭക്ഷ്യസംസ്‌കരണ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

ആഗോള കാർഷിക-ഭക്ഷ്യ മൂല്യ ശൃംഖലകളിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തി വേൾഡ് ഫുഡ് ഇന്ത്യ-2025 ന് വിജയകരമായ പരിസമാപ്തി

Posted On: 29 SEP 2025 9:55AM by PIB Thiruvananthpuram
നാലുദിവസം നീണ്ടുനിന്ന 2025-ലെ വേൾഡ് ഫുഡ് ഇന്ത്യ പരിപാടി ഇന്ത്യയുടെ ഭക്ഷ്യ സംസ്കരണ മേഖലയുടെ മുന്നേറ്റത്തിലെ സുപ്രധാന നിമിഷത്തെ അടയാളപ്പെടുത്തി  പ്രഗതി മൈതാനിലെ  ഭാരത് മണ്ഡപത്തിൽ വിജയകരമായി സമാപിച്ചു.   റഷ്യൻ ഉപപ്രധാനമന്ത്രി  ദിമിത്രി പാട്രുഷെ, കേന്ദ്രമന്ത്രിമാരായ ശ്രീ ചിരാഗ് പാസ്വാൻ, ശ്രീ പ്രതാപ്‌റാവു ജാദവ്, ഭക്ഷ്യ സംസ്കരണ - റെയിൽവേ സഹമന്ത്രി ശ്രീ രവ്നീത് സിങ് എന്നിവരുടെ  സാന്നിധ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. കാര്‍ഷിക - ഭക്ഷ്യമേഖലകളുടെ  ഭാവി സംബന്ധിച്ച് ചർച്ച ചെയ്യാൻ ആഗോള നേതാക്കളും  നയരൂപകർത്താക്കളും  വ്യവസായ പ്രമുഖരും നൂതന സംരംഭകരും  പരിപാടിയില്‍ ഒത്തുചേര്‍ന്നു.  

വിശ്വസ്ത ആഗോള വിതരണക്കാരെന്ന നിലയില്‍ ഇന്ത്യയുടെ പങ്കിനെക്കുറിച്ച് ഉദ്ഘാടന പ്രസംഗത്തിൽ  പ്രത്യേകം പരാമര്‍ശിച്ച പ്രധാനമന്ത്രി  രാജ്യത്തിന്റെ കാർഷിക വൈവിധ്യത്തിനും മധ്യവർഗക്കാരില്‍  വർധിച്ചുവരുന്ന ആവശ്യകതയ്ക്കുമൊപ്പം 100% നേരിട്ടുള്ള വിദേശ നിക്ഷേപം, ഉല്പാദന ബന്ധിത പ്രോത്സാഹന പദ്ധതി,  വന്‍കിട ഭക്ഷ്യപാര്‍ക്കുകള്‍ തുടങ്ങിയ സർക്കാർ സംരംഭങ്ങളും  എടുത്തുപറഞ്ഞു.  ചടങ്ങിൽ ചെറുകിട സംരംഭകരെ ശാക്തീകരിക്കുന്നതിനുള്ള സർക്കാറിന്റെ  പ്രതിബദ്ധതയുടെ ഭാഗമായി പിഎംഎഫ്എംഇ പദ്ധതി പ്രകാരം  2,518 കോടി രൂപയുടെ  സൂക്ഷ്മ പദ്ധതികൾക്കായി 26,000 ഗുണഭോക്താക്കൾക്ക് വായ്പാ അനുബന്ധ സബ്സിഡികളും പ്രധാനമന്ത്രി അനുവദിച്ചു.


1,02,000 കോടിയിലധികം രൂപയുടെ  ധാരണാപത്രങ്ങൾ ഒപ്പുവെക്കാന്‍ വേൾഡ് ഫുഡ് ഇന്ത്യ-2025 ഉച്ചകോടി വേദിയൊരുക്കിയത് ഇന്ത്യൻ ഭക്ഷ്യ സംസ്കരണ മേഖലയിലെ ഏക്കാലത്തെയും വലിയ നിക്ഷേപ പ്രതിബദ്ധതകളിലൊന്നാണ്. എൻഐഎഫ്ടിഇഎം-ടി, എൻഐഎഫ്ടിഇഎം-കെ തുടങ്ങിയ പ്രമുഖ വിദ്യാഭ്യാസ -  ഗവേഷണ സ്ഥാപനങ്ങളുമായി സഹകരണത്തിനും ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയം വഴിയൊരുക്കി. ഭക്ഷ്യ പോഷകങ്ങൾ, ന്യൂട്രാസ്യൂട്ടിക്കൽസ്, സ്റ്റാർട്ടപ്പ് ഇൻകുബേഷൻ എന്നിവയിലെ സാങ്കേതിക കൈമാറ്റത്തെയും പങ്കാളിത്തങ്ങളെയും ഈ സഹകരണം പിന്തുണയ്ക്കുന്നു.

കേന്ദ്രമന്ത്രിമാരായ ശ്രീ നിതിൻ ഗഡ്കരിയും ശ്രീ ചിരാഗ് പാസ്വാനും സംയുക്തമായി അധ്യക്ഷത വഹിച്ച സിഇഒ-മാരുടെ വട്ടമേശ ചര്‍ച്ചയില്‍  ഇന്ത്യൻ, ബഹുരാഷ്ട്ര കമ്പനികളെ പ്രതിനിധീകരിച്ച് 100-ലേറെ സിഇഒമാർ പങ്കെടുത്തു. സുസ്ഥിര നിക്ഷേപം, പ്രകൃതിയില്‍ ലയിച്ചുചേരുന്ന പാക്കേജിങ്, മാലിന്യങ്ങളെ മൂല്യവർധിത ഉല്പന്നങ്ങളാക്കി മാറ്റൽ, നീല സമ്പദ്‌വ്യവസ്ഥയുടെ സാധ്യതകൾ, ചെലവ് കുറയ്ക്കാനും മത്സരശേഷി വർധിപ്പിക്കാനും ചരക്കുനീക്ക - ഗതാഗത മേഖലകളിലെ പരിഷ്കാരങ്ങൾ എന്നിവയിലാണ്  ചർച്ച ശ്രദ്ധകേന്ദ്രീകരിച്ചത്.  

വിവിധ രാജ്യങ്ങളുടെ സർക്കാരുകൾ തമ്മിലെ  നിരവധി കൂടിക്കാഴ്ചകൾ ഇന്ത്യയുടെ അന്താരാഷ്ട്ര പങ്കാളിത്തത്തെ കൂടുതൽ ശക്തിപ്പെടുത്തി. കൃഷി, ഭക്ഷ്യ സംസ്കരണം എന്നീ മേഖലകളിലെ സഹകരണം വർധിപ്പിക്കാന്‍  റഷ്യ, ശ്രീലങ്ക, മൊറോക്കോ, മാലിദ്വീപ്, പോർച്ചുഗൽ, ന്യൂസിലാൻഡ്, സിംബാബ്‌വെ, ഉഗാണ്ട, ഇ-സ്വാറ്റിനി, ഐവറി കോസ്റ്റ്, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളിലെ പ്രതിനിധി സംഘങ്ങൾ ഇന്ത്യൻ പ്രതിനിധികളുമായി ചർച്ച നടത്തി. ആഗോള കാർഷിക-ഭക്ഷ്യ മൂല്യ ശൃംഖലകളിൽ വിശ്വസ്ത പങ്കാളിയെന്ന നിലയിലെ ഇന്ത്യയുടെ പങ്കിനെ ഈ ചർച്ചകൾ ശക്തിപ്പെടുത്തി.  

വേൾഡ് ഫുഡ് ഇന്ത്യ-2025-ന്റെ പങ്കാളിത്ത സംസ്ഥാനങ്ങളും പ്രധാന സംസ്ഥാനങ്ങളും മന്ത്രാലയങ്ങളും അന്താരാഷ്ട്ര സംഘടനകളും  വ്യവസായ സംഘടനകളും  നടത്തിയ 40-ലേറെ  സെഷനുകളടങ്ങുന്ന സാങ്കേതിക ചർച്ചകളും ശ്രദ്ധേയമായി.  പെറ്റ് ഫുഡ്, ന്യൂട്രാസ്യൂട്ടിക്കൽസ്, പ്ലാന്റ് അധിഷ്ഠിത ഭക്ഷണങ്ങൾ, മദ്യപാനീയങ്ങൾ, പ്രത്യേക ഭക്ഷണങ്ങൾ എന്നിവയിലെ സാധ്യതകളെക്കുറിച്ച് സെഷനുകള്‍ ചർച്ച ചെയ്തു. അതേസമയം അപകടസാധ്യതകൾ കൈകാര്യം ചെയ്യുന്നതിനുള്ള ഡിജിറ്റൽ സംവിധാനങ്ങൾ, വരു തലമുറ നിയന്ത്രണ വൈദഗ്ധ്യങ്ങൾ, പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെയുള്ള ഭക്ഷ്യ സുരക്ഷ, അമിതവണ്ണം ചെറുക്കുന്നതിനുള്ള പോഷകാഹാര തന്ത്രങ്ങൾ എന്നിവ സംബന്ധിച്ച ചര്‍ച്ചയ്ക്കാണ് മൂന്നാമത് ആഗോള ഭക്ഷ്യ റെഗുലേറ്റര്‍മാരുടെ ഉച്ചകോടി വേദിയൊരുക്കിയത്.

നാല് ദിവസങ്ങളിലായി 10,500-ത്തിലധികം  ബി-ടു-ബി യോഗങ്ങളും 261 ജി-ടു-ജി  കൂടിക്കാഴ്ചകളും   18,000-ത്തിലധികം റിവേഴ്‌സ് ബയർ-സെല്ലർ യോഗങ്ങളും സംഘടിപ്പിച്ച  പരിപാടി വ്യാവസായിക മേഖലയുടെയും പൊതുജനങ്ങളുടെയും ശക്തമായ പങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ചു.  ആകെ പങ്കാളിത്തം 95,000 കടന്നത്  പരിപാടിയുടെ വ്യാപ്തിയും പൊതുജന താല്പര്യവും പ്രതിഫലിപ്പിക്കുന്നു.

വേൾഡ് ഫുഡ് ഇന്ത്യയ്ക്ക് സമാന്തരമായി സംഘടിപ്പിച്ച 24-ാമത് ഇന്ത്യ രാജ്യാന്തര കടല്‍ഭക്ഷ്യ വിഭവ  പ്രദര്‍ശനം  കേന്ദ്രമന്ത്രി ശ്രീ ചിരാഗ് പാസ്വാൻ സെപ്റ്റംബർ 25-ന് പ്രഗതി മൈതാനിയില്‍ ഉദ്ഘാടനം ചെയ്തു. വ്യാവസായിക പ്രഭാഷണങ്ങൾ, വട്ടമേശയോഗങ്ങള്‍,  സാങ്കേതിക സെഷനുകൾ, റിവേഴ്‌സ് ബയർ-സെല്ലർ മീറ്റ് എന്നിവ  സമുദ്രോല്പന്ന കയറ്റുമതി വികസന അതോറിറ്റി സംഘടിപ്പിച്ച  ഈ പരിപാടിയുടെ ഭാഗമായി നടത്തി.  ഇന്ത്യയുടെ കടൽ വിഭവ കയറ്റുമതി സാധ്യത പുറത്തുകൊണ്ടുവരുന്നതിലാണ് പരിപാടി ശ്രദ്ധ കേന്ദ്രീകരിച്ചത്.
 
SKY
 
*********
 

(Release ID: 2172665) Visitor Counter : 10